TopTop
Begin typing your search above and press return to search.

എന്തിനും തയ്യാറായി ഇതാ ഒരു പെണ്‍ സംഘം; കുടുംബശ്രീയുടെ 'പിങ്ക് അലര്‍ട്ട്' ദുരന്ത പ്രതികരണ സേന

എന്തിനും തയ്യാറായി ഇതാ ഒരു പെണ്‍ സംഘം; കുടുംബശ്രീയുടെ പിങ്ക് അലര്‍ട്ട് ദുരന്ത പ്രതികരണ സേന

കടുത്ത ശുദ്ധജലക്ഷാമം ജനങ്ങളെയാകെ വലച്ച ഒരു വേനല്‍ക്കാലമാണ് കഴിഞ്ഞു പോയത്. പോയമാസങ്ങളില്‍ സംസ്ഥാനത്തിന്റെ പലയിടത്തുമെന്ന പോലെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ചില വാര്‍ഡുകളിലും നാട്ടുകാര്‍ കുടിവെള്ളമില്ലാതെ വലഞ്ഞിരുന്നു. കിണറുകള്‍ വറ്റിയും ടാങ്കര്‍ വെള്ളം എത്താതെയും ബുദ്ധിമുട്ടിയയിടങ്ങളില്‍ പക്ഷേ, നാളിതുവരെ കാണാതിരുന്ന ഒരു കാഴ്ച കാണാമായിരുന്നു. പിങ്ക് നിറത്തിലെ കോട്ടുമണിഞ്ഞ്, വീടുകളില്‍ കുടിവെള്ളമെത്തിക്കാന്‍ ഓടിനടക്കുന്ന ഒരു കൂട്ടം സ്ത്രീകളായിരുന്നു അത്. ആദ്യം അമ്പരന്നെങ്കിലും കോഴിക്കോട്ടുകാര്‍ ഇരുകൈയും നീട്ടിയാണ് ഇവരെ സ്വീകരിച്ചത്. 'തീര്‍ത്ഥം' എന്നു പേരിട്ടിരുന്ന ശുദ്ധജല വിതരണ പദ്ധതിയുമായി വേനല്‍ക്കാലത്ത് കളത്തിലിറങ്ങിയത് കോഴിക്കോട് കോര്‍പ്പറേഷനു കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു. അവശ്യ ഘട്ടങ്ങളില്‍ സഹായവുമായി ധ്രുതഗതിയില്‍ പ്രവര്‍ത്തിയാരംഭിക്കുന്ന ഈ സ്ത്രീ കൂട്ടായ്മയ്ക്ക് ഒരു പേരുമുണ്ട് - പിങ്ക് അലര്‍ട്ട്.

കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയകാലത്താണ് പിങ്ക് അലര്‍ട്ട് എന്ന ആശയം കുടുംബശ്രീയ്ക്ക് ആദ്യമായി വീണുകിട്ടുന്നത്. നിനച്ചിരിക്കാതെ വന്ന വെള്ളപ്പാച്ചിലില്‍ ജീവന്‍ മാത്രം കൈയിലെടുത്ത് രക്ഷപ്പെട്ട കുടുംബങ്ങള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയപ്പോള്‍, പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടങ്ങളും സന്നദ്ധ സംഘടനകളുമെല്ലാം അവര്‍ക്ക് സഹായമെത്തിക്കാന്‍ കേരളത്തിലങ്ങോളമിങ്ങോളം മുന്നിട്ടിറങ്ങിയിരുന്നു. അത്യാവശ്യം വേണ്ട ഭക്ഷണവും വസ്ത്രവും മറ്റു വസ്തുക്കളും ക്യാമ്പുകളില്‍ എത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരും പ്രദേശവാസികളും മുന്നില്‍ത്തന്നെയുണ്ടായിരുന്നെങ്കിലും, മറ്റൊരു പ്രശ്‌നമാണ് അധികൃതരില്‍ പലര്‍ക്കും പ്രധാനമായി തോന്നിയത്. വീടുപേക്ഷിച്ചു പോരുമ്പോഴും, ക്യാമ്പിലെ ജീവിതത്തോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുമ്പോഴും, ഏറ്റവുമധികം ബാധിക്കപ്പെടുക സ്ത്രീകളും കുട്ടികളും തന്നെയാണ്. സ്ത്രീകളുടെ പ്രത്യേകമായ ശാരീരികവും മാനസികവുമായ സാഹചര്യം മനസ്സിലാക്കി അവര്‍ക്കു വേണ്ട സഹായമെത്തിക്കാന്‍ ഏറ്റവും അനുയോജ്യര്‍ അതാതിടങ്ങളിലെ കുടുംബശ്രീ പ്രവര്‍ത്തകരാണെന്നതിലും തര്‍ക്കമില്ലായിരുന്നു. അങ്ങനെ പ്രളയകാലത്ത് സ്ത്രീകള്‍ക്കായി രംഗത്തിറങ്ങിയ പെണ്‍കൂട്ടായ്മയാണ് പിങ്ക് അലര്‍ട്ടിന്റെ ആദ്യ രൂപം. ക്യാമ്പുകളില്‍ കുടുംബശ്രീ അംഗങ്ങള്‍ നടത്തിയ കാര്യക്ഷമമായ ഇടപെടലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഫലം കാണുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ, ദുരന്ത നിവാരണ രംഗത്ത് കേരളത്തിനു മുന്നില്‍ കോഴിക്കോട് വയ്ക്കുന്ന മാതൃകയായ 'പിങ്ക് അലര്‍ട്ട്' എന്ന പ്രോജക്ട് രൂപം കൊള്ളുകയായിരുന്നു.

