മൂന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പ്രവാസികള്‍ക്ക് യാത്ര സുഗമമാക്കി സൗദി എയര്‍ലൈന്‍സ്. ഇനി മുതല്‍ സൗദി എയര്‍ലൈന്‍സ് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലേക്കു നേരിട്ട് പറക്കും. ജിദ്ദയില്‍ നിന്നും പുലര്‍ച്ചെ മൂന്നു മണിക്ക് പുറപ്പെടുന്ന വിമാനം രാവിലെ പതിനൊന്നു മണിക്ക് കരിപ്പൂരിലെത്തിച്ചേരും.സൗദി എയര്‍ലൈന്‍സിന്റെ പുതിയ തീരുമാനം ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും.
ജിദ്ദയില്‍ നിന്നും പുലര്‍ച്ചെ 3.15ന് പുറപ്പെടുന്ന എസ്.വി 746 നമ്പര്‍ വിമാനം 11.10നു കരിപ്പൂരിലെത്തും. ഉച്ചക്ക് 1.10നു കരിപ്പൂരില്‍ നിന്നും യാത്ര തിരിക്കുന്ന വിമാനം വൈകുന്നേരം 4.40നു ജിദ്ദയിലെത്തും. യാത്രക്കാര്‍ക്ക് ഏറെ സൗകര്യങ്ങള്‍ നല്‍കുന്ന എയര്‍ ബസ് എ 330-300 ഇനത്തില്‍പെട്ട വിമാനമാണ് സര്‍വീസിനുള്ളത്. 36 ബിസിനസ് ക്ലാസുകള്‍ ഉള്‍പ്പെടെ 298 സീറ്റുകളുണ്ട് വിമാനത്തില്‍.
ആഴ്ചയില്‍ ഏഴ് സര്‍വീസുകള്‍ വീതമാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നാല് സര്‍വീസുകള്‍ ജിദ്ദയില്‍ നിന്നും മൂന്നെണ്ണം റിയാദില്‍ നിന്നുമാണ്. റിയാദില്‍ നിന്നുള്ള സര്‍വീസ് വെള്ളിഴാഴ്ച ആരംഭിക്കും. നാട്ടിലും മറുനാട്ടിലുമായി നടന്ന നിരന്തര സമരങ്ങളുടെയും ഇടപെടലുകളുടെയും ഫലമായാണ് സര്‍വീസ് നിറുത്തിവെച്ച വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും പറന്നുയരാന്‍ അനുവാദം ലഭിച്ചത്.