TopTop
Begin typing your search above and press return to search.

കുട വാങ്ങാം, കൂടെ നില്‍ക്കാം; കാര്‍ത്തുമ്പി കുട; അട്ടപ്പാടിയില്‍ അമ്മമാരുടെ നിശബ്ദ വിപ്ലവം

കുട വാങ്ങാം, കൂടെ നില്‍ക്കാം; കാര്‍ത്തുമ്പി കുട; അട്ടപ്പാടിയില്‍ അമ്മമാരുടെ നിശബ്ദ വിപ്ലവം

പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ നവജാത ശിശുക്കള്‍ മരിക്കുന്നത് തുടരുന്നു. ഈ കഴിഞ്ഞ ആഴ്ച അട്ടപ്പാടിയില്‍ മരിച്ചത് രണ്ട് നവജാത ശിശുക്കളാണ്. മെയ് ആറിന് ഷോളയൂര്‍ വരഗം പാടി ഊരിലെ മുരുകന്റെയും വിനോജായുടെയും രണ്ടുദിവസം പ്രായമുള്ള കുട്ടിയും മെയ് പത്തിന് കാരറ ഗുഡ്ഢയൂര്‍ ഊരിലെ രാജന്റെയും പാര്‍വ്വതിയുടെയും നാലുനാള്‍ പ്രായമുളള കുഞ്ഞുമാണ് മരിച്ചത്. ഈ മരണങ്ങള്‍ക്ക് എന്നവസാനമുണ്ടാകും എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം.

എന്നാല്‍ കുഞ്ഞുങ്ങളുടെ മരണത്തില്‍ ഹൃദയം പൊട്ടി കരയുമ്പോഴും അട്ടപ്പാടിയിലെ അമ്മമാര്‍ പുതിയൊരു വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ്. പട്ടിണിയുടെയും പ്രാരാബ്ദങ്ങളുടെയും നിറങ്ങളില്ലാത്ത ലോകത്തിരുന്നു കൊണ്ട് അട്ടപ്പാടിയിലെ അമ്മമാര്‍ പ്രതീക്ഷയുടെ വര്‍ണ്ണങ്ങള്‍ കുടകളുടെ രൂപത്തില്‍ നെയ്തെടുക്കുകയാണ്. കുടനിര്‍മ്മിക്കുന്നതില്‍ അധികം പേരും ജീവിതത്തില്‍ ഒരിക്കല്‍ പോലും കുട ഉപയോഗിക്കാത്തവരാണ് എന്നതാണ് നൊമ്പരപ്പെടുത്തുന്ന കൌതുകം.

മൂന്നു പതിറ്റാണ്ടായി ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തമ്പ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ തൃശൂരിലെ ‘അതിജീവന’ എന്ന സംഘടനയാണ് 2016 ല്‍ അട്ടപ്പാടിയിലെ അമ്മമാര്‍ക്ക് കുട നിര്‍മ്മാണത്തിനുള്ള പരിശീലനം കൊടുക്കുന്നത്. ഓണ്‍ലൈന്‍ കൂട്ടായ്മയായ പീസ് കലക്ടീവിന്റെ സാമ്പത്തിക സഹായവും കൂടി ആയപ്പോള്‍ കഴിഞ്ഞ വര്ഷം അട്ടപ്പാടിയുടെ സ്വന്തം ബ്രാന്റ് ആയ കാര്‍ത്തുമ്പി കുടകള്‍ വിപണിയില്‍ എത്തി. കഴിഞ്ഞ വര്‍ഷം 1000 കുടകളാണ് ഇവര്‍ ഉണ്ടാക്കിയത്. ഉണ്ടാക്കിയ കുടകളെല്ലാം വിറ്റുപോയെങ്കിലും കൂടുതല്‍ കുടകള്‍ നിര്‍മ്മിക്കാനുള്ള സാമ്പത്തിക ചുറ്റുപാടുകള്‍ അവര്‍ക്ക് ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ഈ വര്‍ഷം ആദ്യം തമ്പിന്റെ പ്രസിഡണ്ട് രാജേന്ദ്ര പ്രസാദും കണ്‍വീനര്‍ രാമുവും പീസ് കലക്ടീവിന്റെ പ്രതിനിധികളും കൂടി ഒരു വിദേശ യാത്ര നടത്തുന്നത്. കുട വില്‍പ്പനയ്ക്ക് ശേഷം തിരിച്ചു തരാമെന്ന ഉറപ്പില്‍ പലരില്‍ നിന്നായി കുടനിര്‍മ്മാണത്തിനാവശ്യമായ തുക കടമായി വാങ്ങിയാണ് അവര്‍ തിരിച്ചു വന്നത്. ഈ വര്‍ഷം 30,000 കുടകളെങ്കിലും നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കണം എന്നാണ് ഇവരുടെ കണക്ക് കൂട്ടല്‍.

