TopTop
Begin typing your search above and press return to search.

സ്ത്രീ അഭിപ്രായം പറഞ്ഞാല്‍ പൊതുസമൂഹം കടിച്ചുകീറാന്‍ വരുന്നു; അഡ്വ.യു പ്രതിഭ ഹരി/അഭിമുഖം

സ്ത്രീ അഭിപ്രായം പറഞ്ഞാല്‍ പൊതുസമൂഹം കടിച്ചുകീറാന്‍ വരുന്നു; അഡ്വ.യു പ്രതിഭ ഹരി/അഭിമുഖം

പതിനാലാം കേരള നിയമസഭയില്‍ ഇത്തവണ പുതുമുഖങ്ങള്‍ ഏറെയുണ്ട്. അവരില്‍ ഏറെ പ്രതീക്ഷകളാണ് സംസ്ഥാനത്തിനുള്ളത്. സഭയിലെ കന്നിയംഗങ്ങളായവര്‍ തങ്ങളുടെ ഓദ്യോഗികജീവിതം ആരംഭിക്കുന്നത് ഒട്ടേറെ ലക്ഷ്യങ്ങളുമായാണ്. ഓരോരുത്തരും അവരുടെ മണ്ഡലത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന പദ്ധതികളും ജനപ്രതിനിധിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുകയാണ് ഈ പരമ്പരയിലൂടെ.

കെ പി സി സി ജനറല്‍ സെക്രട്ടറി എം ലിജുവിനെ തോല്പ്പിച്ചു കായംകുളം മണ്ഡലത്തില്‍ നിന്ന് കന്നി മത്സരത്തില്‍ തന്നെ നിയമസഭയിലെത്തിയ അഡ്വ.യു പ്രതിഭ ഹരിയുമായി അഴിമുഖം പ്രതിനിധി നിതിന്‍ അംബുജന്‍ നടത്തിയ സംഭാഷണം.

നിതിന്‍: സത്രീകള്‍ക്കും വനിതകള്‍ക്കും രാഷ്ട്രീയനേതൃത്വങ്ങളിലും പാര്‍ലമെന്ററി രംഗത്തും പ്രാതിനിധ്യം നിഷേധിക്കപ്പെടുന്നു എന്ന ആക്ഷേപം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് താങ്കളെ പോലുള്ളവര്‍ നിയമസഭയില്‍ എത്തുന്നതും?

പ്രതിഭ ഹരി: ഇരുപത്തി രണ്ടാം വയസില്‍ ഗ്രാമപഞ്ചായത് അംഗവും ഇരുപത്തിയഞ്ചാം വയസ്സില്‍ ജില്ലാ പഞ്ചായത് പ്രസിഡന്റും ആവാന്‍ അവസരം കിട്ടിയ ആളാണ് ഞാന്‍. എല്‍എല്‍ബിക്ക് പഠിച്ച് കൊണ്ടിരിക്കുമ്പോഴാണ് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. യുവജനതയെ മുന്നോട്ടു കൊണ്ടുവരുന്നതില്‍ എന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുന്‍പന്തിയിലാണ്.

നി: ചെറുപ്രായത്തില്‍ രാഷ്ട്രീയത്തിലിറങ്ങി എന്നു പറഞ്ഞു. വെല്ലുവിളികള്‍ സ്വാഭാവികമായും ഉണ്ടായിരിക്കും. എത്തരത്തിലാണ് അതിനെയൊക്കെ നേരിട്ടത്?

പ്ര: സത്യം പറഞ്ഞാല്‍ അക്കാലത്തു എനിക്ക് വെല്ലു വിളികള്‍ ഉണ്ടായിരുന്നില്ല. ആദ്യം പ്രതിപക്ഷ മെമ്പര്‍ ആയിട്ടാണ് തുടക്കം. പിന്നെ ആകെ പറയാനുണ്ടാവുക പ്രായ വ്യത്യാസം മാത്രമാണ്. അതു ഞാന്‍ പ്രവര്‍ത്തനങ്ങളിലൂടെ മാറ്റിയെടുത്തു.

നി: ഇത്തവണ കായംകുളത്തില്‍ രണ്ടു യുവജനസംഘടന നേതാക്കള്‍ ആയിരുന്നു മത്സരത്തിന്. എം ലിജു വിന്റെ സ്ഥാനാര്‍ത്ഥിത്വം എത്രമാത്രം വെല്ലുവിളിയായിരുന്നു?

