TopTop
Begin typing your search above and press return to search.

ചുറ്റാനൊരു മരവും റൊമാന്‍റിക് പാട്ടും ചേര്‍ന്ന കോംബിനേഷന്‍ മാത്രമല്ല പ്രേം നസീര്‍

ചുറ്റാനൊരു മരവും റൊമാന്‍റിക് പാട്ടും ചേര്‍ന്ന കോംബിനേഷന്‍ മാത്രമല്ല പ്രേം നസീര്‍

പ്രേം നസീര്‍ ചെയ്തിട്ടുള്ള ചില വ്യത്യസ്ത കഥാപാത്രങ്ങളുണ്ട് - ധാര്‍മ്മികത, സദാചാരം ഇവയൊക്കെ അടഞ്ഞ വാതിലിനപ്പുറം നിര്‍ത്തിക്കൊണ്ടുള്ള വില്ലന്‍ ഛായ കലര്‍ന്ന വേഷങ്ങള്‍. ഭീതിദവും വിചിത്രവുമായ അനുഭവമാണ് എന്നെ സംബന്ധിച്ച് നസീറിനെ അങ്ങനെ കാണുന്നത്. നമ്മള്‍ കണ്ടു പരിചയിച്ചതും ഇഷ്ടപ്പെടുന്നതുമായ മധുരമൂറുന്ന കഥാപാത്രങ്ങളില്‍ നിന്നു വ്യതിചലിച്ച് വേറിട്ട റോളുകള്‍ സ്വീകരിച്ചിരുന്നെങ്കില്‍ മലയാള സിനിമയിലെ മികവുറ്റ വില്ലന്‍മാരില്‍ ഒരാളാവാന്‍ കഴിയുമായിരുന്നു അദ്ദേഹത്തിനെന്നാണ് ഞാന്‍ കരുതുന്നത് (വിശാലാര്‍ത്ഥത്തില്‍). പക്ഷേ അപ്പോള്‍ കഥ മാറിയേനെ. 1973-ലിറങ്ങിയ 'അഴകുള്ള സെലീന'യിലേതൊഴികെ അദ്ദേഹത്തിന്‍റെ അത്തരം സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടാറില്ല. (സിനിമയുടെ ഇംഗ്ലീഷ് ടൈറ്റിലിലെ സ്പെല്ലിങ്ങ് Saleena എന്നാണെങ്കിലും അങ്ങനെ എഴുതാന്‍ എനിക്കൊരിക്കലും മനസ്സു വരാറില്ല.) സിനിമയെ കുറിച്ചെഴുതുന്നവര്‍ നമ്മളെ ആഹ്ളാദിപ്പിച്ചിരുന്ന ട്രേഡ്മാര്‍ക്ക് പ്രത്യേകതകളെക്കുറിച്ചു മാത്രം പരാമര്‍ശിച്ച് ആ നടനെ അതില്‍ മുക്കിക്കളഞ്ഞു എന്നു പറയാം. നായികയും നായികയും (ഷീല/ ശാരദ/ ജയഭാരതി - നിങ്ങള്‍ക്കിഷ്ടമുള്ള പേരിട്ടോളൂ) ചുറ്റാന്‍ ഒരു മരവും നല്ലൊരു റൊമാന്‍റിക് പാട്ടും ചേര്‍ന്ന കോംബിനേഷന്‍ മാത്രമല്ല നസീര്‍. സ്വയം തെളിയിച്ചിട്ടും ഓണ്‍സ്ക്രീന്‍ പരീക്ഷണങ്ങളില്‍ അദ്ദേഹത്തെ പ്രയോജനപ്പെടുത്താന്‍ ആര്‍ക്കും താല്‍പ്പര്യമോ ധൈര്യമോ ഉണ്ടായിരുന്നില്ല; അവസരങ്ങള്‍ ഉണ്ടായിട്ടും. അദ്ദേഹം ഏറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തത് 'പെര്‍ഫക്റ്റ് പുരുഷ'നായല്ലാതെ അഭിനയിച്ചപ്പോഴായിരുന്നു. നമ്മളെപ്പോലെയുള്ള ആവേശഭരിതരായ കാണികളില്‍ അതുണര്‍ത്തിയ ആശ്ചര്യമാണ് സ്ഥിരം വേഷഭൂഷാദികള്‍ അണിഞ്ഞുള്ള, സിനിമകള്‍ തോറുമാവര്‍ത്തിച്ച റൊമാന്‍റിക് റോളുകളേക്കാള്‍ ഇവയെ ഓര്‍മയില്‍ നിര്‍ത്തുന്നത്.


