TopTop
Begin typing your search above and press return to search.

ചരിത്രമിളകുന്ന കടല്‍പ്പാതകളിലൂടെ വീണ്ടും; കടല്‍ വഴിയുള്ള ഹജജ് തീര്‍ത്ഥാടക യാത്ര പുനഃരാരംഭിക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തിനു സൗദിയുടെ സമ്മതം

ചരിത്രമിളകുന്ന കടല്‍പ്പാതകളിലൂടെ വീണ്ടും; കടല്‍ വഴിയുള്ള ഹജജ് തീര്‍ത്ഥാടക യാത്ര പുനഃരാരംഭിക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തിനു സൗദിയുടെ സമ്മതം

ഹജ്ജ് കര്‍മം അനുഷ്ഠിക്കാന്‍ ജിദ്ദയിലേക്ക് കപ്പല്‍ മാര്‍ഗം യാത്ര ചെയ്തതിന്റെ അനുഭവങ്ങള്‍ പേറുന്ന ധാരാളം മലയാളികളും ഇന്ത്യക്കാരും ഇപ്പോഴുമുണ്ട്. രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കടല്‍ മാര്‍ഗമുള്ള ഹജ്ജ് യാത്ര നിര്‍ത്തലാക്കുകയും പിന്നീട് ജിദ്ദയിലേക്ക് വിമാന മാര്‍ഗം മാത്രമായിരുന്നു തീര്‍ത്ഥാടകര്‍ എത്തിയിരുന്നത്. എന്നാല്‍ ഇതാ വീണ്ടും കടല്‍ വഴി ഹജ്ജിന് പോകാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

ഹജജ് തീര്‍ത്ഥാടകര്‍ക്ക് ജിദ്ദയിലെത്താനായി സമുദ്രപ്പാത നവീകരിക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തെ സൗദി അറേബ്യ അംഗീകരിച്ചതോടെയാണിത് സാധ്യമാകുന്നത്. 22 വര്‍ഷത്തിനു ശേഷമാണ് ഹജ്ജ് തീര്‍ത്ഥാടനത്തിനായി ഈ പരമ്പരാഗത പാത പരിഷ്‌കരിച്ച് പുനരാരംഭിക്കാനുള്ള നിര്‍ദ്ദേശം ഇന്ത്യ വെച്ചത്.

ലോകത്തെ രണ്ടാമത്തെ വലിയ മുസ്ലിം ജനസംഖ്യയെ ഉള്‍ക്കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. ഹജ്ജിന് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇപ്പോള്‍ ഇന്തോനേഷ്യ മാത്രമാണ് മുന്നിലുള്ളത്. ഈ വര്‍ഷം ഒരു ലക്ഷത്തി എഴുപതിനായിരം പേരെ ഹജ്ജിനയക്കാന്‍ ഇന്ത്യക്ക് അനുമതി ലഭിച്ചിട്ടുമുണ്ട്.

2018 ല്‍ മുംബൈ, കല്‍ക്കട്ട, കൊച്ചി എന്നീ തുറമുഖങ്ങളില്‍ നിന്നായി അത്യാധുനിക സൗകര്യങ്ങളുള്ള കപ്പലുകള്‍ പുറപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മക്കയില്‍ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വിശ്വാസി സംഗമത്തിലേക്ക് ഏതാണ്ട് 5000 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഈ കപ്പലുകള്‍ 23 ദിവസം കൊണ്ട് ജിദ്ദയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.

സമുദ്രപാത നവീകരിക്കുന്നതോടെ ഹജ്ജ് യാത്രയുടെ ചിലവ് പകുതിയോളം കുറക്കാനാകുമെന്നാണ് ഇന്ത്യന്‍ ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രഖ്യാപനം. നിലവില്‍ രാജ്യത്തെ 23 ഇടങ്ങളില്‍ നിന്നായി സബ്‌സിഡിയോടെ ഹജ്ജ് വിമാനങ്ങള്‍ പറക്കുന്നുണ്ട് . സര്‍ക്കാരിന്റെ ഹജ്ജ് കമ്മറ്റി(HCOI) വഴിയോ സ്വകാര്യ ടൂര്‍ ഓപ്പറേറ്റേഴ്‌സ് മുഖേനെയോ ആണ് തീര്‍ത്ഥാടകര്‍ക്ക് പോകാനാകുന്നത്.

