UPDATES

പ്രവാസം

യുഎഇയില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം; മലയാളികള്‍ക്ക് ഉള്‍പ്പെടെ ആശ്വാസം

പുതിയ നിയമപ്രകാരം ഗാര്‍ഹിക തൊഴിലാളികളുടെ കുറഞ്ഞ പ്രായം 18 വയസായിരിക്കും

ആഴ്ചയില്‍ ഒരു ദിവസം അവധിയും 30 ദിവസത്തെ ശമ്പളത്തോട് കൂടിയ വാര്‍ഷീക അവധിയും വ്യക്തിഗത രേഖകള്‍ സൂക്ഷിക്കാനുള്ള അവകാശവും ഉള്‍പ്പെടുത്തിക്കൊണ്ട് യുഎഇയിലെ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമത്തിന്റെ കരട് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ പാസാക്കി. അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്ക് അനുസൃതമായി യുഎഇ നിയമങ്ങളെ മാറ്റുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ നിയമനിര്‍മ്മാണം നടത്തുന്നത്. യുഎഇയില്‍ ഗാര്‍ഹിക
തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടയുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുന്നതാണ് കരട് നിയമം.

യുഎഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാന്റെ അംഗീകാരം ലഭിക്കുന്നതോടെ ബില്ല് നിയമമായി മാറും. തുടര്‍ച്ചയായി എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കാന്‍ പാടില്ലെന്നും 12 മണിക്കൂറെങ്കിലും നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്നും ബില്ലില്‍ വ്യവസ്ത ചെയ്തിട്ടുണ്ട്. എമിറേറ്റി കുടുംബങ്ങളുടെ നാലില്‍ ഒന്നിലും കുടുംബാംഗങ്ങളെക്കാള്‍ കൂടുതലുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മാന്യമായ തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ ഉറപ്പാക്കുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യമെന്ന് മാനവശേഷി, എമിറൈറ്റൈസേഷന്‍ മന്ത്രി സാഖര്‍ ഘോബാഷ് സയ്ദ് ഘോബാഷ് കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. ബില്ല് നിയമമാകുന്നതോടെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ 189-ാം പ്രമേയത്തിനും 201-ാം മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും അനുസൃതമാവും യുഎഇയില്‍ ഗാര്‍ഹീക തൊഴിലാളികളുടെ തൊഴില്‍, ജീവിത സാഹചര്യങ്ങള്‍.

ബില്ല് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സമത്വപൂര്‍ണമായ അന്തഃരീക്ഷം ഉറപ്പ് നല്‍കുകയും വര്‍ണം, ഗോത്രം, ലിംഗം, മതം, രാഷ്ട്രീയ അഭിപ്രായം, ദേശീയത എന്നിവയിലുള്ള വിവേചനങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുകയും ചെയ്യുന്നു. ശാരീരിക, വാചിക ലൈംഗീക അധിക്ഷേപങ്ങള്‍, മനുഷ്യക്കടത്ത്, നിര്‍ബന്ധിത തൊഴില്‍ എന്നിവയില്‍ നിന്നും ബില്ല് ഗാര്‍ഹീക തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നു. യുഎഇയില്‍ മൊത്തം 750,000 ഗാര്‍ഹീക തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്ക്. ഔദ്ധ്യോഗിക കണക്കുകള്‍ പ്രകാരം പ്രവാസി തൊഴിലാളികളില്‍ 20 ശതമാനവും വീട്ടുജോലികള്‍ ചെയ്യുന്നവരാണ്.

