Top

ദരിദ്രര്‍ക്ക് ബാങ്ക് അക്കൌണ്ട്; ഇന്ത്യയില്‍ കാര്യങ്ങള്‍ മാറും

ദരിദ്രര്‍ക്ക് ബാങ്ക് അക്കൌണ്ട്; ഇന്ത്യയില്‍ കാര്യങ്ങള്‍ മാറും

രമാ ലക്ഷ്മി
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഒരു പശുവിനെ മാത്രം വളർത്തി അതിന്റെ പാൽവിറ്റു ജീവിക്കുന്ന രാജ് കുമാർ ശർമ ഇത്രയും കാലം വിചാരിച്ചിരുന്നത് ബാങ്ക് അക്കൗണ്ട്‌ എന്നൊക്കെ പറഞ്ഞാൽ അതൊക്കെ "വലിയ ആളുകൾക്ക് മാത്രമുള്ള കാര്യ"മെന്നാണ്. ബാങ്കിൽ ഒരു അക്കൗണ്ട് തുടങ്ങാൻ വളരെ എളുപ്പമാണെന്ന് വിളംബരക്കാരൻ തെരുവിലൂടെ ചെണ്ട കൊട്ടിയറിയിച്ചതിനുശേഷമാണ് ആ വിശ്വാസം മാറിയത്.

"നിങ്ങളുടെ അക്കൗണ്ട്‌ നിങ്ങളുടെ വിധി തന്നെ മാറ്റും," ചെണ്ടക്കാരൻ വിളംബരം ചെയ്തു.

അങ്ങനെ അടുത്ത ജനുവരിയോടെ 600ദശലക്ഷം ഇന്ത്യാക്കാരെ ബാങ്കിംഗ് പദ്ധതിയുടെ ഭാഗമാക്കണം എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന ക്യാമ്പുകളിലൊന്ന് ഒരു വടക്കേ ഇന്ത്യന്‍ ഗ്രാമത്തിൽ വച്ചു നടന്നപ്പോൾ ശർമയും ഒരു ബാങ്ക് അക്കൌണ്ടിന് ഉടമയായി.

പ്രധാനമന്ത്രി സമാരംഭം കുറിച്ച ഈ പദ്ധതി രാജ്യത്തെ ഏറ്റവും പാവപ്പെട്ടവരെയും ഏറ്റവും പാർശ്വവല്ക്കരിക്കപ്പെട്ടവരെയും ഉൾപ്പെടുത്താനും അടുത്തിടെയായി കുടുംബങ്ങൾ കേന്ദ്രീകരിച്ചുള്ള സമ്പാദനരീതിയിൽ വന്ന കുറവ് നികത്തുന്നതിനും ലക്‌ഷ്യം വച്ചുള്ളതാണ്.

രാജ്യത്താകമാനമായി പരന്നുകിടക്കുന്ന ഗ്രാമങ്ങളിലും നഗരപ്രാന്തങ്ങളിലും ഉള്ള ജനങ്ങളെ ഇതിലേക്കാകർഷിക്കാനായി ആയിരക്കണക്കിന് ബാങ്കുദ്യോഗസ്ഥരും ഏജന്റുമാരും രാജ്യമൊട്ടാകെ ഓടിനടക്കുകയാണ്. തിരിച്ചറിയൽ രേഖകളുടെയും മറ്റും നൂലാമാലകളൊന്നുമില്ല ഇപ്പോഴൊരു അക്കൗണ്ട്‌ തുറക്കാൻ. നിക്ഷേപത്തുകയുടെ ആവശ്യവുമില്ല.വിദഗ്ദ്ധന്മാരുടെ അഭിപ്രായത്തിൽ ഈ അക്കൗണ്ടുകളൊക്കെ ആക്ടീവായി തുടരുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു, കാരണം ഇത്രയും വലിയ ഒരു ജനസഞ്ചയത്തിനെ സേവിക്കാനാവശ്യമായ നെറ്റ് വർക്ക് ഇവിടെ ഇല്ലായെന്നുള്ളതുതന്നെ. എന്തൊക്കെയാണെങ്കിലും, ആഗസ്റ്റ് മുതൽ ഇന്നുവരെ ഏകദേശം 750 ദശലക്ഷം ഡോളറിന്റെ നിക്ഷേപവുമായി 55 ദശലക്ഷം അക്കൌണ്ടുകൾ തുറക്കപ്പെട്ടിട്ടുണ്ട്.

