TopTop
Begin typing your search above and press return to search.

ഓണത്തിന് ഒരു മുറം പച്ചക്കറി സെക്രട്ടറിയേറ്റ് വളപ്പില്‍ നിന്നും

ഓണത്തിന് ഒരു മുറം പച്ചക്കറി സെക്രട്ടറിയേറ്റ് വളപ്പില്‍ നിന്നും
സെക്രട്ടറിയേറ്റ് ഇപ്പോള്‍ ഭരണചക്രം തിരിക്കുന്ന ഇടം മാത്രമല്ല. മട്ടുപ്പാവിലും ഉദ്യാനത്തിലുമായി വിളവെടുപ്പിനായി ഒരുങ്ങുന്ന പച്ചക്കറിത്തോട്ടം കൂടിയാണ്. വിഷരഹിതമായ പച്ചക്കറി കൊണ്ടൊരു ഓണസദ്യ ലക്ഷ്യമാക്കിയാണ് 'ഓണത്തിന് ഒരു മുറം പച്ചക്കറി' എന്ന പദ്ധതി. അത് അക്ഷരം പ്രതി നടപ്പാക്കുകയാണ് സെക്രട്ടറിയേറ്റ് വളപ്പില്‍ ഉദ്യോഗസ്ഥര്‍.

സമ്പൂര്‍ണമായും ജൈവകൃഷിയാണ് ഇവിടെ നടപ്പാക്കുന്നത്. മട്ടുപ്പാവിലും ഉദ്യാനത്തിലുമായി വിവിധ തരം പച്ചക്കറികളാണ് കൃഷി ചെയ്‌തെടുക്കുന്നത്. ജീവനക്കാരുടെ കൂട്ടായ ശ്രമഫലമായാണ് ഇത് വിജയം നേടിയതെന്ന് ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ സുരേഷ് കുമാര്‍ പറഞ്ഞു.

കൃഷി വകുപ്പിന്റെ ഊര്‍ജിത പച്ചക്കറി വികസന പദ്ധതി പ്രകാരമാണ് ഗ്രോബാഗുകളും തൈകളും ഇവിടെ ലഭ്യമാക്കുന്നത്. ചെടികളുടെ പരിപാലനത്തിനായി സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഗ്രീന്‍ ലൈഫ് എന്ന കൂട്ടായ്മയുമുണ്ട്. 'രാവിലെയും ഉച്ചയ്ക്കുമൊക്കെ സമയം കിട്ടുന്ന തരത്തില്‍ ജീവനക്കാര്‍ തന്നെ പച്ചക്കറിത്തോട്ടം പരിപാലിക്കാന്‍ എത്താറുണ്ട്. കൂടാതെ ചെടിനനയ്ക്കാനും വളമിടാനുമൊക്കെ സെക്രട്ടറിയേറ്റ് ഗാര്‍ഡനിങ് സ്റ്റാഫുകളും ഉണ്ടാകാറുണ്ട്. എല്ലാ സര്‍വ്വീസ് സംഘടനയും ഉള്‍ക്കൊണ്ടിട്ടുള്ള ഒരു കൂട്ടായ പ്രവര്‍ത്തനമാണ് ഇത്.'
സുരേഷ് കുമാര്‍ പറഞ്ഞു.

ഇപ്രാവശ്യം കൃഷിക്കായി ഗ്രോബാഗിനൊപ്പം 750 മണ്‍ച്ചട്ടികള്‍ കൂടി ഉപയോഗിച്ചിട്ടുണ്ട്. വിവിധ തരം വെണ്ട, മുളക്, ചീര, വെള്ളരി, തക്കാളി, കാരറ്റ്, ബീറ്റ്‌റൂട്ട്, വഴുതനങ്ങ, കത്തിരിക്ക, കറിവേപ്പ്, തുടങ്ങിയ വിളകള്‍ ഇവിടെ ഓണവിപണിക്കായി തയാറാകുന്നുണ്ട്. കാര്‍ഷിക കോളേജില്‍ നിന്നും കര്‍ഷകരില്‍ നിന്നുമാണ് പ്രധാനമായും വിത്ത് ശേഖരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ആശയം നടപ്പിലാക്കിയത് വലിയ വിജയം കണ്ടിരുന്നു. അത് പിന്നെയും തുടരുകയായിരുന്നു. വിളകളുടെ വില്പനയ്ക്കായി 'ബയോ ഡെസ്‌ക്' എന്നൊരു സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

