വിദേശം

സൗദി രാജകുമാരന്മാരുടെ തടവറ: റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടല്‍ വീണ്ടും തുറന്നു

Print Friendly, PDF & Email

അഴിമതിക്കേസില്‍ അറസ്റ്റിലായ സൗദി രാജകുമാരന്മാരെയെല്ലാം ജയിലില്‍ പാര്‍പ്പിക്കുന്നത് സാധ്യമല്ലാതെ വന്നതോടെയാണ് ഈ ആഡംബര ഹോട്ടല്‍ തടവറയാക്കി മാറ്റിയത്‌

A A A

Print Friendly, PDF & Email

സൗദി രാജകുമാരന്മാരുടെ തടവറയായി മാറിയ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടല്‍ പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നുകൊടുത്തു. അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ തുടര്‍ന്ന് സൗദിയിലെ രാജകുമാരന്മാരും സമ്പന്നരുമുള്‍പ്പെടെ മുന്നൂറോളം പേരാണ് ഇവിടെ മൂന്ന് മാസത്തോളം തടവില്‍ കഴിഞ്ഞത്.

ലോകത്തിലെ പ്രമുഖരായ കോടീശ്വരന്മാരെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ഏജന്‍സി കൂട്ടത്തോടെ അറസ്റ്റ് ചെയ്തത് ആഗോള വ്യവസായ സമൂഹം ഞെട്ടലോടെയാണ് കേട്ടത്. ഇവരെയെല്ലാം ജയിലില്‍ പാര്‍പ്പിക്കുന്നത് സാധ്യമല്ലാതെ വന്നതോടെയാണ് റിയാദിലെ കൊട്ടാരസദൃശമായ ഹോട്ടല്‍ റിറ്റ്‌സ് കാള്‍ട്ടണിലേക്ക് ഇവരെ മാറ്റിയത്. ഇതോടെ സൗദി രാജകുമാരന്മാര്‍ ഒരുമിച്ച് താമസിച്ച ഹോട്ടല്‍ എന്ന ഖ്യാതിയും റിറ്റ്‌സ് കാള്‍ട്ടണിന് ലഭിച്ചു. എന്നാല്‍ ഇപ്പോള്‍ ഇവിടെ നിന്നും തടവുകാരെയെല്ലാം മാറ്റിയിരിക്കുകയാണ്. കുറ്റവിമുക്തരാക്കുന്നതിന്റെ ആദ്യപടിയായി ഈ തടവുകാരുമായി കഴിഞ്ഞമാസം ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ ഒത്തുതീര്‍പ്പ് കരാറിന് അധികൃതര്‍ തയ്യാറായിരുന്നു. ഭൂരിഭാഗം പേരും പണം നല്‍കി മോചിതരായി. പണം നല്‍കാന്‍ വിസമ്മതിച്ച കുറച്ചുപേര്‍ മാത്രമാണ് ഇപ്പോഴും തടവുകാരായുള്ളത്. ഇവരുടെ കേസുകള്‍ കോടതിയ്ക്ക് കൈമാറും. ഇതിന് പിന്നാലെയാണ് ഹോട്ടല്‍ പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കാന്‍ തീരുമാനിച്ചത്.

ഇന്നലെ മുതലാണ് ഹോട്ടല്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തത്. അതേസമയം ഹോട്ടല്‍ വീണ്ടും തുറന്നത് പലരും അറിഞ്ഞിട്ടില്ല. ഇന്നലെ രാവിലെ പത്ത് മണിക്ക് ഒരു കാര്‍ പോലും ഹോട്ടലിന്റെ വിലയേറിയ പാര്‍ക്കിലുണ്ടായിരുന്നില്ലെന്ന് ബ്ലൂംബര്‍ഗ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ലോബി ഏകദേശം ശൂന്യമായിരുന്നു. അതേസമയം ഹോട്ടലില്‍ താമസിക്കാന്‍ എത്രപേര്‍ എത്തിച്ചേര്‍ന്നെന്ന് പ്രതികരിക്കാന്‍ മാനേജ്‌മെന്റ് വിസമ്മതിച്ചു. ഇന്നലെ മുതല്‍ റൂം ബുക്കിംഗ് ആരംഭിച്ച ഇവിടെ ഡീലക്‌സ് റൂമിന്റെ വാടക 2,439 റിയാല്‍(ഏകദേശം 42,000 രൂപ) ആണെന്ന് ഹോട്ടലിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.

നവംബര്‍ നാലിനാണ് കൂട്ട അറസ്റ്റ് നടന്നത്. ഇതിന് പിന്നാലെ ഹോട്ടലിലെ ഇന്റര്‍നെറ്റ്, ടെലഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