TopTop
Begin typing your search above and press return to search.

കഴുത്തിന് താഴെ ചലനമറ്റ ഈ എഴുത്തുകാരിയെ പരിചയപ്പെടൂ; ജീവിതത്തോടുള്ള സ്നേഹമാണ് അവരുടെ അക്ഷരങ്ങളില്‍

കഴുത്തിന് താഴെ ചലനമറ്റ ഈ എഴുത്തുകാരിയെ പരിചയപ്പെടൂ; ജീവിതത്തോടുള്ള സ്നേഹമാണ് അവരുടെ അക്ഷരങ്ങളില്‍

'എന്തെങ്കിലും ഒരു സാധനങ്ങളില്‍ സന്തോഷം കണ്ടെത്തുമ്പോള്‍ അത് തീരുന്നതോടെ ആ സന്തോഷം ഇല്ലാതാകും. അല്ലേ? അങ്ങനെ ഒന്നിലും ഞാന്‍ സന്തോഷം കണ്ടെത്തിയിട്ടില്ല. എന്റെ ശരീരമോ സാഹചര്യമോ സന്തോഷിക്കാന്‍ ഒരു തടസമല്ല. ഞാന്‍ ഒരു വിശ്വാസിയാണ്. യഥാര്‍ത്ഥ ജീവിതം അത് ആത്മാവിലാണെന്നാണ് ഞാന്‍ മനസിലാക്കി വെച്ചിരിക്കുന്നത്. അതുകൊണ്ട് ഞാന്‍ എപ്പോഴും സന്തോഷിക്കുന്നുണ്ട്. ഉറങ്ങി ഉണരുമ്പോഴും ഞാന്‍ സന്തോഷത്തിലാണ്.' തിരുവനന്തപുരം ചെഷയര്‍ ഹോം അന്തേവാസിയായ സരസുവിന്റെ വാക്കുകളാണ്. സരസുവിനോട് സംസാരിക്കുമ്പോഴെല്ലാം സന്തോഷം ഉള്ളില്‍ നിന്ന് പ്രതിഫലിക്കുന്നത് പോലെയാണ് തോന്നുക. അഞ്ചാമത്തെ വയസില്‍ പോളിയോ ബാധിച്ച് കഴുത്തിന് താഴെ തളര്‍ന്നു പോയ സരസുവില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ട് കാര്യങ്ങള്‍.

പത്തനംതിട്ട ജില്ലയിലെ കുമ്പളാംപൊയ്ക എന്ന മലയോര ഗ്രാമത്തില്‍ കര്‍ഷക ദമ്പതികളായ പള്ളിക്കല്‍ പിജി തോമസിന്റെയും അന്നമ്മയുടെയും മകളായി 1955 ജനുവരി 10നാണ് സരസു ജനിച്ചത്. അഞ്ചാം വയസില്‍ ബാധിച്ച പോളിയോ കാരണം കഴുത്തിന് താഴെ ചലനമറ്റ നിലയില്‍ കിടപ്പിലായി. ഔപചാരിക വിദ്യാഭ്യാസം അതോടെ നിലച്ചുവെങ്കിലും അക്ഷരങ്ങള്‍ തന്നെയാണ് സരസുവിന്റെ കൂട്ടുകാര്‍. സരസു ഇരുകൈകളും ചേര്‍ത്ത് പിടിച്ച് കുറിച്ച ലേഖനങ്ങളും കഥകളും ആനുകാലികങ്ങളുമെല്ലാം ജീവിതത്തോടുള്ള സ്‌നേഹമായി മാത്രമേ വായിക്കാനാകൂ.

