Top

മഹാപ്രളയത്തില്‍ ശ്രീധന്യയ്ക്ക് നഷ്ടപ്പെട്ടത് രണ്ട് ചാക്ക് പുസ്തകങ്ങള്‍; അഭിമുഖത്തില്‍ പ്രളയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം?

മഹാപ്രളയത്തില്‍ ശ്രീധന്യയ്ക്ക് നഷ്ടപ്പെട്ടത് രണ്ട് ചാക്ക് പുസ്തകങ്ങള്‍; അഭിമുഖത്തില്‍ പ്രളയത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം?
വയനാട്ടിലെ പൊഴുതനയെന്ന ഉള്‍ഗ്രാമത്തില്‍ നിന്നും ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റെ നെറുകയിലേക്കുള്ള വഴികള്‍ ശ്രീധന്യയ്ക്ക് എളുപ്പമുള്ളതായിരുന്നില്ല. തേച്ചുമിനുക്കാത്ത പണി തീരാത്ത പഴക്കമുള്ള വീട്ടിലേക്ക് മകള്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410 ാം റാങ്ക് നേടിയെന്ന വാര്‍ത്ത രാത്രി വൈകി എത്തുമ്പോഴും അച്ഛന്‍ സുരേഷിനും അമ്മ കമലയ്ക്കും ആദ്യം ഒന്നും മനസ്സിലായില്ല. തിരുവനന്തപുരത്ത് വാടക മുറിയെടുത്ത് പഠിക്കുന്ന ശ്രീധന്യ തന്നെ ഈ വിവരം മാതാപിതാക്കളെ വിളിച്ചറിയിച്ചപ്പോള്‍ സന്തോഷത്തില്‍ മുങ്ങുകയായിരുന്നു പൊഴുതനയെന്ന ഗ്രാമം. വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്യ സമുദായത്തില്‍ നിന്നുമുള്ള ആദ്യ സിവില്‍ സര്‍വീസുകാരിയാണ് ശ്രീധന്യ. പത്രം വാങ്ങാന്‍ പോലും സാമ്പത്തിക ശേഷിയില്ലാത്ത കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന ഈ മാതാപിതാക്കള്‍ക്കും ശ്രീധന്യ നല്‍കിയത് പകരമില്ലാത്ത സമ്മാനമാണ്. നാട്ടിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിച്ച് പ്രതികൂല സാഹചര്യങ്ങളോടെല്ലാം പടപൊരുതിയാണ് ശ്രീധന്യ ഈ നേട്ടം കൈവരിച്ചത്. ഐ.എ.എസ്സ് എന്ന ആഗ്രഹം എപ്പഴോ ഉള്ളില്‍ തട്ടിയപ്പോള്‍ ആ ലക്ഷ്യത്തിനുവേണ്ടി മറ്റെല്ലാം ഉപേക്ഷിച്ച് ഇറങ്ങി. ഈ പരിശ്രമങ്ങള്‍ വെറുതെയായില്ല. ആഗ്രഹങ്ങള്‍ ആത്മാര്‍ത്ഥമായപ്പോള്‍ വിജയവും സുനിശ്ചിതമായി. മണ്ണിന്റെ മണമുള്ള ജീവിത വിജയങ്ങളുടെ വഴിത്തരായില്‍ പുതിയൊരു ചരിത്രം കൂടിയാണ് ഇവിടെ എഴുതിചേര്‍ക്കപ്പെടുന്നത്.

വിജയത്തിലേക്ക് കുറുക്കുവഴികളില്ല

ശരാശരിയില്‍ താഴെയുള്ള സ്വപ്നങ്ങള്‍ മാത്രമുള്ള ചുറ്റുപാടുകളില്‍ നിന്നാണ് എല്ലാവരുടെയും അഭിമാനമായി ശ്രീധന്യ മാറുന്നത്. വീടിന് കുറച്ചകലെയുള്ള തരിയോട് സെന്റ് മേരീസ് എയിഡഡ് സ്‌കൂളിലായിരുന്നു പ്രാഥമിക,ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് അതിലും രണ്ട് കിലോമീറ്റര്‍ കൂടി അകലത്തിലുള്ള തരിയോട് ഗവ. ഹൈസ്‌കൂളിലും ഹയര്‍സെക്കന്‍ഡറി വരെ പഠിച്ചു. സ്‌കൂളില്‍ നിന്നും ലഭ്യമാവുന്ന പഠന സൗകര്യങ്ങളില്‍ കവിഞ്ഞ് വീട്ടില്‍ പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം പോലും പരിമിതമായിരുന്നു. പൊഴുതന അമ്പലക്കൊല്ലിയിലെ ഇടിയം വയല്‍ കോളനിയില്‍ നിന്നും ഏറെ ദൂരം നടന്നാണ് ഈ വിദ്യാലയത്തിലെത്തിയതും. കൂലിപ്പണിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കുടുംബത്തിന്റെ അത്യാവശ്യ ചെലവുകള്‍ക്ക് പോലും തികയാത്ത സാഹചര്യത്തില്‍ നിന്നും മക്കളുടെ പഠനകാര്യങ്ങള്‍ വേണ്ടത് പോലെ ശ്രദ്ധിക്കാനും രക്ഷിതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ കഷ്ടപ്പാടുകളില്‍ മലയാളം മീഡിയം സ്കൂളുകളില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത അടിസ്ഥാനപരമായ അറിവുകളാണ് ഉയരങ്ങളിലേക്കുള്ള യാത്രയില്‍ തുണയായത്.