ഇപ്പോള്‍ സജീവമായി നാല് കുടനിര്‍മ്മാണയൂണിറ്റുകളാണ് അട്ടപ്പാടിയില്‍ ഉള്ളത്. അഞ്ചാമത് ഒരു യൂണിറ്റ് കൂടി തുടങ്ങിയിട്ടുണ്ട്. നിര്‍മ്മാണ സാമഗ്രികള്‍ ഇല്ലാത്തത് കൊണ്ട് പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. കുട തയ്ക്കുന്നതും പാക്ക് ചെയ്യുന്നതും ഒക്കെയായി 120 ഓളം അമ്മമാര്‍ ഇപ്പോള്‍ കുടനിര്‍മ്മാണ യൂണിറ്റില്‍ പണിയെടുക്കുന്നുണ്ട്. മുടുക, കുറുമ്പ, ഇരുള വിഭാഗതില്‍ പെട്ട അമ്മാരാണ് കുടനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കൂടുതല്‍ അമ്മമാര്‍ ഈ രംഗത്തേക്ക് വരാന്‍ ആഗ്രഹിച്ച് മുന്നോട്ട് വരുന്നുണ്ട്. കുടനിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത സംഘടനയുടെ പ്രതിനിധികളും അതില്‍ പങ്കെടുത്ത അമ്മമാരും ഈ സംരംഭം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. ഇവരുടെ സംരംഭത്തിന് വേണ്ടി സംസ്ഥാന സര്ക്കാര്‍ 16 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അത് കിട്ടിയിട്ടില്ല. മഴ തുടങ്ങുന്നതിന് മുന്പ് അത് കിട്ടിയാല്‍ കുടനിര്‍മ്മാണം കൂടുതല്‍ വിപുലമാക്കാം എന്നാണ് ഇവരുടെ പ്രതീക്ഷകള്‍.

"സ്വാതന്ത്ര്യത്തിന് ശേഷം നാളിതുവരെ ഒരുപാട് ട്രൈബല്‍ ഫണ്ട് വരുന്നുണ്ടെങ്കിലും അത് അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി കൃത്യമായി ഉപയോഗിക്കപ്പെടുന്നില്ല. പത്തു മുപ്പതു കൊല്ലമായിട്ട് ഞങ്ങള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. അവരുടെ അവകാശങ്ങള്‍ അവരില്‍ എത്തിക്കുക. സര്‍ക്കാരും പൊതു സമൂഹവും അത് ചെയ്തു കൊടുക്കണം എന്നൊരു ആറ്റിറ്റ്യൂഡിലാണ് ഞങ്ങള്‍ ഇതുവരെ വര്‍ക്ക് ചെയ്തത്. പക്ഷേ അതിന്റെയെല്ലാം അപ്പുറം ഇവരെ എല്ലാ തരത്തിലും കൈ പിടിച്ചുയര്‍ത്തേണ്ട ബാധ്യതകൂടി ഈ സാമൂഹ്യ സംഘടനകള്‍ക്കുണ്ട് എന്ന ഒരു തിരിച്ചറിവില്‍ നിന്നാണ് ഞങ്ങള്‍ ഇതുകൂടി തുടങ്ങാന്‍ തീരുമാനിച്ചത്. ഇവരുടെ കാര്യങ്ങളിലും നയങ്ങളിലും ഒരു പൊളിച്ചെഴുത്ത് വേണം എന്നാണ് അത് കാണിക്കുന്നത്. ഒരുപാട് ഫണ്ട് വന്നിട്ടും ഇവരുടെ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം ഉണ്ടാകുന്നില്ല. എവിടെയോ ഒരു പാളിച്ചയുണ്ട്. ആ പാളിച്ച എന്താണെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങള്‍." തമ്പ് എന്ന സംഘടനയുടെ പ്രസിഡണ്ട് രാജേന്ദ്ര പ്രസാദ് പറയുന്നു

"കാര്‍ത്തുമ്പി കുടകള്‍ ആദ്യത്തെ സംരംഭം എന്നെയുള്ളൂ. അത് മാത്രമല്ല ഇവരുടെ വരുമാനത്തിന് വേണ്ടി വളരെ വിപുലമായി തന്നെ മറ്റ് പദ്ധതികളും ചെയ്യണമെന്നാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. പൊതു സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും സപ്പോര്‍ട്ടോട് കൂടിയാണ് അത് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ കൂട്ടായ്മയായ പീസ് കലക്ടീവിന്റെ സപ്പോര്‍ട്ടോട് കൂടിയാണ് കുടകള്‍ നിര്‍മ്മിച്ചത്. ഇപ്രാവശ്യത്തെ ആദ്യ ഘട്ടം പൂര്‍ണ്ണമായി അവരുടെ പിന്തുണയോട് കൂടിയാണ്. രണ്ടാം ഘട്ടത്തില്‍ ഗവണ്‍മെന്‍റുമായി ടൈഅപ്പ് ശരിയായിവരുന്നുണ്ട്. അങ്ങനെ പൊതു സമൂഹത്തിന്റെയും ഗവണ്‍മെന്‍റിന്റെയും ഒപ്പം നിന്നു കൊണ്ട് ആദിവാസി സമൂഹത്തിന്റെ ശാക്തീകരണം എങ്ങനെ സാധ്യമാക്കാം എന്നാണ് ഞങ്ങള്‍ ആലോചിക്കുന്നത്. ഇവരുടെ സമഗ്രമായ വികസനമാണ് ഞങ്ങളുടെ ലക്ഷ്യം. ആത്മാഭിമാനത്തോടെ സ്വന്തം നിലയിലേക്ക് ഉയര്‍ന്നു വരുന്ന രീതിയിലേക്ക് ഇവരെ കൊണ്ട് വരിക എന്നുള്ളതാണ്.

