TopTop
Begin typing your search above and press return to search.

'ചൈല്‍ഡ് ബ്രിഗേഡ് എഗൈന്‍സ്റ്റ് ചൈല്‍ഡ് അബ്യൂസ്; കുട്ടികളുടെ നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ സാക്ഷരതാ യജ്ഞം പോലെ ഒരു പ്രസ്ഥാനം

ചൈല്‍ഡ് ബ്രിഗേഡ് എഗൈന്‍സ്റ്റ് ചൈല്‍ഡ് അബ്യൂസ്; കുട്ടികളുടെ നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ സാക്ഷരതാ യജ്ഞം പോലെ ഒരു പ്രസ്ഥാനം

'സാറേ, അയാളെ ശിക്ഷിപ്പിക്കാന്‍ നമുക്കു പറ്റിയില്ലല്ലോ സാറേ' എന്നു നെഞ്ചുപൊട്ടി മാതാപിതാക്കള്‍ ചോദിക്കുന്നു കേട്ട് പലപ്പോഴും തരിച്ചു നില്‍ക്കേണ്ടിവന്നിട്ടുണ്ട് സക്കറിയ ജോര്‍ജ് ഐ.പി.എസിന്. പലതരത്തിലുള്ള ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ള കുട്ടികളുടെ അച്ഛനമ്മമാര്‍ ഇങ്ങിനെ പലതും എണ്ണിപ്പെറുക്കി വേദനിക്കുന്നതും, കുട്ടികളില്‍ പലരുടെയും ഭാവി പാടേ നശിച്ചുപോകുന്നതും നേരില്‍ക്കണ്ടുള്ള പരിചയവും സക്കറിയ ജോര്‍ജിനെപ്പോലുള്ള പൊലീസുദ്യോഗസ്ഥര്‍ക്ക് ധാരാളമുണ്ട്. സംസ്ഥാനത്ത് കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ കണക്കുകള്‍ റെക്കോര്‍ഡിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, സാമൂഹിക പ്രവര്‍ത്തകര്‍ക്കും പൊലീസുദ്യോഗസ്ഥര്‍ക്കും ചേര്‍ന്ന് ഇത്തരം നീതിനിഷേധങ്ങളെ എങ്ങനെ നേരിടാം എന്ന ചിന്ത അതുകൊണ്ടുതന്നെ വളരെയേറെക്കാലമായി ഇവര്‍ക്കുണ്ടു താനും. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ, ഏറ്റവും കാര്യക്ഷമമായ പ്രതിരോധമാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള ഈ ചിന്തയില്‍ വലിയൊരു വഴിത്തിരിവിലെത്തിയിരിക്കുകയാണ് നിലവില്‍ ഇടുക്കി ക്രൈംബ്രാഞ്ച് എസ്പിയായ സക്കറിയ ജോര്‍ജും സഹപ്രവര്‍ത്തകരും.

പല ഭാഗങ്ങളിലായി നിലവിലുള്ള പലതരം പദ്ധതികളുടെ പ്രവര്‍ത്തനത്തിലുള്ള പോരായ്മകള്‍ പഠിച്ച്, സമഗ്രമായ ഒരു പുതിയ പദ്ധതി തന്നെ വിഭാവനം ചെയ്യാനുള്ള ഇവരുടെ ശ്രമം അടുത്ത കാലങ്ങളില്‍ ആരംഭിച്ചതല്ല. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായി ബുദ്ധിമുട്ടുന്ന കുട്ടികളോടും, അവരുടെ മാതാപിതാക്കളോടും നേരിട്ട് ഇടപെട്ടിട്ടുള്ള ഏതൊരാള്‍ക്കും സാധാരണഗതിയില്‍ തോന്നാവുന്ന അമര്‍ഷം, പിന്നീട് പോംവഴികള്‍ക്കുള്ള അന്വേഷണമായി മാറിയതാണെന്ന് സക്കറിയ ജോര്‍ജ് തന്നെ പറയുന്നു. ഈ അന്വേഷണങ്ങളുടെ ഫലമെന്നോണം, കോഴിക്കോട് ജില്ലയില്‍ ഒരു പുതിയ നീക്കത്തിനു തന്നെ ആരംഭം കുറിച്ചു കഴിഞ്ഞിരിക്കുകയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം. 'ചൈല്‍ഡ് ബ്രിഗേഡ് എഗൈന്‍സ്റ്റ് ചൈല്‍ഡ് അബ്യൂസ്' എന്ന പേരില്‍, കോഴിക്കോട് ലോ കോളേജ് വിദ്യാര്‍ത്ഥികളെ അണിനിരത്തിക്കൊണ്ടുള്ള ബൃഹത്തായ ഒരു പദ്ധതിയ്ക്ക് ജില്ലയില്‍ തുടക്കമായി. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് തടയിടാന്‍ കുട്ടികളെത്തന്നെ ബോധവാന്മാരാക്കിയേ തീരൂ എന്ന തിരിച്ചറിവില്‍ തയ്യാറാക്കപ്പെട്ട ഈ പദ്ധതിയുടെ നട്ടെല്ലായി പ്രവര്‍ത്തിക്കുക കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജാണ്.

