TopTop
Begin typing your search above and press return to search.

പാവപ്പെട്ട കുട്ടികളുടെ കലാപഠനത്തിനായി ബിമല്‍ സാംസ്കാരിക ഗ്രാമം ഒരുങ്ങുന്നു; റിമ കല്ലിങ്കലിന്റെ നേതൃത്വത്തില്‍ മഴവില്‍ മാമാങ്കം വടകരയില്‍

പാവപ്പെട്ട കുട്ടികളുടെ കലാപഠനത്തിനായി ബിമല്‍ സാംസ്കാരിക ഗ്രാമം ഒരുങ്ങുന്നു; റിമ കല്ലിങ്കലിന്റെ നേതൃത്വത്തില്‍ മഴവില്‍ മാമാങ്കം വടകരയില്‍

മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് അകാലത്തില്‍ വിടപറഞ്ഞ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തകന്‍ കെ എസ് ബിമലിന്റെ ഓര്‍മ്മയ്ക്കായി ഒരു സാംസ്കാരിക ഗ്രാമം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ബിമലിന്റെ കൂട്ടുകാരും സഹപ്രവര്‍ത്തകരും. ഒരുനാടിന്റെ സാംസ്കാരിക രാഷ്ട്രീയ മേഖലകളില്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ തന്റേതായ ഇടം കണ്ടെത്തിയ കെ എസ് ബിമല്‍ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും സംബന്ധിച്ചു മറവിയില്‍ മാഞ്ഞു പോകേണ്ട വെറുമൊരു പേര് മാത്രമല്ല. അവസാന ശ്വാസം വരെ ആദര്‍ശങ്ങളിലും അഭിപ്രായങ്ങളിലും വെള്ളം ചേര്‍ക്കാത്ത, മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു പോരാളി തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ബിമലിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കേണ്ടത് തങ്ങളുടെ ദൌത്യമായി ബിമലിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും കരുതുന്നു. എടച്ചേരിയില്‍ വടകര- മാഹി കനാലിന്റെ തീരത്ത് ഒരേക്കര്‍ ഭൂമിയിലാണ് സാംസ്കാരിക ഗ്രാമം ഒരുക്കുന്നത്.

സാംസ്കാരിക ഗ്രാമത്തിനായി സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ബിമലിനെ സ്നേഹിക്കുന്നവരുടെയും സഹായം കൊണ്ട് ഒരേക്കര്‍ സ്ഥലം ഇവര്‍ സ്വന്തമാക്കിക്കഴിഞ്ഞു. നൃത്തകല, ചിത്രകല, ഉപകരണ സംഗീതം, നാടകം, കളരി, യോഗ എന്നിവയുടെ സ്ഥിരം പരിശീലന കേന്ദ്രവും ഓപ്പണ്‍ സ്റ്റേജ് കോണ്‍ഫറന്‍സ് ഹാള്‍, കുട്ടികള്‍ക്കുള്ള പാര്‍ക്ക് തുടങ്ങിയവയുമാണ് സുഹൃത്തുക്കള്‍ ഇവിടെ ലക്ഷ്യമിടുന്നത്. സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന കുട്ടികളിലെ കലാവാസന പ്രോത്സാഹിപ്പിക്കാന്‍ നാട്ടില്‍ ഒരു സാംസ്കാരിക കേന്ദ്രവും ഓപ്പണ്‍ സ്റ്റേജും വേണമെന്നത് ബിമലിന്റെ സ്വപ്നമായിരുന്നു. കലാപഠനം സാധാരണക്കാര്‍ക്ക് കൂടി സാധ്യമാക്കുക എന്ന ലക്ഷ്യം ഈ സാംസ്കാരിക ഗ്രാമം കൊണ്ട് ബിമലിന്റെ കൂട്ടുകാര്‍ ലക്ഷ്യമിടുന്നുണ്ട്. തങ്ങള്‍ ഏറ്റെടുത്ത ഈ വലിയ ഉത്തരവാദിത്വം നടപ്പിലാക്കാനുള്ള തീവ്രയത്നത്തിലാണ് ബിമലിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. ബിമലിനെ സ്നേഹിക്കുന്ന ലോകത്തിന്റെ നാനാഭാഗത്തുള്ള സുഹൃത്തുക്കളും തങ്ങളോടൊപ്പം ഉണ്ടാകും എന്നുതന്നെയാണ് അവരുടെ പ്രതീക്ഷ. പ്രശസ്ത വാസ്തുശില്‍പകാരന്‍ യൂജിന്‍ പണ്ടാലയാണ് സാംസ്കാരിക കേന്ദ്രം ഡിസൈന്‍ ചെയ്യുന്നത്.