അമ്മമാരുടെ ആത്മവിശ്വാസം കാണുമ്പോള്‍ കുട നിര്‍മ്മാണം ഒരു വലിയ വിജയമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. ഇതിന്റെ ഗുണം എല്ലാ അമ്മമാരിലും എത്തിക്കാന്‍ പറ്റുന്നില്ല എന്ന ഒരു പരിമിതിയുണ്ട്. അഞ്ചു യൂനിറ്റേ ഞങ്ങള്‍ക്ക് തുടങ്ങാന്‍ പറ്റിയിട്ടുള്ളൂ. അട്ടപ്പാടിയിലെ ചെറിയ ഒരു ഗ്രൂപ്പിന് മാത്രമെ, അതായത് കുട തയ്ക്കുന്നതും പാക്ക് ചെയ്യുന്നതും മാര്‍ക്കാറ്റിംഗും ഒക്കെയായി ഒരു നൂറ്റി ഇരുപതോളം വരുന്ന അമ്മമാര്‍ക്ക് മാത്രമേ അതിന്റെ ഗുണം കിട്ടുന്നുള്ളൂ. ഭാവിയില്‍ ഇത് വിപുലപ്പെടുത്തിയിട്ട് എല്ലാവരിലും എത്തിക്കണം എന്നാണ് ആഗ്രഹം. മാര്‍ക്കറ്റിംഗിന് യുവാക്കളും അമ്മമാരുമാണ് ഇറങ്ങുന്നത്. ഒരമ്മയെ സംബന്ധിച്ചിടത്തോളം ഒരു കുടയ്ക്ക് നൂറ് രൂപ കിട്ടും. അമ്പതു രൂപ നിര്‍മ്മാണത്തിനും വില്‍ക്കുന്നതിന് അമ്പതു രൂപയും. ഞങ്ങള്‍ ഇവിടെ നിന്നു തന്നെയാണ് കുട ഉണ്ടാക്കാനുള്ള സാധനങ്ങള്‍ വാങ്ങിയത്. അടുത്ത പ്രാവശ്യം മുതല്‍ ഇംപോര്‍ട്ട് ചെയ്യണം എന്നാണ് ആഗ്രഹം. അതിനുള്ള റെജിസ്ട്രേഷനും കാര്യങ്ങളും ഒക്കെ ചെയ്യാനുള്ള ശ്രമത്തിലാണ്. സാമ്പത്തിക ഭദ്രതയുണ്ടെങ്കിലേ അതെല്ലാം നേരത്തെ ഇറക്കാനും നേരത്തെ ഉണ്ടാക്കാനും ഒക്കെ പറ്റുകയുള്ളൂ. അങ്ങനെ ഒരു സ്റ്റേജിലേക്ക് ഞങ്ങള്‍ എത്തിയിട്ടില്ല. അങ്ങനെ ഇറക്കാന്‍ പറ്റിയാല്‍ ഇവര്‍ക്ക് കൂടുതല്‍ കാശ് കൊടുക്കാന്‍ പറ്റും. ഞങ്ങള്‍ ഇവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയില്‍ ഞങ്ങള്‍ വെറും മീഡിയേറ്റേര്‍സ് മാത്രമാണ്. ഈ കാര്യങ്ങള്‍ ചെയ്യുക ചെയ്യിക്കുക അതിലൂടെ അവര്‍ക്ക് വരുമാനം ഉണ്ടാക്കി കൊടുക്കുക. ഇതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതില്‍ ലാഭം ഒന്നും ഇല്ല.

തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ പ്രതിധ്വനി എന്ന സംഘടന 1500 കുടകള്‍ എടുത്തു. അതിന്റെ അഡ്വാന്‍സ് ഒക്കെ തന്നു കഴിഞ്ഞു. എറണാകുളം ടെക്നോപാര്‍ക്ക് രണ്ടായിരം കുടകള്‍ എടുക്കാം എന്നു പറഞ്ഞിട്ടുണ്ട്. ഒരെണ്ണം ആവശ്യം ഉള്ളവര്‍ക്കും ഞങ്ങളുടെ വെബ്സൈറ്റില്‍ കയറി ബുക് ചെയ്യാനുള്ള സൌകര്യം ഉണ്ട്. വിപിപി ആയിട്ട് ഞങ്ങള്‍ അത് അയച്ചു കൊടുക്കും. എല്ലാവരും വില്‍പ്പനക്ക് ഇറങ്ങാറില്ല. ചിലര്‍ അതിനു തയ്യാറാകുന്നുണ്ട്."

അട്ടപ്പാടിയിലെ കാരറ ഊരില്‍ താമസിക്കുന്ന മുടുക വിഭാഗത്തിലുള്ള കെ രാമുവാണ് തമ്പ് എന്ന സംഘടനയുടെ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നത്. കുട നിര്‍മ്മാണം ആദിവാസി അമ്മമാര്‍ക്ക് വലിയ ആത്മവിശ്വാസമാണ് പകര്‍ന്നു നല്‍കിയതെന്ന് രാമു പറയുന്നു.

അട്ടപ്പാടിയില്‍ പത്തു മുപ്പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തമ്പ്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഊരുകളില്‍ തന്നെ കാര്‍ത്തുമ്പി എന്ന പേരില്‍ കുട്ടികളുടെ കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. അട്ടപ്പാടിയിലെ ശിശുമരണം ആദ്യമായി പുറത്തു കൊണ്ട് വരുന്നത് ഞങ്ങളാണ്. ഈ അടുത്തകാലത്താണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.

