TopTop
Begin typing your search above and press return to search.

വീല്‍ചെയറില്‍ നിന്നും പദ്മശ്രീയിലേക്കുള്ള ദൂരം ചെറുതല്ല; പക്ഷേ ഡോ. മാലതി കൃഷ്ണമൂര്‍ത്തി ഹൊള്ളയോട് അത് പറയരുത്

വീല്‍ചെയറില്‍ നിന്നും പദ്മശ്രീയിലേക്കുള്ള ദൂരം ചെറുതല്ല; പക്ഷേ ഡോ. മാലതി കൃഷ്ണമൂര്‍ത്തി ഹൊള്ളയോട് അത് പറയരുത്

മാലതി കുട്ടിയായിരുന്നപ്പോള്‍ തന്നെ പോളിയോ അവളുടെ ശരീരത്തെ തളര്‍ത്തി. അവളുടെ കാലുകളിലെ ഒടിഞ്ഞ എല്ലുകള്‍ നേരെയാക്കുന്നതിന് 30 ശസ്ത്രക്രിയകളാണ് വേണ്ടിവന്നത്. രണ്ട് വര്‍ഷം നീണ്ടുനിന്ന ഇലക്ട്രിക് ഷോക് തെറാപ്പിയിലൂടെ അവരുടെ ശരീരത്തിന്റെ മേല്‍ഭാഗത്തിന്റെ ശേഷി വീണ്ടെടുക്കാന്‍ സാധിച്ചെങ്കിലും അരയ്ക്ക് താഴോട്ട് തളര്‍ന്ന് തന്നെയിരുന്നു. ഇതൊക്കെയായിട്ടും ദേശീയ, അന്താരാഷ്ട്ര കായികമത്സരങ്ങളില്‍ ഡോ. മാലതി കൃഷ്ണമൂര്‍ത്തി ഹൊള്ള 389 സ്വര്‍ണ്ണവും 27 വെള്ളിയും അഞ്ച് വെങ്കലവും നേടി. ഇതില്‍ ഏറെയും വാടകയ്‌ക്കെടുത്ത ഒരു വീല്‍ചെയറില്‍ ഇരുന്നുകൊണ്ടായിരുന്നു. ഇപ്പോള്‍ 59 വയസുള്ള അവര്‍ തന്റെ ഫോമിന്റെ ഉന്നതിയിലാണ്. ഇന്ന് വീല്‍ചെയറില്‍ മത്സരിക്കുന്ന ഇന്ത്യന്‍ അത്‌ലറ്റുകളില്‍ ഏറ്റവും വേഗതയുള്ള താരമായി അവര്‍ മാറിയിരിക്കുന്നു.

അവരെ സ്വയംപര്യാപ്തതയും ആത്മവിശ്വാസവുമുള്ള വ്യക്തിയാക്കി മാറ്റുന്നതില്‍ അവരുടെ പിതാവ് എപ്പോഴും ദൃഢചിത്തനായിരുന്നു. അവര്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തി. വിദ്യാഭ്യാസകാലത്ത് അവര്‍ തന്റെ ശരീരത്തിലെ ഉറപ്പുള്ള ഭാഗങ്ങള്‍ വീണ്ടും വികസിപ്പിക്കുകയും വീല്‍ചെയര്‍ കായിക ഇനങ്ങളില്‍ തത്പ്പരയാവുകയും ചെയ്തു. സ്വതന്ത്രയായിരിക്കാനും അവര്‍ ശീലിച്ചു. 'ശേഷി കുറവുള്ള ഒരാളാണ് ഞാന്‍ എന്ന് എനിക്ക് തോന്നാറില്ല. ശരിയാണ്, ശാരീരകമായി എനിക്ക് ചില ശേഷികള്‍ കുറവാണ്. പക്ഷെ അതെന്റെ ശരീരത്തിന്റെ ഒരു ഭാഗത്തിന് മാത്രമാണ്. എന്റെ ആത്മവിശ്വാസം തളര്‍ന്നുപോയിട്ടില്ല,' എന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. അതൊരിക്കലും എളുപ്പമായിരുന്നില്ല. പക്ഷെ, മാലതി ഒരു പോരാളിയായിരുന്നു. ഉദാഹരണത്തിന് ബംഗളൂരുവിലെ കോളേജില്‍ പഠിക്കുമ്പോള്‍ അവരുടെ ക്ലാസുകളെല്ലാം മുകളിലത്തെ നിലയിലാണെന്ന് തിരിച്ചറിഞ്ഞ അവര്‍ പ്രിന്‍സിപ്പാളിന്റെ അടുത്തെത്തി തന്റെ പ്രശ്‌നങ്ങള്‍ വിശദീകരിക്കുകയും ക്ലാസുകള്‍ താഴത്തെ നിലയിലേക്ക് മാറ്റാമോ എന്ന് ആരായുകയും ചെയ്തു. അത് മാറ്റപ്പെട്ടു! മത്സരാധിഷ്ടിത കായികരംഗം മാലതി ഇഷ്ടപ്പെട്ടു. അവര്‍ കഠിനമായി പരിശീലിച്ചു. റെയ്‌സിംഗ് വീല്‍ചെയര്‍ എന്ന ഭിന്നലിംഗ ശേഷിയുള്ള അത്‌ലറ്റുകള്‍ക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉപകരണം ഇല്ലാതെയായിരുന്നു അവരുടെ പരിശീലനം.

