Top

ശമ്പള വര്‍ദ്ധനവിനായി ന്യൂസിലാന്‍ഡില്‍ രാജ്യവ്യാപകമായി നഴ്‌സുമാരുടെ പണിമുടക്ക്

ശമ്പള വര്‍ദ്ധനവിനായി ന്യൂസിലാന്‍ഡില്‍ രാജ്യവ്യാപകമായി നഴ്‌സുമാരുടെ പണിമുടക്ക്
ന്യൂസിലന്‍ഡില്‍ മുപ്പത് വര്‍ഷത്തിനിടെ ആദ്യമായി നഴ്‌സുമാര്‍ രാജ്യവ്യാപകമായി പണിമുടക്കിയപ്പോള്‍ ശസ്ത്രക്രിയകള്‍വരേ റദ്ദാക്കി ആശുപത്രികളില്‍ നിന്നും രോഗികളെ ഡിസ്ചാര്‍ജ് ചെയ്യേണ്ട സ്ഥിതിയായി. സര്‍ക്കാറും നഴ്‌സുമാരും തമ്മിലുള്ള മാസങ്ങള്‍ നീണ്ട ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് നഴ്‌സുമാര്‍ വ്യാഴാഴ്ച മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചത്. ശീതകാലം രോഗങ്ങള്‍ വ്യാപകമാകുന്നതിനിടെയുള്ള പണിമുടക്ക് ആശുപത്രികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 'ബി ഫെയര്‍ ദോസ് ഹൂ കെയര്‍' എന്ന മുദ്രാവാക്യങ്ങളുമായി നഴ്‌സുമാര്‍ പ്രധാന നഗരങ്ങളിലെല്ലാം റാലികള്‍ നടത്തുകയാണ്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും രാജ്യംകണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ പ്രതിഷേധ പ്രകടങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ കുറഞ്ഞ വേതനത്തിന് വേണ്ടി അമിതമായി ജോലി ചെയ്ത് തങ്ങള്‍ എരിഞ്ഞു തീരുകയാണെന്ന് നഴ്‌സുമാര്‍ പറയുന്നു. എന്നാല്‍, അത്യന്തം നിരാശാജനകമായ നടപടിയാണിതെന്ന് ആക്ടിംഗ് പ്രധാനമന്ത്രിയായ വിന്‍സ്റ്റണ്‍ പീറ്റേഴ്‌സ് പറഞ്ഞു. 12.5 ശതമാനം വേതന വര്‍ദ്ധനവെന്ന പുതിയ വാഗ്ദാനമാണ് നിരസിക്കപ്പെട്ടതെന്നും, കഴിഞ്ഞ സര്‍ക്കാരിന്റെ ഒമ്പതു വര്‍ഷത്തെ അവഗണനയുടെ ഭാഗമായി ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. 12.5% നും 15.9% നും ഇടയില്‍ വേതന വര്‍ദ്ധനവ് രണ്ടു വര്‍ഷത്തിനകം നടപ്പാക്കണം എന്നാണ് ന്യൂസിലാന്‍ഡ് നഴ്‌സസ് ഓര്‍ഗനൈസേഷന്‍ ആവശ്യപ്പെടുന്നത്.ആശുപത്രികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും രോഗികളെ സുരക്ഷിതമാക്കുന്നതിനുമായി 5000 നഴ്‌സുമാര്‍ ജോലിയില്‍ തുടരുന്നുണ്ട്. പ്രകൃതി ദുരന്തമോ മറ്റെന്തെങ്കിലും അടിയന്തിര വിഷയങ്ങളോ ഉണ്ടായാല്‍ നേരിടാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ എത്രയും പെട്ടന്നുതന്നെ കൈകൊള്ളുമെന്ന് വാഗ്ദാനം നല്‍കിയ നിലവിലെ തൊഴിലാളി സഖ്യം ഗവണ്‍മെന്റ് തൊഴിലാളികളുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തിയതാണെന്ന് പ്രതിപക്ഷ പാര്‍ട്ടിയുടെ വക്താവ് മൈക്കല്‍ വുഡ്‌ഹൌസ് പറഞ്ഞു.

16% വേതനം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആഗസ്ത് 15 മുതല്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകരും രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബസ് ഡ്രൈവര്‍മാര്‍, സിനിമാ തൊഴിലാളികള്‍, ഫാസ്റ്റ് ഫുഡ് തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം കഴിഞ്ഞ രണ്ടുമാസത്തിനിടെ കൂലി വര്‍ധിപ്പിക്കണം എന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു.


Next Story

Related Stories