TopTop
Begin typing your search above and press return to search.

വെള്ളിത്തിളക്കത്തോടെ പ്രീജ ട്രാക്കിനോട് വിടചൊല്ലി

വെള്ളിത്തിളക്കത്തോടെ പ്രീജ ട്രാക്കിനോട് വിടചൊല്ലി

അഴിമുഖം പ്രതിനിധി

കേരളത്തിന്റെ പ്രിയതാരം പ്രീജ ശ്രീധരന്‍ ദേശീയ ഗെയിംസില്‍ പതിനായിരം മീറ്ററില്‍ വെള്ളി മെഡലോടുകൂടി ട്രാക്കൊഴിഞ്ഞു. ദേശീയ ഗെയിംസോടെ കായിക ജീവിതത്തിന്റെ അവസാന ലാപ്പ് കടക്കാന്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്ന പ്രീജയുടെ ഓട്ടം കേരളം ആവേശത്തോടെയാണ് വീക്ഷിച്ചത്. സ്വര്‍ണം അണിഞ്ഞു തന്നെ പ്രീജ അവസാനമായി മെഡല്‍ സ്റ്റാന്‍ഡില്‍ കയറിനില്‍ക്കണമെന്നായിരുന്നു കായികകേരളം ആഗ്രഹിച്ചതെങ്കിലും ചെറിയൊരു നിരാശ. പക്ഷെ, ആ നിരാശയിലും കേരളത്തിന് സന്തോഷിക്കാന്‍ വകയുണ്ട്. കാരണം പ്രീജയ്ക്ക് മുന്നില്‍ എത്തിയത് കേരളത്തിന്റെ തന്നെ മറ്റൊരു പ്രിയതാരം ഒ പി ജയ്ഷയായിരുന്നു. നേരത്തെ അയ്യായിരം മീറ്ററിലും പൊന്നണിഞ്ഞ ജയ്ഷയുടെ രണ്ടാം സ്വര്‍ണമായിരുന്നു ഇന്നത്തേത്.

പതിനായിരം മീറ്ററില്‍ താന്‍ കുറിച്ച ദേശീയ റെക്കോര്‍ഡിന്റെ അവകാശം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് പ്രീജ കായികരംഗം വിടുന്നത്. ബുസാന്‍ ഏഷ്യന്‍ ഗെയിംസിലാണ് പ്രീജ ദേശീയ റെക്കോര്‍ഡ് പ്രകടനം കാഴ്ച വച്ചത്. ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്താണ് കേരളത്തിന്റെ ഈ ദീര്‍ഘദൂര ഓട്ടക്കാരി അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന താരമായി വളര്‍ന്നത്. രാജ്യാന്തര മത്സരവേദികളില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍ പലപ്പോഴും പ്രീജയ്ക്ക് സാധിച്ചപ്പോള്‍ കേരളവും ആ നേട്ടങ്ങളില്‍ അഭിമാനം കൊണ്ടിരുന്നു. ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും ഒരു താരത്തിന്റെ പകിട്ട് ജീവിതത്തിലും സ്വഭാവത്തിലും കൊണ്ടുവരാന്‍ ശ്രമിക്കാതെ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയായി തന്നെ സ്‌നേഹിക്കുന്നവരുടെ മുന്നില്‍ നില്‍ക്കാനായിരുന്നു പ്രീജ തയ്യാറായത്. അതുകൊണ്ടു തന്നെയാണ് സമീപകാലത്ത് മറ്റൊരു കായികതാരത്തിന്റെയും വിടവാങ്ങലിന് ലഭിക്കാത്ത പ്രാധാന്യം. കായികപ്രേമികള്‍ക്കൊപ്പം പ്രീജയുടെ കോച്ചുമാരും കുടുംബാംഗങ്ങളും ഇന്നത്തെ മത്സരം കാണാന്‍ എത്തിയിരുന്നു.
മത്സരശേഷം സ്റ്റേഡിയത്തിന് വലംവെച്ച് തന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയാനും പ്രീജ മറന്നില്ല. തന്റെ മത്സരം കാണാനായി മാത്രം ഇവിടെയത്തിയ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും പ്രീജ തന്റെ നന്ദിയും സനേഹവും മറച്ചുവച്ചില്ല. സ്വന്തം കുടുംബത്തിന്റെ മുന്നില്‍ വച്ചുതന്നെ അവസാന മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നാണ് പ്രീജ പറഞ്ഞത്. അവസാന മത്സരത്തിന് ഇറങ്ങുന്ന തനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. മെഡല്‍ നേടി തന്നെ വിടവാങ്ങണം എന്നു മനസ്സില്‍ ഉറപ്പിച്ചിരുന്നു. കേരളം മുഴുവന്‍ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നവെന്ന് എനിക്കറിയാം. അതുകൊണ്ടാണ് എനിക്ക് വെള്ളി മെഡല്‍ നേടാന്‍ കഴിഞ്ഞതെന്നും പ്രീജ പറഞ്ഞു.

20 വര്‍ഷമായി സ്‌പോര്‍ട്‌സ് ആണ് എന്റെ ജീവിതം. ഇനി അതില്ല. കഴിഞ്ഞ കുറച്ചുദിവസമായി എന്നെ മനസു മുഴുവന്‍ ആ യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള ചിന്തകളായിരുന്നു. ഞാന്‍ വളരെ ടെന്‍ഷനിലായിരുന്നു. എന്റെ വിജയങ്ങളില്‍, എന്നെ പ്രോത്സാഹിപ്പി്ച്ച് മാധ്യമങ്ങള്‍ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എന്നെ പല മാധ്യമ സുഹൃത്തുക്കളും ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മനസ്സില്‍ വലിയ പരിഭ്രമമായിരുന്നു. എന്താണ് നിങ്ങളോടു പറയേണ്ടതെന്ന് അറിയില്ലായിരുന്നു. എന്നോടു ക്ഷമിക്കണം, പ്രീജ പറഞ്ഞു. ഇനിയെന്ത് എന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ല. മനസ്സില്‍ പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ല. എങ്കിലും സ്‌പോര്‍ട്‌സ് തന്നെയാണ് എന്റെ ജീവിതം. പ്രീജ പറഞ്ഞു നിര്‍ത്തി.

Next Story

Related Stories