ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ.) ശീതീകരിച്ച 48 ബസ് ഷെല്ട്ടറുകള്കൂടി തുറന്നു. ഇതോടെ എമിറേറ്റിലെ ആകെ ഷെല്‍ട്ടറുകളുടെ എണ്ണം 884 ആയി. ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കില്‍ ഒമ്പതും അക്കാദമിക് സിറ്റിയില്‍ രണ്ടും ഷെല്‍ട്ടറുകള്‍ പുതിയവയില്‍ ഉള്‍പ്പെടുന്നു. ദുബായ് ഇന്‍ഡസ്ട്രിയല്‍ സിറ്റി, ദുബായ് ഇന്‍ര്‍നെറ്റ് സിറ്റി, ജെ.എല്‍.ടി.ഭാഗങ്ങളിലാണ് മറ്റ് പുതിയ ഷെല്‍ട്ടറുകള്‍.
പത്ത് ഷെല്ട്ടറുകള്കൂടി വൈകാതെ തുറക്കുമെന്നും ആര്.ടി.എ.ഡയറക്ടര്‍ ജനറല്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു. വൈദ്യുതി വിതരണത്തിന് തടസ്സം നേരിടുന്ന ഉള്‍പ്രദേശങ്ങളില്‍ സൗരോര്‍ജംകൊണ്ട് പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടറുകളും പരിഗണനയിലുണ്ട്. ഇത്തരത്തിലുള്ള രണ്ടെണ്ണം പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചുവരികയാണ്. എയര്‍ കണ്ടീഷണറും വിളക്കുമുള്ളവയായിരിക്കും ഈ ഷെല്ട്ടറുകളുമെന്ന് അദ്ദേഹം വിശദീകരിച്ചു.
വേനല്‍ക്കാലത്ത് യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഉറപ്പുവരുത്താനാണ് ശീതീകരിച്ച ബസ് ഷെല്‍ട്ടറുകള്‍ വ്യാപകമാക്കുന്നത്. ഓരോ മാസവും 12 ലക്ഷം പേരാണ് ആര്.ടി.എ. യുടെ ബസുകളില്‍ യാത്രചെയ്യുന്നത്. പൊതുഗതാഗത സംവിധാനത്തിലേക്ക് ആളുകളെ കൂടുതലായി ആകര്‍ഷിക്കാനായാണ് അത്തരം സംവിധാനങ്ങള്‍ ഒരുക്കുന്നത്. 2020 ആവുമ്പോഴേക്കും പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. 2030 ആവുമ്പോഴേക്കും അതില്‍ മുപ്പത് ശതമാനവും വര്‍ധനയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.