TopTop
Begin typing your search above and press return to search.

സൗദി രാജകുമാരനെതിരായ എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നു: പുരോഹിതരടക്കം 30 പേര്‍ അറസ്റ്റില്‍

സൗദി രാജകുമാരനെതിരായ എതിര്‍പ്പുകളെ അടിച്ചമര്‍ത്തുന്നു: പുരോഹിതരടക്കം 30 പേര്‍ അറസ്റ്റില്‍

സൗദി അറേബ്യയിലെ കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നയങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ വ്യാപക വേട്ടയാടല്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച മാത്രം 16 പേരെ അറസ്റ്റ് ചെയ്തതായി അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഇസ്ലാമിക പുരോഹിതരും അക്കാദമിക് വിദഗ്ധരും ഒരു കവിയും ഒരു സാമ്പത്തിക വിദഗ്ധനും ഒരു മാധ്യമ പ്രവര്‍ത്തകനും ഒരു യുവജന സംഘടനയുടെ തലവനും രണ്ട് സ്ത്രീകളും ഒരു മുന്‍ രാജാവിന്റെ പുത്രനായ രാജകുമാരനും ഉള്‍പ്പെടുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇവരില്‍ ചിലരെ സുരക്ഷ സേനകളുടെ അപ്രതീക്ഷിത റെയ്ഡുകളിലൂടെ വീടുകളില്‍ നിന്ന് തന്നെയാണ് കസ്റ്റഡിയില്‍ എടുത്തത്. അവരുടെ കമ്പ്യൂട്ടറുകള്‍, സെല്‍ഫോണുകള്‍, വ്യക്തിഗത രേഖകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ ഔദ്ധ്യോഗികമായി വെളിയില്‍ വിടാനോ അവര്‍ക്കെതിരെ എന്തെങ്കിലും കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടോ എന്ന് വെളിപ്പെടുത്താനോ അധികൃതര്‍ തയ്യാറായിട്ടില്ല. ഏകദേശം 30 പേര്‍ തടവിലായിട്ടുണ്ട് എന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ വേട്ടയുടെ വ്യാപ്തിയോ ലക്ഷ്യമോ വ്യക്തമല്ല. എന്നാല്‍ തങ്ങളും അറസ്റ്റിലായേക്കുമെന്ന് പലരും ഭയക്കുന്നുണ്ട്. സംഭവം പരിഹാസ്യമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സൗദി സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയുമായ ജമാല്‍ കാഷോഗ്ഗി പറഞ്ഞു. നാട്ടിലേക്ക് മടങ്ങി തന്നെയും അറസ്റ്റ് ചെയ്‌തേക്കും എന്ന ഭയത്തില്‍ അദ്ദേഹം ഇപ്പോള്‍ യുഎസില്‍ കഴിയുകയാണ്. അറസ്റ്റിലായവര്‍ രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന സര്‍ക്കാര്‍ അനുകൂലികളുടെ സാമൂഹിക മാധ്യമ പ്രചാരത്തെ കാഷോഗ്ഗി തള്ളിക്കളഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഏതെങ്കിലും രാഷ്ട്രീയ സംഘടനയില്‍ അംഗങ്ങളല്ലെന്നും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൂര്‍ണമായും രാജഭരണം നിലനില്‍ക്കുന്ന രാജ്യത്തിന്റെ വളരെ നിര്‍ണായക സമയത്താണ് എതിരഭിപ്രായങ്ങള്‍ പുലര്‍ത്തുന്നവര്‍ക്കെതിരായ വേട്ടയാടല്‍ നടക്കുന്നത്. ഇന്ധന വിലയില്‍ ഉണ്ടായ തകര്‍ച്ച രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഇന്ധനത്തെ അമിതമായി ആശ്രയിക്കുന്നതില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാനുള്ള ശക്തമായ നടപടികളാണ് കിരീടാവകാശി മുന്നോട്ട് വെക്കുന്നത്. ഇവയില്‍ പല നിര്‍ദ്ദേശങ്ങളും വ്യാപകമായി സ്വാഗതം ചെയ്യപ്പെടുകയും രാജ്യത്തിന്റെ ഭാവിക്ക് അനിവാര്യമാണ് എ്ന്ന പൊതുബോധം നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്.

എന്നാല്‍ നിയുക്ത ഭരണാധികാരി അധികാര കൊതിയനാണെന്നും ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള രാജഭരണത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. പരിഷ്‌കരണങ്ങള്‍ വിജയകരമായാല്‍ അത് ഭൂരിപക്ഷം സൗദികളുടെ വരുമാനത്തെയും ജീവിതനിലവാരത്തെയും പ്രതികൂലമായി ബാധിക്കും എന്ന ഭയവും നിലനില്‍ക്കുന്നുണ്ട്. സല്‍മാന്‍ രാജാവിന്റെ പുത്രന്മാരില്‍ ഒരാളും 32 കാരനുമായ മുഹമ്മദ് രാജകുമാരന്‍ ഈ വര്‍ഷം ആദ്യമാണ് കിരീടാവകാശിയായി വാഴിക്കപ്പെട്ടത്. എതിരാളി മുഹമ്മദ് ബിന്‍ നയേഫിനെ പിന്തള്ളിക്കൊണ്ടായിരുന്നു ഇത്. പിന്നീട് തന്റെ അധികാരം ഉറപ്പിക്കാനുള്ള നീക്കങ്ങളിലാണ് മുഹമ്മദ് രാജകുമാരന്‍. തന്റെ പുത്രനുവേണ്ടി സല്‍മാന്‍ രാജാവ് സ്ഥാനം ഒഴിഞ്ഞേക്കുമെന്നും അധികാര കൈമാറ്റം സുഗമാക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ അറസ്റ്റുകളെന്നും നിരവധി സൗദികളും വിദേശ ഉദ്യോഗസ്ഥരും വിശ്വസിക്കുന്നു.