കോഴിക്കോട് ദേവഗിരി കോളേജില്‍ സുവോളജിയില്‍ ബിരുദം നേടിയ ശേഷം കാലിക്കറ്റ് സര്‍വകലാശാലയില്‍ പി.ജിക്ക് ചേര്‍ന്നു. ഇവിടെയൊക്കെ പഠിക്കാനുള്ള പണം പ്രശ്‌നമായപ്പോള്‍ സുഹൃത്തുകളുടെയെല്ലാം സഹായം തേടി. ഇതിനിടയില്‍ വയനാട്ടിലെത്തി താല്‍ക്കാലികമായി ലഭ്യമാകുന്ന തൊഴില്‍ ചെയ്ത് പഠിക്കാനുള്ള ചെലവുകള്‍ക്കുള്ള തുക കണ്ടെത്തി. ട്രൈബല്‍ പ്രമോട്ടറായും പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി തയ്യാറാവുന്ന എന്‍ ഊരു പ്രോജക്ടിലും അസിസ്റ്റന്റായി ജോലി ചെയ്തു. ഇക്കാലത്താണ് സബക്‌ളക്ടറും എന്‍ ഊരു പ്രോജക്ടിന്റെ ചുമതലയുമുള്ള ശീറാം സാബശിവ റാവുവിനെ കാണുന്നത്. ഐ.എ.എസ് എന്ന പദവിക്ക് ലഭിക്കുന്ന ഈ ആദരവുകളും കര്‍മ്മശേഷിയിലേക്കും ശ്രീധന്യ ആകര്‍ഷിക്കപ്പെടുകയായിരുന്നു. ആദ്യം ചെയ്തത് താല്‍ക്കാലികമായി ലഭിച്ചുകൊണ്ടിരുന്ന ജോലി വേണ്ടെന്നു വെക്കുകയായിരുന്നു. പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ലഭിക്കുന്ന സിവില്‍ സര്‍വീസ് പരിശീലനത്തിന് ചേര്‍ന്നു. അവിടെ നിന്നും എന്‍ട്രന്‍സ് പരീക്ഷ വിജയിച്ചു. പിന്നീട് പ്രിലിമിനറിയും കടന്നതോടെ ചിട്ടയായ പഠനത്തിന് സമയം കണ്ടെത്തി. തിരുവനന്തപുരത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ടിലും ചേര്‍ന്നു കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചെടുത്തു. ഇക്കാലത്തെല്ലാം സാമ്പത്തിക ചെലവുകള്‍ കൂടി വന്നതോടെ സുഹൃത്തുക്കളില്‍ നിന്നെല്ലാം നാല്‍പ്പതിനായിരത്തോളം രൂപ കടം വാങ്ങിയാണ് ആവശ്യങ്ങള്‍ നിറവേറ്റിയത്. പട്ടികവര്‍ഗ്ഗവികസന വകുപ്പിന്റെ പിന്തുണയും കരുത്തേകി.

ലക്ഷ്യം പിഴച്ചില്ല സാഹചര്യങ്ങള്‍ തോറ്റു

ലക്ഷ്യത്തിലേക്ക് അമ്പ് തൊടുത്തുവിടുന്നതില്‍ നിപുണരാണ് കുറിച്യസമുദായം. പരമ്പരഗാതമായി അമ്പും വില്ലുമേന്തി പഴശ്ശിപടയുടെ ഭാഗമായ കുറിച്യകുലത്തിനും ശ്രീധന്യ അഭിമാനമായി. സിവില്‍ സര്‍വീസ് ബാലികേറാമലയല്ല. ആഗ്രഹവും കഠിനാധ്വാനവുമുണ്ടെങ്കില്‍ ആര്‍ക്കും ലഭിക്കും. സ്വന്തം ജീവിത സാഹചര്യങ്ങളെ ചൂണ്ടിക്കാട്ടി ശ്രീധന്യ ഇങ്ങനെ പറയും. ഈ മാതൃകകള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുക എന്നതുകൂടിയാണ് ഈ വിജയത്തിന്റെ ലക്ഷ്യം. ദിവസവും ആറുമണിക്കൂറോളം പഠനത്തിനായി ഏറ്റവും ഒടുവില്‍ മാറ്റിവെക്കേണ്ടി വന്നിരുന്നു. മലയാളം ഐച്ഛികമായതിനാല്‍ ഈ മേഖലയെല്ലാം അരിച്ചുപെറുക്കി. എം.ടി.വാസുദേവന്‍ നായരാണ് ഏറ്റവും പ്രിയപ്പെട്ട മലയാളത്തിലെ എഴുത്തുകാരന്‍.

