TopTop
Begin typing your search above and press return to search.

വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യം റാപ് പാടി ആഘോഷിച്ച്‌ സൗദി യുവതി

വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യം റാപ് പാടി ആഘോഷിച്ച്‌ സൗദി യുവതി

സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷം ലീസ എന്ന സൗദി വനിതാ ആഘോഷിച്ചത് റാപ് പാട്ടിലൂടെയായിരുന്നു. ജൂണ്‍ 24 നു ഇറക്കിയ വീഡിയോ ഇതിനോടകം 11 ലക്ഷം പേര്‍ ലൈക്ക് ചെയ്തു കഴിഞ്ഞു. സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള നിരോധനം സൗദി അറേബ്യ ഔദ്യോഗികമായി നീക്കിയത് കഴിഞ്ഞ മാസം ആണ്.ലൈസന്‍സുകള്‍ നേരത്തെ നല്‍കിത്തുടങ്ങിയിരുന്നു. ഇപ്പോള്‍ ലൈസന്‍സ് എടുത്തതിന്റെ അഞ്ചിരട്ടിയിലധികം സ്ത്രീകള്‍ ലൈസന്‍സ് എടുത്തിട്ടില്ല. 2020 ആകുമ്പോഴേക്കും മിക്ക സ്ത്രീകളും ലൈസന്‍സ് നേടുമെന്നാണ് കരുതുന്നത്. സൗദിയിലെ ദശാബ്ദങ്ങള്‍ നീണ്ട ഈ നിരോധനത്തിന് അന്ത്യം കുറിച്ചത്തോടെ അറേബ്യന്‍ രാജ്യങ്ങളിലെ ഒരു ചരിത്ര മുഹൂര്‍ത്തമായിട്ടിത് മാറി.

സൗദിയില്‍ സ്ത്രീകള്‍ ഡ്രൈവ് ചെയ്തു തുടങ്ങിയിരിക്കുന്നു. റോഡുകളില്‍, ഹൈവേകളില്‍, കോസ് വേകളില്‍, ഇക്കാലമത്രയും നിഷേധിക്കപ്പെട്ടിരുന്ന തങ്ങളുടെ പാതി ഇടം അവര്‍ക്ക് കൈ വന്നിരിക്കുകയാണ്. ലിനിസ്റ്റര്‍ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ ഡ്രൈവിങ്ങില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ ആണ് മാന്യത പാലിക്കുന്നത് എന്നൊരു കണ്ടെത്തല്‍ അടുത്തിടെ നടന്നിട്ടുണ്ട്. സൗദിയിലെ പുതിയ പരിഷ്‌ക്കാരവും, ഡ്രൈവിങ് കള്‍ച്ചര്‍ ഇവയുടെ പശ്ചാത്തലത്തില്‍ പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകനും, കോളമിസ്റ്റുമായ താരിഖ് സി എച്ച് പങ്കു വെയ്ക്കുന്ന ഒരു അനുഭവം വളരെ രസകരമാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖത്തര്‍ ജീവിതകാലത്ത് നടന്ന ഒരു കഥയാണ്. ദോഹയിലെ ഒരു പ്രധാന ഷോപ്പിംഗ് സെന്ററിലേക്ക് ഒരു ഖത്തറി യുവതി ഷോപ്പ് ചെയ്യാന്‍ വരുന്നു. ലാന്‍ഡ് ക്രൂയിസര്‍ ഓടിക്കുന്നത് വീട്ടു ഡ്രൈവര്‍ ആയ മലയാളി. ഷോപ്പിംഗ് സെന്ററിന് മുന്നിലെ പോക്കറ്റ് പാര്‍ക്കിങ്ങില്‍ ഒന്നില്‍ ഡ്രൈവര്‍ ക്രൂയിസര്‍ പാര്‍ക്ക് ചെയ്യുന്നു. തൊട്ടു പിറകിലായി പാര്‍ക്ക് ചെയ്തിരിക്കുന്നത് ഒരു പുത്തന്‍ തൂവെള്ള ബെന്‍സ്. യുവതി ഷോപ്പിംഗിനായി കയറിപ്പോകുന്നു. ഡ്രൈവര്‍ വണ്ടിയില്‍ നിന്നിറങ്ങി മൊബൈലില്‍ ആരോടോ സംസാരിക്കുന്നു. സംസാരം നീളവേ ഡ്രൈവര്‍ സ്വയമറിയാതെ തന്നെ നീങ്ങി പിറകിലെ ബെന്‍സ് ചാരി നില്‍ക്കുന്നു. 'ബെന്‍സ് മുതലാളി' ഇറങ്ങി വരുമ്പോള്‍ കാണുന്ന കാഴ്ച തന്റെ പുത്തന്‍ മങ്ങാത്ത കാറില്‍ ഒരു 'മിസ്‌കീന്‍ ഹിന്ദി' ചാഞ്ഞിരുന്നു സംസാരിക്കുന്നതാണ്. യുവാവായ അയാള്‍ ഡ്രൈവറോട് കയര്‍ക്കുന്നു, ഡ്രൈവറുടെ ഷര്‍ട്ടിനു പിടിക്കുന്നു.