പിങ്ക് അലര്‍ട്ടിന്റെ ആരംഭദശയെക്കുറിച്ച് കോഴിക്കോട് കോര്‍പ്പറേഷനിലെ കുടുംബശ്രീ പ്രോജക്ട് ഓഫീസറായ റംഷി ഇസ്മായില്‍ പറയുന്നതിങ്ങനെയാണ്: 'ഒരു വര്‍ഷക്കാലം മുന്‍പ് കേരളം ആദ്യമായി അഭിമുഖീകരിച്ച പ്രളയക്കെടുതിയ്ക്കിടെയാണ് പിങ്ക് അലര്‍ട്ടിന്റെ ടീം ഉണ്ടായിവരുന്നത്. 'മഴയാര്‍ദ്രം' എന്ന പേരിലാണ് കുടുംബശ്രീ അന്നൊരു പദ്ധതി രൂപീകരിച്ചത്. പ്രളയം വന്നപ്പോള്‍ ഏറ്റവുമധികം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടിവന്നിട്ടുള്ളത് സ്ത്രീകളും കുട്ടികളുമാണല്ലോ. വീടൊഴിഞ്ഞു പോകേണ്ടി വരുമ്പോഴാണെങ്കിലും ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടേണ്ടിവരുമ്പോഴാണെങ്കിലും അവര്‍ക്കാണ് ഏറ്റവുമധികം യാതനകള്‍ സഹിക്കേണ്ടി വരിക. അത്തരമൊരു സാഹചര്യത്തില്‍ അവര്‍ക്കു വേണ്ട സഹായങ്ങളെത്തിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും കേരളത്തിലാദ്യമായി രൂപീകരിക്കപ്പെട്ട വളണ്ടിയര്‍ സേനയായാണ് പിങ്ക് അലര്‍ട്ട് വരുന്നത്. നൂറു പേരുടെ ഒരു ടീമാണത്. നല്ല ട്രെയിനിംഗും മറ്റും നല്‍കിയിട്ടുണ്ട് ഇവര്‍ക്ക്. എല്ലാ വാര്‍ഡുകളിലും ഇത്തരത്തിലുള്ള ചെറിയ ഗ്രൂപ്പുകളായുള്ള സന്നദ്ധ സേനകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പിന്നീട് നിര്‍ദ്ദേശവും നല്‍കിയിരുന്നു. അത് സംസ്ഥാന വ്യാപകമായി നടത്തിയിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതായത്, കോഴിക്കോട് കോര്‍പ്പറേഷന്‍ കേരളത്തിനു തന്നെ ഒരു മാതൃകയായിരുന്നു.'