ചെറുപ്പകാലം മുതലെ മക്കള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്‍കണമെന്ന് അച്ഛന്‍ സുരേഷിനും അമ്മ കമലയ്ക്കും ആഗ്രഹമുണ്ടായിരുന്നു. ഇതിനായി ശ്രമിച്ചപ്പോഴൊക്കെ പണം ഇല്ലാത്തത് തടസ്സമായി. എങ്കിലും മകള്‍ ആഗ്രഹം നിറവേറ്റിയിരിക്കുന്നു. ഈ സന്തോഷത്തിലാണ് കുടുംബമെല്ലാം. സ്വന്തം പരിമിതികള്‍ക്കുള്ളില്‍ ജീവിക്കുക എന്നതാണ് ആദിവാസി സമുദായങ്ങളുടെ ശീലം. അതിനൊരു മാറ്റം വരണമെന്ന് ആഗ്രഹിച്ചിരുന്നു. മകള്‍ മാതൃകയാകുന്നതില്‍ അതിയായി സന്തോഷിക്കുന്നുവെന്നും സുരേഷ് പറയുന്നു.

പ്രളയത്തെക്കുറിച്ചും റോഹ്യംഗന്‍ അഭയാര്‍ത്ഥികളെക്കുറിച്ചുമെല്ലാം ചോദ്യമുണ്ടായിരുന്നു കൂടിക്കാഴ്ചയില്‍. പ്രളയം വന്നൂമൂടിയ വീടിനുള്ളിലെ അനുഭവങ്ങളില്‍ നിന്നും പച്ചയായ ഉത്തരം നല്‍കി. പൊഴുതനയിലെ വീടിനെയും മുക്കിയ ആ പ്രളയകാലത്ത് ശ്രീധന്യയുടെ രണ്ടു ചാക്ക് പുസ്തകങ്ങളും വസ്ത്രങ്ങളുമെല്ലാം നശിച്ചിരുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കുള്ള ജില്ലയാണ് വയനാട്. നിരവധി കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. മാതാപിതാക്കളുടെ പ്രോത്സാഹനക്കുറവ്, പഠിക്കാനുള്ള സൗകര്യക്കുറവ് അങ്ങിനെയൊക്കെ ധാരാളം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പോരായ്മകളല്ലത്. ആദ്യം പഠിക്കണം എന്ന മനസ്സ് ഉള്ളില്‍ നിന്നും സ്വയം രൂപപ്പെടണം. പിന്നെയെല്ലാം പിന്നാലെ വന്നുകൊള്ളും. ആദിവാസികളിലെ പുതിയ തലമുറകളോട് ശ്രീധന്യ ഇങ്ങനെ പറയുന്നു.

നാടിനും അഭിമാന നിമിഷം

വയനാട്ടില്‍ 511 ഊരുകളിലായി 5812 കുറിച്യ കുടുംബങ്ങളാണുള്ളത്. ഇവര്‍ക്കും വയനാടന്‍ ജനതയ്ക്കും അഭിമാന നിമിഷമാണിത്. കാര്‍ഷിക ജീവിതവും പരമ്പരാഗതമായ ഗോത്രശീലങ്ങളെയും മാത്രം മുറുകെ പിടിക്കുന്ന സമുദായത്തില്‍ നിന്നും ഒരാള്‍ സിവില്‍ സര്‍വീസ് പദവിയിലെത്തുന്നത് ഇതാദ്യമായാണ്. പത്താം തരം വരെ പഠിച്ച് പിന്നീട് പഠനം നിര്‍ത്തി കൃഷിയിലേക്കും മറ്റും തിരിയുന്ന യുവാക്കള്‍ക്കിടയില്‍ നിന്നാണ് ശ്രീധന്യയുടെ ഈ മുന്നേറ്റം.

കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍, എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ചലച്ചിത്ര നടന്‍ കമലഹാസന്‍ തുടങ്ങി നിരവധി പേര്‍ ശ്രീധന്യയെ അഭിന്ദനമറിയിച്ചു. ഈ പിന്തുണകളെല്ലാം കരുത്താണ്. കനല്‍ വഴികള്‍ താണ്ടാന്‍ കൂടെ നിന്നവരോടെല്ലാം ആത്മാര്‍ത്ഥമായ നന്ദിയും ശ്രീധന്യ അറിയിക്കുന്നു.

പാലക്കാട് കോടതിയിലെ ജീവനക്കാരി സുശിതയും മീനങ്ങാടി പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥിയായ ശ്രീരാഗുമാണ് ശ്രീധന്യയുടെ സഹോദരങ്ങള്‍. ഇല്ലായ്മകളില്‍ നിന്നും ഇവരും പടവെട്ടിയാണ് ജീവിതം മെനഞ്ഞെടുക്കുന്നത്. തൊഴിലുറപ്പ് പണിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്ന ഈ കുടുബത്തില്‍ നിന്നും നാടിന് ലഭിക്കുന്നത് ഏറ്റവും താഴെത്തട്ടില്‍ ജീവിക്കുന്ന സാധാരണക്കാരുടെ മനസ്സറിയുന്ന ഒരു സിവില്‍ സര്‍വീസുകാരിയെയും കൂടിയാണ്.

Next Story

Related Stories