"പണം അടിസ്ഥാനപ്പെടുത്തിയുള്ള ധാരാളം ഇടപാടുകൾ നടക്കുന്ന സ്ഥലമാണ് ഇന്ത്യ. അതിനെ ബാങ്കിംഗ് സിസ്റ്റത്തിലേക്ക് കൊണ്ടു വരാൻ സാധിച്ചാൽ ആ പണം ഉത്പാദനപരമായി പ്രയോജനപ്പെടുത്തുവാനും പാവപ്പെട്ട ആളുകളെ ചെറിയ സേവിങ്ങ്സ് എങ്കിലും ഉണ്ടായിരിക്കുക എന്ന ശീലത്തിലേക്കും അതുവഴി അവർക്കും ക്രെഡിറ്റ് സൌകര്യങ്ങൾ ലഭ്യമാകുന്ന രീതിയിലേക്കും കൊണ്ടുവരുവാനും സാധിക്കും, " ന്യൂ ഡൽഹിയിലെ ധനകാര്യമാന്ത്രാലയത്തിലെ ഒരു സെക്രട്ടറിയായ ഗുർദയൽ സിംഗ് സന്ധു പറഞ്ഞു. "കഴിഞ്ഞ ആറു വർഷത്തിനിടയിൽ കുടുംബപരമായ സേവിങ്ങ്സിൽ 5% വീഴ്ചയാണുണ്ടായിരിക്കുന്നത്", അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ലോകബാങ്കിന്റെ കണക്കനുസരിച്ച് ഇന്ത്യൻ ജനസംഖ്യയായ 1.2 ലക്ഷം കോടിയിൽ വെറും 35% പേർക്കേ ബാങ്ക് അക്കൗണ്ട് ഉള്ളൂ. സര്ക്കാരിന്റെ കണക്കിൽ ഇത് 58%ആണ്. ഗ്രാമവാസികളായ 73% കർഷകകുടുംബങ്ങൾക്കും ക്രെഡിറ്റ്‌ സൌകര്യങ്ങൾ പ്രയോജനപ്പെടുത്തുവാനുള്ള യാതൊരു സൌകര്യവും ഇല്ലായെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2013 ഇൽ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. അധികം പേരും അവരുടെ ചെറിയ ധനകാര്യാവശ്യങ്ങൾക്ക് ആശ്രയിക്കുന്നത് കടംകൊടുപ്പുകാരെയും സ്ത്രീകളുടെ അനൌദ്യോഗിക കൂട്ടായ്മകളെയുമൊക്കെയാണ്.

പത്തു വർഷങ്ങൾക്കു മുൻപ് തന്നെ 60,000 ബാങ്കുകൾ ഉണ്ടായിരുന്ന ഇന്ത്യയിൽ ഇന്ന് 115,000 ബാങ്കുകളുണ്ട്. എന്നാലും ഉൾനാടുകളിൽ ഇന്നും അതെത്തിയിട്ടില്ല തന്നെ.കഴിഞ്ഞ 15 വർഷത്തിനിടയിൽ ഈ വിടവ് നികത്താൻ വികസിച്ചു വരുന്ന സൂക്ഷ്മമായ ധനകാര്യവ്യവസായമേഖലക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ലോണ്‍ തിരിച്ചുപിടിക്കുന്നതിലും മറ്റും ചില ഏജന്റുമാർ കാണിക്കുന്ന ആക്രമണോത്സുകത അടുത്ത കാലത്തായി ഈ മേഖലയ്ക്കൊരു ചീത്തപ്പേരുണ്ടാക്കി വച്ചിട്ടുണ്ട്. പട്ടണവാസികളായ പാവപ്പെട്ടവരെ മുതലെടുക്കാനായി കൂടുതൽ ലാഭം വാഗ്ദാനം ചെയ്യുന്ന ചില പറ്റിപ്പുപരിപാടികളും ചില കമ്പനികൾ ആസൂത്രണം ചെയ്യുന്നു.

കഴിഞ്ഞ ആഗസ്റ്റിൽ ബാങ്ക് ഓഫീസർമാർക്കയച്ച ഒരു ഈമെയിലിൽ നരേന്ദ്ര മോദി ഈ അക്കൗണ്ട് തുറക്കൽ സംരംഭത്തെ "ഒരു ദേശീയ മുന്ഗണന" ആയിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അടിസ്ഥാന ബാങ്കിംഗ് സൗകര്യം പോലും ഇല്ലാത്തവർ ഉണ്ടെന്നു പറയുന്നത് "പറയാൻ പോലും കൊള്ളാത്ത" കാര്യമാണെന്നാണ്‍ അദ്ദേഹം പറഞ്ഞത്.