സാംസ്കാരിക ഗ്രാമത്തിന്റെ പൂര്‍ത്തീകരണത്തിനായുള്ള പണം കണ്ടെത്തുക എന്ന വെല്ലുവിളിയെറ്റെടുത്ത് മുന്നോട്ട് പോവുകയാണ് സുഹൃത് കൂട്ടായ്മ. സാംസ്കാരിക ഗ്രാമത്തിന്റെ പൂര്‍ത്തീകരണത്തിനുള്ള ധനസമാഹരണത്തിന് വേണ്ടി പ്രശസ്ത ചലചിത്ര നടി റീമ കല്ലിങ്കലിന്‍റെ നേതൃതത്വത്തില്‍ വടകരയില്‍ ഫെബ്രുവരി 14നു മഴവില്‍ മാമാങ്കം എന്ന പേരില്‍ നൃത്തോത്സവം സംഘടിപ്പിക്കുകയാണ്.

എടച്ചേരി നരിക്കുന്നി യു പി സ്കൂള്‍ അദ്ധ്യാപകനായിരുന്ന ബിമല്‍ ബാലസംഘത്തിലൂടെയാണ് പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വരുന്നത്. 1999 മുതല്‍ മൂന്നു വര്‍ഷം കോഴിക്കോട് എസ് എഫ് ഐ ജില്ലാ പ്രസിഡണ്ടായിരുന്നു. തുടര്‍ന്ന് ജില്ലാ സെക്രട്ടറിയായും സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡി വൈ എഫ് ഐ നാദാപുരം ബ്ളോക്ക് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സാംസ്കാരിക രംഗത്തും ബിമല്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പുലിപുരാണം, ശിക്കാരിചാത്തു, ഒരു നഗരം എങ്ങിനെ അട്ടിമറിക്കപ്പെടുന്നു, കഥകേട്, ഉദാരം കിനാവ്, യുദ്ധപര്‍വ്വം, മാധവ ചരിതം, കേണലിനെ ആരും എഴുതുന്നില്ല, കരിങ്കണ്ടന്‍ തുടങ്ങിയ നാടകങ്ങള്‍ ബിമല്‍ രചിച്ചിട്ടുണ്ട്. ആനന്ദിന്റെ ഗോവര്‍ദ്ധന്റെ യാത്രകള്‍ എന്ന നോവല്‍ ബിമല്‍ നാടകമാക്കിയത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതിനു ഫെയ്മ ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

“അതിജീവനത്തിന്നായുള്ള ജനകീയ സമരങ്ങളോടൊപ്പം നില്‍ക്കുകയും കൂറ് പുലര്‍ത്തുകയും ചെയ്ത സത്യസന്ധനായ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു ബിമല്‍. നിലവിലുള്ള മാര്‍ക്സിസ്റ്റ് ധാരകളോട് ഒപ്പം നിന്നുകൊണ്ടു തന്നെ കലഹിക്കുകയും ഇടതുപക്ഷത്തിന്റെ പുത്തനുണര്‍വ്വ് സ്വപ്നം കാണുകയും ചെയ്തിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ബിമല്‍. വായനയിലൂടെയും എഴുത്തിലൂടെയും സാംസ്കാരിക മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്നും ബിമല്‍ സ്വപ്നം കണ്ടു. മാസ് എന്ന സംഘടന രൂപീകരിച്ചു ഇന്ത്യയില്‍ ഒന്നാകെയുള്ള ഇടത് രാഷ്ട്രീയ പ്രവര്‍ത്തകരെ സംഘടിപ്പിക്കാനും പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമിടാനും അക്ഷീണം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് അകാലത്തില്‍ മരണം ബിമലിനെ തട്ടിയെടുത്തത്.” കെ എസ് ബിമല്‍ സാംസ്കാരിക കൂട്ടായ്മയുടെ കണ്‍വീനര്‍ അഡ്വ. എം സിജു പറഞ്ഞു.

ജാതി മത സംഘര്‍ഷങ്ങളും തൊട്ടുകൂടായ്മയും ന്യൂനപക്ഷ പീഡനങ്ങളും ഇരുണ്ടയുഗത്തിലേക്ക് നമ്മെ നയിക്കുന്ന, ഫാസിസം അതിന്റെ എല്ലാ ഭീകരതയോടും നമ്മുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന ഈ കെട്ടകാലത്ത് ബിമലിനെപ്പോലുള്ള ഒരാളുടെ അഭാവം വലിയ നഷ്ടം തന്നെയാണ്. ബിമല്‍ തുടങ്ങിവെച്ച ദൌത്യം പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിമലിന്റെ കൂട്ടുകാര്‍.


Next Story

Related Stories