വര്‍ഷങ്ങളായി ഈ മേഖലയില്‍ നേരിട്ട് ഇടപെട്ടു പരിചയമുള്ള സക്കറിയ ജോര്‍ജ് ഐ.പി.എസിന്റേതാണ് പദ്ധതിയുടെ ആശയം. ചൈല്‍ഡ് ബ്രിഗേഡ് എന്ന ആശയം ഉരുത്തിരിഞ്ഞു വന്നതിനെക്കുറിച്ച് സക്കറിയ ജോര്‍ജ് പറയുന്നതിങ്ങനെ: 'ബാലാവകാശം എന്ന വിഷയത്തില്‍ ഫെബ്രുവരി 22ന് കോഴിക്കോട് ലോ കോളേജില്‍ വച്ചു നടന്ന ഒരു ഇന്റര്‍നാഷണല്‍ കൊളോഖ്യമാണ് ചൈല്‍ഡ് ബ്രിഗേഡ് എന്ന പദ്ധതിയ്ക്ക് വഴിയൊരുക്കിയത്. അന്ന് ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് എന്ന വിഷയത്തില്‍ ക്ലാസ് എടുത്തിരുന്നത് ഞാനായിരുന്നു. നിയമ വിദ്യാര്‍ത്ഥികളുമായുള്ള സംസാരത്തിനു ശേഷമാണ് ബാലാവകാശ സംരക്ഷണത്തില്‍ ഇവരെ എന്തുകൊണ്ട് സജീവമായി പങ്കെടുപ്പിച്ചുകൂടാ എന്ന ചിന്തയുണ്ടാകുന്നത്. നമ്മള്‍ കണക്കുകൂട്ടുന്നതിലും എത്രയോ അധികമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ചൈല്‍ഡ് അബ്യൂസ് കേസുകള്‍. ഇവ നിയന്ത്രണവിധേയമാക്കണമെങ്കില്‍ പൊലീസ് മാത്രം മനസ്സുവച്ചിട്ട് യാതൊരു കാര്യവുമില്ല എന്നതാണ് സത്യം. കുട്ടികള്‍ വിഷയം സ്വയമേ തന്നെ തിരിച്ചറിയണം. പ്രതിസന്ധികള്‍ തിരിച്ചറിഞ്ഞ് അവര്‍ പെട്ടന്നു തന്നെ സ്വയം പ്രതിരോധിക്കാന്‍ പര്യാപ്തരാകണം. പാവപ്പെട്ട വീട്ടിലെ കുട്ടികളെ ഇങ്ങനെയുള്ള അപകടങ്ങളില്‍പ്പെടുത്താന്‍ താരതമ്യേന എളുപ്പമാണ്. നല്ലൊരു മിഠായിയോ, നല്ല വസ്ത്രങ്ങളോ, ഒരു ഐസ്‌ക്രീമോ മതിയാകും ഇവരെ വശപ്പെടുത്തി ഉപദ്രവിക്കാന്‍. ആദ്യമൊക്കെ ചെറിയ ക്യാരക്ടര്‍ ഡീവിയേഷന്‍ ഉള്ള ചിലരാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതെങ്കില്‍, ഇന്നത് അത്തരം പാറ്റേണുകളൊന്നുമില്ലാത്ത അവസ്ഥയാണ്. എണ്‍പതുവയസ്സുള്ള അപ്പൂപ്പന്‍മാര്‍ വരെ കൊച്ചുമക്കളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നുണ്ട്. അച്ഛന്‍ മകളെ ഉപദ്രവിക്കുകയും, അമ്മ സ്വന്തം കുഞ്ഞിനെ ഉപദ്രവിക്കാന്‍ ഒത്താശ ചെയ്യുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായത് കേരളത്തില്‍ത്തന്നെയല്ലേ? സ്വാമിമാര്‍, ഇമാമുകള്‍, ഫാദര്‍മാര്‍, അധ്യാപകര്‍ എന്നിങ്ങനെ എല്ലാവരും പ്രതികളാകുന്നുണ്ട്. വീട്ടിലും സ്‌കൂളിലും ആരാധനാലയങ്ങളിലും നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ല. മന്ത്രിമാര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ ഇടപെട്ട് സഹായങ്ങളെത്തിക്കാനാകുമായിരിക്കും. പക്ഷേ, ഇത്തരം സംഭവങ്ങളില്‍ നേരിട്ട് ഇടപെടേണ്ടി വരുന്ന പൊലീസുകാര്‍ക്ക് ഇത് തീര്‍ത്തും വ്യത്യസ്തമായ അനുഭവമായിരിക്കും. ആക്രമിക്കപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ മുഖത്തു നോക്കി ചോദിക്കും, സാറേ ആ നീചനെ നമുക്ക് ശിക്ഷിപ്പിക്കാന്‍ പറ്റിയില്ലല്ലോ എന്ന്. അതു കേള്‍ക്കേണ്ടി വരികയെന്നാല്‍ ചില്ലറക്കാര്യമല്ല'

