TopTop
Begin typing your search above and press return to search.

യുഎസ്: എച്ച്1 ബി വിസ നിയമഭേദഗതി: ഇന്ത്യന്‍ ഐടി തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയാകും: നാസ്‌കോം

യുഎസ്: എച്ച്1 ബി വിസ നിയമഭേദഗതി: ഇന്ത്യന്‍ ഐടി തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയാകും: നാസ്‌കോം

യു എസില്‍ എച്ച്1 ബി വിസ പ്രകാരം ജോലി ചെയ്യുന്ന വിദേശ സാങ്കേതിക തൊഴിലാളികളുടെ അടിസ്ഥാന വേതനം പ്രതിവര്‍ഷം 60,000 ഡോളറില്‍ നിന്നും 90,000 ഡോളറായി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്ന പുതിയ നിയമം ഇന്ത്യന്‍ ഐടി കമ്പനികളെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചുള്ളതാണെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റുവെയര്‍ ആന്റ് സര്‍വീസസ് കമ്പനീസ് (നാസ്‌കോം) ആരോപിക്കുന്നു. കോണ്‍ഗ്രസിലെ റിപബ്ലിക്കന്‍ പ്രതിനിധി ഡാറെല്‍ ഇസയും ഡെമോക്രാറ്റ് അംഗം സ്‌കോട്ട് പീറ്റേഴ്‌സും ചേര്‍ന്ന് അവതരിപ്പിച്ച 'പ്രൊട്ടക്ട് ആന്റ് ഗ്രോ അമേരിക്കന്‍ ജോബ്‌സ് ആക്ടിന്' രണ്ട് ദിവസം മുമ്പാണ് യുഎസ് പ്രതിനിധിസഭയുടെ ഒരു ജുഡീഷ്യറി കമ്മിറ്റി അംഗീകാരം നല്‍കിയത്.

ബില്ല് നിയമമാകണമെങ്കില്‍ പൊതുസഭയില്‍ വരികയും തുടര്‍ന്ന് സെനറ്റ് പാസാക്കുകയും വേണം. എന്നാല്‍ ബില്ല് പാസാവും എന്നുതന്നെ വിലയിരുത്തപ്പെടുന്നത്. എച്ച്1 ബി വിസ ചട്ടപ്രകാരം വിദേശ സാങ്കേതികവിദഗ്ധര്‍ യുഎസില്‍ ജോലി ചെയ്യാന്‍ സാധിക്കും. ഈ വിസ ചട്ടങ്ങള്‍ അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ തട്ടിയെടുക്കുകയാണ് എന്ന ആരോപണം ദീര്‍ഘകാലമായി നിലനില്‍ക്കുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന ആയുധങ്ങളില്‍ ഒന്നുമായിരുന്നു അത്. വിദേശ സാങ്കേതികവിദഗ്ധര്‍ക്ക് കുറഞ്ഞ കൂലി നല്‍കിയാല്‍ മതിയെന്നതാണ് ഈ വിസയുടെ ഏറ്റവും വലിയ ആനുകൂല്യം. എന്നാല്‍ നിര്‍ദ്ദിഷ്ട നിയമഭേദഗതി ബില്‍ കമ്പോളത്തെ അസ്ഥിരപ്പെടുത്തുമെന്നും യു എസിലെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ക്ക് വെല്ലുവിളി സൃഷ്ടിക്കുമെന്നും യു എസിന്റെ സാങ്കേതികവികാസത്തെ ശ്വാസംമുട്ടിക്കുമെന്നും നാസ്‌കോം പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍ ചൂണ്ടിക്കാണിക്കുന്നു. എച്ച്1 ബി വിസകളില്‍ നേരത്തെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം 2016 സാമ്പത്തികവര്‍ഷത്തില്‍ ആവശ്യമുണ്ടായിരുന്നതിന്റെ 16 ശതമാനം വിസകള്‍ക്ക് മാത്രമാണ് ഇന്ത്യന്‍ കമ്പനികള്‍ അപേക്ഷ നല്‍കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ കുറഞ്ഞ വേതനം 60,000 ഡോളറില്‍ നിന്നും 13,000 ഡോളറാക്കി വര്‍ദ്ധിപ്പിക്കണം എന്ന് നിര്‍ദ്ദേശിക്കുന്ന ഹൈ-സ്‌കില്‍ഡ് ഇന്റഗ്രിറ്റി ആന്റ് ഫെയര്‍നെസ് ആക്ട് 2017' എന്നൊരു ബില്ലും പ്രതിസഭയില്‍ ഡൊമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി സൂ ലോഫ്ഗ്രീന്‍ അവതരിപ്പിച്ചിരുന്നു. ഈ നിയമഭേദഗതി ഉണ്ടാക്കിയേക്കാമായിരുന്ന തിരിച്ചടികളെക്കാള്‍ കുറവായിരിക്കും ഇപ്പോള്‍ അംഗീകാരം ലഭിച്ച ബില്ലെന്നാണ് പൊതുവില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യയിലെ വന്‍കിട ഐടി കമ്പനികളെല്ലാം ഇത്തരത്തിലുള്ള ഒരു നിയമനിര്‍മ്മാണം പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ യുഎസിലേക്ക് അയച്ചിരുന്ന ചെറുകിട കമ്പനികളെയാണ് ബില്ല് ഏറ്റവും പ്രതികൂലമായി ബാധിക്കുക. വേതനം പ്രതിവര്‍ഷം 60,000 ഡോളറില്‍ നിന്നും 90,000-100,000 ഡോളറിലേക്ക് ഉയര്‍ത്തുമെന്ന് ഐടി കമ്പനികള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് 130,000 ഡോളര്‍ ആക്കുന്നപക്ഷം കനത്ത തിരിച്ചടിയാവും സംഭവിക്കുകയെന്ന് യുകെയിലെ ആസ്റ്റണ്‍ ബിസിനസ് സ്‌കൂളിലെ ഗവേഷകനായ സഞ്‌ജോയ് സെന്‍ ചൂണ്ടിക്കാണിക്കുന്നു. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റ് ഏതാനും നാളുകള്‍ക്കുള്ളിലാണ് ലോഫ്ഗ്രീന്‍ ബില്ലവതരിപ്പിച്ചത്.

