TopTop
Begin typing your search above and press return to search.

കൈയ്യെഴുത്ത് കൊണ്ട് കൈ പിടിക്കാം...; പ്രളയമേഖലയിലെ കുട്ടികള്‍ക്ക് നിങ്ങള്‍ക്കും നോട്ടെഴുതി നല്കാം

കൈയ്യെഴുത്ത് കൊണ്ട് കൈ പിടിക്കാം...; പ്രളയമേഖലയിലെ കുട്ടികള്‍ക്ക് നിങ്ങള്‍ക്കും നോട്ടെഴുതി നല്കാം

"നൂറ്റാണ്ടിന്റെ മഴ പെയ്തു തോരട്ടെ, സംവത്സരങ്ങളുടെ സ്നേഹത്തിന്റെ ഈ മണ്ണിൽ"

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻക്യൂബേഷൻ എന്ന എജുക്കേഷനൽ നോൺ ഗവർമെന്റ് ഓർഗനൈസേഷൻ അവരുടെ ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്.

ദുരന്തം വാരി വിതച്ച പേമാരിയ്ക്കിടയിലും കൈരളിയുടെ കൂട്ടായ്മ ലോകം കണ്ടതാണ്. ചരിത്രത്തിന്റെ ഏടുകളിൽ അവർ നമ്മളെ രേഖപ്പെടുത്തും എന്നത് തീർച്ച. ദുരന്തം വെള്ളത്തിലാഴ്‌ത്തിയ സ്വപ്നങ്ങളെ കൈപിടിച്ചുയർത്തിയത് നമ്മൾ ഓരോരുത്തരുമാണ്. അതിൽ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും തന്നെ നമ്മൾ നോക്കിയില്ല. ദുരിതക്കയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടി നമ്മൾ ഭക്ഷണവും കുടിവെള്ളവും എത്തിച്ചു. വസ്ത്രവും കിടക്കയും തുടങ്ങി അവർക്കു വേണ്ട എല്ലാം അറിഞ്ഞു ചെയ്തു നമ്മൾ. അവസാനം നമ്മുടെ ഈ സ്നേഹത്തിനു മുന്നിൽ ആർത്തിരമ്പിയ മഴവെള്ളം തോറ്റ് പിന്മാറി. പല ഇടങ്ങളിലും മനുഷ്യർ പഴയ ജീവിതത്തിലേക്കുള്ള കാലെടുത്തു വെച്ചു തുടങ്ങി.

ഇത്രയും ദിവസം ഭക്ഷണത്തിനും വസ്ത്രത്തിനുമായി ഓടിയ നമ്മൾ ഇപ്പോഴാണ് കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള കാര്യങ്ങളെ കുറിച്ചാലോചിക്കുന്നത്. അവർക്ക് പഠിക്കാൻ ആവശ്യമായ പുസ്‌തകങ്ങളും മറ്റ് പഠനോപകരണങ്ങളും ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടീം ഇൻക്യൂബേഷൻ രംഗത്ത് വരുന്നത്. ഇതിനൊപ്പം തന്നെ മറ്റൊരു ആശയവും ഇവർ പങ്കു വെയ്ക്കുന്നു. രക്ഷാപ്രവർത്തനങ്ങളിൽ തനിക്കൊന്നും ചെയ്യാനാകുന്നില്ലല്ലോ എന്ന് ചിന്തിച്ച് സങ്കടപ്പെടുന്ന ഒരുപാട് പേർക്ക് വേണ്ടിയായിരുന്നു ആ ആശയം. പ്രളയത്തിൽ നോട്ട് പുസ്തകം നഷ്ടപെട്ട കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ എഴുതി കൊടുക്കുക.

"സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഞങ്ങൾ കിഴിശ്ശേരിയിലുള്ള അൽ-അൻസാർ ഓർഫനേജിൽ പോയിരുന്നു.സത്യം പറഞ്ഞാൽ ഇത് അവിടുത്തെ കുഞ്ഞുങ്ങളുടെ മനസിൽ തോന്നിയ ആശയമാണ്. അത് ഞങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കുന്നു എന്നു മാത്രം. ഞങ്ങൾക്കും പ്രളയത്തിൽ അകപ്പെട്ട കുട്ടികൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം. ഞങ്ങൾ അവർക്ക് വേണ്ടി നോട്ട് എഴുതിയാൽ നിങ്ങൾ അത് അവർക്ക് എത്തിക്കാമോ എന്നവർ ചോദിച്ചു" ഇൻക്യൂബേഷനിലെ പ്രവർത്തകൻ നബീൽ പറയുന്നു. ആ കുഞ്ഞു മനസുകളിലെ നന്മ ഏറ്റെടുക്കാൻ ഒരുപാട് ആളുകൾ രംഗത്ത് വന്നതോടെ സോഷ്യൽ മീഡിയയിലടക്കം പോസ്റ്റ് വൈറലായി.

"നിലവിൽ രണ്ടു തരത്തിലുള്ള ക്യാമ്പയിനുകളാണ് ഞങ്ങൾ നടത്തുന്നത്. ഒന്ന്, എല്ലാവിധ പഠനോപകരണങ്ങളും ശേഖരിച്ച് അവിശ്യക്കാരിലേക്ക് എത്തിക്കുക. രണ്ട്, നോട്ടുബുക്കുകൾ നഷ്ടമായവർക്ക് വേണ്ടി ആ നോട്ട് എഴുതി കൊടുക്കുക. ദുരിതം അനുഭവിക്കുന്നവർക്ക് സാമ്പത്തികമായി സഹായം നൽകാൻ സാധിക്കാത്ത ആളുകളേയും കുട്ടികളേയും പ്രായമായവരേയും കേന്ദ്രികരിച്ചുള്ളതാണ് ഇത്" നബീൽ പറയുന്നു. ഇന്ന് വരെയാണ് നോട്ട് എഴുതി പൂർത്തിയാക്കാനുള്ള സമയം. താൽപര്യമുള്ളവർ ടീം ഇൻക്യൂബേഷനെ ബന്ധപ്പെട്ടാൽ അവർ മെയിൽ വഴി നോട്ട് അയച്ചു തരും. നിലവിൽ 20,000 ലേറെ നോട്ടു പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും ഇവർക്ക് ലഭിച്ചു കഴിഞ്ഞു.

"എട്ടു വയസുള്ള കുട്ടികൾ മുതൽ 70 വയസുള്ള സ്ത്രീകൾ വരെ ഞങ്ങളെ വിളിച്ചു. ഒരുപാട് സന്തോഷം തോന്നി. മനുഷ്യത്വമുള്ള എത്ര പേരാണ് നമുക്കു ചുറ്റിലും" നബീൽ ചിരിച്ചു കൊണ്ട് പറയുന്നു.

എന്നാൽ ഈ ആശയത്തെ വിമർശിച്ചും കുറച്ച് പേർ രംഗത്തെത്തി. ആ കൂട്ടത്തിൽ എന്തിനാണ് എഴുതി കൊടുക്കുന്നത് എന്നും ഫോട്ടോസ്റ്റാറ്റ് എടുക്കുന്നത് അല്ലേ എളുപ്പം എന്നും ചോദിച്ചവരുമുണ്ട്. അവരോട് ടീം ഇൻക്യൂബേഷനു പറയാനുള്ളത് "ആ കുഞ്ഞുങ്ങൾക്കുള്ള പിന്തുണ അറിയിക്കുക എന്നു മാത്രമേ ഉദ്ദേശിച്ചുള്ളൂ. ഫോട്ടോസ്റ്റാറ്റ് കോപ്പികൾക്ക് ഒരിക്കലും കൈപ്പടയിൽ എഴുതിയ സ്നേഹാക്ഷരത്തിന്റെ കരുത്തുണ്ടാവില്ല" എന്നതാണ്.

നബീൽ ഇത് പറയുമ്പോൾ ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് ചരിത്രവും ജീവശാസ്ത്രവും പകർത്തുന്നുണ്ടാകും..ആ നോട്ടുബുക്കിന്റെ ആദ്യ പേജിൽ അവർ ഇങ്ങനെ എഴുതിയിട്ടുണ്ടാകും 'പ്രിയപ്പെട്ട കൂട്ടുകാരന്/കൂട്ടുകാരിക്ക്.....

സ്നേഹപൂർവം....


Next Story

Related Stories