എന്നാല്‍ വിദേശ ശക്തികള്‍ക്ക് അടിപ്പെട്ട് ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. പക്ഷെ മുഹമ്മദ് രാജകുമാരന്‍ ആക്രമണോത്സുകമായ പല നടപടികളും വേണ്ട വിജയം കണ്ടിട്ടില്ല. യമനില്‍ സൗദി സൈനീക നടപടികള്‍ക്ക് നേതൃത്വം വഹിച്ചത് അദ്ദേഹമായിരുന്നു. അത് ഉദ്ദേശിച്ച ലക്ഷ്യങ്ങളൊന്നും നേടിയെടുത്തില്ല. ഖത്തറിനെതിരായ ഉപരോധധവും പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ നിരോധിക്കപ്പെട്ടിട്ടുള്ള സൗദി അറേബ്യയില്‍ എല്ലാക്കാലത്തും വാര്‍ത്ത മാധ്യമങ്ങളും കടുത്ത നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എതിരഭിപ്രായങ്ങളോടും കടുത്ത അസഹിഷ്ണുതയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അറസ്റ്റുകള്‍ വ്യാപകമായതോടെ വിദേശശക്തികളുടെ നേട്ടങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന നിരവധി സൗദികളെയും വിദേശികളെയും അറസ്റ്റു ചെയ്യുകയും ഇവര്‍ക്കെതിരെ അന്വേഷണം നടത്തുകയുമാണെന്ന് സുരക്ഷ വിഭാഗം പ്രഖ്യാപിച്ചു. ഭീകരവാദപരമോ തീവ്രവാദപരമോ അയ ആശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം സൗദി പൗരന്മാരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അറസ്റ്റില്‍ ആയവരൊന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നവരോ അല്ല. പക്ഷെ ഖത്തറിനെതിരായ ഉപരോധം വന്നതോടെ അവരോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരൊക്കെ സംശയത്തിന്റെ നിഴലിലായി. ഖത്തറിനെ പരസ്യമായി അപലപിക്കുന്നതിന് അറസ്റ്റ് ചെയ്തവരാരും തയ്യാറായില്ല എന്നത് മാത്രമാണ് അവര്‍ക്കുള്ള സാമ്യമെന്ന് കാഷോഗ്ഗി ചൂണ്ടിക്കാണിക്കുന്നു.

ഖത്തറിനെതിരായ പ്രചാരണത്തില്‍ ഇവരെല്ലാം നിശബ്ദരായിരുന്നു. ഇതല്ല ചെയ്യേണ്ടത് എന്ന അഭിപ്രായം ഇവര്‍ക്കുണ്ടായിരുന്നെങ്കിലും അവരൊന്നും സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പ്രമുഖ മതപണ്ഡിതനും സാമൂഹിക മാധ്യമങ്ങളില്‍ ധാരാളം പേര്‍ പിന്തുടരുന്ന വ്യക്തിയും സര്‍ക്കാര്‍ സമീപനങ്ങളോട് പുര്‍ണമായും യോജിക്കാത്ത ചരിത്രവുമുള്ള സല്‍മാന്‍ അല്‍ അവ്ദയാണ് ഇവരില്‍ ഒരാള്‍. ഖത്തര്‍ അമീറുമായി മുഹമ്മദ് രാജകുമാരന്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയതിനെ തുടര്‍ന്ന് ഇരുവരും അനുരഞ്ജനത്തില്‍ എത്തണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹം വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടു എന്നാണ് വിവരം. അവ്ദ ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്നതിനെ കുറിച്ച് യാതൊരു വിവരവുമില്ല. ഇദ്ദേഹത്തിന്റെ അറസ്റ്റ് വിവരം ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് അവ്ദയുടെ സഹോദരന്‍ ഖാലിദും അറസ്റ്റിലായിട്ടുണ്ട്. അതുകൊണ്ട് തന്നെ അറസ്റ്റിലാവുന്നവരുടെ സഹപ്രവര്‍ത്തകര്‍ കാര്യങ്ങള്‍ തുറന്നുപറയാന്‍ മടിക്കുന്നു.

സല്‍മാന്‍ രാജാവിന്റെ അര്‍ദ്ധ സഹോദരന്‍ ഫഹദ് രാജാവിന്റെ പുത്രന്‍ അബ്ദുള്‍ അസീസ് ബിന്‍ ഫഹദും അറസ്റ്റ് ചെയ്യപ്പെട്ടതായാണ് വിവരം. തന്റെ ട്വീറ്റിലൂടെ സര്‍ക്കാരിനെ ഞെട്ടിച്ച അബ്ദുള്‍ അസീസ് ഹജ്ജ് തീര്‍ത്ഥാടനം കഴിഞ്ഞതിന് പിറകെ കൊട്ടാരത്തില്‍ തടവിലാണെന്ന് വിവരം പുറത്തുവന്നിരുന്നു. സൗദി അറേബ്യ തീവ്രവാദികളായി കണക്കാക്കുന്ന മുസ്ലീം ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുന്നതിനാലാണ് പല പുരോഹിതന്മാരും അറസ്റ്റിലായതെന്നും സൂചനയുണ്ട്.


Next Story

Related Stories