ഇത്തരം കേസുകളില്‍ പൊലീസിന് ഇടപെട്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതില്‍ ചില പരിമിതികളുണ്ടെന്നും, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മുതല്‍ മാധ്യമങ്ങള്‍ വരെയുള്ളവരുടെ സഹായം ഇക്കാര്യത്തില്‍ ആവശ്യമായി വരുമെന്നും തിരിച്ചറിഞ്ഞതോടെയാണ് സമഗ്രമായ ഒരു പദ്ധതിക്കുള്ള കളമൊരുങ്ങുന്നത്. ചൈല്‍ഡ് ബ്രിഗേഡ് എഗൈന്‍സ്റ്റ് ചൈല്‍ഡ് അബ്യൂസ് രൂപീകരിക്കപ്പെടുന്നത് നിയമവിദ്യാര്‍ത്ഥികളെ സജീവമായി പങ്കെടുപ്പിച്ചുകൊണ്ടാണ്. നിലവില്‍ ചൈല്‍ഡ് ലൈനിലും മറ്റും പ്രവര്‍ത്തിക്കുന്നവര്‍ സോഷ്യല്‍ വര്‍ക്കിലും അനുബന്ധ വിഷയങ്ങളിലും ബിരുദവും ബിരുദാനന്തരബിരുദവുമുള്ളവരാണ്. സഹായങ്ങളെത്തിക്കാനുള്ള കഴിവ് ഇവര്‍ക്കുണ്ടായേക്കാമെങ്കിലും, നിയമകാര്യങ്ങളില്‍ ഇവരേക്കാള്‍ അറിവും പ്രായോഗികതയും കൂടുതലുള്ളത് നിയമവിദ്യാര്‍ത്ഥികള്‍ക്കായിരിക്കുമെന്നും പദ്ധതിയുടെ സൂത്രധാരന്മാര്‍ നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടിതന്നെ, ഒന്നാം വര്‍ഷം മുതല്‍ക്കുള്ള നിയമവിദ്യാര്‍ത്ഥികളുടെ നിയമപരിജ്ഞാനം ഉപയോഗപ്പെടുത്തിക്കൊണ്ട് കൂടുതല്‍ പരിശീലനം നല്‍കി, കുട്ടികളുടെയിടയിലേക്ക് കടത്തിവിടാനാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. സ്‌കൂളുകളിലും മറ്റും ചെന്ന് കുട്ടികളോട് സംവദിക്കാനും, സരസമായ ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനും, നിയമത്തിന്റെ സഹായമാവശ്യമായ കേസുകള്‍ തിരിച്ചറിഞ്ഞ് സമയോചിതമായി ഇടപെടാനും നിയമ വിദ്യാര്‍ത്ഥികളെ സജ്ജരാക്കും. പതിനേഴും പതിനെട്ടും വയസ്സുള്ള ഇവര്‍ക്ക്, പ്രൈമറി ക്ലാസ്സുകള്‍ മുതല്‍ക്കുള്ള കുട്ടികളോട് മുതിര്‍ന്നവരേക്കാള്‍ കാര്യക്ഷമമായി ഇടപെടാനും പ്രശ്‌നങ്ങള്‍ ചോദിച്ചറിയാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രധാന ഗുണം.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ പ്രതിരോധിക്കണമെങ്കില്‍, അതിനാദ്യം കുട്ടികളെത്തന്നെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ച് പഠിപ്പിക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവിലാണ് ചൈല്‍ഡ് ബ്രിഗേഡ് പദ്ധതി അവതരിപ്പിക്കപ്പെടുന്നത്. കോഴിക്കോട് ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കപ്പെടുന്ന പദ്ധതി, സാക്ഷരതാ യജ്ഞം പോലെ വന്‍ പങ്കാളിത്തമുള്ള മറ്റൊരു നീക്കമായി മാറ്റാനാകുമെന്നുതന്നെയാണ് ആസൂത്രണം ചെയ്യുന്നവരുടെ പ്രതീക്ഷ. കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ 'ചൈല്‍ഡ് അബ്യൂസ് ഫ്രീ സിറ്റി'യായി മാറ്റാന്‍ പോലും ഉതകുന്ന പദ്ധതിയ്ക്കാണ് തങ്ങള്‍ തുടക്കം കുറിച്ചിരിക്കുന്നത് എന്ന് അഭിമാനത്തോടെത്തന്നെ ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ്, വനിതാ കമ്മീഷന്‍, സാമൂഹ്യനീതി വകുപ്പ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഇംഹാന്‍സ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ് ലൈന്‍ എന്നിവരെയെല്ലാം പങ്കാളികളാക്കിക്കൊണ്ടുള്ള ആദ്യ ഘട്ട പദ്ധതിയില്‍ യുനിസെഫും സഹകരിക്കുന്നുണ്ട്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആരുമായി ബന്ധപ്പെടണം, ആരോട് സംശയങ്ങള്‍ ചോദിക്കണം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പൊതുജനത്തിന് കൂടുതല്‍ ചിരപരിചിതമായാല്‍ത്തന്നെ, ഇത്തരം ആക്രമണങ്ങളെക്കുറിച്ചുള്ള കൃത്യമായ ബോധ്യം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നും പദ്ധതിയുടെ അണിയറയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സക്കറിയ ജോര്‍ജ് ഐ.