TopTop
Begin typing your search above and press return to search.

വിപ്ലവം വാഴപ്പഴത്തിലൂടെ; തോക്കുകള്‍ ഉപേക്ഷിച്ച് അസമിലെ ചെറുപ്പക്കാര്‍

വിപ്ലവം വാഴപ്പഴത്തിലൂടെ;  തോക്കുകള്‍ ഉപേക്ഷിച്ച് അസമിലെ ചെറുപ്പക്കാര്‍

അസമിലെ ഗോല്‍പാറ ജില്ലയിലെ ഒരു ചെറുഗ്രാമത്തില്‍ രുദ്രകാന്ത റാഭ എന്ന ആദിവാസി 15 വര്‍ഷം മുമ്പ് തന്റെ ജോലി ചെയ്യുന്നതിന് പോലീസില്‍ നിന്നും ആളുകളില്‍ നിന്നും ഒളിച്ചുനടന്നിരുന്നു. അപ്പോള്‍ അയാള്‍ പ്രായം കൊണ്ട് മുപ്പതുകള്‍ക്ക് ഒടുവിലായിരുന്നു. പക്ഷേ ഇന്നിപ്പോള്‍ തന്റെ വാഴത്തോട്ടത്തില്‍ പണിയെടുക്കുന്ന രുദ്ര ആളുകളോട് കളിച്ചുചിരിച്ച് സംസാരിച്ചു നടക്കുകയാണ്.

“ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ എനിക്കു സന്തോഷമുണ്ട്. മുമ്പ് ചെയ്തിരുന്നതില്‍ ഞാന്‍ പശ്ചാത്തപിക്കുകയും ചെയ്യുന്നു,” നിരവധി വര്‍ഷം ഒരു വിമത സംഘത്തിനുവേണ്ടി പണിയെടുത്ത റാഭ പറയുന്നു. “ഒരു സന്ദേശവാഹകനായാണ് ഞാന്‍ പണിയെടുത്തത്. അതുപോലെ ഇനിയും ജീവിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. ഇപ്പോള്‍ എന്റെ തൊഴിലില്‍ എനിക്കു തൃപ്തിയുണ്ട്, പണവും കിട്ടുന്നുണ്ട്,” തന്റെ ഭാര്യക്കും അമ്മയ്ക്കുമൊപ്പം കഴിയുന്ന റാഭ പറഞ്ഞു.

പതിറ്റാണ്ടുകള്‍ നീണ്ട വിമത കലാപങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഏറെ പ്രതികൂലമായി ബാധിച്ചു. സാധാരണക്കാരും, സുരക്ഷാ ഭടന്മാരും, മാധ്യമ പ്രവര്‍ത്തകരും അടക്കം ആയിരങ്ങള്‍ കൊല്ലപ്പെട്ടു. കലാപങ്ങളും അതിനെതിരായ അടിച്ചമര്‍ത്തലും കൊണ്ട് പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങള്‍ നീറിപ്പുകയുന്നു. ഇതോടെ ഇവിടെക്കുള്ള നിക്ഷേപത്തിന്റെ വരവ് നിലച്ചു, തൊഴിലവസരങ്ങള്‍ ഇല്ലാതായി. ഇത് വീണ്ടും ചെറുപ്പക്കാരെ വിമത സംഘങ്ങളിലേക്ക് നയിക്കുകയും അക്രമത്തിന്റെ ചക്രം വീണ്ടും തിരിയുകയും ചെയ്തു.

റാഭ മാത്രമല്ല, പ്രദേശത്തെ മറ്റ് പല ചെറുപ്പക്കാരും ഇത്തരത്തില്‍ മാറി ചിന്തിച്ചിട്ടുണ്ട്. ആയുധങ്ങള്‍ കയ്യൊഴിഞ്ഞു കാര്‍ഷിക വിപ്ലവത്തിനിറങ്ങാന്‍ നിരവധി യുവാക്കളെ പ്രേരിപ്പിച്ചതില്‍ മുഖ്യ പങ്ക് വഹിച്ചത് ദേബബ്രത റാഭയാണ്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച ദേബബ്രത 120 ഏക്കര്‍ ഭൂമിയിലായി 60,000 വാഴകള്‍ കൃഷി ചെയ്യുന്നുണ്ട്. അയാളുടെ വാര്‍ഷിക വിറ്റുവരവ് ഏതാണ്ട് 9.7 ദശലക്ഷം രൂപയാണ്.

