TopTop
Begin typing your search above and press return to search.

തോട്ടിപ്പണി നിര്‍ത്താന്‍ ബിന്ദേശ്വര്‍ പഥക് തുടങ്ങിയ സുലഭ് ശൗചാലയങ്ങള്‍

തോട്ടിപ്പണി നിര്‍ത്താന്‍ ബിന്ദേശ്വര്‍ പഥക് തുടങ്ങിയ സുലഭ് ശൗചാലയങ്ങള്‍

തൊട്ടുകൂടാത്ത ഒരാളെ അബദ്ധത്തില്‍ തൊട്ടതിന്റെ പേരില്‍, പശുവിന്‍റെ ചാണകം തിന്നാന്‍ ഡോ.ബിന്ദ്വേശര്‍ പഥക് തന്‍റെ കുട്ടിക്കാലത്ത് നിര്‍ബന്ധിതനായി. 1943ല്‍ ഒരു ഉന്നത ജാതി കുടുംബത്തില്‍ പിറന്ന അദ്ദേഹം ഈ അനുഭവത്തില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുകയും നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിന് സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചുകൊണ്ട് ഭംഗി-മുക്തി (തോട്ടിവേലക്കാരുടെ മോചനം) സെല്ലില്‍ ചേരുകയും ചെയ്തു. അവര്‍ അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ച് മനസിലാക്കുന്നതിനായി തോട്ടിപ്പണി ചെയ്തുകൊണ്ട് അദ്ദേഹം കുറെക്കാലം ആ സമുദായത്തിനൊപ്പം ജീവിച്ചു.

ജാതി വ്യവസ്ഥയുടെ ഇരകളായിരുന്ന തോട്ടിപ്പണിക്കാര്‍ അഥവാ അവര്‍ വിശേഷിപ്പിക്കപ്പെടുന്നത് പോലെ 'തൊട്ടുകൂടാത്തവര്‍' നൂറ്റാണ്ടുകളായി ഉന്നത ജാതിക്കാരുടെ മനുഷ്യവിസര്‍ജ്ജ്യം വൃത്തിയാക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. മുഖ്യധാരാ സമൂഹത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ട ആ സമൂഹത്തിന് മാനുഷികമായ അന്തസ് പോലും നിഷേധിക്കപ്പെട്ടിരുന്നു. അവരെ അബദ്ധത്തില്‍ സ്പര്‍ശിക്കുന്നത് പോലും വലിയ അശുദ്ധിയായി കണക്കാക്കപ്പെട്ടിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 600 ദശലക്ഷം ഇന്ത്യക്കാരാണ് പൊതുവിടങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നത്. കോളറ, വയറിളക്കം, ടൈഫോയ്ഡ്, ഹെപ്പിറ്റൈറ്റസ് തുടങ്ങിയ പകര്‍ച്ച വ്യാധി ഭീഷണി വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ വലിയ ആരോഗ്യപ്രശ്‌നമാണ് ഇത് സൃഷ്ടിക്കുന്നത്. ഇന്ത്യയിലെ 53 ശതമാനം കുടുംബങ്ങള്‍ക്കും ശൗചാലയങ്ങളില്ല. ഗ്രാമീണ മേഖലയില്‍ ഇത് 60 ശതമാനമാണ്. അതായത് പൊതുവിടങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന 2019 എത്തുമ്പോഴേക്കും ഇന്ത്യയ്ക്ക് 115 ദശലക്ഷം ശൗചാലയങ്ങള്‍ വേണ്ടിവരും.

തോട്ടിപ്പണി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഡോ.പഥക് ഒരു ബദല്‍ ശൗചാലയ മാതൃക വികസിപ്പിച്ചെടുത്തു. പരിപാലനത്തിന് ശാരീരികമായ തോട്ടിപ്പണി ആവശ്യമില്ലാത്ത ഒന്നായിരുന്നു അദ്ദേഹം വികസിപ്പിച്ചെടുത്ത മാതൃക. 1970കളിലെ സുലഭ് ശുചീകരണത്തിന്റെയും സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനത്തിന്റെയും സ്ഥാപകന്‍ എന്ന നിലയില്‍, കുറഞ്ഞ ചിലവിലുള്ള രണ്ട് കുഴികള്‍ അടങ്ങുന്ന വെള്ളമൊഴിച്ച് ശുദ്ധീകരിക്കാവുന്ന 'സുലഭ് ശൗചാലയങ്ങള്‍' എന്ന് അറിയപ്പെടുന്നവയായിരുന്നു അത്. ഇതുവരെ ഇത്തരത്തിലുള്ള ഒരു ദശലക്ഷം ശൗചാലയങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഉറവിട സ്ഥലത്ത് തന്നെ വിസര്‍ജ്ജ്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പറ്റുന്ന വാടകരഹിതവും ജലം കുറഞ്ഞ അളവില്‍ ചിലവഴിക്കുന്നതുമായ പരിസ്ഥിതി സൗഹാര്‍ദ്ദ മാതൃകയാണിത്. ഇന്ന് 300 കോടി വാര്‍ഷീക വിറ്റുവരവുള്ള ഡോ.പദക്കിന്റെ സ്ഥാപനത്തില്‍ 60,000 അംഗങ്ങളുണ്ട്. തോട്ടിത്തൊഴിലാളികളുടെ പുനരധിവാസം, വരാണസി പോലെയുള്ള സ്‌നാനഘട്ടങ്ങളുടെ ശുചീകരണം, തോട്ടിത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള സ്‌കൂള്‍, വിധവകള്‍ക്കുള്ള സാമ്പത്തിക സഹായം തുടങ്ങിയ സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് കമ്പനിയുടെ ലാഭം ഉപയോഗിക്കുന്നത്. അതുപോലെ തന്നെ ദേവദാസികള്‍, ലൈംഗീകത്തൊഴിലാളികള്‍, കുഷ്ടരോഗികള്‍ എന്നിവരുടെ ക്ഷേമത്തിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ കമ്പനി ആലോചിക്കുന്നു.

നഗരമേഖലകളില്‍ പണം കൊടുത്ത് ഉപയോഗിക്കാന്‍ സാധിക്കുന്ന പൊതുശൗചാലയങ്ങള്‍ക്കും അദ്ദേഹം ആരംഭം കുറിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ ആരംഭിക്കുന്ന ഇത്തരം ശൗചാലയങ്ങളുടെ പരിപാലനം സുലഭ് നിര്‍വഹിക്കുന്നു. തുടക്കത്തിലുണ്ടായ സന്ദേഹം ഒഴിവായതോടെ ആളുകള്‍ പണം കൊടുത്ത് ഇത്തരം സംവിധാനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നു. ഇത്തരത്തില്‍ നഗരകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ഗ്രാമീണ മേഖലയിലെ ശൗചാലയങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സൗജന്യമാക്കാനും സാധിക്കുന്നു. അദ്ദേഹത്തിന്റെ നിസ്തൂല സംഭാവനകള്‍ പരിഗണിച്ച് രാഷ്ട്രം പത്മഭൂഷണും, യുഎന്‍ഇപി ഗ്ലോബല്‍ 500 ഹോണറും സ്‌റ്റോക്‌ഹോം ജല പുരസ്‌കാരവും നല്‍കി ഡോ. പഥക്കിനെ ആദരിച്ചിട്ടുണ്ട്.


Next Story

Related Stories