പി.എസിന്റെ ആശയമാണ് ചൈല്‍ഡ് ബ്രിഗേഡ് എങ്കിലും, പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അക്ഷീണം പ്രയത്‌നിക്കുന്നവരില്‍ ലോ കോളേജ് പ്രിന്‍സിപ്പാള്‍ തിലകാനന്ദന്‍ അടക്കം ധാരാളം പേര്‍ വേറെയുമുണ്ട്. പദ്ധതിയുടെ എല്ലാ ആസൂത്രണവും നടപ്പില്‍വരുത്തലും ലോ കോളേജ് കേന്ദ്രീകരിച്ചായതിനാല്‍, നിയമവിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പങ്ക് വളരെ വലുതുമാണ്. 'രണ്ട് പ്രധാന ഘടകങ്ങളാണ് ഈ പദ്ധതിക്കുള്ളത്. ഒന്ന്, കുട്ടികള്‍ക്കെതിരായ അക്രമങ്ങളെ പ്രതിരോധിക്കാന്‍ വലിയൊരു ശക്തിയായി കുട്ടികളെത്തന്നെ മാറ്റുക എന്ന ആശയം. രണ്ട്, ലോ സ്റ്റുഡന്റ്‌സിന് പ്രധാന ശക്തിയായി മാറി മറ്റ് ഏജന്‍സികളെ സഹായിക്കാന്‍ എളുപ്പം സാധിക്കും എന്ന വസ്തുത. ആളുകള്‍ക്ക് നിയമപോദേശം കൊടുക്കാനും, നിയമപ്രകാരം ഇത്തരം കേസുകളെ സമീപിക്കാനും നിയമവിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പമായിരിക്കും. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പൊതുജനം എന്നിവര്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്നതു തന്നെയാണ് പ്രധാനമായും ചെയ്യേണ്ടത്. റെസിഡന്റ്‌സ് അസോസിയേഷനുകളിലും സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളെത്തി രസകരമായ രീതിയില്‍ പവര്‍പോയിന്റ് പ്രസന്റേഷന്‍ ഉള്‍പ്പെടുത്തി ക്ലാസ്സുകള്‍ നയിക്കും. ഈ ക്ലാസ്സുകള്‍ക്ക് ആവശ്യമായ മോഡ്യൂളുകള്‍ തയ്യാറാക്കുന്നതാണ് മറ്റൊരു സുപ്രധാന ഘട്ടം. സെക്ഷ്വല്‍ എബ്യൂസ് എന്ന വിഷയത്തെ എങ്ങിനെ കുട്ടികളോട് കമ്മ്യൂണിക്കേറ്റ് ചെയ്യുമെന്നത് ഏറെ ശ്രദ്ധിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. നിയമവിദ്യാര്‍ത്ഥികളുണ്ടാക്കിയ മൊഡ്യളുകള്‍ നിയമവിദഗ്ധരും സൈക്കോളജിസ്റ്റുകളും അടങ്ങുന്ന പാനല്‍ ചേര്‍ന്ന് പരിശോധിക്കുന്നു, ചര്‍ച്ച ചെയ്യുന്നു. എല്ലാവരും ചേര്‍ന്നുള്ള വലിയൊരു പരിപാടിയാണിത്. ലോകോളേജ് അതിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്നു എന്നുമാത്രം. പല സര്‍ക്കാര്‍ ഏജന്‍സികളെയും പദ്ധതിയില്‍ പങ്കാളികളാകാന്‍ നിലവില്‍ ക്ഷണിച്ചിട്ടുണ്ട്. ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും പങ്കു ചേര്‍ക്കും. രാഷ്ട്രീയപ്പാര്‍ട്ടികളെയും സാമൂഹിക പ്രവര്‍ത്തകരെയുമെല്ലാം വരും കാലങ്ങളില്‍ ഇതിന്റെ ഭാഗമാക്കി മാറ്റും. ജൂണ്‍ മുതല്‍ പ്രവര്‍ത്തനമാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ' തിലകാനന്ദന്‍ പറയുന്നു. മാര്‍ച്ചു മാസത്തോടെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന തിലകാനന്ദന്‍, തന്റെ ഏറ്റവുമൊടുവിലത്തെ പദ്ധതി കഴിയുന്നത്ര വിജയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്.