ഇവരുടെയൊക്കെ വീട്ടിലെ സാഹചര്യം വളരെ മോശമാണ്. ഇവരൊക്കെ പ്രധാനമായും തൊഴിലുറപ്പ് പണിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. തൊഴിലുറപ്പ് പണി ഇപ്പോള്‍ ഇല്ലാതായിട്ട് ഏഴു മാസത്തോളമായി. പണി എടുത്താലും പൈസ കൃത്യമായി കിട്ടുന്നില്ല. ചിലപ്പോള്‍ മൂന്ന് മാസം കഴിയും ചിലപ്പോള്‍ ആറ് മാസം കഴിയും. അതവര്‍ക്ക് വലിയ ബുദ്ധിമുട്ടായിട്ടുണ്ട്. അത് കുട്ടികളുടെ വിദ്യാഭ്യാസത്തെ പോലും ബാധിക്കുന്നതായിട്ടാണ് അമ്മമാര്‍ പറയുന്നത്. പുരുഷന്മാരുടെ മദ്യപാനം ഒരു വിഷയമാണ്. എന്നാലും പണ്ടത്തെ അപേക്ഷിച്ച് ഇപ്പോള്‍ നല്ല മാറ്റം ഉണ്ടായിട്ടുണ്ട്. പണ്ടൊന്നും അവര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു പ്രാധാന്യവും കൊടുത്തിരുന്നില്ല. അന്ന് ശൈശവ വിവാഹങ്ങളും ഇവരുടെ ഇടയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനൊക്കെ മാറ്റം വന്നിട്ടുണ്ട്. എന്നാലും വിദ്യാഭ്യാസം പ്ലസ് ടു വരെ മാത്രം ഒതുങ്ങിപ്പോകുന്ന ഒരു സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഡിഗ്രിക്കൊന്നും പോകാത്ത അവസ്ഥയുണ്ട്. പണ്ട് കാലത്ത് പുരുഷനും സ്ത്രീയും പറമ്പില്‍ പണി ചെയ്താന് ജീവിച്ചിരുന്നത്. അന്ന് എവിടെയും കാടുണ്ടായിരുന്നു. അവര്‍ക്ക് എവിടേയും കൃഷി ചെയ്തു ജീവിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നു. അതൊക്കെ നഷ്ടപ്പെട്ടതോടെയാണ് ആദിവാസികള്‍ മദ്യപാനമൊക്കെ തുടങ്ങിയതെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ഒരു കൈത്തൊഴില്‍ എന്ന രീതിയില്‍ കുട നിര്‍മ്മാണവും മറ്റും കൊണ്ട് വന്നാല്‍ അവരുടെ ജീവിതത്തിന് നല്ല മാറ്റം ഉണ്ടാകും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

ഞങ്ങള്‍ 2016 ല്‍ നമ്മള്‍ ഇങ്ങനെ ഒരു സംരംഭം ആലോചിക്കുന്നത് തന്നെ പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ കുട്ടികള്‍ മരിക്കുന്നതു തുടര്‍ച്ചയായപ്പോഴാണ്. പീസ് കലക്ടീവ് എന്ന ഒരു ഓണ്‍ ലൈന്‍ കൂട്ടായ്മ ഉണ്ടായിരുന്നു. വിദേശത്താണ് ഇവരുടെ കൂട്ടായ്മ സജീവമായി പ്രവര്‍ത്തിക്കുന്നത്. അവര്‍ ഞങ്ങളുടെ ഓഫീസില്‍ വന്നപ്പോള്‍ ഞങ്ങള്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അപ്പോള്‍ നമ്മുടെ അമ്മമാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നു തീരുമാനിക്കുകയും ആദ്യപടിയായി കുടനിര്‍മ്മാണത്തിലേക്ക് പോകാമെന്ന് ഞങ്ങള്‍ കൂട്ടായി തീരുമാനിക്കുകയുമായിരുന്നു. ഇതിന്റെ ഇന്‍വെസ്റ്റിമെന്‍റിനെ കുറിച്ച് ആലോചിച്ചപ്പോള്‍ അവര് പറഞ്ഞു ഇതില്‍ താത്പര്യമുള്ള വിദേശത്തുള്ള ആളുകളോട് കടം വാങ്ങിയിട്ട് ഇത് തുടങ്ങാമെന്ന്. പതിനേഴോളം ആളുകള്‍ സഹായിച്ചിട്ടാണ് ആയിരം കുടകള്‍ നമ്മള്‍ അന്ന് ചെയ്തത്. കുടകള്‍ വിറ്റ് അതിന്റെ പൈസ തിരിച്ച് അടച്ചിരുന്നു.