ഷോപ്പിംഗ് കഴിഞ്ഞു തിരിച്ചിറങ്ങുന്ന യുവതി കാണുന്നത്, ബനിയന്‍ ഇട്ടുകൊണ്ട് ഷര്‍ട്ട് അഴിച്ചു കാര്‍ തുടക്കുന്ന തന്റെ ഡ്രൈവറെ ആണ്. യുവതി ഡ്രൈവറോടും ഖത്തറി യുവാവിനോടും കാര്യം തിരക്കുന്നു. കൂടുതല്‍ വര്‍ത്തമാനമില്ല. ഡ്രൈവറോട് ഷര്‍ട്ട് ഇടാന്‍ പറയുന്നു. വണ്ടി എടുക്കാന്‍ വേണ്ടി നീങ്ങുന്ന ഡ്രൈവറോട് യുവതി കീ ആവശ്യപ്പെടുന്നു. ഡ്രൈവറോട് മുന്‍പിലെ പാസഞ്ചര്‍ സീറ്റില്‍ ഇരിക്കാന്‍ ആവശ്യപ്പെടുന്നു. യുവതി കാറില്‍ കയറി എന്‍ജിന്‍ സ്റ്റാര്‍ട്ട് ആക്കുന്നു. ഉള്ള ഗാപ്പില്‍ ക്രൂയിസര്‍ പരമാവധി മുന്‍പോട്ടു നീക്കുന്നു. ശേഷം ഗിയര്‍ റിവേഴ്സില്‍ ഇടുന്നു. ഫുള്‍ ത്രോട്ടിലില്‍ പിറകോട്ടു വന്നു പിറകിലെ പുത്തന്‍ ബെന്‍സിന്റെ ബമ്പറില്‍ ശക്തിയായി ഇടിക്കുന്നു. ഇടിയുടെ ആഘാതത്തില്‍ ക്രൂയിസറിന്റെ പിറകിലുള്ള ട്രോളി ഹുക്ക് ബെന്‍സിന്റെ ബമ്പറിലേക്ക് തുളഞ്ഞു കയറുന്നു. മിഴിച്ചിരിക്കുന്ന ഖത്തറി യുവാവിനോട് പവര്‍ വിന്‍ഡോ താഴ്ത്തി പോലീസിനെ വിളിക്കാന്‍ പറഞ്ഞിട്ട് യുവതി കൂള്‍ ആയി കാര്‍ ഓടിച്ചു പോകുന്നു.

സിഗ്‌നല്‍ പോളിലെ ചുവപ്പ് മാനിക്കാതെയും മറ്റു യാത്രികരുടെ റോഡ് സ്പേസ് വക വെച്ച് കൊടുക്കാതെയും പാഞ്ഞു പോകുന്ന പുരുഷ കേസരികളെ, സൂക്ഷിക്കുക. ആ ഖത്തറി യുവതിയെ പോലെ, അവരില്‍ നിന്നും പാതി പേര്‍ ഇന്നലെ മുതല്‍ സ്ട്രീറ്റുകളില്‍ ഉണ്ട്. ഇക്കാലമത്രയും നിങ്ങള്‍ അടക്കി ഭരിച്ച നഗരവീഥികളെക്കുറിച്ച് , അവിടെ പുലരേണ്ട മൂല്യങ്ങളെയും ജനാധിപത്യത്തെയും കുറിച്ച് നിങ്ങളെക്കാള്‍ ധാരണ ഉള്ളവരാകും അവര്‍.