'മഴയാര്‍ദ്ര'ത്തോടെ പിരിച്ചുവിടാമായിരുന്ന ഈ കുടുംബശ്രീ കൂട്ടായ്മയെ പക്ഷേ, അങ്ങനെ ഇല്ലാതാക്കിക്കളയാന്‍ അധികൃതര്‍ക്ക് തോന്നിയില്ല എന്നതാണ് വാസ്തവം. ഏതു ദുരിതമുഖത്തും കര്‍മനിരതയോടെയും ദീര്‍ഘവീക്ഷണത്തോടെയും പ്രവര്‍ത്തിക്കുന്ന ഇത്തരമൊരു സേനയെ ഓരോ പ്രദേശത്തും നിലനിര്‍ത്തേണ്ടത് ആവശ്യമാണെന്ന് റംഷി ഇസ്മായില്‍ പറയുന്നു. പ്രളയകാലത്തു മാത്രമല്ല, ഏതു തരത്തിലുള്ള അപ്രതീക്ഷിത ദുരന്തങ്ങളും നേരിടാന്‍ പ്രാപ്തമായ ഒരു കൂട്ടായ്മയായി പിങ്ക് അലര്‍ട്ടിനെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലുള്ള കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും, പ്രളയകാലത്ത് സജീവമായി രംഗത്തിറങ്ങിയവരെ ആദ്യം തെരഞ്ഞെടുത്തു. ഇവര്‍ക്കെല്ലാം പുതിയ ദുരന്ത നിവാരണ സേനയുടെ അംഗങ്ങളാകാന്‍ പൂര്‍ണസമ്മതമാണെന്നറിഞ്ഞതോടെ, പരിശീലനം നല്‍കാനുള്ള നീക്കങ്ങളായി പിന്നീട്. പ്രവര്‍ത്തിക്കാനുള്ള താല്‍പര്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് തെരഞ്ഞെടുത്ത നൂറു പേര്‍ക്ക് ഇതിനോടകം പല തരത്തിലുള്ള പരിശീലനങ്ങള്‍ ലഭിച്ചു കഴിഞ്ഞു. ട്രോമാ കെയര്‍ കോഴിക്കോട്, ബേബി മെമ്മോറിയല്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗം, അഗ്നിശമന സേന എന്നിവര്‍ ചേര്‍ന്ന് പല ഘട്ടമായി ഇവര്‍ക്കായി ശില്പശാലകളും നടത്തി. പിങ്ക് അലര്‍ട്ട് എന്ന പേരില്‍, സര്‍വസജ്ജമായ ഒരു സ്ത്രീ കൂട്ടായ്മ ഉണ്ടായിവന്നത് അങ്ങനെയാണ്.

തങ്ങളെ ഏല്‍പ്പിച്ചിട്ടുള്ള കര്‍ത്തവ്യത്തിന്റെ പ്രാധാന്യം പൂര്‍ണമായും മനസ്സിലാക്കിക്കൊണ്ടാണ് സാധാരണക്കാരായ സ്ത്രീകള്‍ പിങ്ക് അലര്‍ട്ടിന്റെ ഭാഗമായിരിക്കുന്നതെന്നും, എന്തിനും തയ്യാറായി നില്‍ക്കുന്നവരുടെ സംഘം എന്നു വിശേഷിപ്പിച്ചാലും തെറ്റില്ലെന്നും സേനയിലെ അംഗമായ പ്രസീജ പറയുന്നു. 'എന്തിനും തയ്യാറായി നില്‍ക്കുന്ന ഒരു സംഘമാണ് ഞങ്ങള്‍ നൂറു പേരും. ട്രോമാകെയറിന്റെയും ഫയര്‍ഫോഴ്‌സിന്റെയും ട്രെയിനിംഗുകള്‍ കിട്ടിയിട്ടുണ്ട്. വെള്ളപ്പൊക്കം, വരള്‍ച്ച, തീപിടിത്തം, എന്നിങ്ങനെ എല്ലാ തരത്തിലുള്ള അപകടങ്ങളും കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് ഞങ്ങള്‍ക്കു കിട്ടിയത്. പ്രളയം വന്നപ്പോള്‍ രാത്രികാലങ്ങളില്‍പ്പോലും ക്യാമ്പില്‍ നിന്ന് സജീവമായി പ്രവര്‍ത്തിച്ചവരാണ് ഇതിലുള്ളത്. പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ടൊക്കെ അന്ന് പ്രവര്‍ത്തിച്ചിരുന്നു. അതിനു ശേഷം വേനല്‍ക്കാലത്ത് കുടിവെള്ളം എത്തിക്കാനും പറ്റിയിട്ടുണ്ട്. ഇനി മഴക്കാലം വന്നാല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും രംഗത്തുണ്ടാകും. എ്ന്തു വന്നാലും നേരിടാനും ഏതു നിമിഷവും ഇറങ്ങാനും റെഡിയായിട്ടുള്ളവരാണ് പിങ്ക് അലര്‍ട്ടിലുള്ളത്.'

