TopTop
Begin typing your search above and press return to search.

ഇരുപത് മണിക്കൂറിലേറെ ജോലി, കഴിക്കാന്‍ ഉച്ഛിഷ്ടം മാത്രം: സൗദിയിലെ ദുരിത ജീവിതത്തില്‍ നിന്നും രക്ഷപ്പെട്ട് മഞ്ജുഷ

ഇരുപത് മണിക്കൂറിലേറെ ജോലി, കഴിക്കാന്‍ ഉച്ഛിഷ്ടം മാത്രം: സൗദിയിലെ ദുരിത ജീവിതത്തില്‍ നിന്നും രക്ഷപ്പെട്ട് മഞ്ജുഷ

ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ 38കാരിയായ മഞ്ജുഷ ഒ എം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വീട്ടുവേലക്കാരിയുടെ ജോലി സ്വീകരിച്ച്‌ സൗദിയിലെത്തിയത് 14ഉം എട്ടും വയസ്സുള്ള തന്റെ പെണ്‍മക്കളെ വളര്‍ത്താനുള്ള വരുമാനം കണ്ടെത്താനാണ്. എന്നാല്‍ കഴിഞ്ഞയാഴ്ച അവര്‍ തിരുവനന്തപുരം പാലോടുള്ള വീട്ടില്‍ മടങ്ങിയെത്തിയിരിക്കുന്നു. ഏറെ പ്രതീക്ഷകളുമായി മറുനാട്ടിലേക്ക് പോയ അവര്‍ വെറുംകയ്യോടെ ശാരീരിക മാനസിക പീഡനങ്ങളുടെ ഉണങ്ങാത്ത മുറിവുകളുമായാണ് മടങ്ങിയെത്തിയിരിക്കുന്നത്.

സൗദിയില്‍ വീട്ടുജോലിക്കാരിയായി എത്തിച്ചേര്‍ന്ന മഞ്ജുഷ കഴിഞ്ഞ എട്ടുമാസം സഹിക്കേണ്ടി വന്ന കൊടിയ പീഡനങ്ങള്‍ ഫസ്റ്റ്‌പോസ്റ്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് വിവരിച്ചു. ഇവര്‍ വീട്ടുജോലിക്ക് നിന്ന വീട്ടിലെ ഉച്ഛിഷ്ട പാത്രങ്ങളില്‍ നിന്നാണ് എട്ടു മാസവും കഴിച്ചിരുന്നത്. രാവിലെ ആറ് മണിക്ക് തുടങ്ങുന്ന ജോലി പുലര്‍ച്ചെ രണ്ട് മണി വരെ നീണ്ടിരുന്നു. 32 പേരുള്ള ആ വീട്ടിലെ ഏക വേലക്കാരി താന്‍ മാത്രമായിരുന്നെന്നും മഞ്ജുഷ വ്യക്തമാക്കുന്നു.

അവിടെ നിന്നും രക്ഷപ്പെട്ടെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. മൂന്നാമത്തെ തവണയും നടത്തിയ രക്ഷപ്പെടാനുള്ള ശ്രമമാണ് മഞ്ജുഷയെ ഇപ്പോള്‍ ബന്ധുക്കളുടെ അടുത്തെത്തിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഒരു കടയില്‍ അയ്യായിരം രൂപ ശമ്പളത്തില്‍ ജോലി ചെയ്യുകയായിരുന്നു മഞ്ജുഷ. എന്നാല്‍ സാമ്പത്തിക പാരാധീനതകളെ തുടര്‍ന്ന് ഇവര്‍ പ്രവാസജീവിതത്തിന് തയ്യാറാകുകയായിരുന്നു.

ഏതാനും വര്‍ഷം മുമ്പ് തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതാണെന്നും പിന്നീട് താനും മക്കളും തന്റെ മാതാപിതാക്കളുടെ സംരക്ഷണയിലായിരുന്നെന്നും മഞ്ജു പറയുന്നു. 'അച്ഛന്‍ ഒരു ചെറിയ ചായക്കട നടത്തുകയാണ്. കുട്ടികളുടെ സ്‌കൂള്‍ ഫീസിനും വീട്ടുചെലവുകള്‍ക്കുമുള്ള പണം അതില്‍ നിന്നും കിട്ടിയിരുന്നില്ല. അപ്പോഴാണ് വിദേശത്ത് ജോലിയ്ക്ക് ആളെ ആവശ്യമുണ്ടെന്ന് കാണിച്ച് ഒരു ട്രാവല്‍ ഏജന്റ് നല്‍കിയ പരസ്യം പത്രത്തില്‍ കണ്ടത്. ഞാന്‍ അവരെ സമീപിക്കുമ്പോഴും അത് ഇത്രമാത്രം ദുരിതപൂര്‍ണമായ ജോലിയായിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല'- മഞ്ജുഷ പറയുന്നു.

