TopTop
Begin typing your search above and press return to search.

'സാധന': ഉദയ്പൂരില്‍ നിന്ന് സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃക

സാധന: ഉദയ്പൂരില്‍ നിന്ന് സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച മാതൃക

രാജസ്ഥാനിലെ ഉദയ്പൂരിലുള്ള സ്ത്രീകളുടെ കൂട്ടായ്മയാണ് സാധന. ആഗോള ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയും സ്ത്രീ ശാക്തീകരണത്തിന് അവസരമൊരുക്കുകയും ചെയ്യുന്ന സാധന മികച്ച മാതൃകകളിലൊന്നായി മാറിയിരിക്കുകയാണ്. ഗ്രാമീണ മേഖലയില്‍ ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന എന്‍ജിഒകളിലൊന്നാണ് സാധന എന്ന് ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ ഗൈഡായ ഫൊഡോര്‍ സാധനയെക്കുറിച്ച് ഇങ്ങനെ പറയുന്നു. കുഷ്യന്‍ കവര്‍, ബാഗുകള്‍, കുര്‍ത്തകള്‍, ജാക്കറ്റുകള്‍ തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ സാധന നിര്‍മ്മിക്കുന്നു. പ്രമുഖ വസ്ത്ര നിര്‍മ്മാതാക്കളായ ഫാബ് ഇന്ത്യ സാധനയുടെ വ്യാപാര പങ്കാളിയാണ്.

1988ലാണ് സാധനയുടെ ആശയം രൂപപ്പെടുന്നത്. സേവാമന്ദിര്‍ എന്ന എന്‍ജിഒയാണ് ഇതിന് തുടക്കം കുറിക്കുന്നത്. ഉദയ്പൂര്‍ മേഖലയിലെ സ്ത്രീകള്‍ക്ക് സ്വന്തമായി വരുമാനവും സ്വയംപര്യാപ്തതയും നേടിക്കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. രൂക്ഷമായ വരള്‍ച്ച കാരണം പുരുഷന്മാരില്‍ മിക്കവരും തൊഴില്‍ തേടി മറ്റിടങ്ങളിലേയ്ക്ക് പോയതോടെ പ്രദേശത്തെ സ്ത്രീകള്‍ വലിയ ബുദ്ധിമുട്ടിലായി. വീടുകളിലെ വരുമാനത്തേയും ദൈനംദിന ചിലവുകളേയും അത് ബാധിച്ചു. സ്വന്തമായി വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരായി. കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാനാണ് തീരുമാനിച്ചത്. ഉദയ്പൂര്‍ പ്രമുഖ ടൂറിസ്റ്റ കേന്ദ്രങ്ങളിലൊന്നാണ്. ഉദയ്പൂരിലെ തടാകങ്ങളും ചരിത്ര-പൈതൃക സ്മാരകങ്ങളും കാണുന്നിതിനായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും എത്തുന്നത്. ഇത് കരകൗശല വസ്തുക്കളുടെ വില്‍പ്പനയ്ക്ക് വലിയ തോതില്‍ സാധ്യതയുണ്ടാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഓള്‍ഡ് ഫത്തേപുരയില്‍ സാധന സ്റ്റോര്‍ തുറക്കുന്നത്. തോട്ടിപ്പണി ചെയ്തിരുന്ന 15 സ്ത്രീകളെ വച്ചായിരുന്നു തുടക്കം. ഈ ഗ്രൂപ്പിനെ കരകൗശല വസ്തു നിര്‍മ്മാണം പഠിപ്പിച്ചു. പരമ്പരാഗത രീതികള്‍ അനുസരിച്ചുള്ള ചിത്രത്തുന്നലാണ് ഉപയോഗിച്ചത്. ഇത് ഉല്‍പ്പന്നങ്ങളെ ആകര്‍ഷകമാക്കി.

ഇന്ന് ഉദയ്പൂരിലും സമീപ പ്രദേശങ്ങളിലുമായി മൂന്ന് സ്റ്റോറുകളുണ്ട്. ന്യൂഡല്‍ഹിയില്‍ ഒന്നും. 2004ല്‍ ട്രസ്റ്റായി സാധന രജിസ്റ്റര്‍ ചെയ്തു. ഉദയ്പൂരിലെ 16 ഇടങ്ങളില്‍ 49 യൂണിറ്റുകളിലായി 700ഓളം കരകൗശലത്തൊഴിലാളികളുണ്ട്. തീരുമാനങ്ങള്‍ എടുക്കുന്നതിലും മറ്റും എല്ലാ അംഗങ്ങള്‍ക്കും തുല്യ അവകാശമാണുള്ളത്. എല്ലാവരും ജോലി തുടങ്ങുന്നതിന് മുമ്പായി മൂന്ന് മാസത്തെ പരിശീലനം നേടേണ്ടതുണ്ട്്. ലാഭത്തിന്റെ 60 ശതമാനവും തൊഴിലാളികള്‍ക്ക് ലഭിക്കും. 25നും 60നും ഇടയില്‍ പ്രായമുള്ളവരാണ് അംഗങ്ങളില്‍ ഭൂരിഭാഗവും. ഒരുകാലത്ത് പുറത്തിറങ്ങാന്‍ പോലും സ്ത്രീകള്‍ക്ക് അനുവാദമില്ലാതിരുന്ന ഗ്രാമങ്ങളില്‍ ഇന്ന് സ്ത്രീകള്‍ സ്വന്തമായി ബിസിനസ് യൂണിറ്റുകള്‍ നടത്തുന്നു. രാജ്യത്തുടനീളം എക്‌സിബിഷനുകളിലും ഉല്‍പ്പന്നങ്ങളുമായി ഇവരെത്തുന്നു. ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്ക് സ്വയം പര്യാപ്തത നേടിക്കൊടുക്കാന്‍ സാധിച്ചു എന്നത് തന്നെയാണ് സാധനയുടെ പ്രധാന നേട്ടം. ലോകബാങ്കിന്റെ ഇന്ത്യ ഡെവലപ്‌മെന്റ് മാര്‍ക്കറ്റ് പ്ലേസ് അവാര്‍ഡ് സാധന നേടിയിരുന്നു. സിറ്റി ബാങ്കിന്റെ സിറ്റി മൈക്രോ ഓണ്‍ട്രപ്രണര്‍ പുരസ്‌കാരം (2011), യുനെസ്‌കോയുടെ സീല്‍ ഓഫ് എക്‌സലന്‍സ് പുരസ്‌കാരം (2006, 2008) എന്നിവ നേടിയിട്ടുണ്ട്.


Next Story

Related Stories