“നിരവധി വര്‍ഷങ്ങള്‍ കഠിനമായി പണിയെടുത്താണ് ഞാനീ നിലയിലെത്തിയത്. മറ്റ് പലരെയും ഈ ജോലിചെയ്യാന്‍ പ്രേരിപ്പിക്കാന്‍ കഴിയുന്നത് സംതൃപ്തി തരുന്നു,” ദേബബ്രത പറഞ്ഞു. 2009-ല്‍ തന്റെ മരുമകന്‍ ഹിരണ്‍ റാഭയുടെ കൂടെ ചെറിയ തോതിലാണ് അയാള്‍ ഇത് തുടങ്ങിയത്. ആദ്യം കരിമ്പായിരുന്നു കൃഷിയെങ്കിലും പിന്നെ വാഴയിലേക്ക് മാറി. തുടക്കത്തില്‍ 1,000 വാഴയായിരുന്നു വെച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെയായിരുന്നു പ്രദേശത്തെ യുവാക്കള്‍ അയാളുടെ വിജയഗാഥ അറിഞ്ഞത്. പലരും അയാളെ സഹായത്തിനായി സമീപിച്ച്. “മനം മാറിയ വിമതരടക്കം പലരും എന്റെയടുക്കല്‍ വന്നു. അവരുടെ താത്പര്യം കണ്ട് സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങള്‍ ഞാന്‍ ചെയ്തുകൊടുത്തു. അവരൊക്കെയിപ്പോള്‍ നന്നായി മുന്നോട്ടുപോകുന്നു.”

മുഖ്യധാരയിലേക്ക് വരുന്നതിന് മുമ്പ് പലതവണ പബന്‍ ദാസ് തടവിലായിരുന്നു. ഇപ്പോള്‍ വാഴക്കൃഷിയിലൂടെ ഒരു മാന്യമായ ജീവിതം നയിക്കാന്‍ ദേബബ്രത തന്നെ സഹായിച്ചു എന്നയാള്‍ പറയുന്നു. “എന്റെ ഭൂതകാലത്തില്‍ നിന്നും പുറത്തുവരാന്‍ ഞാന്‍ അല്പം വിമുഖനായിരുന്നു. പക്ഷേ ഇപ്പോള്‍ എന്റെ ജീവിതത്തിനു എനിക്കു മറ്റാരെയും ആശ്രയിക്കേണ്ടതില്ല.”

രുദ്രകാന്ത റാഭയും പബന്‍ ദാസും തങ്ങളുടെ കൂട്ടത്തിലെ മറ്റുള്ളവര്‍ക്കൊപ്പം ആദ്യ വിളവെടുപ്പില്‍ 1 ദശലക്ഷം രൂപ നേടി. ഇപ്പോള്‍ തങ്ങളുടെ പ്രദേശത്ത് 300-ലേറെ വാഴക്കൃഷിക്കാര്‍ ഉണ്ടെന്നും 2,00,00 വാഴകള്‍ നട്ടിട്ടുണ്ടെന്നും ദേബബ്രത പറഞ്ഞു. തീവ്രവാദി സംഘങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന പ്രദേശത്തെ ഏതാണ്ട് 60% യുവാക്കളും ഇപ്പോള്‍ ആയുധം ഉപേക്ഷിച്ചു പുതിയൊരു ജീവിതം തുടങ്ങി. “ഇതൊരു നല്ല ലക്ഷണമാണ്. ഇതൊരു വാഴപ്പഴ വിപ്ലവമാണ്,” ദേബബ്രത പറഞ്ഞു.


Next Story

Related Stories