മഞ്ജുഷയ്ക്ക് പറ്റിയ ജോലിയൊന്നുമില്ലെന്ന് പറഞ്ഞ് ട്രാവല്‍ ഏജന്‍സിക്കാര്‍ ആദ്യം മടക്കിയയച്ചെങ്കിലും അധികം വൈകാതെ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഒരു ഡ്രൈവറുടെ ഫോണ്‍ മഞ്ജുഷയെ തേടിയെത്തി. അയാള്‍ ജോലി ചെയ്യുന്ന ഒരു അറബി കുടുംബത്തിലേക്ക് വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ടെന്നായിരുന്നു പറഞ്ഞത്. അതുകൊള്ളാമെന്ന് തോന്നിയ താന്‍ വീണ്ടും ട്രാവല്‍ ഏജന്‍സിയെ സമീപിച്ചെന്നും അവര്‍ മുഖേന ഡ്രൈവറെ ബന്ധപ്പെട്ടെന്നും മഞ്ജുഷ അറിയിച്ചു. ഈ ജോലി തനിക്ക് ശരിയാക്കി തരാമെന്ന് അവര്‍ ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ അവരുടെ ചതി മനസിലാക്കാന്‍ തനിക്ക് സാധിച്ചില്ലെന്ന് മഞ്ജുഷ വ്യക്തമാക്കുന്നു. അവര്‍ ഒരു അടിമയെ പോലെ തന്നെ അറബി കുടുംബത്തിന് വില്‍ക്കുകയായിരുന്നു.

http://www.azhimukham.com/azhimukhamclassic-women-life-in-gulf-sanitha-manohar/

ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും മുങ്ങിയിരിക്കുന്ന ട്രാവല്‍ ഏജന്റും ഡ്രൈവറും നെടുമ്പാശേരി വിമാനത്താവളത്തിലാണ് മഞ്ജുഷയെ ആദ്യം എത്തിച്ചത്. എന്നാല്‍ സംശയം തോന്നിയതിനാല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ബോര്‍ഡിംഗ് അനുവദിച്ചില്ല. അതോടെ മംഗളൂരു വിമാനത്താവളത്തിലെത്തിച്ച മഞ്ജുഷയെ നാല് ദിവസത്തോളം ഭക്ഷണമില്ലാതെ ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചു. അവിടെ നിന്ന് അവസരം ലഭിച്ചതോടെ സൗദിയിലേക്ക് കയറ്റിയയ്ക്കുകയും ചെയ്തു.

മാര്‍ച്ച് 18ന് ദമാം വിമാനത്താവളത്തിലെത്തിയ മഞ്ജുഷയെ സ്വീകരിക്കാന്‍ സുഹൃത്തായ ഡ്രൈവറും വീട്ടുടമയായ അറബിയുമുണ്ടായിരുന്നു. എന്നാല്‍ പകുതി വഴിയായപ്പോള്‍ ഡ്രൈവര്‍ തങ്ങളെ വിട്ടുപോയെന്നും പിന്നീട് തന്നെ 32 അംഗങ്ങളുള്ള മറ്റൊരു വീട്ടിലേക്കാണ് കൊണ്ടുപോയതെന്നും മഞ്ജു അറിയിച്ചു. മെയ് മാസത്തില്‍ മഞ്ജുഷയ്ക്ക് ആദ്യ ശമ്പളമായി 400 സൗദി റിയാല്‍ കിട്ടിയിരുന്നു. എന്നാല്‍ ഇത് വാഗ്ദാനം ചെയ്തതിലും വളരെ കുറവായിരുന്നു. 1000 റിയാല്‍ (ഏകദേശം 17000 രൂപ) മഞ്ജുഷയുടെ അച്ഛന്റെ അക്കൗണ്ടിലേക്ക് ഇട്ടുനല്‍കുകയായിരുന്നു. ജൂണില്‍ 1850 റിയാല്‍ ശമ്പളം നല്‍കിയെങ്കിലും അത് ഡ്രൈവറുടെ കൈവശമാണ് നല്‍കിയത്. അയാള്‍ അതില്‍ നിന്നും ആയിരം മാത്രമാണ് മഞ്ജുഷയ്ക്ക് കൈമാറിയത്. ബാക്കി തുക അയാള്‍ എടുക്കുകയായിരുന്നു.

പ്രതിമാസം 1400 റിയാല്‍ ആണ് മഞ്ജുഷയ്ക്ക് വാഗ്ദാനം ചെയ്തത്. എന്നാല്‍ എട്ടു മാസം ജോലി ചെയ്തിട്ടും ആകെ ലഭിച്ചത് 2000 റിയാല്‍ മാത്രമാണ്. ഇതിനിടെ ശരിയായി ഭക്ഷണം കഴിക്കാത്തതിനാലും അമിതമായ ജോലിഭാരം മൂലവും മഞ്ജുഷയ്ക്ക് കടുത്ത വയറുവേദന ആരംഭിച്ചു. അതോടെയാണ് അവര്‍ ആ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ തീരുമാനിച്ചത്.

