ഖത്തറില്‍ തൊഴില്‍ നിയമം പാലിക്കാത്ത 12000 ത്തോളം കമ്പനികളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയതായി റിപ്പോര്‍ട്ട്. തൊഴിലാളികളില്‍ നിന്നും കമ്പനികള്‍ റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കുന്നതിനെതിരെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായിച്ചേര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
തൊഴിലാളികള്‍ക്ക് പരമാവധി സുരക്ഷയും സംതൃപ്തിയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നിയമസംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ വര്‍ഷം പകുതിയോടെ തന്നെ 19000 പരിശോധനകളാണ് തൊഴില്‍മേഖലയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. ഇത്തരത്തില്‍ തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായാണ് രാജ്യം മുന്നോട്ടുപോകുകയാണെന്നു ദോഹയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി കാണിച്ച് ദ ഗാര്‍ഡിയന്‍ പത്രം നല്‍കിയ റിപ്പോര്‍ട്ടിനോട് പ്രതികരിക്കവെ ബ്രിട്ടനിലെ ഖത്തര്‍ ഉപസ്ഥാനപതി ശൈഖ് ഥാമര്‍ ബിന്‍ ഹമദ് അല്‍ത്താനി പറഞ്ഞു.
തൊഴിലാളികളില്‍ നിന്നും കമ്പനികള്‍ റിക്രൂട്ട്മെന്റ് ഫീസ് ഈടാക്കുന്നതിനെതിരെയും കര്‍ശന നപടികളാണ് തൊഴില്‍ മന്ത്രാലയം സ്വീകരിക്കുന്നത്. രാജ്യത്ത് നിയമലംഘനം നടത്തുന്ന തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍മന്ത്രാലയവും നേരത്തെ അറിയിച്ചിരുന്നു.