TopTop
Begin typing your search above and press return to search.

കടുത്ത ചൂടില്‍ പ്രവാസി തൊഴിലാളികള്‍ വെന്തുമരിക്കുന്നു; ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്നു

കടുത്ത ചൂടില്‍ പ്രവാസി തൊഴിലാളികള്‍ വെന്തുമരിക്കുന്നു; ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്നു

2022ലെ ഫുട്ബോള്‍ ലോകകപ്പിന്‍റെ സ്റ്റേഡിയങ്ങളുടെ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികളുടെ ജീവന് പോലും ഭീഷണിയാവുന്ന തരത്തില്‍ ഖത്തറില്‍ താപനില വര്‍ദ്ധിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന ചൂടിനോടൊപ്പം അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്‍റെ അളവ് വര്‍ദ്ധിക്കുന്നതും ഇവരുടെ ജീവിതം ദുഃസഹമാക്കുന്നു. ഓരോ വര്‍ഷവും കടുത്ത ചൂട് മൂലം നൂറുകണക്കിന് നിര്‍മ്മാണ തൊഴിലാളികളാണ് മരിക്കുന്നതെന്നും എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ഖത്തര്‍ അധികൃതര്‍ പുറത്തുവിടാന്‍ മടിക്കുകയാണെന്നും ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടന ആരോപിക്കുന്നു.

തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഉച്ച നേരത്ത് പ്രഖ്യാപിച്ചിരിക്കുന്ന വിശ്രമവേളകള്‍ ജിസിസി രാജ്യങ്ങളായ ബഹ്‌റൈന്‍, ഒമാന്‍, കുവൈറ്റ്, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് യാതൊരു പ്രയോജനവും ചെയ്യുന്നില്ല എന്നാണ് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നത്. താപനിലയും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍റെ അളവും അളക്കുന്നതിനുള്ള അത്യന്താധുനിക സംവിധാനമായ ഹ്യൂമിഡെക്‌സ് ലോകകപ്പ് സംഘാടകസമിതി ഏര്‍പ്പെടുത്തിയിട്ടും തൊഴിലാളികള്‍ക്ക് അത് ഗുണകരമായിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

തൊഴിലാളികളുടെ മരണങ്ങളെ കുറിച്ച് സ്ഥിരമായി അന്വേഷിക്കുകയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഹ്യൂമണ്‍ റൈറ്റസ് വാച്ചിന്റെ മദ്ധ്യേഷ്യന്‍ ഡയറക്ടര്‍ സാറ ലേ വിറ്റ്‌സണ്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ മരണങ്ങളും അപകടങ്ങളും ഒഴിവാക്കാനുള്ള ഏകമാര്‍ഗ്ഗമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സമയക്രമവും കാലവും നോക്കാതെ ചൂടു കൂടുന്ന സമയത്തൊക്കെ വിശ്രമവേള നല്‍കാനുള്ള ബാധ്യതയും അധികാരവും ഖത്തര്‍ സര്‍ക്കാരിനുണ്ടെന്നും അതുവഴി നൂറുകണക്കിന് തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കിടയില്‍ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 520 പ്രവാസി തൊഴിലാളികള്‍ മരിച്ചതായി 2012ല്‍ ഖത്തര്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതില്‍ മുന്നിലൊന്ന് പേരുടെയും അതായത് 385 തൊഴിലാളികളുടെ മരണകാരണം വെളിപ്പെടുത്താന്‍ ഖത്തര്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 35 പേര്‍ കെട്ടിടങ്ങളില്‍ നിന്നും വീണ് മരിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നൂറിലധികം ആളുകള്‍ ഹൃദ്രോഗം പോലെയുള്ള സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചുവെന്ന് അതാത് നയതന്ത്രകാര്യാലയങ്ങള്‍ പറയുമ്പോഴും ഇത് സ്ഥിതീകരിക്കാന്‍ ഖത്തര്‍ അധികാരികള്‍ തയ്യാറായിട്ടില്ല. എന്നാല്‍ ഹൃദ്രാഗം എന്ന് രേഖപ്പെടുത്തപ്പെട്ട പല സംഭവങ്ങളും ശ്വാസോച്ഛ്വാസം നിലച്ചത് മൂലമുള്ള മരണങ്ങളാണെന്നാണ് ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് വിശദീകരിക്കുന്നത്.

ലോകകപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന 12,000 തൊഴിലാളികള്‍ ഉള്‍പ്പെടെ 800,000 പേരാണ് ഖത്തറിലെ നിര്‍മ്മാണമേഖലയില്‍ നിലവില്‍ ജോലി ചെയ്യുന്നത്. ലോകകപ്പ് ഒരുക്കങ്ങള്‍ക്കുള്ള തൊഴിലാളികളുടെ എണ്ണം 35,000 ആയി വര്‍ദ്ധിക്കും എന്ന സൂചനകള്‍ പുറത്തുവരുന്നതിനിടയ്ക്കാണ് ഇവരുടെ ജീവന്റെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നുവരുന്നത്. നിര്‍മ്മാണ തൊഴിലാളികളുടെ പെട്ടെന്നുള്ള മരണത്തിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിന് പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണം എന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഖത്തര്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല.

എന്നാല്‍ തൊഴില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതില്‍ ഖത്തര്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും തൊഴില്‍ സംബന്ധമായ കാരണങ്ങളാല്‍ കഴിഞ്ഞ വര്‍ഷം മരിച്ചവരുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ടെന്നുമാണ് ഖത്തര്‍ സര്‍ക്കാര്‍ വക്താവിന്റെ വിശദീകരണം. ഖത്തറില്‍ വച്ച് മരണപ്പെട്ട പ്രവാസി തൊഴിലാളികളുടെ മരണത്തെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ടെന്നും അവരുടെ ശവശരീരങ്ങള്‍ അതാത് നാടുകളില്‍ എത്തിക്കാന്‍ ഓരോ രാജ്യങ്ങളുടെയും എംബസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ ന്യായീകരിക്കുന്നു.


Next Story

Related Stories