TopTop
Begin typing your search above and press return to search.

ചെര്‍ണോബിലിലെ നായ്ക്കള്‍; അവയിന്ന് ഉപേക്ഷിക്കപ്പെട്ടവരല്ല

ചെര്‍ണോബിലിലെ നായ്ക്കള്‍; അവയിന്ന് ഉപേക്ഷിക്കപ്പെട്ടവരല്ല

ഇതാ ചെര്‍ണോബിലിലെ നായ്ക്കള്‍; ആണവദുരന്തത്തിനുശേഷം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടി വന്ന അവരുടെ പ്രിയപ്പെട്ട വളര്‍ത്തുനായ്ക്കളുടെ പിന്‍മുറക്കാര്‍.

ഹിരോഷിമയിലും നാഗസാക്കിയിലും വീണ ആറ്റംബോംബുകളേക്കാള്‍ നൂറു മടങ്ങ് കൂടുതല്‍ വികിരണങ്ങള്‍ പുറപ്പെടുവിച്ച് ചെര്‍ണോബില്‍ ആണവ ഊര്‍ജ്ജനിലയത്തിലെ റിയാക്റ്റര്‍ 1986 ഏപ്രില്‍ 25ന് പൊട്ടിത്തെറിച്ചു. 120,000ലധികം ആള്‍ക്കാരെ അവിടെനിന്ന് ഒഴിപ്പിക്കേണ്ടിവന്നു.

ഉക്രൈന്‍ നഗരമായ പ്രിപ്യാറ്റും ചുറ്റുമുള്ള ഗ്രാമങ്ങളും തിടുക്കത്തില്‍ ഉപേക്ഷിക്കേണ്ടിവന്നപ്പോള്‍ കയ്യിലൊതുങ്ങാവുന്നതേ അവര്‍ക്ക് എടുക്കാനായുള്ളൂ. അവരുടെ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകാന്‍ അനുമതി കിട്ടിയതുമില്ല.

ചെര്‍ണോബില്‍ ആണവദുരന്തത്തിന്റെ ഫലമായി ഉപേക്ഷിക്കപ്പെട്ട വളര്‍ത്തുനായ്ക്കളുടെ പിന്‍മുറക്കാരായ നൂറുകണക്കിന് തെരുവുപട്ടികള്‍ (ചിത്രത്തില്‍ ഒരു പട്ടിക്കുട്ടി) ആണവനിലയത്തിനു സമീപം ജീവിക്കുന്നുണ്ട്

തെരുവുപട്ടികള്‍ക്ക് ഉക്രൈനിലെ അതികഠിനമായ ശീതകാലം സഹിക്കേണ്ടിവരുന്നു

ഉപേക്ഷിക്കപ്പെട്ട മൃഗങ്ങളെ കൊല്ലാനായി സ്ക്വാഡിനെ അയച്ചെങ്കിലും ചിലതൊക്കെ വനങ്ങളില്‍ അതിജീവിച്ചു. ഉപേക്ഷിക്കപ്പെട്ടവയുടെ പിന്‍മുറക്കാരായ നൂറുകണക്കിന് തെരുവുപട്ടികള്‍ ഇപ്പോള്‍, മുപ്പതു കിലോമീറ്ററോളമുള്ള എക്സ്ക്ലൂഷന്‍ സോണില്‍ വസിക്കുന്ന കുറുക്കന്‍, കടമാന്‍, കാട്ടുപൂച്ച, മുയല്‍, കുതിര, ചെന്നായ തുടങ്ങിയവയ്ക്കൊപ്പം അതികഠിനമായ ശൈത്യകാലം സഹിച്ച് ജീവിക്കുന്നു. അവയുടെ രോമകൂപത്തിലെ വികിരണങ്ങള്‍മൂലം ആയുര്‍ദൈര്‍ഘ്യം കുറയുകയും ചെയ്യും. പക്ഷേ, അവ വളരെ ഇണക്കമുള്ളവയാണ്. ആണവനിലയത്തിന്റെ അവശിഷ്ടവും അവിടെ ജോലി ചെയ്തിരുന്നവരുടെ വാസസ്ഥലമായിരുന്ന പ്രേതനഗരവും കാണാനെത്തുന്ന സന്ദര്‍ശകരെ സമീപിക്കുവാന്‍ അവ മടികാണിക്കുന്നുമില്ല.