സ്വന്തം ലോഗോയും തീം സോങ്ങുമൊക്കെയായി ചൈല്‍ഡ് ബ്രിഗേഡ് കോഴിക്കോട്ടെ സ്‌കൂളുകളിലേക്ക് അടുത്ത അധ്യയന വര്‍ഷം മുതല്‍ക്ക് എത്തുകയാണ്. സര്‍ക്കാര്‍ തലത്തിലുള്ള നിര്‍ബന്ധങ്ങളോ സമ്മര്‍ദ്ദങ്ങളോ ഇല്ലാതെ, തീര്‍ത്തും ക്രിയാത്മകമായി ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ ഒരുക്കുന്ന ഈ പദ്ധതി, സൂത്രധാരന്മാരുടെ ആഗ്രഹം പോലെ സാക്ഷരതാമിഷനു തുല്യമായ പങ്കാളിത്തം നേടിയാല്‍, ഒരു പക്ഷേ സംസ്ഥാനത്ത് ബാലാവകാശങ്ങള്‍ക്കു വേണ്ടി ഉയരുന്ന വലിയൊരു ശബ്ദം തന്നെയായി അതു മാറിയേക്കും. നമ്മുടെ കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും പ്രതിരോധം സൃഷ്ടിക്കാന്‍ ചൈല്‍ഡ് ബ്രിഗേഡിന് സാധിക്കുകയും ചെയ്യും.


Next Story

Related Stories