യാത്ര

കാൻസർ മൂലം രണ്ടു കാലുകളും മുറിച്ചുമാറ്റപ്പെട്ട ചൈനീസ് പര്‍വ്വതാരോഹകന്‍ എവറസ്റ്റ് കീഴടക്കി

Print Friendly, PDF & Email

43 വർഷങ്ങൾക്ക് മുൻപ് എവറസ്റ്റ് കൊടുമുടി കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ട സിയാ ബൊയൂ അഞ്ചാമത്തെ തവണയാണ് വിജയം കണ്ടത്

A A A

Print Friendly, PDF & Email

43 വർഷങ്ങൾക്ക് മുൻപ് എവറസ്റ്റ് കൊടുമുടി കയറാന്‍ ശ്രമിച്ച് പരാജയപ്പെട്ട, കാൻസർ മൂലം രണ്ടു കാലുകളും മുറിച്ചുമാറ്റപ്പെട്ട ചൈനീസ് പര്‍വ്വതാരോഹകന്‍ തന്‍റെ ഐതിഹാസികമായ അഞ്ചാമത്തെ ശ്രമത്തില്‍ ലക്ഷ്യത്തിലെത്തി. പതിമൂന്ന് പേരടങ്ങുന്ന സംഘത്തോടൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു 69-കാരനായ ‘സിയാ ബൊയൂ’ ചരിത്രം കുറിച്ചത്. 117 ദിവസംകൊണ്ട് എവറസ്റ്റ് കൊടുമുടി കീഴടക്കി ഓസ്‌ട്രേലിയന്‍ പര്‍വ്വതാരോഹകന്‍ സ്റ്റീവ് പ്ലെയിൻ റെക്കോര്‍ഡിട്ടതും ഇതേ ദിവസം തന്നെയായിരുന്നു.

1975-ൽ 8,848 മീറ്റർ ഉയരത്തിലുള്ള കൊടുമുടി കീഴടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട 20 പേരടങ്ങിയ ചൈനീസ് സംഘത്തിലെ ഒരംഗമായിരുന്നു സിയ. എന്നാല്‍ വെറും 200 മീറ്റര്‍ മാത്രം ബാക്കി നില്‍ക്കെ കൊടുങ്കാറ്റു കാരണം അവര്‍ക്ക് തിരിച്ചിറങ്ങേണ്ടി വന്നു. അന്ന് അദ്ദേഹത്തിന് 26 വയസ്സായിരുന്നു. ‘എന്‍റെ ഏറ്റവും വലിയ സ്വപ്നമായ എവറസ്റ്റ് കൊടുമുടിയുടെ ഉയരങ്ങളിലെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല’ അദ്ദേഹം പ്രതികരിച്ചു. 43 വര്‍ഷത്തെ കാത്തിരിപ്പാണ് ഒടുവില്‍ സഫലമായിരിക്കുന്നത്.

1996ലാണ് സിയയെ ‘ലിംഫോമ’ എന്ന മാരക രോഗം പിടികൂടുന്നത്. ഇരുകാലുകളും മുട്ടുകൾക്ക് താഴെയായി മുറിച്ചു മാറ്റേണ്ടിവന്നു. പക്ഷെ, അതൊന്നും എവറസ്റ്റ് കീഴടക്കുകയെന്ന അദ്ദേഹത്തിന്‍റെ ലക്ഷ്യത്തിനു മുന്‍പില്‍ ഒരു വെല്ലുവിളി ആയിരുന്നില്ല. 2014 ഓടെ, എവറസ്റ്റ് കീഴടക്കാൻ സിയ വീണ്ടും തയ്യാറായി. പക്ഷെ ഹിമപാതം കാരണം ആ ശ്രമം പരാജയപ്പെട്ടു. തൊട്ടടുത്ത വര്‍ഷംതന്നെ വീണ്ടും ശ്രമിച്ചെങ്കിലും നേപ്പാളിലുണ്ടായ ഭൂചലനം വില്ലനായി. 2016-ൽ പിന്നെയും അദ്ദേഹം ഹിമാലയത്തെ തേടിയെത്തി. എന്നാൽ മോശം കാലാവസ്ഥ മൂലം വെറും 100-മീറ്റര്‍ മാത്രം അകലെ വച്ച് വീണ്ടും തിരിച്ചിറങ്ങേണ്ടി വന്നു.

ഇരുകാലുകളും മുറിച്ചുമാറ്റപ്പെട്ടവര്‍ക്കും അന്ധര്‍ക്കും പര്‍വ്വതാരോഹണം നടത്തുന്നതിന് കഴിഞ്ഞ വര്‍ഷം നേപ്പാള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഏറ്റവും വലിയ തിരിച്ചടിയായത്. എന്നാല്‍ കടുത്ത വിവേചനമാണിതെന്നു കാണിച്ച് നേപ്പാൾ സുപ്രീംകോടതി മാർച്ചിൽ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി.

തന്‍റെ അഞ്ചാമത്തെ ഉദ്യമത്തിന് തയ്യാറെടുക്കുന്നതിനു മുന്‍പ് സിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു ‘ഇതെന്‍റെ ലക്ഷ്യമാണ്‌. എനിക്കത് സാക്ഷാത്‌ക്കരിക്കണം’. എവറസ്റ്റുമായുള്ള നീണ്ടകാലത്തെ മല്‍പിടുത്തത്തിനൊടുവില്‍ മെയ് 14 തിങ്കളാഴ്ച രാവിലെ 7.30-ന് അദ്ദേഹം തന്‍റെ ലക്ഷ്യത്തിലെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