ഈ പുതിയ അക്കൗണ്ടിന്റെ കൂടെ ഒരു ഡെബിറ്റ് കാർഡ്, 1600 ഡോളർ മതിപ്പുള്ള ഒരു അപകട ഇൻഷ്വറൻസ് പോളിസി, കൂടാതെ ഒരു വർഷത്തിനുശേഷം ലഭ്യമാകുന്ന 100 ഡോളറിന്റെ ഹൃസ്വകാല വായ്പ്പകൾ എന്നിവയും ലഭിക്കുന്നു.

മോദിയുടെ കാൽവയ്പ്പുകൾ ഈ രംഗത്ത് പുതിയതല്ല. നേരത്തെ ഉണ്ടായ പല പദ്ധതികളും ഫലം കാണാതെ പോയത് സർക്കാർ അതിനെ വേണ്ട വിധം നിരീക്ഷിക്കാത്തത് കൊണ്ടാണ്. പുതിയ അക്കൌണ്ടുകൾ എന്നും നിഷ്ക്രിയമായി കിടന്നു, സന്ധു പറഞ്ഞു. പക്ഷെ, ഇപ്രാവശ്യം, വെറുതെ കിട്ടുന്നതുകൊണ്ടും, മോദിക്കു പ്രത്യേക താല്പര്യം ഉള്ളതുകൊണ്ടും ഓരോ വീട്ടിലും എത്തിക്കണം എന്ന ലക്ഷ്യബോധം ഉള്ളതുകൊണ്ടും കുറേക്കൂടി ഫലപ്രദമായി ഈ സംരംഭം മുന്നോട്ടു പോകും എന്നുതന്നെ പ്രതീക്ഷിക്കണം, അദ്ദേഹം പറഞ്ഞു.

"ധാരാളം ജനങ്ങൾ അക്കൗണ്ട് തുറക്കാൻ കൂട്ടത്തോടെ വരുന്നത് ഭാവിയിൽ ഗവണ്മെന്റിന്റെ ക്ഷേമാനുകൂല്യങ്ങൾ അവർക്ക് കിട്ടുന്നത് ഈ അക്കൌണ്ടുകൾ വഴിയാണെന്നു കരുതിയിട്ടാണ്," പ്രാണ്‍ഗാർഹിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ പ്രീതി മാൾ പറയുന്നു.

പക്ഷെ, ഇപ്പോഴും തങ്ങിനില്ക്കുന്ന ചോദ്യം ഈ അക്കൌണ്ടുകൾ നിലനില്ക്കുമോ എന്നുള്ളതാണ്. പുതിയ ബാങ്ക് ഓഫീസുകൾ തുറക്കാൻ കഴിയാതെ വന്നപ്പോഴാണ്‍ 2006 ഇൽ പാകിസ്ഥാനിലും ബംഗ്ലാദേശിലും കെനിയയിലും പരീക്ഷിച്ചു ഒരു പരിധി വരെ വിജയമായ "ശാഖകളില്ലാത്ത ബാങ്ക്" എന്ന സമ്പ്രദായം ഇവിടെ പരീക്ഷിച്ചത്.

ഗ്രാമങ്ങൾ തോറുമുള്ള ഈ ബാങ്കിംഗ് ശൃംഖലയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു തരം മനുഷ്യ ATM എന്ന് പറയാവുന്ന "ബിസിനസ്‌ കറസ്പോണ്ടന്റ്സ്" എന്നറിയപ്പെടുന്ന ഇടനിലക്കാർ വഴിയാണീ സംവിധാനം പ്രവർത്തിക്കുന്നത്. ഇടപാടുകൾ നടക്കുന്നത് ഇവർ വഴിയായിരിക്കും - അതായത് നിക്ഷേപവും ചെറുകിട പിൻവലിക്കലുകളും മറ്റും - മുക്കിലും മൂലയിലും ഉള്ള ചെറിയ കടകൾ വഴി മൊബൈൽ ഫോണും ഒരു കമ്പ്യൂട്ടറും ഉപയോഗിച്ച് ഇവർ നടത്തും.