പ്ര: കായംകുളം എല്‍ഡിഎഫിന്റെ സിറ്റിങ് മണ്ഡലം ആയിരുന്നല്ലോ. പക്ഷെ എം ലിജുവിനെ പറ്റി നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മാധ്യമങ്ങള്‍ക്കെല്ലാം പ്രിയങ്കരനും പരിചയക്കാരനും ആയിരുന്നു അദ്ദേഹം. അദ്ദേഹം എല്ലായിടത്തും നല്ല രീതിയില്‍ ക്യാമ്പയിനുകള്‍ സംഘടിപ്പിച്ചു. അതുകൊണ്ടാകാം ഭൂരിപക്ഷം അല്പം കുറഞ്ഞു പോയത്. നല്ല മത്സരമാണ് അദ്ദേഹം കാഴ്ച വെച്ചത്.

ഞാന്‍ തികഞ്ഞ ആത്മവിശ്വാസത്തില്‍ ആയിരുന്നു. എന്നാല്‍ പല സര്‍വേകളിലും എന്റെ വിജയത്തെ പറ്റി സംശയം ആയിരുന്നു. തുറന്നു പറയുകയാണ്, കൈരളി ചാനലില്‍ പോലും എന്റെ കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചു കൊണ്ടുള്ള സര്‍വേ ആണ് വന്നത്. അതു മറ്റൊരു തരത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ സഹായിക്കുകയല്ലേ ചെയ്തത്? പക്ഷെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിലടക്കം നാട്ടില്‍ സജീവമായി ഇടപെടലുകള്‍ നടത്തിയിരുന്നൊരാളായിരുന്നു ഞാന്‍. അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടികള്‍ സ്വീകരിച്ചു, ചെറുപ്പത്തിന്റെ എല്ലാ ഊര്‍ജവും എടുത്ത് വികസന കാര്യങ്ങളില്‍ പരിശ്രമിച്ചു. അപ്പോള്‍ ഇതില്‍ കൂടുതല്‍ ഭൂരിപക്ഷം കിട്ടേണ്ടതായിരുന്നു. അവിടെയെല്ലാം ഈ മാധ്യമങ്ങളുടെ ഇടപെടല്‍ തിരിച്ചടിയായി എന്നു കരുതുന്നു. വോട്ടെണ്ണലിന്റെ തലേദിവസം വരെ ഏഷ്യാനെറ് അടക്കമുള്ള ചാനലുകളില്‍ ഞാന്‍ തോല്‍ക്കും എന്നു തന്നെയാണ് പറഞ്ഞത്. ഒരു സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നതിന് മാനദണ്ഡം ചാനല്‍ ചര്‍ച്ചകള്‍ക്കു പങ്കെടുക്കുന്നതാണോ? അങ്ങനെയാണെങ്കില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ജയിക്കേണ്ടതല്ലേ? ഒരാളെയും മോശപ്പെടുത്താന്‍ പറഞ്ഞതല്ല. പക്ഷെ മാധ്യമങ്ങള്‍ തെറ്റിദ്ധാരണജനകമായ വാര്‍ത്തകള്‍ നല്‍കരുത്. കൈരളിയേക്കാളും മനോരമ എന്നെ പിന്തുണച്ചു എന്നാണ് തോന്നുന്നത്.നി: മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ സഭയില്‍ സ്ത്രീ പ്രാതിനിധ്യം കൂടുതലാണ്. അതുകൊണ്ടു തന്നെ സ്ത്രീ സമൂഹം നിങ്ങളില്‍ നിന്നെല്ലാം ഒരുപാട് നല്ല കാര്യങ്ങള്‍പ്രതീക്ഷിക്കുന്നുണ്ട്...

പ്ര: തീര്‍ച്ചയായും നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും. ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. എട്ടു വനിതകള്‍ ഉണ്ട്. അതും ഒരേ മുന്നണിയില്‍നിന്നു, ഒരേ രാഷ്ട്രീയ കാഴ്ചപാടുള്ളവര്‍. അപ്പോള്‍ നമുക്ക് സ്വസ്ഥമായി ചര്‍ച്ചകള്‍ നടത്തുവാനും നടപടികള്‍ കൈകൊള്ളുവാനും കഴിയും. ഞങ്ങള്‍ പ്രതീക്ഷ തെറ്റിക്കില്ല.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് നമുക്ക് രണ്ടു വനിത മന്ത്രിമാരെ കിട്ടുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ അവസ്ഥ എന്തായിരുന്നു? ഒരു മന്ത്രിയെ തന്നെ കിട്ടിയ കാര്യം എങ്ങനെയാണ് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വിജയ സാധ്യത ഉള്ള സീറ്റുകള്‍ തന്നെയാണ് നേതൃത്വം ഞങ്ങള്‍ക്ക് തന്നത്. ഒരു തരത്തിലുള്ള ഒഴിച്ചു നിര്‍ത്തലുകളും നടത്തിയിട്ടില്ല. നല്ല കാര്യങ്ങള്‍ സ്ത്രീകള്‍ക്കു വേണ്ടി ചെയ്യണം എന്നുള്ളത് കൊണ്ടാണല്ലോ അത്തരത്തിലുള്ള നടപടികള്‍ തുടക്കം മുതല്‍ മുന്നണി സ്വീകരിച്ചത്.

