UPDATES

പ്രവാസം

രേഖകളില്ലാതെ യുഎഇയില്‍ 20 വര്‍ഷം; പൊതുമാപ്പില്‍ പ്രതീക്ഷയര്‍പ്പിച്ച് മലയാളിയായ 73കാരി

ഒരു കാലത്ത് ദുബയിലെ മികച്ച വ്യവസായി ആയിരുന്നു ഇവര്‍. പിന്നീട് എല്ലാം തകരുകയായിരുന്നു. ജീവത്തിന്റെ അവസാന കാലത്ത് സ്വന്തം ജന്മനാട്ടില്‍ കഴിയണമെന്ന അവരുടെ ആഗ്രഹത്തിനാണ് ഇപ്പോള്‍ പൊതുമാപ്പിലൂടെ വഴിയൊരുങ്ങുന്നത്.

യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പില്‍ നാട്ടിലേക്കുള്ള മടക്കയാത്ര പ്രതീക്ഷിച്ച് 73കാരിയായ മുന്‍ മലയാളി വ്യവസായി. മതിയായ രേഖകളില്ലാത്തതിനാല്‍ 20 വര്‍ഷത്തോളമായി കേരളത്തിലേക്ക് മടങ്ങാന്‍ കഴിയാതിരുന്ന വയോധികയ്ക്കാണ്
പൊതുമാപ്പ് പ്രതീക്ഷയാവുന്നത്. ഒരു കാലത്ത് ദുബയിലെ മികച്ച വ്യവസായി ആയിരുന്നു ഇവര്‍. പിന്നീട് എല്ലാം തകരുകയായിരുന്നു. ജീവത്തിന്റെ അവസാന കാലത്ത് സ്വന്തം ജന്മനാട്ടില്‍ കഴിയണമെന്ന അവരുടെ ആഗ്രഹത്തിനാണ് ഇപ്പോള്‍ പൊതുമാപ്പിലൂടെ വഴിയൊരുങ്ങുന്നത്.

ദിനം പ്രതി ആരോഗ്യം ക്ഷയിക്കുകയാണ്. കടുത്ത പ്രമേഹ ബാധ മൂലം വലതു കണ്ണിന്റെ കാഴ്ച ഏകദേശം പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നു. നടക്കാന്‍ ഉള്‍പ്പെടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന താന്‍ സുഹൃത്തുക്കളുടെയും അയല്‍ക്കാരുടെയും സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. ഇന്ത്യയില്‍ മടങ്ങിയെത്തിയാല്‍ എങ്ങനെ ജീവിക്കുമെന്നറിയില്ല, അതിനുവേണ്ട പണം കയ്യിലില്ലാത്തതാണ് പ്രശ്‌നം. പക്ഷേ അതെന്റെ ജന്‍മനാടാണ്, അവിടെ മരിക്കുന്നതാണ് നല്ലെതെന്ന് തോന്നുന്നതെന്നും അവര്‍ ഖലീജ് ടൈസിനോട് പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് കമ്പനിയായ വേള്‍ഡ് വൈഡ് പ്രോപ്പര്‍ട്ടീസിന്റെ ജനറല്‍ മാനേജറായി 1977 ലാണ് ഇവര്‍ അദ്യമായി അബുദാബിയിലെത്തുന്നത്. ഇന്നത്തെ പല പ്രമുഖരും അന്ന് തങ്ങളുടെ ഇടപാടുകാരായിരുന്നു. എന്നാല്‍ ചെക്കുകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായതോടെ എല്ലാം തകിടം മറിയുകയായിരുന്നു. 1998 ലാണ് പിന്നീട് ജയില്‍ മോചിതയാവുന്നത്. എന്റെ ജോലി നഷ്ടപ്പെട്ടു, ഇതോടെ കടം പെരുകുകയായിരുന്നെന്നും അവര്‍ പറയുന്നു. എത്രവര്‍ഷമായിരുന്നു ജയില്‍ വാസം അനുഭവിച്ചതെന്ന് ഓര്‍ത്തെടുക്കാന്‍ അവര്‍ക്കായിരുന്നില്ല.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കുടുംബം പോലും തള്ളിപ്പറഞ്ഞു. കുറ്റവാളിയെപ്പോടെയാണ് അവര്‍ തന്നോട് പെരുമാറിയത്. അന്ന് ഇന്ത്യയിലേക്ക് തിരിച്ചുപോവുന്നതിനായി അവിടെ ഒന്നുമില്ലായിരുന്നു. തന്റെ മകള്‍ക്ക് 5 വയസ്സുള്ളപ്പോള്‍ നാട്ടില്‍ നടന്ന ഒരു വാഹനാപകടത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ടു. ഇതോടെ മകള്‍ തന്റെ സഹോദരിക്കൊപ്പം താമസമായി. അക്കാലത്ത് താന്‍ അബുദാബിയിലായിരുന്നു. ഇപ്പോള്‍ ആരുമായും ബന്ധമില്ലെന്നും അവര്‍ പ്രതികരിച്ചു.

വാടക നല്‍കാത്തിന്റെ പേരില്‍ 20 വര്‍ഷം മുന്‍പ് കെട്ടിട ഉടമ പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കുകയായിരുന്നു. ഇതിനിടെ വിസാ കാലാവധി തീര്‍ന്നു. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് സ്വതന്ത്രമായി പ്രവര്‍ത്തിച്ച് കടങ്ങള്‍ വീട്ടാനുള്ള ശ്രമമായിരുന്നു അപ്പോഴും. എന്നാല്‍ ജോലിയെടുക്കാന്‍ ഇപ്പോള്‍ ആരോഗ്യം അനുവദിക്കുന്നില്ല. ജോലിചെയ്യാന്‍ ആഗ്രഹമുണ്ട് പക്ഷേ പ്രായം തടസമാവുകയാണ്.
പൊതുമാപ്പിലാണ് ഇനിയുള്ള പ്രതീക്ഷ. ഭക്ഷണം മരുന്ന് എന്നിവയക്കായി ആരെങ്കിലും സഹായിക്കാന്‍ എത്തുമെന്ന് പ്രതീക്ഷയില്‍ കഴിയുകയാണ് വയോധിക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