അയല്‍ രാജ്യങ്ങള്‍ ഖത്തറിന് മേൽ അടിച്ചേല്‍പ്പിച്ച ഉപരോധം അതിജീവിക്കാന്‍ സാധിച്ചതായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ രാജ്യങ്ങള്‍ തമ്മില്‍ ബഹുമാനിക്കാന്‍ തയ്യാറാവണമെന്നും നിലവിലെ പ്രതിസന്ധി ജി.സി.സിയെ ദുര്‍ബലപ്പെടുത്തിയെന്നും അമീര്‍ പറഞ്ഞു. മജ്‌ലിസ് ശൂറയുടെ നാല്‍പ്പത്തേഴാമത് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗള്‍ഫ് പ്രതിസന്ധിക്ക് ശേഷം ഖത്തര്‍ സാമ്പത്തികമായി ശക്തിപ്പെടുകയാണുണ്ടായത്. ഭക്ഷ്യ സുരക്ഷയും വെള്ളവും ഉറപ്പ് വരുത്താന്‍ കഴിഞ്ഞതായും അമീര്‍ വ്യക്തമാക്കി. രാജ്യത്തിന്റെ കയറ്റുമതി പതിനെട്ട് ശതമാനം വര്‍ദ്ധിച്ചതായും അമീര്‍ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വിലയ പ്രകൃതി വാതകം കയറ്റി അയക്കുന്ന രാജ്യം എന്ന പേര് നിലനിര്‍ത്താന്‍ കഴിഞ്ഞത് രാജ്യത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം സര്‍ക്കാറിന്റെ ചെലവ് ഇരുപത് ശതമാനം കുറഞ്ഞതായി അമീര്‍ തന്റെ പ്രസംഗത്തില്‍ വെളിപ്പെടുത്തി. എണ്ണയെ മാത്രം ആശ്രയിക്കുന്നതിന് പകരം വിവിധ മേഖലയെ സാമ്പത്തിക സ്രോതസ്സായി കാണുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഖത്തര്‍ ഈ വര്‍ഷം 2.8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉപരോധ കാലത്ത് രാജ്യത്ത് ഫാക്ടറികളുടെ എണ്ണത്തില്‍ പതിനാല് ശതമാനം വര്‍ദ്ധനവുണ്ടായതായി അമീര്‍ വ്യക്തമാക്കി.
ചര്‍ച്ചകളിലൂടെ മാത്രമെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടു. മേഖലയില്‍ ഇത്തരം പ്രതിസന്ധികള്‍ അംഗ രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടാകുമ്പോള്‍ ജി.സി.സി ദുര്‍ബലപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.