പ്രവാസം

ട്രംപിന്റെ കുടിയേറ്റ വിരുദ്ധത: ആദ്യം പൗരത്വം നഷ്ടമായത് ഇന്ത്യക്കാരന്‌

Print Friendly, PDF & Email

വ്യാജ പൗരത്വങ്ങള്‍ക്ക് എതിരായി യുഎസ് ആഭ്യന്തര സുരക്ഷ വകുപ്പ് പ്രസിഡന്റ് ട്രംപിന്റെ കീഴില്‍ ആരംഭിച്ച ഓപ്പറേഷന്‍ ജാനുസ് പദ്ധതി പ്രകാരമാണ് ബല്‍ജീന്ദര്‍ സിംഗിന്റെ പൗരത്വം റദ്ദാക്കപ്പെട്ടിരിക്കുന്നത്.

A A A

Print Friendly, PDF & Email

യുഎസില്‍ കുടിയേറ്റം നിയന്ത്രിക്കാനുള്ള ഡൊണാള്‍ഡ് ട്രംപ് ഗവണ്‍മെന്റിന്റെ നടപടികളുടെ ആദ്യ ഇരയായി ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ മാറി. 2006ല്‍ അമേരിക്കക്കാരിയെ വിവാഹം കഴിഞ്ഞതിനെ തുടര്‍ന്ന് യുഎസ് പൗരത്വം ലഭിച്ച 43കാരനായ ബല്‍ജീന്ദര്‍ സിംഗിനാണ് അബദ്ധത്തില്‍ പൗരത്വം അനുവദിച്ചെന്ന് ചൂണ്ടിക്കാട്ടി ഇത് റദ്ദാക്കിയത്. ഇത്തരത്തില്‍ നിരവധി പേരുടെ പൗരത്വരേഖകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണെന്ന് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

ന്യൂ ജഴ്‌സിയിലെ കരടെറെറ്റിലാണ് ബല്‍ജീന്ദര്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. മതിയായ യാത്രാരേഖകളോ തിരിച്ചറിയല്‍ രേഖകളോ ഇല്ലാതെയാണ് 1991ല്‍ ബല്‍ജീന്ദര്‍ അമേരിക്കയില്‍ എത്തിയതെന്നും ദേവീന്ദര്‍ സിംഗ് എന്നാണ് തന്റെ പേരെന്നാണ് അദ്ദേഹം അധികാരികളോട് പറഞ്ഞതെന്നുമാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അധികൃതര്‍ ന്യൂ ജഴ്‌സി കോടതിയെ അറിയിച്ചത്. കോടതി നടപടികള്‍ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ 1992 ജനുവരിയില്‍ നാടുകടത്താന്‍ തീരുമാനിച്ചതായിരുന്നുവെന്നും കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ ബല്‍ജീന്ദര്‍ അമേരിക്കയില്‍ അഭയത്തിനായി അപേക്ഷിച്ചെങ്കിലും വിവാഹത്തെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

2006ല്‍ ബല്‍ജീന്ദറിനെ അറസ്റ്റ് ചെയ്‌തെങ്കിലും വിരലടയാളം പരിശോധിച്ച ഉദ്യോഗസ്ഥര്‍ക്ക് അബദ്ധം പറ്റിയതിനാല്‍ പൗരത്വം അനുവദിച്ച് നല്‍കുകയായിരുന്നുവെന്നാണ് വാഷിംഗ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ വിരലടയാളങ്ങള്‍ പ്രത്യേക ഫയലിലായിരുന്നു. എന്നാല്‍ ഇലക്ട്രോണിക് സംവിധാനം മാത്രമാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത് എന്നതാണ് വിഴ്ചയ്ക്കുള്ള കാരണമായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. ഉദ്യോഗസ്ഥരുടെ വാദം അംഗീകരിച്ച കോടതി ജനുവരി അഞ്ചിന് സിംഗിന്റെ പൗരത്വം പുനപരിശോധിച്ചു. ഇപ്പോള്‍ നിയമപരമായ സ്ഥിര താമസക്കാരന്‍ മാത്രമായ അദ്ദേഹത്തെ ഏത് നിമിഷവും ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാം.

അനധികൃതമായി അമേരിക്കന്‍ പൗരത്വം നേടിയെടുക്കുന്നവര്‍ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് കോടതി വിധിയെന്ന് യുഎസ് പൗരത്വ, കുടിയേറ്റ സേവന ഡയറക്ടര്‍ ഫ്രാന്‍സിസ് സിസ്‌ന അഭിപ്രായപ്പെട്ടു. വ്യാജ പൗരത്വങ്ങള്‍ക്ക് എതിരായി യുഎസ് ആഭ്യന്തര സുരക്ഷ വകുപ്പ് പ്രസിഡന്റ് ട്രംപിന്റെ കീഴില്‍ ആരംഭിച്ച ഓപ്പറേഷന്‍ ജാനുസ് പദ്ധതി പ്രകാരമാണ് ബല്‍ജീന്ദര്‍ സിംഗിന്റെ പൗരത്വം റദ്ദാക്കപ്പെട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