'മലയാള അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയപ്പോഴാണ് പോളിയോ വന്നത്. കുറച്ച് മാസങ്ങള്‍ മാത്രമേ സ്‌കൂളില്‍ പോകാനായുള്ളൂ. അതിന് ശേഷം പത്രങ്ങളിലെ തലക്കെട്ടുകളൊക്കെ വായിക്കുമായിരുന്നു. അതുകൊണ്ട് അക്ഷരങ്ങള്‍ മറന്നില്ല. പുസ്തകമൊക്കെ വായിക്കാന്‍ ഇഷ്ടമാണെങ്കിലും ബുദ്ധിമുട്ടാണ്. കിടന്നിട്ടാണ് വായിക്കേണ്ടത്. എന്നാലും കൈകളില്‍ പിടിച്ച് വായിക്കാനാകുന്നതൊക്കെ വായിക്കും.' സരസു പറഞ്ഞു. സരസുവിന്റെ അമ്മയും അച്ഛനും മരിച്ചു പോയി. ആറ് സഹോദരങ്ങള്‍ ഉണ്ടെങ്കിലും അവര്‍ക്കൊക്കെ പ്രായമായതു കൊണ്ട് വന്ന് കാണാന്‍ കഴിയില്ല. കിടന്ന് മാത്രം സഞ്ചരിക്കാനാകുന്ന സരസുവിന് തലക്ക് മുകളില്‍ കാണുന്നത് മാത്രമാണ് കാഴ്ചകള്‍. 'നാട്ടിലൊക്കെ പോകണമെന്നുണ്ട്. പക്ഷേ കിടന്ന് മാത്രമേ യാത്ര ചെയ്യാന്‍ പറ്റൂ. അവിടെ എത്തി ക്ഷീണം മാറ്റുമ്പോള്‍ തന്നെ തിരിച്ചു വരേണ്ട സമയമാകും. അതുകൊണ്ട് നാട്ടില്‍ പോകാറില്ല.' സരസു പറഞ്ഞു.

1978ലാണ് തിരുവനന്തപുരത്തെ വികലാംഗ പുനരധിവാസ കേന്ദ്രമായ ചെഷയര്‍ ഹോമില്‍ സരസു എത്തുന്നത്. ഇവിടെ വെച്ച് തന്നോടൊപ്പമുള്ള പതിനാറ് വീല്‍ ചെയറുകാരെ ഉള്‍പ്പെടുത്തി 'കനല്‍പ്പാട്' എന്ന നാടകം രചിക്കുകയും അതിലെ ഒരു കഥാപാത്രമായി ദൂരദര്‍ശനിലും വൈലോപ്പിള്ളി സംസ്‌കൃതിഭവനിലും എത്തുകയും ചെയ്തു. അപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ച് ചോദിക്കുമ്പോള്‍ ചിരിച്ചു കൊണ്ട് വളരെ നിസാരമായാണ് സരസു മറുപടി പറയുക. 'നാടകത്തിന് വേണ്ടിയുള്ള പരിശീലനങ്ങളൊക്കെ ഇവിടെ നിന്ന് തന്നിരുന്നു. അപ്പോള്‍ അവരോടൊപ്പം സഹകരിച്ചുവെന്നേയുള്ളൂ. പണ്ട് ആള്‍ ഇന്ത്യാ റേഡിയോയില്‍ നാടകങ്ങള്‍ ഉണ്ടായിരുന്നു. അതുപോലെ ഡയലോഗ് പറഞ്ഞ് റെക്കോര്‍ഡ് ചെയ്ത് കേള്‍ക്കുമായിരുന്നു. അന്ന് ഞങ്ങളൊക്കെ ചെറുപ്പമാണ്. ദൂരദര്‍ശനും വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലും നാടകം അഭിനയിച്ചപ്പോഴും പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല'. ഇത് കൂടാതെ സരസുവിന്റെ ജീവിതത്തെ ആസ്പദമാക്കി 'ആന്‍ എന്‍കൗണ്ടര്‍ വിത്ത് എ ലൈഫ് ലിവിങ്' എന്ന് ഡോക്യുമെന്ററിയും 'ഹൃദയത്തിനുടമ' എന്ന ടെലിഫിലിമും പുറത്തിറങ്ങിയിട്ടുണ്ട്.