സെക്യൂരിറ്റി ചെക്പോയ്ന്റുകളില്‍ ഭക്ഷണത്തിനായി ചുറ്റിത്തിരിയുന്ന ഒരു നായ

ഉപേക്ഷിക്കപ്പെട്ട ജിമ്മില്‍ ഒരു നായ

സോളോ ഈസ്റ്റ് ട്രാവല്‍ എന്ന പ്രാദേശിക ടൂര്‍ കമ്പനി എടുത്ത ഈ ചിത്രങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് സന്ദര്‍ശകരോട്- പ്രത്യേകിച്ചും ആണവനിലയത്തില്‍ ജോലി ചെയ്യുന്നവരോട്- അടുക്കുന്ന തെരുവുനായ്ക്കളെ കാണാം

സോളോ ഈസ്റ്റ് ഗൈഡായ നദേസ്ദ‍ സ്ത്രോദബ് (Nadezhda Starodub) പറയുന്നത് എക്സ്ക്ലൂഷന്‍ സോണിലെ സന്ദര്‍ശകര്‍ നായ്ക്കളെ ഇഷ്ടപ്പെടുന്നു എന്നാണ്. 'മിക്കവാറും ആള്‍ക്കാര്‍ ഇവ ആകര്‍ഷകമാണെന്ന് പറയുന്നു. പക്ഷേ ചിലര്‍ ഇവയ്ക്ക് അണുബാധയുണ്ടാവുമെന്ന് ഭയന്ന് തൊടാന്‍ മടിക്കും' എന്ന് അവര്‍ ഗാര്‍ഡിയന്‍ പറയുന്നു.

നായ്ക്കളോട് ഇടപഴകുന്നതില്‍ വിലക്കുകളൊന്നുമില്ലെങ്കിലും ഏതു തെരുവുനായയെ കൈകാര്യം ചെയ്യുമ്പോഴും വേണ്ടുന്ന സാമാന്യബോധം ഇവിടെയും വേണമെന്ന് സ്ത്രോദബ് സന്ദര്‍ശകരോട് ഉപദേശിക്കാറുണ്ടത്രെ.

വ്യാവസായിക ദുരന്തങ്ങളാല്‍ ബാധിക്കപ്പെട്ട സമൂഹത്തിനുവേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ദ ക്ലീന്‍ ഫ്യൂച്ചേഴ്സ് ഫണ്ട് (CFF) നായ്ക്കളെ സംരക്ഷിക്കുന്നു. CFF ന്റെ കണക്കനുസരിച്ച് ചെര്‍ണോബില്‍ ആണവനിലയത്തിനു ചുറ്റുമായി ഇരുനൂറ്റമ്പതോളവും, ചെര്‍ണോബില്‍ നഗരത്തില്‍ ഇരുനൂറ്റിഇരുപത്തഞ്ചോളവും തെരുവുനായ്ക്കളുണ്ട്. നൂറുകണക്കിന് മറ്റു നായ്ക്കള്‍ പലയിടങ്ങളിലെ സെക്യൂരിറ്റി ചെക്പോസ്റ്റുകളുടെ അടുത്ത് താമസിക്കുകയും എക്സ്ക്ലൂഷന്‍ സോണില്‍ ചുറ്റിത്തിരിയുകയും ചെയ്യുന്നുണ്ട്. അടിയന്തിരഘട്ടത്തില്‍ ചികിത്സിക്കാനായി ആണവനിലയത്തിനുള്ളില്‍ ഒരു ക്ലിനിക് ഉള്‍പ്പെടെ മൂന്നു വെറ്റിനറി ക്ലീനിക്കുകള്‍ CFF നടത്തുന്നുണ്ട്. അവിടെ പ്രതിരോധമരുന്നുകള്‍ നല്കുകയും നായ്ക്കളെ വരിയുടയ്ക്കുകയും ചെയ്യുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ കാണാം: https://goo.gl/3M2jiH


Next Story

Related Stories