ഈ വര്‍ഷം മാര്‍ച്ച് ഒന്നിന് ഞാനും തമ്പിന്റെ പ്രസിഡന്‍റ് രാജേന്ദ്ര പ്രസാദ് സര്‍, സെക്രട്ടറി മനേഷ്, പീസ് കലക്ടീവിന്റെ ഒരു പ്രതിനിധിയും കൂടെ ദുബായിലൊക്കെ പോയി അവിടത്തെ സംഘടനകളെയും മീഡിയയെയും നേരിട്ടു കണ്ട് കാര്യങ്ങള്‍ പറഞ്ഞു. ഒരു വ്യക്തിയില്‍ നിന്നു പതിനായിരം രൂപ വെച്ചു ഞങ്ങള്‍ കടമായി വാങ്ങാന്‍ തീരുമാനിച്ചു. അങ്ങനെ കിട്ടിയ പൈസ വെച്ചിട്ടാണ് ഇപ്പോള്‍ 2000 കുടകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ പൈസ ആഗസ്ത് സെപ്തംബറോടു കൂടി ഞങ്ങള്‍ അവര്‍ക്ക് തിരിച്ചു കൊടുക്കും എന്നാണ് ഞങ്ങള്‍ വാക്കാല്‍ പറഞ്ഞിരിക്കുന്നത്.

തൃശൂരില്‍ നിന്നുള്ള അതിജീവന എന്ന കൂട്ടായ്മയാണ് ഇവര്‍ക്ക് പരിശീലനം കൊടുത്തത്. പോള്‍ സാറായിരുന്നു നേതൃത്വം കൊടുത്തത്. കഴിഞ്ഞ വര്‍ഷം നാല്‍പ്പത് ആളുകള്‍ക്കാണ് പരിശീലനം കൊടുത്തത്. ഒരു ദിവസത്തെ പരിശീലനമാണ് അന്ന് കൊടുത്തത്. അതിനു ശേഷം ഏഴുപേരെ തിരഞ്ഞെടുത്ത് തൃശൂരിലേക്ക് പരിശീലനത്തിന് അയച്ചു. ആ ഏഴുപേരാണ് ഈ വര്‍ഷം പുതിയ ആളുകള്‍ക്ക് പരിശീലനം കൊടുത്തത്. കഴിഞ്ഞ വര്‍ഷം നാല്‍പ്പതു പേര്‍ക്കാണെങ്കില്‍ ഈ വര്‍ഷം പുതിയതായി ഇരുപതു പേര്‍ക്ക് കൂടി പരിശീലനം കൊടുത്തു. ഏകദേശം അറുപതോളം ആളുകള്‍ ഇപ്പോള്‍ കുട നിര്‍മ്മിക്കുന്നുണ്ട്. അവരില്‍ നാല്‍പ്പതോളം ആളുകള്‍ സ്ഥിരമായിട്ട് തുന്നുന്നവരാണ്. എല്ലാവരും ആദിവാസി അമ്മമാരാണ്.

അട്ടപ്പാടിയില്‍ മൂന്നു പഞ്ചായത്തിലായിട്ട് അഞ്ചു യൂണിറ്റുകള്‍ കുട നിര്‍മ്മിക്കുന്നുണ്ട്. അതില്‍ നാലെണ്ണം വളരെ സജീവമാണ്. ഷോളയൂര്‍ പഞ്ചായത്തിലെ നല്ല ശിങ്കഊര്, ചൊറിയനൂര്, പിന്നെ അഗളി പഞ്ചായത്തിലെ കള്ളമല, പുതൂര്‍ പഞ്ചായത്തിലെ പൊട്ടിക്കല്ല് എന്നിവിടങ്ങളിലാണ് സജീവമായി പ്രവര്‍ത്തിക്കുന്ന യൂണിറ്റ് ഉള്ളത്. അഗളിയില്‍ തന്നെ നെല്ലിപ്പതി ഊരില്‍ പുതുതായി യൂണിറ്റ് തുടങ്ങിയിട്ടുണ്ട്. അടുത്ത ടേമില്‍ അവിടെയും നിര്‍മ്മാണം തുടങ്ങും.

കുടനിര്‍മ്മിക്കുന്നത് കൂടുതലും ആദിവാസി അമ്മമാരാണ്. അവരില്‍ കുട്ടികള്‍ നഷ്ടപ്പെട്ട അമ്മമാരും ഉണ്ട്. താത്പര്യം ഉള്ളവരെ നോക്കിയിട്ടാണ് ഞങ്ങള്‍ അവരെ സെലക്ട് ചെയ്തത്. കുട നിര്‍മ്മാണത്തിന് അങ്ങനെ പ്രത്യേക ടൈം ഒന്നും ഇല്ല. എന്നാലും രാവിലെ ഒന്‍പതര മുതല്‍ ഇവര്‍ പണി തുടങ്ങും. അഞ്ചുമണിവരെ പണിയെടുക്കും. രാത്രി ഇരുന്നു ചെയ്യുന്നവരും ഉണ്ട്. ഒരു യൂണിറ്റില്‍ ഒരമ്മ ആറ് കുടമുതല്‍ പന്ത്രണ്ടു കുടവരെ ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ 75 രൂപ വെച്ചിട്ടാണ് ഒരു കുടയ്ക്ക് അവര്‍ക്ക് കൊടുത്തത്. പിന്നെ അറുപത് കൊടുത്തു. ഈ വര്‍ഷം അത് അമ്പതു രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. 75 രൂപ കൊടുക്കുമ്പോള്‍ അത് ഞങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ല. ഇപ്പോള്‍ മുന്നൂറ് രൂപ മുതല്‍ എഴുന്നൂറ് രൂപവരെ ഒരു ദിവസം ഒരമ്മയ്ക്ക് കിട്ടുന്നുണ്ട്. ആദിവാസി അമ്മമാര്‍ക്ക് വേണ്ടി ഒരു വരുമാനമാര്‍ഗ്ഗം എന്ന നിലയിലാണല്ലോ ഞങ്ങള്‍ ഇങ്ങനെ ഒരു സംരംഭം തുടങ്ങുന്നത്. അതുകൊണ്ട് അവര്‍ക്ക് നഷ്ടം വരാത്ത രീതിയിലുള്ള ഒരു തുക അവര്‍ക്ക് നല്കുന്നുണ്ട്. കമ്പനികളിലെല്ലാം ഒരു കുട തുന്നുന്നതിന് പത്തു രൂപയൊക്കെയാണ് കൊടുക്കുന്നത്.

