TopTop
Begin typing your search above and press return to search.

പ്രകാശ് ആംതെ, മന്ദാകിനി ആംതെ: മനുഷ്യരുടെയും മൃഗങ്ങളുടെയും ഡോക്ടര്‍മാര്‍

പ്രകാശ് ആംതെ, മന്ദാകിനി ആംതെ: മനുഷ്യരുടെയും മൃഗങ്ങളുടെയും ഡോക്ടര്‍മാര്‍

ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളില്‍ ഒരാളായ ബാബ ആംതെയുടെ മൂന്നാമത്തെ തലമുറയും സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ്. അദ്ദേഹത്തിന്റെ മകന്‍ ഡോ. പ്രകാശ് ആംതെയും ഭാര്യ ഡോ. മന്ദാകിനി ആംതെയും മഹാരാഷ്ട്രയിലെ ഗച്ചിറോളി ജില്ലയിലെ ഹേമല്‍ഖാസയിലെ പ്രാദേശിക സമൂഹങ്ങളുടെ ഉന്നമനത്തിനായി ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്നു. ഒപ്പം പ്രദേശത്തെ അനാഥരും പരിക്കേറ്റവരുമായ വന്യമൃഗങ്ങളെ ശിശ്രൂഷിക്കുന്നതിനുള്ള കേന്ദ്രമായും ഈ ഭിഷഗ്വര ദമ്പതികളുടെ വീട് മാറിയിരിക്കുന്നു.

ബാബ ആംതെ ആനന്ദവനില്‍ കുഷ്ടരോഗികളുടെ ജീവിതം മാറ്റി മറിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ ഹേമല്‍ഖാസയിലെ ജനങ്ങളുടെ ഇടയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്താനാണ് പ്രകാശും മന്ദാകിനിയും തീരുമാനിച്ചത്. റോഡും വൈദ്യുതിയും ഇല്ലാതിരുന്ന ഹേമല്‍ഖാസയില്‍ പട്ടിണിക്കാരായ മാദിയ-ഗോണ്ട ആദിവാസികളായിരുന്നു ഭൂരിപക്ഷവും. ഇവര്‍ വേട്ടായാടി ജീവിക്കുന്നവരായിരുന്നു. ഒരു ദിവസം അവര്‍ ഒരു തള്ളക്കുരങ്ങിനെ വേട്ടയാടി പിടിച്ചു. ചത്ത കുരങ്ങിന്റെ കുഞ്ഞ് അപ്പോഴും തള്ളയുടെ മുല കുടിക്കുന്നത് പ്രകാശിന്റെ ശ്രദ്ധയില്‍ പെട്ടു. അതിനെ എന്ത് ചെയ്യും എന്ത് ചോദിച്ചപ്പോള്‍ അതിനെയും കൊന്നു തിന്നും എന്നായിരുന്നു വിശപ്പടക്കാന്‍ മറ്റ് മാര്‍ഗമില്ലാത്ത നാട്ടുകാരുടെ ഉത്തരം. അതിനെ തനിക്ക് തരൂ പകരം അരി തരാം എന്നായി പ്രകാശ്. ബബ്ലി എന്ന ആ കുരങ്ങില്‍ നിന്നാണ് പുള്ളിപ്പുലിയും കുറുക്കനും പാമ്പുമടക്കം ഏകദേശം 20 ഓളം വന്യമൃഗങ്ങളുടെ സംരക്ഷണ കേന്ദ്രമായി ഈ വീട് വളര്‍ന്നത്. പരിക്കേറ്റതോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും അവശതകള്‍ ഉള്ളതോ ആയ വന്യമൃഗങ്ങളെ എവിടെ കണ്ടാലും ജനങ്ങള്‍ അത് ഡോക്ടര്‍ ദമ്പതികളുടെ വീട്ടില്‍ എത്തിക്കും.

ആദ്യമൊക്കെ മൃഗങ്ങളെ തുറന്നു വിടുകയായിരുന്നു പതിവ്. ജനങ്ങളുമായി വളരെ ഇണങ്ങി അവര്‍ ജീവിച്ചു. ഗ്രാമീണരോടൊപ്പം ആറ്റിലേക്ക് മൃഗങ്ങള്‍ കുളിക്കാന്‍ പോകുന്നതൊക്കെ തന്റെ കുട്ടിക്കാലത്തെ സാധാരണ കാഴ്ചയായിരുന്നുവെന്ന് ഡോ. പ്രകാശ് ആംതെയുടെ പുത്രന്‍ ഡോ. അങ്കിത് ആംതെ പറയുന്നു. പിന്നീട് അധികാരികള്‍ ഇടപെട്ട് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് അവയെ കൂടുകളില്‍ ആക്കാന്‍ തുടങ്ങി. നിരവധി മൃഗങ്ങളുടെ സംരക്ഷണ കേന്ദ്രമായിരുന്ന വീട്ടില്‍ ഇപ്പോള്‍ വെറും 90 എണ്ണം മാത്രമാണുള്ളത്. കാരണം, പരമ്പരാഗതമായി വേട്ടയാടി ജീവിച്ചിരുന്ന ഗോണ്ട ആദിവാസികള്‍ ഇപ്പോള്‍ അപൂര്‍വമായി മാത്രമേ വേട്ടയാടുന്നുള്ളു. കാരണം, 1973 മുതല്‍ അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രകാശും മന്ദാകിനിയും അത്രമേല്‍ മാറ്റങ്ങളാണ് ഈ സമൂഹത്തിന് മേല്‍ സൃഷ്ടിച്ചിരിക്കുന്നത്.

വെറും രോഗ ശിശ്രൂഷയില്‍ മാത്രം ഒതു്ങ്ങുന്നതായിരുന്നില്ല അവരുടെ പ്രവര്‍ത്തനങ്ങള്‍. കുട്ടികള്‍ക്ക് മരത്തണലില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കി. കാടിനെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു സമൂഹത്തിന് കൃഷിയുടെ ബാലപാഠങ്ങള്‍ അവര്‍ പകര്‍ന്നു കൊടുത്തു. ഒരു സ്‌കൂള്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ അവിടെ 400 ആദിവാസി കുട്ടികള്‍ പഠിക്കുന്നു. മരത്തണലില്‍ വിദ്യ അഭ്യസിച്ചിരുന്ന കുട്ടികളില്‍ പലരും ഇന്ന് ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്. ഈ മാറ്റങ്ങളുടെ ചാലകശക്തികളായ പ്രകാശിനും മന്ദാകിനിക്കും 2008ല്‍ മാഗ്‌സാസെ പുരസ്‌കാരം ലഭിച്ചു. ഇവരുടെ മക്കാളായ ദിഗന്ത്, അങ്കിത്, ആര്‍തി എന്നിവരും സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നു. സാര്‍ത്ഥകമായി ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിന് ബാബ ആംതെയുടെ നാലാം തലമുറയും മുന്നോട്ട് വരികയാണ്.

വായനയ്ക്ക്: https://goo.gl/Ib4Azv


Next Story

Related Stories