ഇത്തരം ഇടനിലക്കാരെ ഏർപ്പെടുത്തുന്നത് ലാഭമില്ലാത്ത കച്ചവടമാണെന്ന ബാങ്കുകളുടെ നയം ഇന്ത്യയിൽ ഈ ഒരു സമ്പ്രദായം പ്രവർത്തനക്ഷമമാക്കുന്നതിൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്."പുതിയ അക്കൗണ്ട് തുറക്കുന്നതൊക്കെ വളരെ എളുപ്പമുള്ള കാര്യമാണ്. പക്ഷേ, ഈ അക്കൗണ്ടുകൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്ത് അവയെ സജീവമായി നിലനിർത്താനുള്ള പരിപാടികളൊന്നും രാജ്യത്തൊരിടത്തും ആവിഷ്കരിച്ചിട്ടില്ല," ബാങ്കുകളേക്കാൾ രണ്ടിരട്ടി ബിസിനസ്‌ 10 സംസ്ഥാനങ്ങളിലായി സ്റ്റോർ ഉടമസ്ഥരുമായി ചേർന്ന് നടത്തുന്ന ഇക്കോ ഇന്ത്യ ഫിനാൻഷ്യൽ സർവീസസിന്റെ സഹസ്ഥാപകൻ അഭിഷേക് സിന്ഹ അഭിപ്രായപ്പെടുന്നു. "ആരും അത്തരം പ്രവർത്തനങ്ങളെ കണക്കിലെടുക്കുന്നില്ല."

ഓരോ വീടിനെയും ഓരോ ബാങ്കുമായി ബന്ധപ്പെടുത്താനുള്ള മോദിയുടെ ഈ പദ്ധതി ലക്‌ഷ്യം കാണുകയാണെങ്കിൽ ആയിരക്കണക്കിന് ബിസിനസ്‌ കറസ്പോണ്ടണ്ട്സിന്റെ ആവശ്യം രാജ്യത്തുണ്ടാകും. ആകെ രണ്ടു ലക്ഷം പേരെങ്കിലും വേണ്ടിവരും.

ഗിർധാപുർ ഗ്രാമത്തിലെ ബിസിനെസ്സ് കറസ്പോണ്ടന്റും സ്റ്റോർ ഉടമസ്ഥനുമായ രാകേഷ് കുമാറിന്റെ പരാതി ബാങ്ക് അയാൾക്ക് സമയത്തിനു പണം കൊടുക്കുന്നില്ല എന്നാണ്. സെപ്തംബർ മുതൽ ഇതുവരെ 276 പേരെ ബാങ്ക് അക്കൗണ്ട് തുടങ്ങാൻ താൻ സഹായിച്ചു എന്നും അവർക്കാർക്കും ഇതുവരെയും അക്കൗണ്ട് നമ്പറോ ഡെബിറ്റ് കാർഡോ കിട്ടിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ഈ ബഹളങ്ങൾക്കിടയിലും അംഗത്വ വിതരണ ക്യാമ്പുകളിൽ വരുന്ന എല്ലാവര്‍ക്കും അവരാരെന്നോ, അവർക്ക് അപ്പോൾ തന്നെ വേറെ അക്കൗണ്ട് ഉണ്ടെന്നോ എന്നൊന്നും നോക്കാതെ അക്കൗണ്ട് തുറന്നു കൊടുക്കുന്നുണ്ട് ബാങ്കുകൾ. സന്ധു തുടരുന്നു, "ഏറ്റവും അവസാനമിപ്പോൾ ഡ്യൂപ്ലിക്കേറ്റ് അക്കൗണ്ട് ഉണ്ടോന്നു പരിശോധിക്കാൻ കുടുംബചരിത്രം മുഴുവൻ സർവ്വേ നടത്തുകയാണ് ബാങ്കുകൾ‍."

നമ്മുടെ പാൽക്കാരൻ ശർമയ്കിപ്പോൾ പ്രതീക്ഷകളുണ്ട്, തന്റെ കച്ചവടമൊക്കെ വിപുലപ്പെടുത്താൻ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ.

"എനിക്കെപ്പോൾ കൂടുതൽ പണത്തിനാവശ്യം വന്നാലും അമ്മ അയല്പക്കത്തേക്ക് പോയി ചോദിക്കുകയാണ് പതിവ്," ശർമ പറയുന്നു. "ഇനി നിലയ്ക്കും വിലയ്കും അനുസരിച്ചൊരു ബാങ്ക് ലോണ്‍ കിട്ടിയാൽ ഞാനൊരു പശുവിനെകൂടി മേടിക്കും. "


Next Story

Related Stories