പുതിയ നിയമപ്രകാരം ഗാര്‍ഹിക തൊഴിലാളികളുടെ കുറഞ്ഞ പ്രായം 18 വയസായിരിക്കും. സാമൂഹ്യ, നിയമ സംരക്ഷണം ബില്ല് ഇവര്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇനിമുതല്‍ വ്യക്തിഗത രേഖകളായ പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, തൊഴില്‍ പെര്‍മിറ്റ് എന്നിവ സ്വന്തം കൈയില്‍ സൂക്ഷിക്കാന്‍ ഗാര്‍ഹീക തൊഴിലാളികള്‍ക്ക് അവകാശമുണ്ടായിരിക്കും. പുതിയ വ്യവസ്ഥകളെയും നിബന്ധനകളെയും സംബന്ധിച്ചും തൊഴിലിന്റെ സ്വഭാവം, തൊഴില്‍ സ്ഥലം, വേതനം, ദിവസത്തിലും ആഴ്ചയിലുമുള്ള വിശ്രമസമയങ്ങള്‍ എന്നിവയെ കുറിച്ചും ഗാര്‍ഹീക തൊഴിലാളികളെ ബോധ്യപ്പെടുത്താനുള്ള ചുമതല റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കായിരിക്കും. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് പകരം ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നതിനായി തഡ്ബീര്‍ എന്ന പേരില്‍ പുതിയ കേന്ദ്രങ്ങള്‍ തുടങ്ങാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതോടെ ശരിയായ വിസ, തൊഴിലാളികള്‍ക്കുള്ള പരിശീലനം എന്നിവ ഉറപ്പാക്കാനാവും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാനവശേഷി മന്ത്രാലയം അംഗീകരിക്കുന്ന ഒരു കരാറില്‍ ഒപ്പുവെക്കാന്‍ റിക്രൂട്ടിംഗ് ഏജന്‍സിയും തൊഴിലുടമയും ബാധ്യസ്ഥരാണ്. തൊഴിലാളി യുഎഇയിലേക്ക് സഞ്ചരിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത. ഏജന്റിനുള്ള ഫീസ്, തൊഴിലാളിയെ കൊണ്ടുവരാന്‍ എടുക്കുന്ന സമയം തുടങ്ങിയവ കരാറില്‍ രേഖപ്പെടുത്തിയിരിക്കും. ഇത് ഏജന്റ് ലംഘിക്കുന്ന പക്ഷം തൊഴിലാളിയെ നിയമിക്കാതിരിക്കാനുള്ള അധികാരം തൊഴിലുടമയ്ക്ക് ഉണ്ടാവും. തൊഴിലാളിയെ സ്വന്തം നാട്ടിലേക്ക് മടക്കി അയയ്‌ക്കേണ്ട ഉത്തരവാദിത്വം ഏജന്റിനായിരിക്കും.

നിയമിക്കപ്പെട്ട ശേഷമുള്ള ആദ്യത്തെ ആറുമാസം പ്രബേഷനായി കണക്കാക്കപ്പെടും. ഈ സമയത്ത് സേവനം തൃപ്തികരമല്ലെങ്കില്‍ തൊഴിലുടമയ്ക്ക് ആ തൊഴിലാളിയെ പിരിച്ചുവിടാം. അത്തരം തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയയ്‌ക്കേണ്ട ചുമതലയും ഏജന്റിനായിരിക്കും. സ്വദേശത്ത് നിന്നും യുഎഇയിലേക്ക് തിരിക്കുന്നതിന് മുമ്പ് തന്നെ വേതനത്തെ സംബന്ധിച്ച വിവരം തൊഴിലാളിയെ ധരിപ്പിക്കുകയും സമ്മതപത്രം വാങ്ങുകയും ചെയ്യേണ്ടതാണ്. എല്ലാ മാസവും പത്തിന് മുമ്പ് ശമ്പളം നല്‍കുകയും രസീത് വാങ്ങുകയും ചെയ്യേണ്ടതാണ്. യുക്തമായ വേതന സംരക്ഷണ സംവിധാനം മന്ത്രാലയം ഏര്‍പ്പെടുത്തും. നിശ്ചിത വേതനത്തില്‍ നിന്നും വെട്ടിക്കുറവുകള്‍ അനുവദിക്കുന്നതല്ല. തൊഴിലാളി എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടം വരുത്തുന്ന പക്ഷം ശമ്പളത്തിന്റെ നാലില്‍ ഒന്നില്‍ കൂടാത്ത തുക പിഴയായി ഈടാക്കാവുന്നതാണ്. തര്‍ക്കങ്ങള്‍ മന്ത്രാലയമോ കോടതിയോ പരിഹരിക്കും.

വീട്ടുവേലക്കാരി, സ്വകാര്യ നാവികന്‍, കാവല്‍ക്കാരും സുരക്ഷ ജീവനക്കാരും, കുടുംബ ആട്ടിടയന്‍, കുടംബ ഡ്രൈവര്‍, കുതിരയെ സംരക്ഷിക്കുന്നവര്‍, കുടുംബ ഫാല്‍ക്കണുകളെ സംരക്ഷിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നവര്‍, ഗാര്‍ഹിക സഹായികള്‍, വീട് മേല്‍നോട്ടക്കാര്‍, സ്വകാര്യ കോച്ചുകള്‍, സ്വകാര്യ അദ്ധ്യാപകര്‍, കുഞ്ഞുങ്ങളെ നോക്കുന്നവര്‍, കര്‍ഷകത്തൊഴിലാളി, സ്വകാര്യ നേഴ്‌സ്, സ്വകാര്യ പിആര്‍ഒ, സ്വകാര്യ കാര്‍ഷീക എഞ്ചിനീയര്‍ എന്നീ വിഭാഗങ്ങളെയാണ് ഗാര്‍ഹിക തൊഴിലാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