ഒരുദിവസം അതിരാവിലെ വീട്ടില്‍ നിന്നിറങ്ങി തെരുവിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അറബി തന്നെ പിടികൂടിയെന്ന് മഞ്ജുഷ പറഞ്ഞു. രണ്ടാമത്തെ തവണ ഒരു ആശുപത്രി അധികൃതരുടെ സഹായത്തോടെയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. അവര്‍ പോലീസിനെ വിളിക്കുകയും പോലീസ് അറബിയെ വിളിച്ച് ആ വീട്ടിലേക്ക് തന്നെ മടക്കിയയ്ക്കുകയും ചെയ്തു. എന്നാല്‍ മൂന്നാമത്തെ ശ്രമത്തില്‍ മഞ്ജുഷയ്ക്ക് രക്ഷപ്പെടാന്‍ സാധിക്കുക തന്നെ ചെയ്തു.

'ഇത്തവണ ഞാന്‍ കുറച്ചു കൂടി നേരത്തെ ഉണരുകയും അതേ ആശുപത്രിയില്‍ തന്നെ എത്തി അവിടുത്തെ ജീവനക്കാരോട് സഹായം തേടുകയുമായിരുന്നു. അവര്‍ പോലീസില്‍ വിവരം അറിയിച്ചെങ്കിലും ഇത്തവണ വന്ന ഉദ്യോഗസ്ഥന്‍ ദയയുള്ളയാളായിരുന്നു. അദ്ദേഹം അറബിയോട് സംസാരിച്ച് എന്നെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു കേന്ദ്രത്തിലെത്തിച്ചു. ഇരുപത് ദിവസം അവിടെ തങ്ങി മടങ്ങി വരാനുള്ള പേപ്പറുകളെല്ലാം ശരിയാക്കി കഴിഞ്ഞയാഴ്ച തിരികെ നാട്ടിലെത്തി' മഞ്ജുഷ അറിയിച്ചു.

രണ്ടാമത്തെ തവണയും മഞ്ജുഷ രക്ഷപ്പെടാന്‍ ശ്രമിച്ച് പിടിക്കപ്പെട്ടപ്പോള്‍ അറബി അവരെക്കൊണ്ട് നിര്‍ബന്ധപൂര്‍വം ചില പേപ്പറുകളില്‍ ഒപ്പുവയ്പ്പിച്ചിരുന്നു. ആ പേപ്പറുകള്‍ അനുസരിച്ച് എട്ടു മാസത്തെ ശമ്പളം മഞ്ജുഷ വാങ്ങിയെന്നാണ് പറയുന്നത്. ഇപ്പോള്‍ ഇവിടുത്തെ പോലീസില്‍ തന്റെ ശമ്പളം പൂര്‍ണമായും ലഭിക്കാന്‍ അവര്‍ കേസ് കൊടുത്തിരിക്കുകയാണ്. തനിക്ക് നഷ്ടപരിഹാരമൊന്നും വേണ്ടെന്നും എന്നാല്‍ ദിവസവും ഇരുപത് മണിക്കൂറോളം ഭക്ഷണം പോലുമില്ലാതെ ജോലിയെടുത്തതിനുള്ള കൂലി വേണമെന്നും മഞ്ജുഷ പറയുന്നു. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എടുത്ത ഏതാനും കടങ്ങള്‍ ഇവിടെയുണ്ട്. തനിക്ക് അതെല്ലാം വീട്ടണം.

ആറ് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളിലേക്ക് ഔദ്യോഗികമായ പ്രവാസത്തിനായി ഇ-മൈഗ്രേഷന്‍ സംവിധാനം ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും പലരും ഇത്തരത്തില്‍ മനുഷ്യക്കടത്തുകാരുടെ കൈപ്പിടിയില്‍ പെടുന്നത് പതിവായിരിക്കുകയാണ്. 2015ല്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഇ മൈഗ്രേറ്റ് പദ്ധതി വിദേശത്തുള്ള ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നു.

ഈവര്‍ഷം ജൂണ്‍ 30 വരെ മാത്രം വ്യാജ റിക്രൂട്ട്‌മെന്റുകളുടെ 220 കേസുകളാണ് ലഭിച്ചിരിക്കുന്നത് ഇന്ത്യന്‍ പാര്‍ലമെന്റ് രേഖകള്‍ പറയുന്നു. 2016 ആകെ ലഭിച്ച പരാതി 231 ആയിരുന്നു. സൗദിയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലുമായി വീട്ടുവേലയ്ക്കായി പോകുന്ന ഇന്ത്യക്കാരില്‍ പത്തിലേറെ പേരെങ്കിലും ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നുണ്ടെന്ന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ മൈഗ്രേഷന്‍ സ്റ്റഡീസ് ഡയറക്ടര്‍ റഫീഖ് റാവുത്തര്‍ പറയുന്നു.


Next Story

Related Stories