ഇന്ത്യയിലെ ഐടി ഭീമന്‍മാര്‍ യുഎസില്‍ ജോലിനോക്കുന്ന തങ്ങളുടെ പ്രൊജക്ട് മാനേജര്‍മാര്‍ക്ക് കഴിഞ്ഞ വര്‍ഷം 85,000 മുതല്‍ 130,000 ഡോളര്‍ വരെ വേതനം നല്‍കിയിരുന്നു. സാങ്കേതിക വിദഗ്ധര്‍ക്ക് 65,000-100,000 ഡോളര്‍ വരെയും സിസ്റ്റം എഞ്ചിനീയര്‍മാര്‍ക്ക് 65,000 ഡോളര്‍വരെയുമായിരുന്നു ശമ്പളം. ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം എച്ച1 ബി വിസയ്‌ക്കെതിരായ നീക്കങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ കമ്പനികള്‍ ഈ വിസകളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരികയായിരുന്നു. ഈ വര്‍ഷം ഇതുവരെ ലഭ്യമാകുന്നതിന്റെ 16 ശതമാനം വിസകള്‍ക്ക് മാത്രമാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 70 ശതമാനമായിരുന്നു. ഇന്‍ഫോസിസ്, കോഗ്നസാന്റ്, വിപ്രോ, ടിസിഎസ് തുടങ്ങിയ ഇന്ത്യന്‍ വന്‍കിട കമ്പനികള്‍ 2015ല്‍ 2.75ലക്ഷം എച്ച്1ബി വിസകള്‍ക്കാണ് അപേക്ഷിച്ചതെങ്കില്‍ 2017ല്‍ അത് വെറും ഒരു ലക്ഷമായി ഇടിഞ്ഞു. എച്ച്1 ബി വിസ ചട്ടങ്ങള്‍ കര്‍ക്കശമാക്കിയതോടെ ഒന്നുകില്‍ കൂടുതല്‍ യുഎസ് പൗരന്മാരെ നിയമിക്കുക അല്ലെങ്കില്‍ ഇന്ത്യയിലേക്ക് തൊഴിലുകള്‍ മടക്കിക്കൊണ്ടുവരുക എന്ന രീതിയാണ് ഇന്ത്യന്‍ കമ്പനികള്‍ പിന്തുടരുന്നത്.

ഇന്ത്യന്‍ ഐടി കമ്പനികള്‍ വലിയ രീതിയില്‍ എച്ച്1 ബി വിസകളും അതുവഴി അമേരിക്കക്കാരുടെ തൊഴിലവസരങ്ങളും തട്ടിയെടുക്കുകയാണെന്ന് ട്രംപും മറ്റ് രാഷ്ട്രീയ നേതാക്കളും ആരോപിക്കുന്നു. എന്നാല്‍ യുഎസ് സാങ്കേതിക തൊഴിലാളികളുടെ ആവശ്യകതയിലും ലഭ്യതയിലുമുളള വിടവ് നികത്താനുള്ള നടപടികളാണ് യുഎസ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതെന്ന് ഐടി കമ്പനികളും നാസ്‌കോമും ചൂണ്ടിക്കാണിക്കുന്നു.


Next Story

Related Stories