കുവൈറ്റില്‍ വിദേശികള്‍ അവധിക്കു പോകുമ്പോഴും തിരികെ വരുമ്പോഴും കാലാവധിയുള്ള സിവില്‍ ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. വിവിധരാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി സഹകരിച്ചാണ് പുതിയ പരിഷ്കരണം നടപ്പാക്കുന്നത്. ഇഖാമ വിവരങ്ങള്‍ പാസ്പ്പോര്‍ട്ടില്‍ സ്റ്റിക്കര്‍ രൂപത്തില്‍ പതിക്കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്കരണങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനം.
ആദ്യ ഘട്ടത്തില്‍ മാര്‍ച്ച് പത്തു മുതല്‍ ഗാര്‍ഹിക വിസയിലുള്ളവര്‍ക്കാണ് സ്റ്റിക്കര്‍ ഒഴിവാക്കുന്നത്. പിന്നീട് താത്കാലിക ഇഖാമ ഒഴികെയുള്ള മുഴുവന്‍ ഇഖാമ കാറ്റഗറികള്‍ക്കും ബാധകമാകും. ഇഖാമ സ്റ്റിക്കറിന് പകരം ഇഖാമ പാസ്പോര്‍ട്ട് വിവരങ്ങള്‍ എന്നിവ സിവില്‍ ഐഡിയില്‍ ഉള്‍ക്കൊള്ളിക്കുന്നതാണ് പരിഷ്കരണം. വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി ബന്ധപ്പെട്ട് പരിഷ്കരണം നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കുവൈത്തിന് പുറത്തായിരിക്കെ സിവില്‍ ഐഡി കൈമോശം വന്നാല്‍ അതാതു രാജ്യത്തെ കുവൈത്ത് എംബസ്സിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. താമസകാര്യ വകുപ്പില്‍ നിന്നും ഇഖാമാകാലാവധി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉറപ്പു വരുത്തിയശേഷം എംബസ്സി നല്കുന്ന എന്‍ട്രി പേപ്പര്‍ ഉപയാഗിച്ചു ഇത്തരക്കാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാം. കാലാവധി തീരുന്നതിനു രണ്ടു മാസം മുന്‍പ് തന്നെ ഇഖാമ പുതുക്കാന്‍ അനുവദിക്കും. ഇഖാമ പുതുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വ്യക്തിഗത വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.