നി: മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്?

പ്ര: ഹരിത മണ്ഡലം, ശുചിത്വ മണ്ഡലം, സ്ത്രീ സൌഹൃദ മണ്ഡലം; ഈ മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചുള്ള വികസനമായിരിക്കും മണ്ഡലത്തില്‍ നടപ്പിലാക്കുക.

ഹരിത മണ്ഡലം എന്നത് കൊണ്ടു ഉദ്ദേശിക്കുന്നത് കൃഷി തന്നെയാണ്. കായംകുളം മണ്ഡലത്തില്‍ കൃഷി ഇല്ലാതായ അവസ്ഥയാണ്. ആറു പഞ്ചായത്തിലും കൃഷി ഓഫിസുകളും മറ്റു ബന്ധപ്പെട്ട കാര്യങ്ങളൊക്കെയുണ്ട്. ലഭ്യമായ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഉപയോഗിച്ചു കൊണ്ടു ഒരു കാര്‍ഷിക സൗഹൃദ മണ്ഡലമായി കായംകുളത്തെ മാറ്റണം. എള്ള് , നെല്ല്, ഇടവിളകള്‍ ഇവയെല്ലാം ഒരു കാലത്ത് സുലഭമായി വിളഞ്ഞിരുന്ന ഇടമാണ്. ഇപ്പോള്‍ അതിന്റെയൊക്കെ നിഴലേ ഉള്ളു. നഷ്ടമായതൊക്കെ തിരികെ കൊണ്ടു വരണം.

അതുപോലെ മാലിന്യ പ്രശ്‌നം രൂക്ഷമാണ്. കുളങ്ങളും തോടുകളുമൊക്കെ വൃത്തിയാക്കി സംരക്ഷിക്കും. അതാണ് ശുചിത്വ മണ്ഡലം കൊണ്ട് ഉദ്ദേശിക്കുന്നത്.

വനിതകളുടെ സുരക്ഷിതം ലക്ഷ്യംവെച്ചു നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെയാണ് സ്ത്രീ സൌഹൃദ മണ്ഡലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ മണ്ഡലത്തിലെ ജനപ്രതിനിധികളെ വിളിച്ചു കൂട്ടി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനം എടുക്കും.

നി: തലശേരി ദളിത് വിഷയത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് പി പി ദിവ്യക്കെതിരെയുള്ള ആരോപണങ്ങളെ പറ്റി എന്താണ് അഭിപ്രായം?

പ്ര: സ്ത്രീകള്‍ ചില കാര്യങ്ങള്‍ പറയുമ്പോള്‍ അതിനെ പെരുപ്പിച്ചു കാട്ടി പ്രശ്‌നമുണ്ടാക്കാന്‍ ഇവിടെ പൊതു സമൂഹത്തിന് ഒരു പ്രത്യേക താത്പര്യമുണ്ട്. അതുതന്നെയാണ് ദിവ്യയുടെ കാര്യത്തിലും കണ്ടത്. ജിഷയെ പറ്റി വരെ എന്തൊക്കെ രീതിയിലാണ് മാധ്യമങ്ങള്‍ എഴുതി പിടിപ്പിച്ചത്? സ്ത്രീ അഭിപ്രായം പറയുമ്പോള്‍ കടിച്ചു കീറാന്‍ വരുന്ന സ്വഭാവം കേരള സമൂഹം മാറേണ്ടിയിരിക്കുന്നു. മാറേണ്ട കാലം കഴിഞ്ഞു. ഇനിയെങ്കിലും മാറ്റമാവരുമെന്നു പ്രതീക്ഷിക്കാം. തലശേരി വിഷയം വെറും രാഷ്ട്രീയ പ്രേരിതം മാത്രമാണ്. അതില്‍ പി പി ദിവ്യയെയും ഷംസീറിനെയും ഒന്നും വെറുതെ അനാവശ്യമായി വലിച്ചിഴക്കേണ്ടതില്ല .

(മാധ്യമ വിദ്യാര്‍ത്ഥിയാണ് നിതിന്‍ അംബുജന്‍)


Next Story

Related Stories