വിപ്ലവകരവും തീര്‍ത്ഥാടക സൗഹാര്‍ദ്ദവുമായ നടപടിയായാണ് പുതിയ നീക്കത്തെ നഖ്‌വി വിശേഷിപ്പിക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ തങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് കപ്പല്‍ മാര്‍ഗ്ഗമോ വിമാന മാര്‍ഗ്ഗമോ തിരഞ്ഞെടുക്കാന്‍ യാത്രക്കാര്‍ക്ക് സാധിച്ചേക്കും.

http://www.azhimukham.com/trending-did-modi-govt-relax-rules-for-muslim-women-traveling-for-haj/

1980 കളിലും 90 കളിലും മുംബൈ തുറമുഖത്തിന്റെ മഞ്ഞ കവാടം തീര്‍ത്ഥാടകരുടെ 'ലബ്ബയ്ക്ക അള്ളാഹുമ്മ ലബ്ബയ്ക്ക്, ലബ്ബയ്ക്ക ലാ ശരീക്ക ലബ്ബയ്ക്ക്' വിളികളാല്‍ മുഖരിതമാകുമായിരുന്നു. മക്ക, മിനാ, അറഫാ, മുസ്ദലിഫ, മദീന തുടങ്ങിയ സൗദി നഗരങ്ങളിലേക്കാണ് ജിദ്ദ വഴി പുറപ്പെട്ടിരുന്നത്. 1995 കാലഘട്ടത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഈ സംവിധാനം നിര്‍ത്തലാക്കി. അതോടെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വിമാന മാര്‍ഗം സഞ്ചരിക്കലല്ലാതെ മറ്റ് വഴിയില്ലാതായി.

''വിമാന മാര്‍ഗ്ഗമുള്ള കൂടുതല്‍ സൗകര്യപ്രദവും വേഗതയേറിയതും തന്നെ. പക്ഷേ കപ്പല്‍യാത്ര ഒരു തരത്തിലുള്ള ആത്മീയ അനുഭവമാണ്. കടലില്‍ ഒഴുകവെ, സൃഷ്ടാവിന്റെ മുന്നില്‍ സ്വയം സമര്‍പ്പിക്കുന്നതിന് മുമ്പേ കഴിഞ്ഞ് പോയ ജീവിതത്തെയും പ്രവൃത്തികളെയും കുറിച്ച് ചുഴിഞ്ഞാലോചിക്കാം. എന്നെ സംബന്ധിച്ച് മുംബൈയില്‍ നിന്നുള്ള കപ്പല്‍ യാത്ര വിമാനത്തേക്കാള്‍ സംതൃപ്തിയും വൈകാരിക ആനന്ദവും നല്‍കും''. കപ്പല്‍ യാത്ര പുനഃരാരംഭിക്കുന്നതിനെ കുറിച്ചുള്ള പ്രതികരണമായി 73 കാരിയായ സാക്കിന ഷൈക്ക് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തോട് പറയുന്നു. രണ്ട് വഴികളിലൂടെയും ഹജ്ജിന് പോയിട്ടുണ്ട് സാക്കിന.

നൂറ്റാണ്ടുകളായി കടല്‍ വഴിയും കരയിലൂടെയും ഇന്ത്യക്കാര്‍ ഹജ്ജിന് പോയിരുന്നു. കടല്‍ക്കൊള്ളക്കാരും പകര്‍ച്ചവ്യാധികളുമൊക്കെ തടസങ്ങളായി ഉണ്ടായിരുന്നെങ്കിലും ആത്മീയവിളിയുടെ അനിഷേധ്യത്തില്‍ ആളുകള്‍ മുന്നോട്ട് പോയി. എന്നാല്‍ ഇത് മൂലം കടല്‍പ്പാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞ്, 1994 ല്‍ 4700 പേരായി. അങ്ങനെ 1995 ഓടെ കടല്‍ മാര്‍ഗമുള്ള യാത്രാ പൂര്‍ണ്ണമായും അവസാനിപ്പിച്ച് വിമാന സൗകര്യം ഉപയോഗിക്കാന്‍ തുടങ്ങി. ജിദ്ദയിലെ മുന്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ 'Haj: An Indian Experience in the 20th Century ' എന്ന പുസ്തകത്തില്‍ പറയുന്നു.


Next Story

Related Stories