പ്രവാസം

പ്രളയം: പ്രവാസികളുടെ നഷ്ടപരിഹാരം ഉറപ്പ് വരുത്താന്‍ നോര്‍ക്ക പ്രത്യേക സെല്‍ രൂപീകരിക്കണം

വിവിധ ഭരണ തലങ്ങളില്‍ നിന്നും നഷ്ടപരിഹാരത്തിനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അത് നേരിട്ടെത്തി സമര്‍പ്പിക്കാന്‍ പ്രവാസികള്‍ക്ക് സാധ്യമല്ല.

കേരളത്തിലെ പ്രളയത്തെ തുടര്‍ന്ന് വീടുകളുള്‍പ്പെടെ നഷ്ടപ്പെട്ട പ്രവാസികളുടെ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നോര്‍ക്കയുടെ കീഴില്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്ന് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച പ്രവാസികളായ പ്രളയ ബാധിതരുടെ സംഗമം ആവശ്യപ്പെട്ടു. വിവിധ ഭരണ തലങ്ങളില്‍ നിന്നും നഷ്ടപരിഹാരത്തിനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അത് നേരിട്ടെത്തി സമര്‍പ്പിക്കാന്‍ പ്രവാസികള്‍ക്ക് സാധ്യമല്ല. ഇത് പ്രവാസികളായ ദുരിതബാധിതര്‍ക്ക് നഷ്ട പരിഹാരം നഷ്ടപ്പെടാന്‍ ഇടയാകും. ഇത് മുന്നില്‍ കണ്ട് പ്രവാസികളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തികള്‍ നോര്‍ക്ക ഏറ്റെടുക്കണമെന്നും ഇതിനായി പ്രത്യേക സെല്ലിന് കീഴില്‍ ജില്ല തലങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് ആരംഭിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഇരകളുള്‍പ്പെടെയുളളവരുടെ ഒപ്പോടുകൂടിയ നിവേദനം സമര്‍പ്പിക്കും.

വിവിധ രാജ്യങ്ങളിലെ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസിക്ഷേമ ഫണ്ടുകളില്‍ നിന്നും പ്രളയത്തില്‍ പ്രവാസികള്‍ക്ക് സംഭവിച്ച നഷ്ടത്തിന്റെ സര്‍ക്കാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ സാധ്യമായ സഹയാങ്ങള്‍ ചെയ്യണമെന്നും സംഗമം ആവശ്യപ്പെട്ടു. കള്‍ച്ചറല്‍ ഫോറം ഹാളില്‍ നടന്ന പരിപാടിയില്‍ കേരളത്തിലെ പ്രളയദുരിതബാധിത ജില്ലകളില്‍ നിന്നുളള നൂറോളം ആളുകള്‍ പങ്കെടുത്തു. പതിറ്റാണ്ടുകളുടെ പ്രവാസി ജീവിതത്തിനിടയിലെ ഏക സമ്പാദ്യമായിരുന്ന വീടുള്‍പ്പെടെ നഷ്ടപ്പെട്ടവര്‍ അവരുടെ അനുഭവങ്ങള്‍ പങ്ക് വെച്ചു. സംഗമം കള്‍ച്ചറല്‍ ഫോറം ആക്ടിംഗ് പ്രസിഡന്റ് ശശിധര പണിക്കര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വികസന കാഴ്ച്ചപ്പാട് മാറണമെന്നും പരിസ്ഥിതി സൗഹ്യദമായ വികസന സംസ്‌കാരം ഉയര്‍ന്ന് വരണമെന്നും അദ്ദേഹം പറഞ്ഞു.

വൈസ് പ്രസിഡന്റ് സുഹൈല്‍ ശാന്തപുരം അധ്യക്ഷത വഹിച്ചു. പ്രളയത്തെ നേരിടുന്നതില്‍ ഒറ്റക്കെട്ടായി കേരളം നിന്നത് ലോകത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ച വിവിധ നഷ്ടപരിഹാരങ്ങളെ കുറിച്ചും അതിനുളള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട രീതികളെ കുറിച്ചും കള്‍ച്ചറല്‍ ഫോറം സെക്രട്ടറി റജായി മേലാറ്റൂര്‍ സംസാരിച്ചു. നോര്‍ക്കക്ക് നല്‍കുന്ന നിവേദനം കള്‍ച്ചറല്‍ ഫോറം ജനറല്‍ കൗണ്‍സില്‍ അംഗം അഫ്‌സല്‍ ടി.എ അവതരിപ്പിച്ചു. പ്രളയ നഷ്ടങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വെച്ച് ഷൈല്‍ ഏലിയാസ് ഒല്ലൂര്‍, വല്‍സന്‍ സി.ആര്‍ നായരമ്പലം, ഷറഫുദ്ധീന്‍ ആലുവ, പ്രകാശ് കുമാര്‍ ചെങ്ങന്നൂര്‍, സന്തോഷ് കുമാര്‍ ചെങ്ങന്നൂര്‍, ശരത് മാവേലിക്കര, ടോണി ജോസഫ് ഇടുക്കി, ഖലീല്‍ റഹ്മാന്‍ ആലുവ തുടങ്ങിയവര്‍ സംസാരിച്ചു. കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറി സാദിഖ് ചെന്നാടന്‍ സമാപന പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഫി സംബന്ധിച്ചു. കള്‍ച്ചറല്‍ ഫോറം സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതവും സംസ്ഥാന സമിതി അംഗം തഹ്‌സീന്‍ അമീന്‍ നന്ദിയും പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