പ്രസീജ പറയുന്നതു പോലെ, ഇനി മഴക്കാല ദുരിത നിവാരണരംഗത്താണ് പിങ്ക് അലര്‍ട്ടിനെ കാണാനാവുക. ഓരോ സമയത്തും ആവശ്യമായ രീതിയില്‍ ഇടപെടല്‍ നടത്താന്‍ സേനയെ സജ്ജമാക്കുന്നതിനൊപ്പം, ഏറ്റവുമധികം ശ്രദ്ധ കിട്ടേണ്ട മേഖല ഏതാണെന്നും അമരക്കാര്‍ ചിന്തിച്ചു കണ്ടെത്തുന്നുണ്ട്. മഴക്കാലത്ത് സാധാരണ നടത്തിപ്പോരുന്ന ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കുമപ്പുറത്തേക്ക്, തീരദേശ മേഖലയില്‍ പിങ്ക് അലര്‍ട്ടിന്റെ സഹായമെത്തിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. മഴ ശക്തിപ്പെട്ടു തുടങ്ങിയതോടെ, സംസ്ഥാനത്തെ തീരദേശമേഖലയിലെല്ലാം കടലാക്രമണം തുടര്‍ക്കഥയായിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനു കീഴില്‍ വരുന്ന തീരപ്രദേശങ്ങളിലെല്ലാം പിങ്ക് അലര്‍ട്ട് ഈ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാനിറങ്ങും. വീടുകളുടെ അവസ്ഥ വിലയിരുത്തല്‍, കടല്‍ കയറിവരാന്‍ സാധ്യതയുള്ളിടങ്ങളില്‍ ധ്രുതഗതിയില്‍ സഹായമെത്തിക്കല്‍ എന്നു തുടങ്ങി, ശ്രദ്ധ വേണ്ട പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് അധികൃതരെ അറിയിക്കാനും ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ തീരദേശവാസികളിലെത്തിക്കാനും വരെ പിങ്ക് അലര്‍ട്ട് ഇടപെടും. കാലങ്ങളായി ഏറ്റവും അവഗണിക്കപ്പെട്ട വിഭാഗമായിത്തുടരുന്ന തീരദേശവാസികള്‍ക്ക് മഴക്കാലത്ത് കൈത്താങ്ങാവുക എന്ന ഉദ്യമത്തിലേക്കുള്ള ആദ്യപടി ഇവര്‍ വച്ചു കഴിഞ്ഞു.