2000ലാണ് സരസുവിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. സരസുവിന്റെ ചെറുപ്പത്തില്‍ കണ്ട കാഴ്ചകളാണ് എഴുത്തിലും കാണാന്‍ കഴിയുക. കാഴ്ചകളുടെയും അനുഭവങ്ങളുടെയും പരിമിതികളിലും സരസു വായനക്കാര്‍ക്കായി ഒരുക്കിയത് ഉള്‍ക്കാഴ്ചകളായിരുന്നു. 'പത്തിരുപത്തഞ്ച് വയസു മുതലേ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. പക്ഷേ നാല്പതാം വയസിലാണ് എഴുതിയത് പ്രസിദ്ധീകരിച്ചത്. 'എന്റെ കഥയും ഗീതവും' എന്ന ആത്മകഥ ക്രൈസ്തവ സാഹിത്യ സമിതി അത് പ്രസിദ്ധീകരിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങളാണ് അന്ന് കിട്ടിയത്. കേരളത്തിന്റെ ഒട്ടുമിക്ക സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ വന്ന് കാണുകയും വിളിക്കുകയും ചെയ്തു. ഏകദേശം ഒരു മാസം കൊണ്ട് തന്നെ കോപ്പികളൊക്കെ വിറ്റുപോയി.' സരസു എഴുത്തു ജീവിതത്തെ കുറിച്ച് തുടര്‍ന്നു.

'എന്റെ ആത്മകഥ തമിഴിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് അഡ്വക്കേറ്റ് ഷണ്‍മുഖേശ്വരി എന്നയാള്‍ തമിഴ്‌നാട്ടില്‍ നിന്നെത്തി. 'എന്‍ കഥൈയും ഗീതമും' എന്നായിരുന്നു അതിന്റെ പേര്. തമിഴില്‍ അത് ബെസ്റ്റ് സെല്ലറായി. തമിഴ്‌നാട്ടിലെ ഒരാളെ എനിക്ക് അറിയാം. ചിലപ്പോഴൊക്കെ ഞങ്ങള്‍ കാണാറുണ്ട്. തമിഴില്‍ പുസ്തകം ഇറങ്ങിയതിന് ശേഷം അവന്‍ വലിയ അതിശയത്തോടെയാണ് വന്ന് സംസാരിച്ചത്. തിരുവനന്തപുരത്തൊക്കെ പോകുന്നതല്ലേ നിനക്ക് സരസുവിനെ അറിയാമോ എന്നൊക്കെ കുറെ പേര്‍ അവനോട് ചോദിച്ചിരുന്നു. എനിക്ക് വേറൊന്നും പറ്റാത്തത് കൊണ്ട് ഞാന്‍ എഴുതി. എഴുതാനുള്ളതെല്ലാം ദൈവം തന്നു. അല്ലാതെ വിദ്യാഭ്യാസം ഇല്ലാത്ത ഒരാള്‍ക്ക് എഴുതാന്‍ പറ്റില്ലല്ലോ.' സരസു ചിരിച്ചു കൊണ്ട് പറഞ്ഞു.

ആത്മകഥയ്ക്ക് ശേഷം രണ്ട് പുസ്തകങ്ങള്‍ കൂടി സരസു എഴുതിയിട്ടുണ്ട്. റെയ്ച്ചല്‍ ബെന്നി എന്ന സുവിശേഷ പ്രസംഗയുടെ ജീവചരിത്രം 'സ്‌നേഹദൂതുമായി ജയിലുകളില്‍', ജീവിത സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയവരെ കുറിച്ചുള്ള 'ജയത്തിനുണ്ടോ കുറുക്കുവഴി' എന്നീ രണ്ട് പുസ്തകം. ഇനിയും എഴുതുമോ എന്ന് ചോദിക്കുമ്പോള്‍ ഉറപ്പായും എഴുതുമെന്നാണ് സരസുവിന്റെ മറുപടി. 'ഞാന്‍ എഴുതും, ഇനിയും എഴുതും, എഴുതിക്കൊണ്ടേയിരിക്കും. ദൈവം അനുവദിച്ചാല്‍ അത് പ്രസിദ്ധീകരിക്കുകയും ചെയ്യും. എഴുതാന്‍ ഒത്തിരിയുണ്ട്. പക്ഷേ ആരോഗ്യം ഇല്ല. കമിഴ്ന്ന് കിടന്ന് വേണം എഴുതാന്‍ അപ്പോള്‍ കൈകള്‍ വേദനിക്കും. എന്നാലും അടുത്ത പുസ്തകം എഴുതിത്തുടങ്ങിയിട്ടുണ്ട്. സഹൃദയര്‍ തയാറായി വന്നാല്‍ ഉടനെ അടുത്ത പുസ്തകം പ്രസിദ്ധീകരിക്കാനാകും.'

(ഫോട്ടോ ക്രെഡിറ്റ്-സതീഷ് ലാല്‍ , ഫേസ്ബുക്ക്)


Next Story

Related Stories