1988ല്‍ സോളില്‍ ആദ്യമായി പരാലിംബിക്‌സ് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അവര്‍ ഏറെ സന്തോഷിച്ചു. 100, 200 മീറ്ററുകളില്‍ ഫിനിഷിംഗിന് പേരുകേട്ട ഈ ട്രാക്ക് ആന്റ് ഫീല്‍ഡ് താരം ഷോട്ട്പുട്ട്, ജാവ്‌ലിന്‍, ഡിസ്‌കസ് ഇനങ്ങളിലും കഴിവ് തെളിയിച്ചിരുന്നു. അതിന് ശേഷം ബാഴ്‌സലോണ, ഏതന്‍സ്, ബീജിംഗ് പാരാലിംബിക്‌സ് മേളകളിലും ബീജിംഗ്, ബാങ്കോക്ക്, ദക്ഷിണകൊറിയ, ക്വലാലംപൂര്‍ എന്നീ ഏഷ്യന്‍ ഗെയിംസുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇപ്പോള്‍ അവര്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മാനേജറായും പ്രവര്‍ത്തിക്കുന്നു. 'സ്വയം അഴിച്ചുപണിയുന്നതിലും ഓരോ ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നു. അപകര്‍ഷതാബോധമാണ് ഒരു പക്ഷെ ഒരാള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുള്ള ഒരേയൊരു വൈകല്യം,' എന്ന് അവര്‍ പറയുമ്പോള്‍ തന്നെ അവരുടെ ഊര്‍ജ്ജസ്രോതസ് എന്താണെന്ന് ഒരാള്‍ക്ക് വായിച്ചെടുക്കാന്‍ സാധിക്കും.

ഒരു വീല്‍ചെയറില്‍ നിന്നും പത്മശ്രീ അവാര്‍ഡ് ജേത്രി (ഈ പുരസ്‌കാരം നേടിയ ആദ്യത്തെ ഭിന്നശേഷിയുള്ള വ്യക്തി - 2001) എന്ന നിലയിലുള്ള മാലതിയുടെ വളര്‍ച്ച മനക്കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും അവിശ്വസനീയ ഗാഥയാണ്. 400 മെഡലുകള്‍ കൈവശമുള്ള അവര്‍ അര്‍ജ്ജുന അവാര്‍ഡും നേടിയിട്ടുണ്ട് (ഭിന്നശേഷിയുള്ളവര്‍ക്ക് ഈ പുരസ്‌കാരം ലഭിക്കുന്നതിനായി അവര്‍ പ്രചാരണം നടത്തുകയും 1995ല്‍ അവര്‍ക്ക് ഈ പുരസ്‌കാരം ലഭിക്കുകയും ചെയ്തിരുന്നു). ഇന്ന് ഗ്രാമീണ ഇന്ത്യയിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഒരു ആശ്രയകേന്ദ്രം എന്ന നിലയില്‍ അവര്‍ ബംഗളൂരുവില്‍ മാതൃ ഫൗണ്ടേഷന്‍ എന്ന സ്ഥാപനം നടത്തുന്നു. കെകെ ബിര്‍ള പുരസ്‌കാരവും കര്‍ണാടക സര്‍ക്കാരിന്റെ ഏകലവ്യ പുരസ്‌കാരവും നേടിയിട്ടുള്ള അവരെ യുഎസ്എയിലെ അമേരിക്കന്‍ ബയോഗ്രഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് 1999ല്‍ വിമണ്‍ ഓഫ് ദ ഇയര്‍ ആയും തിരഞ്ഞെടുത്തിരുന്നു. അതേ വര്‍ഷം തന്നെ യുകെയിലെ കേംബ്രിഡ്ജിലുള്ള ഇന്റര്‍നാഷണല്‍ ബയോഗ്രഫിക്കല്‍ സെന്റര്‍ അവരെ ഇന്റര്‍നാഷണല്‍ വുമണ്‍ ഓഫ് ദ ഇയര്‍ ആയും തിരഞ്ഞെടുത്തു.

2009ല്‍ തന്റെ ആത്മകഥയായ എ ഡിഫറന്റ് സ്പിരിറ്റിന്റെ പ്രകാശനവേളയില്‍ മാലതി ഇങ്ങനെ പറഞ്ഞു; 'ഞാന്‍ കായികരംഗം തിരഞ്ഞെടുക്കുകയും ജീവിതത്തില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം എന്ന് തീരുമാനിക്കുകയും ചെയ്തു. അതെ, നമ്മള്‍ വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ ആ വ്യത്യാസത്തിന്റെ തിളങ്ങുന്ന ഉദാഹരണങ്ങളായിരിക്കണം നമ്മുടെ ജീവിതങ്ങളും.' തങ്ങളുടെ ശാരീരിക വൈകല്യങ്ങള്‍ക്ക് ഉപരിയായി വളരുന്നതിന് മാലതിയുടെ ആത്മകഥ ഇന്ന് ആയിരങ്ങള്‍ക്ക് പ്രചോദനമാകുന്നു.


Next Story

Related Stories