'ഇനി വരാനിരിക്കുന്നത് വര്‍ഷകാലമാണ്. അടുത്ത ഘട്ടത്തില്‍ അപകടങ്ങള്‍ വരാന്‍ സാധ്യതയുള്ളതും മഴയുമായി ബന്ധപ്പെട്ടു തന്നെ. മഴക്കാലത്ത് ഏറ്റവുമധികം കഷ്ടതകള്‍ സഹിക്കേണ്ടി വരുന്ന തീരദേശ മേഖലയില്‍ പിങ്ക് അലര്‍ട്ടിന് എന്തു തരത്തിലുള്ള ഇടപെടലുകളാണ് നടത്താനാകുക എന്നാണ് ഇനി പരിശോധിക്കേണ്ടത്. അതിന്റെ ആലോചനകള്‍ക്കായി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. തീരദേശമേഖലയില്‍ കടലാക്രമണത്തെത്തുടര്‍ന്ന് വീടുകള്‍ തകരുന്നതും, മഴക്കാലത്ത് ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നത് പതിവു സംഭവമാണല്ലോ. ഇതിലെല്ലാം പിങ്ക് അലര്‍ട്ട് ഇടപെടും. ഭക്ഷ്യക്ഷാമമുണ്ടാകും, അതിലും സഹായിക്കും. ടൗണ്‍ മേഖലയിലെ തീരദേശത്ത് ഈ മഴക്കാലത്ത് പിങ്ക് അലര്‍ട്ടിന്റെ സാന്നിധ്യമുണ്ടാകും.' റംഷി പറയുന്നു. പിങ്ക് അലര്‍ട്ട് എന്ന സേനയെ ഒരു സ്ഥിരം സംവിധാനമായി മുന്നോട്ടു കൊണ്ടുപോകാനാണ് കുടുംബശ്രീ അധികൃതരുടെ നീക്കം. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം ഒതുങ്ങാതെ, ഇത്തരം ക്വിക് റെസ്‌പോണ്‍സ് ഗ്രൂപ്പുകള്‍ സംസ്ഥാന വ്യാപകമായി ഉണ്ടാക്കിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും റംഷി ചൂണ്ടിക്കാട്ടുന്നുണ്ട്.

'പിങ്ക് അലര്‍ട്ടിന് പിന്തുടര്‍ച്ച ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പരിപൂര്‍ണ പിന്തുണ ഈ പദ്ധതിക്ക് ലഭിക്കുന്നുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ഇതില്‍ ഇടപെടാന്‍ വലിയ താല്‍പര്യമാണുള്ളത്. കോഴിക്കോട് നഗരത്തില്‍ മാത്രം കുടുംബശ്രീക്ക് ഇപ്പോള്‍ മൂവായിരത്തിയഞ്ഞൂറോളം അയല്‍ക്കൂട്ടങ്ങളുണ്ട്. ഇതില്‍ നൂറു പേരെ മാത്രം പരിശീലിപ്പിച്ചാലും അവരില്‍ നിന്നും മറ്റുള്ളവരിലേക്ക് ഈ പദ്ധതി പടരാന്‍ അധികം സമയമെടുക്കില്ല. പ്രളയകാലത്ത് നടത്തിയ ഇടപെടലുകളാണ് പിങ്ക് അലര്‍ട്ടിന് ശക്തി പകര്‍ന്നത്. പലരും മുഴുവന്‍ സമയം ക്യാമ്പിലായിരുന്നു. ഏകദേശം 20 ലക്ഷത്തിലധികം രൂപയുടെ സഹായം കുടുംബശ്രീ പ്രളയകാലത്ത് ചെയ്തിരുന്നു. പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു. പത്തു ലക്ഷം രൂപയുടെ സഹായങ്ങള്‍ ദുരിത ബാധിത മേഖലകളില്‍ നേരിട്ടു ചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വരൂപിച്ച തുകയാണിത്. ഇത്രയും കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായ സ്ഥിതിക്ക് ഈ സേനയെ സ്ഥിരമായി പരിശീലിപ്പിച്ച് രംഗത്തിറക്കാമല്ലോ എന്ന ചിന്ത സിഡി എസിന് ഉദിക്കുകയായിരുന്നു.' മഴക്കാലത്ത് ഏറ്റെടുക്കുന്ന പ്രവര്‍ത്തനം പിങ്ക് അലര്‍ട്ടിന്റെ മൂന്നാമത്തെ ദൗത്യമാണ്. പിങ്ക് കോട്ടുമണിഞ്ഞ് ഇനി കോഴിക്കോട്ടെ തീരദേശമേഖലയില്‍ കുടുംബശ്രീയുടെ ഈ സന്നദ്ധസേന മഴക്കാലം തീരുവോളമുണ്ടാകും.

Read More: സര്‍ജറി നടത്തുന്ന നാലാം ക്ലാസുകാരന്‍, ബംഗാളി ഡോക്ടര്‍, 200 രൂപയുടെ കോട്ടയ്ക്കല്‍ ലേഹ്യത്തിന് 2500 രൂപ; ഓപ്പറേഷന്‍ ക്വാക്കില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍


Next Story

Related Stories