മുപ്പത് കൊല്ലത്തെ പോരാട്ടത്തിന്റെ വിജയമായിരുന്നു അത്. എന്നാല്‍ ഇന്ന് സൗദിയില്‍ വനിതകള്‍ വാഹനം നിരത്തില്‍ ഇറക്കുമ്പോള്‍ ഇതിന് വേണ്ടി പ്രവര്‍ത്തിവച്ച വനിതകള്‍ ജയിലില്‍ ആണ് അല്ലെങ്കില്‍ നാട് കടത്തപ്പെട്ടിരിക്കുയാണ്. കഴിഞ്ഞ മെയ് 15 മുതല്‍ 12 വനിതകളെയെങ്കിലും ഈ ഒരു അവകാശത്തിനു വേണ്ടി അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരെ സൗദി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചിലരെ ജയിലില്‍ ഇട്ടപ്പോള്‍ മറ്റു ചിലരെ യാത്ര വിലക്കും ഏര്‍പെടുത്തിയിട്ടുണ്ട് സൗദി സര്‍ക്കാര്‍. ആ കൂട്ടത്തില്‍ 1990ല്‍ തന്നെ വാഹനം ഓടിക്കാന്‍ ഉള്ള വിലക്ക് ലംഘിച്ചവരും ഉള്‍പെടും. ചിലരെ താല്‍ക്കാലികമായി വിട്ടു എങ്കിലും 9 പേര്‍ ഇപ്പോഴും ജയിലില്‍ ആണ്. അതില്‍ അസീസാ, ഇമാന്‍, ലൗജിന്‍ എന്നീ മൂന്നു പേരുടെ ചിത്രങ്ങള്‍ ഒറ്റുകാര്‍ എന്ന തലക്കെട്ടോടു കൂടി ട്വിറ്ററില്‍ ഇടുകയും ചെയ്തിട്ടുണ്ട് എന്ന് പ്രാദേശിക മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രത്യേക കുറ്റവിചാരണ കോടതി ആണ് അവരുടെ കേസുകള്‍ പരിഗണിക്കുന്നത്. ശിക്ഷിക്കപെട്ടാല്‍ 20 കൊല്ലം വരെ അവര്‍ തടവ് അനുഭവിക്കേണ്ടി വരും. സൗദി അറേബ്യ ഒരിക്കലും ജനങ്ങളുടെ ഇടയില്‍ നിന്നുള്ള എതിര്‍പ്പുകള്‍ക്കു വഴങ്ങിയിട്ടില്ല. സ്വതന്ത്ര മനുഷ്യാവകാശ സംഘടനകളോ തൊഴിലാളി സംഘടനകളോ ഇല്ലാത്ത രാജ്യം ആണ് സൗദി. ഒരു വശത്തു വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് ഭരണകൂടം പറയുമ്പോഴും ഇത്തരം അടിച്ചമര്‍ത്തുകള്‍ സൗദിയില്‍ പതിവാണ്.

വനിതാ സ്വതന്ത്ര പ്രവര്‍ത്തകരെ വിട്ടയച്ചാല്‍ അത് മാറ്റ് 'വിപ്ലവകാരികള്‍ക്കു' പ്രചോദനം ആകും എന്നാണ് സൗദി കരുതുന്നത്. ഈ മാസം നൗഫ, മായ എന്നീ രണ്ട് വനിതകളെയും സൗദി അറസ്റ്റ് ചെയ്തു. അവര്‍ ചെയ്ത കുറ്റം അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെന്നതാണ്. എന്ത് തരത്തില്‍ ഉള്ള 'വിപ്ലവകരമായ' മാറ്റങ്ങള്‍ കൊണ്ടുവന്നാലും സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ പറയണം എന്നുള്ള നിര്‍ബന്ധം ആണ് ഈ അറസ്റ്റുകള്‍ക്കു വഴി ആയത്. വനിതകളോട് മാധ്യമങ്ങളോട് സംസാരിക്കരുത് എന്ന് കടുത്ത നിര്‍ദേശം ഉണ്ടായിരുന്നു. അത് ഈ വനിതകള്‍ ലംഘിച്ചതാണ് അറസ്റ്റിനു കാരണമായത് എന്ന് വേണം കരുതാന്‍.


Next Story

Related Stories