അമ്മമാരൊക്കെ വളരെ സന്തോഷത്തോടെയാണ് ഇതില്‍ പങ്കാളികളാകുന്നത്. നാല്‍പ്പത്തിയഞ്ച് വയസ്സുള്ള ഒരു അമ്മ പറഞ്ഞത് അവര്‍ സ്ഥിരമായി മുറുക്കുന്ന ആളായിരുന്നു. നിങ്ങളെന്തായാലും വന്നത് നന്നായി ഈ പരിപാടി ചെയ്തു വരുമ്പോള്‍ ഞങ്ങള്‍ മുറുക്കുന്നത് പോലും മറന്നുപോയി എന്നാണ്. അത് ഞങ്ങള്‍ക്ക് വലിയ ഇന്‍സ്പിറേഷന്‍ ആയിരുന്നു. ഇത് അമ്മമാരില്‍ മാത്രമല്ല പുരുഷന്‍മാറെയും പഠിപ്പിക്കണം എന്ന് അപ്പോഴാണ് ഞങ്ങള്‍ക്ക് തോന്നിയത്.

കുട നിര്‍മ്മാണം മാത്രമല്ല ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. ഈ സീസണ്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ ബാഗ്, സോപ്പ്, നോട്ട് ബുക്ക് നിര്‍മ്മാണം കൂടാതെ അട്ടപ്പാടിയില്‍ പ്രാദേശികമായി കിട്ടുന്ന തേന്‍, മുളയരി, ഹെര്‍ബല്‍ മെഡിസിന്റെ സാധനങ്ങള്‍ തുടങ്ങിയവയെല്ലാം ഈ അമ്മമാരുടെ യൂണിറ്റിലൂടെ പ്രൊഡക്ടാക്കി വില്‍പ്പന ചെയ്യാനാണ് ഞങ്ങള്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്. അത് അടുത്ത് തന്നെ തുടങ്ങും.

കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ 1000 കുടകളാണ് നിര്‍മ്മിച്ചത്. ഓണ്‍ലൈന്‍ വഴിയും പോസ്റ്റല്‍ വഴിയും വി പി പി ആയിട്ടുമാണ് വില്‍പ്പന നടത്തിയത്. ഈ വര്‍ഷം ഇപ്പോള്‍ രണ്ടായിരത്തോളം കുടകള്‍ ആയിക്കഴിഞ്ഞു. രണ്ടാം ഘട്ടം വരുന്ന ഓര്‍ഡറുകളുടെ പണി തിങ്കളാഴ്ച മുതല്‍ തുടങ്ങും. ഈ വര്‍ഷം കുറെ ഓര്‍ഡര്‍ കിട്ടിയിട്ടുണ്ട്. ഒരാള്‍ ആയിരം കുടകള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. പത്തും അമ്പതും എഴുപത്തിയഞ്ചും നൂറും ഒക്കെയായിട്ടു ഓര്‍ഡറുകള്‍ കിട്ടുന്നുണ്ട്.

പഞ്ചായത്തുമായും ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്മെന്‍റ് പ്രോഗ്രാമുമായും(ഐ ടി ഡി പി) ഒക്കെ ഞങ്ങള്‍ ബന്ധപ്പെടുന്നുണ്ട്. പഞ്ചായത്തില്‍ നിന്നു നോക്കാം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഐ ടി ഡി പിയില്‍ കൊടുത്തത് പ്രകാരം ഈ വര്‍ഷം 7000 കുടകള്‍ നിര്‍മ്മിക്കാനുള്ള സഹായമായി ഗവണ്‍മെന്‍റ് 16 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഫണ്ട് പാസായിട്ടുണ്ട്. കയ്യില്‍ കിട്ടിയിട്ടില്ല. അത് പ്രോസസിംഗിലാണ്. അത് ഉടനെ കിട്ടും എന്നാണ് ഞങ്ങള്‍ കരുതുന്നത്. അത് കിട്ടുന്ന മുറയ്ക്ക് കുറെക്കൂടി ചെയ്യാന്‍ കഴിയും. അത് ഈ മാസം തന്നെ കിട്ടണമായിരുന്നു. മഴക്കാലത്തല്ലെ കുടയ്ക്ക് ആവശ്യക്കാര്‍ ഉണ്ടാവുകയുള്ളൂ. ഈ ഒരു നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ അത് കിട്ടും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