'കൃഷി വകുപ്പ് ഒട്ടേറെ സ്ഥാപന പരിസരങ്ങളില്‍ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കി കൊടുക്കുന്നുണ്ടെങ്കിലും സര്‍ക്കാരിലേക്ക് ഫണ്ട് തിരികെ അടയ്ക്കുന്നത് ചുരുക്കമാണ്. സെക്രട്ടറിയേറ്റില്‍ നിന്ന് ലഭിക്കുന്ന പച്ചക്കറിയുടെ വില സര്‍ക്കാരിലേക്ക് തന്നെ അടയ്ക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 50000 രൂപ അടയ്ക്കാനായി. ഇത്തവണ അതിലും വലിയ വിള ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം.' മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടത്തിലേക്ക് ഞങ്ങളെ അനുഗമിച്ച് കൊണ്ട് സുരേഷ് പറഞ്ഞു.കീടങ്ങളെ ചെറുക്കുന്നതിലെ ജൈവരീതികള്‍, വളങ്ങള്‍

ചാണകപ്പൊടി, വേപ്പ് എണ്ണ, പിണ്ണാക്ക് എന്നിവയാണ് അടിവളമായി ഉപയോഗിക്കുന്നത്. വെച്ചൂര്‍ പശുവിന്റെ ഗോമൂത്രം, ചാണകം, എന്നിവയോടൊപ്പം കടലപ്പിണ്ണാക്ക് പുളിപ്പിച്ച് സ്‌പ്രേ ചെയ്യുന്നുണ്ട്. വാട്ടരോഗം വരാതിരിക്കാനും പ്രതിരോധ ശേഷി ലഭിക്കാനും പ്‌സ്യൂഡമോണസ് ചെയ്യാറുണ്ട്. പിജി പിആര്‍ വണ്‍, ടു തുടങ്ങിയവയും ഉപയോഗിക്കുന്നു. മീനിന് വില കുറയുമ്പോള്‍ മത്തി വാങ്ങി കഴുകി വൃത്തിയാക്കി ചെറുതായി നുറുക്കി ശര്‍ക്കരയുമായി ചേര്‍ത്ത് വായു കയറാത്ത പാത്രത്തില്‍ അടച്ച് വെച്ച് ഫിഷ്അമിനോ ആസിഡ് തയാറാക്കി സ്പ്രേ ചെയ്യുന്നുണ്ട് ഇവിടെ. 3 എംഎല്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിക്കാറുണ്ട്. ഇത് ചെടികളുടെ വളര്‍ച്ചയ്ക്ക് ത്വരിതകമായി പ്രവര്‍ത്തിക്കും.

ഇടവിളയായി ചെണ്ട്മല്ലി ചെടികള്‍ വളര്‍ത്തുന്നുണ്ട്. ഇതിന്റെ മണവും നിറവും ശത്രുകീടങ്ങളെ ആകര്‍ഷിക്കുന്നത് വഴി മറ്റ് ചെടികളെ ബാധിക്കില്ല. ഇതൊരു ജൈവ രീതിയാണ്. ഇത് കൂടാതെ കീടങ്ങള്‍ക്ക് കെണിയൊരുക്കാറുണ്ട്. കായീച്ചകളുടെ മെയില്‍ ഹോര്‍മോണുകള്‍ കുപ്പിയിലാക്കി വെക്കും. അതില്‍ ആകൃഷ്ടരായി എത്തുന്ന പെണ്‍ കീടങ്ങള്‍ ചത്തു ലായനിയില്‍ വീഴും. വളമായി ഇടാന്‍ അസോള എന്ന പായലും ഇവിടെ വളര്‍ത്തുന്നുണ്ട്. അസോള നൈട്രജന്‍ ഫിക്‌സേഷന് സഹായിക്കും. പച്ചക്കറിക്കും നെല്ലിനുമുള്ള വളമായി ഇട്ടുകൊടുക്കാറുണ്ട്.പുതിയ കൃഷികള്‍

ഈ വര്‍ഷം മുതല്‍ കൂണ്‍, നെല്ല് തുടങ്ങിയവയും കൃഷി ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. ഫ്‌ളാറ്റുകളിലും കെട്ടിടങ്ങളിലുമുള്ള പരിമിതമായ സ്ഥലം ഉപയോഗിച്ച് എങ്ങനെ നെല്‍ കൃഷി സാധ്യമാക്കാമെന്നതിന് ഉദാഹരണമാണ് ഇവിടെ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. നെല്‍കൃഷിക്കായി നിലമൊരുക്കാന്‍ തടിയിലുള്ള ഫ്രെയിമുകള്‍ വാങ്ങി ഫൈബര്‍ ഷീറ്റ് വിരിച്ച് അതിന് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് വിരിച്ചാണ് മണ്ണ്, ചാണകപ്പൊടി, വേപ്പിന്‍ പിണ്ണാക്ക്, ഡോണമൈറ്റ് ഒക്കെ ഇട്ടാണ് ചെളി പാകപ്പെടുത്തിയെടുത്തിരിക്കുന്നത്.

