ബോണസ് ഉള്‍പ്പെടെ തൊഴിലാളി അനുകൂല നടപടികളുമായി യുഎഇയിലെ അജ്മാന്‍ സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് ഒരുമാസത്തെ അടിസ്ഥാന ശമ്പളം ബോണസ് ഇനത്തില്‍ നല്‍കാം എന്നും, മികച്ച ജീവനക്കാര്‍ക്ക് പാരിതോഷികം, പ്രോത്സാഹനം എന്നിവ നല്‍കണമെന്നും അജ്മാന്‍ ഫ്രീ സോണ്‍ ചെയര്‍മാനും സാമ്പത്തിക കാര്യ മേധാവിയുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ ഹുമൈദ് അല്‍ നൗമി ഉത്തരവില്‍ പറയുന്നു.
നല്ല പെരുമാറ്റവും, ഉല്‍പാദന ക്ഷമതയും പ്രോത്സാഹിപ്പിക്കുക എന്ന അജ്മാന്‍ സര്‍ക്കാരിനു കീഴിലെ സെന്‍ട്രല്‍ ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടര്‍ ജനറലിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ഒരുമാസത്തെ അടിസ്ഥാന ശമ്പളമായിരിക്കും ബോണസായി നല്‍കേണ്ടതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
സര്‍ക്കാര്‍ വകുപ്പുകളിലെ തൊഴിലാളികള്‍ക്കിടയില്‍ ഒരു സര്‍ഗാത്മക സൃഷ്ടി, സംസ്‌കാരം എന്നിവ പ്രോത്സാഹിപ്പിക്കുകയും, ഇതോടൊപ്പം മികച്ച തൊഴില്‍ സാഹചര്യം സൃഷ്ടിക്കുകയുമാണ് അജ്മാന്‍ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ജോലിയോടുള്ള ജിവനക്കാരുടെ ആത്മാര്‍ത്ഥത വര്‍ധിപ്പിക്കാനും ഉത്തരവിലുടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. എന്നാല്‍ പാരിതോഷികങ്ങള്‍ ഒരുമാസത്തെ ശമ്പളത്തില്‍ കവിയരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
നവീകരണ ജീവനക്കാര്‍, സാമൂഹിക വിഭാഗം ജീവനക്കാര്‍ കസ്റ്റമര്‍ സര്‍വീസ് ജീവനക്കാര്‍, സഹകരണ വിഭാഗം, മാനേജര്‍, മികച്ച കമ്മറ്റി, മികച്ച തൊഴില്‍ സംഘം എന്നിവയെയും അനുകൂല്യങ്ങള്‍ക്ക് പരിഗണിക്കാം എന്നും അജ്മാന്‍ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.