വിലവിവര പട്ടിക

കുടനിര്‍മ്മാണത്തില്‍ ആദ്യഘട്ടം മുതല്‍ സജീവമായി കൂടെയുണ്ടായിരുന്നയാളാണ് ലക്ഷ്മി. മുപ്പത്തിയേഴുകാരിയായ ലക്ഷ്മിക്ക് മൂന്നു മക്കളാണ്. ലക്ഷ്മിയുടെ ഭര്‍ത്താവിന് കൂലിപ്പണിയാണ്. ലക്ഷ്മി മുമ്പ് തൊഴിലുറപ്പ് പണിക്കാണ് പോയിരുന്നത്. തൊഴിലുറപ്പ് പണി ഇപ്പോള്‍ ഏകദേശം ഇല്ലാതായ അവസ്ഥയാണ്. അട്ടപ്പാടിയിലെ ആദിവാസികളുടെ ഏക ഉപജീവന മാര്‍ഗ്ഗമായിരുന്നു തൊഴിലുറപ്പ്. അതില്‍ നിന്നുള്ള വരുമാനം ഇല്ലാതായതോടെ വീട്ടിലെ കാര്യങ്ങള്‍ ഏറെ കഷ്ടത്തിലായിരുന്നെന്ന് ലക്ഷ്മി പറയുന്നു. അപ്പോഴാണ് കുടനിര്‍മ്മാണ പരിശീലനവുമായി തമ്പ് പ്രവര്‍ത്തകര്‍ എത്തുന്നതും ലക്ഷ്മി അതില്‍ പങ്കെടുക്കുന്നതും. തൊഴിലുറപ്പ് ജോലിയേക്കാള്‍ ആത്മവിശ്വാസവും ആത്മാഭിമാനവും നല്‍കുന്ന ജോലിയാണിതെന്ന് ലക്ഷ്മി പറയുന്നു.

ഞാന്‍ ഏഴാം ക്ലാസ്സ് വരെയെ സ്കൂളില്‍ പോയിട്ടുള്ളൂ. പൂര്‍ത്തിയാക്കിയില്ല. ഇതിന് മുന്‍പ് കൂലിപ്പണിയായിരുന്നു ഞാന്‍ ചെയ്തിരുന്നത്. അതിനു ശേഷം തൊഴിലുറപ്പിലായിരുന്നു. തൊഴിലുറപ്പില്‍ ഇപ്പോള്‍ പണിയൊന്നും ഇല്ല. പലര്‍ക്കും എട്ടൊമ്പത് മാസത്തെ പൈസയൊക്കെ കിട്ടാനുണ്ട്. ഭയങ്കര ബുദ്ധിമുട്ടാണ്. ഞാന്‍ 2016 മുതല്‍ തന്നെ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഷോളയൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ചു നടന്ന ട്രൈനിംഗില്‍ വെച്ചാണ് ഞാനിത് പഠിച്ചത്. പത്തു നാല്‍പ്പതോളം ആളുകള്‍ ട്രെയിനിംഗില്‍ പങ്കെടുത്തിരുന്നു. അതില്‍ ഇരുപത്തിയഞ്ചോളം പേര്‍ നല്ലപോലെ പഠിച്ചു ചെയ്തു കൊണ്ടിരുന്നു. 2016 ല്‍ തന്നെ കുട ഉണ്ടാക്കി വില്‍ക്കുകയും ചെയ്തു. അന്ന് പങ്കെടുത്ത അമ്മമാരെല്ലാം പറഞ്ഞത് ഞങ്ങള്‍ക്കിത് ചെയ്തു വിജയിപ്പിക്കാന്‍ പറ്റും എന്നാണ്. ഇത് എളുപ്പമുള്ള പണിയാണ്. ആരുടെ മുന്നിലും കൈ നീട്ടാതെ നമുക്ക് ചെയ്യാന്‍ പറ്റുന്ന പണിയാണ് ഇതെന്ന്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള തീരുമാനം ഞങ്ങള്‍ അന്നെടുത്തതാണ്.

ഞങ്ങള്‍ രാവിലെ ഒന്‍പതരയോടുകൂടി കുട നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ വൈകുന്നേരം അഞ്ചു മണിയൊക്കെ ആകുമ്പോള്‍ ഏഴോ എട്ടോ കുടകള്‍ ഉണ്ടാക്കും. ഒരു ദിവസം മിനിമം അഞ്ഞൂറു അറുന്നൂറ് രൂപയൊക്കെ കിട്ടും. ഓരോ ഊരിലും അതാത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ചിട്ടാണ് കുട നിര്‍മ്മിക്കുന്നത്. ഞാന്‍ ജോലി ചെയ്യുന്ന കമ്മ്യൂണിറ്റി ഹാളില്‍ പതിനൊന്നു പേരുണ്ട്. ഞങ്ങളിപ്പോള്‍ പത്തു നൂറു പേരാണ് ഇതുമായി ബന്ധപ്പെട്ട് വര്‍ക്ക് ചെയ്യുന്നത്. അമ്പതു വയസ്സില്‍ താഴെയുള്ളവരാണ് ഇപ്പോള്‍ കുടനിര്‍മ്മാണ യൂണിറ്റില്‍ ഉള്ളത്.