'ശക്തമായ മഴയും കാറ്റും ഉണ്ടായിട്ടും നെല്‍കൃഷിയടക്കമുള്ള കൃഷികള്‍ ഇവിടെ വിളവെടുപ്പിന് തയാറാകുന്നുണ്ട്. ജീവനക്കാരുടെ കൂട്ടായ്മയുടെ ഇച്ഛാശക്തിയോടുള്ള പ്രവര്‍ത്തനഫലമായാണ് ഈ പദ്ധതി വിജയിച്ചിരിക്കുന്നത്' ജൂണ്‍ മാസം തുടങ്ങിയ കൃഷി ഇപ്പോള്‍ നല്ല വിള നല്‍കി വിളവെടുപ്പിന് തയാറാകുന്നതിന്റെ സന്തോഷത്തോടെ സുരേഷ് തുടര്‍ന്നു. 'ആഗസ്റ്റ് 14ന് വിളവെടുപ്പ് നടത്താനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ നല്ല ലാഭം കിട്ടുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്. ജൈവപച്ചക്കറിയായതിനാല്‍ നല്ല വിപണി ലഭിക്കാറുണ്ട്. പച്ചക്കറിത്തോട്ടത്തിലേക്ക് അക്വോപോണിക്‌സ് യൂണിറ്റ് നല്‍കാമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചിട്ടുണ്ട്. മല്‍സ്യവും പച്ചക്കറിയും ഇതിലൂടെ കൃഷി ചെയ്യാന്‍ പറ്റും'
കൃഷിയിടങ്ങളിലേക്ക് പഠനയാത്രകളും, കുട്ടികള്‍ക്കായുള്ള വേനല്‍ക്കാല ക്യാമ്പുകളും ഗ്രീന്‍ലൈഫ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കാറുണ്ട്. വിത്തുകള്‍ നിക്ഷേപിക്കാവുന്ന വിത്തുപെട്ടി എന്ന സംരംഭവും ഇവിടെയുണ്ട്. ജീവനക്കാര്‍ നിക്ഷേപിക്കുന്ന പച്ചക്കറി വിത്തുകള്‍ പാക്കറ്റ് ചെയ്ത് വെക്കും താല്പര്യമുള്ളവര്‍ക്ക് അതില്‍ നിന്നും എടുത്തുകൊണ്ട് പോയി വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താവുന്നതാണ്. ചെടിയുടെ തൈകള്‍ അന്വേഷിച്ചെത്തുന്നവര്‍ക്ക് അതും നല്‍കാറുണ്ട്. കൃഷിയെ പരമാവധി പ്രോല്‍സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന് പുറമെ എ ഗ്രേഡ് ക്‌ളസ്റ്റര്‍ എന്ന പരിപാടി ഓണവിപണി ലക്ഷ്യമിട്ട് നടത്തുന്നുണ്ട്. വെഞ്ഞാറമൂട്, നെടുമങ്ങാട്, പള്ളിച്ചല്‍ തുടങ്ങിയ കാര്‍ഷികമേഖലയില്‍ കര്‍ഷകരുടെ കൂട്ടായ്മകള്‍ രൂപീകരിച്ച് പച്ചക്കറി സംഭരിച്ച് സര്‍ക്കാരിന്റെ വിപണിയുണ്ടാക്കുകയാണ് ചെയ്യുക. ഇതുവഴി പൊതുജനങ്ങള്‍ക്കും വിഷമില്ലാത്ത പച്ചക്കറികള്‍ ലഭ്യമാകും. പൊതുജനങ്ങള്‍ക്ക് തന്നെ മാതൃകയാക്കാവുന്ന രീതിയില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കിരച്ച് നടപ്പിലാക്കുന്നത് അഭിനന്ദനാര്‍ഹമാണ്. അന്യസംസ്ഥാനത്ത് നിന്ന് എത്തുന്ന വിഷമയമായ പച്ചക്കറികള്‍ രോഗകാരണങ്ങളാകുമ്പോള്‍ എങ്ങനെ പ്രാവര്‍ത്തികമായ ബദല്‍ സംവിധാനങ്ങള്‍ കൊണ്ടുവരാമെന്നതിന് ഉദാഹരണം തന്നെയാണ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ കൂട്ടായ്മയായ ഗ്രീന്‍ലൈഫിന്റെ പ്രവര്‍ത്തനങ്ങള്‍.


Next Story

Related Stories