തൊഴിലുറപ്പ് പദ്ധതിയെ ഒക്കെ അപേക്ഷിച്ച് നല്ല ജോലിയാണ് ഇത്. വീട്ടില്‍ തന്നെ ഇരുന്നു ചെയ്യാം. വെയിലും കൊള്ളണ്ട. എല്ലാവരും അത് പറയുന്നുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ഓടണ്ട അലയണ്ട സ്വസ്തമായി ഇരുന്നു ജോലി ചെയ്യാം. ഇത് വളരെ നല്ല തൊഴിലായിട്ടാണ് ഞങ്ങള്ക്ക് അനുഭവപ്പെടുന്നത്. വീട്ടില്‍ ഇരുന്നു ചെയ്യുന്നത് കൊണ്ട് കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയും. അവരെ സ്കൂളില്‍ അയച്ചിട്ടു സ്വസ്ഥമായി ഇരുന്നു ജോലി ചെയ്യാം. പൈസ ഒന്നിച്ചു കിട്ടുമ്പോള്‍ കുട്ടികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഒക്കെ അത് ഗുണം ചെയ്യും. ഞങ്ങടെ ലക്ഷ്യം എന്താന്നു വെച്ചാല്‍ നമ്മള്‍ക്ക് വരുമാനം ഉണ്ടാക്കണം സ്വന്തം കാലില് നില്‍ക്കണം. ഇതാണ് എല്ലാവരുടെയും ആഗ്രഹം. കുടകള്‍ തുന്നിയതിലും കുടകള്‍ വില്‍ക്കുന്നതിലും ഞങ്ങള്ക്ക് കിട്ടിയ ഒരു സന്തോഷം എന്നു പറഞ്ഞാല്‍ ഞങ്ങള്‍ക്കിത് ചെയ്യാന്‍ പറ്റി എന്നുള്ളതാണ്.

ഞങ്ങള്‍ കുട നേരിട്ടു വില്‍ക്കാറുണ്ട്. ഞങ്ങളുണ്ടാക്കിയ ഒരു സാധനം വില്‍ക്കുമ്പോള്‍ നമ്മള്‍ക്ക് സന്തോഷമാണ്. നമ്മള്‍ എത്രയോ സാധനങ്ങള്‍ നിങ്ങളില്‍നിന്ന് വാങ്ങുന്നു. അപ്പോള്‍ നമ്മുട കുട അങ്ങോട്ട് വാങ്ങിച്ചാല്‍ എന്താ എന്ന് ഞങ്ങള്‍ പറയുമ്പോള്‍ അവര്‍ വാങ്ങിക്കോളും. ഇപ്പോള്‍ ആള്‍ക്കാര്‍ ഇങ്ങോട്ട് വന്നു ചോദിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ കുട ഉണ്ടാക്കുന്നിടത്ത് വന്നു നോക്കിയിട്ട് ഞങ്ങള്‍ക്കും കുട വേണം എന്നു പറയുന്നവരുണ്ട്. ഫോണില്‍ കൂടെ വിളിച്ചിട്ടും പലരും കുട ആവശ്യപ്പെടുന്നുണ്ട്. അറിഞ്ഞവരും കേട്ടവരും കണ്ടവരും ഒക്കെ ചോദിക്കുന്നുണ്ട്. നമ്മുടെ ഊര് കാരും ചോദിക്കുന്നുണ്ട്.

ഞങ്ങള്‍ തുടങ്ങിയിട്ടിപ്പോള്‍ രണ്ട് വര്‍ഷം ആകാറായതല്ലേ ഉള്ളൂ. ഇത് വലുതാവും എന്നു തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. എല്ലാവര്‍ക്കും ഇത് ചെയ്യണം എന്നാണ് ഇപ്പോള്‍ ആഗ്രഹം. ഞങ്ങളുടെ കൂട്ടത്തില്‍ നിന്നും മറ്റ് ഊരുകളില്‍ നിന്നുമൊക്കെ ഒരുപാട് ആള്‍ക്കാര്‍ ഞങ്ങള്‍ക്കും ഇത് പഠിക്കണം എന്നു പറഞ്ഞിട്ടു വരുന്നുണ്ട്. പുരുഷന്‍മാര്‍ക്കും ഇപ്പോള്‍ ഇത് പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്. ഒന്നുരണ്ട് പേര്‍ ചെയ്യുന്നുമുണ്ട്. ഇനി ആള്‍ക്കാരെ എടുക്കണമെങ്കില്‍ ഫണ്ട് ശരിയാകണം. എന്നാലല്ലെ അവര്‍ക്ക് മെറ്റീരിയല്‍ കൊടുക്കാന്‍ പറ്റൂ.

മഴക്കാലമാണ് വരാന്‍ പോകുന്നത്. കുടകളുടെ വിപണി സജീവമാകുന്ന കാലം. കുത്തക കമ്പനികളുടെ ബ്രാന്റ് കുടകള്‍ക്കിടയിലാണ് കാര്‍ത്തുമ്പി എന്ന പേരില്‍ അട്ടപ്പാടിയിലെ ആദിവാസി അമ്മമാരുടെ സ്വപ്നങ്ങള്‍ കൊണ്ട് നെയ്ത വര്‍ണ്ണക്കുടകള്‍ നമുക്ക് മുമ്പില്‍ എത്തുന്നത്. നമ്മള്‍ വാങ്ങുന്ന ഓരോ കുടയും അവരുടെ അതിജീവനത്തിനുള്ള മുതല്‍ക്കൂട്ടാവും.

ഫോൺ വഴി കുട ഓർഡർ ചെയ്യുന്നതിന് ഈ നമ്പറുകളിൽ വിളിക്കുക: 0492-4209271, 9447466943, 9447139784

താഴെയുള്ള ലിങ്കുകള്‍ വഴി ഓൺലൈൻ ആയും കുടകൾ ഓർഡർ ചെയ്യാം.

https://form.jotform.me/71256226490455

http://www.karthumbi.com/


Next Story

Related Stories