താഴെ പറയുന്ന ചിത്രങ്ങളിലാണ് എന്‍റെ അഭിപ്രായത്തില്‍ പ്രേം നസീര്‍ പ്രതിനായക വേഷങ്ങളെ അവിസ്മരണീയമാക്കിയത്. കൌതുകകരമായ കാര്യം രണ്ടുതരം സ്വഭാവങ്ങളെ സ്പര്‍ശിച്ചു പോകുന്ന റോളുകളാണ് ഇവയെന്നതാണ്. ഒന്നുകില്‍ നിശ്ശബ്ദനായ, ദുഷ്ടലാക്കോടെയും ആസക്തിയോടെയും അന്യന്‍റെ ഭാര്യയെ മോഹിക്കുന്ന, പരുക്കന്‍ മനുഷ്യന്‍. അല്ലെങ്കില്‍ സാമൂഹ്യ സാഹചര്യങ്ങളെ ഭയന്ന് ദുര്‍ബലനും ചഞ്ചലനുമായി തുടങ്ങി ഒടുക്കം പൊട്ടിത്തെറിക്കുന്ന ഒരുവന്‍. നേര്‍വഴിയിലൂടെ നീതിപൂര്‍വ്വം സഞ്ചരിച്ച് കുടുംബ ജീവിതത്തില്‍ നിര്‍വ്വാണമടയുന്ന മറ്റനേകം റോളുകളെ വച്ച് നോക്കുമ്പോള്‍ ധാര്‍മ്മികതയിലെ അവ്യക്തതയിലൂന്നുന്നവയാണ് ഈ കഥാപാത്രങ്ങള്‍.


കുട്ടിക്കുപ്പായം (1964)
സുപ്രസിദ്ധ നിര്‍മ്മാതാവായിരുന്ന ടി ഇ വാസുദേവന്‍ ഒരഭിമുഖത്തില്‍ പറഞ്ഞത് ഈ സിനിമ സൌജന്യമായി ചെയ്തു തരാമെന്ന് പ്രേം നസീര്‍ വാഗ്ദാനം ചെയ്തുവെന്നാണ്. കാരണം അസോസിയേറ്റഡ് പിക്ചേഴ്സിനൊപ്പമുള്ള അദ്ദേഹത്തിന്‍റെ മുന്‍ചിത്രം സത്യഭാമ (1963) സാമ്പത്തികമായി വന്‍പരാജയമായിരുന്നു. കുട്ടിക്കുപ്പായം നിര്‍മ്മിച്ചത് 98,000 രൂപയുടെ തുച്ഛമായ ബഡ്ജറ്റിലായിരുന്നു. പക്ഷേ ബോക്സോഫീസ് തൂത്തുവാരിയ വിജയമായിരുന്നു അവരെ കാത്തിരുന്നത്. പ്രേം നസീറിന്‍റെ കഥാപാത്രം ദുര്‍ബലനും ചഞ്ചലചിത്തനും വികാരങ്ങള്‍ക്കടിമപ്പെട്ടവനും ആയിരുന്നുവെങ്കിലും (1953-ലെ 'പൊന്‍കതിര്‍' ഓര്‍ക്കുക) കുട്ടിക്കുപ്പായം ശക്തമായ പ്രമേയമായിരുന്നു. മൊയ്തു പടിയത്തിന്‍റെ കഥയെ ആധാരമാക്കിയെടുത്ത ഈ ചിത്രത്തില്‍ വന്ധ്യത എന്നും സ്ത്രീകളുടെ മാത്രം കുഴപ്പം എന്ന സമൂഹ ചിന്താഗതിയെ ചോദ്യം ചെയ്യുന്നു. ഒപ്പം യാഥാസ്ഥിതിക മുസ്ലീം കുടുംബ പശ്ചാത്തലത്തില്‍ വിവാഹം എന്ന ഇന്‍സ്റ്റിറ്റ്യൂഷനെയും അതിലെ പ്രശ്നങ്ങളേയും തുറന്നു കാണിക്കുന്നു.


പ്രേം നസീര്‍ അവതരിപ്പിച്ച ജബ്ബാര്‍ നല്ലരീതിയില്‍ തേങ്ങാക്കച്ചവടം നടത്തി കഴിയുന്നയാളാണ്. സന്തുഷ്ട ദാമ്പത്യം നയിക്കുന്ന ജബ്ബാറിന് കുട്ടികളില്ല; അമ്മയുടെ (ഫിലോമിനയുടെ അവിസ്മരണീയ കഥാപാത്രങ്ങളിലൊന്ന്) ചില കുത്തിത്തിരിപ്പുകളുണ്ടെങ്കിലും ഭാര്യയുമായി നല്ല സ്നേഹത്തിലാണ് അയാള്‍. എന്നാല്‍ ഒരു ഘട്ടം കഴിയുന്നതോടെ അമ്മയുടെ നിര്‍ബന്ധവും വഴക്കുകളും സഹിക്കാതെ ജബ്ബാര്‍ ഭാര്യയെ ഉപേക്ഷിച്ച് അമ്മയുടെ സഹോദരന്‍റെ മകളെ വിവാഹം കഴിക്കുന്നു. തുടര്‍ന്ന്‍ അയാളുടെ ജീവിതം ഒരു ദുരന്തമാവുകയാണ്. ഭര്‍ത്താവുപേക്ഷിച്ച ആദ്യഭാര്യയുടെ (അംബികയുടെ കണ്ണീര്‍ കഥാപാത്രം) വിവാഹം മറ്റൊരാളുമായി (മധു) നടക്കുന്നു; അവള്‍ ക്രമേണ ഗര്‍ഭിണിയാവുകയും ചെയ്തു. ഒരു കുടുംബസുഹൃത്തില്‍ നിന്ന് ഈ വിവരമറിഞ്ഞ ജബ്ബാര്‍ തകര്‍ന്നു പോകുന്നു. ധൈര്യം സംഭരിച്ച് വൈദ്യപരിശോധനകള്‍ക്ക് വിധേയനായ അയാള്‍ താനേറ്റവും ഭയപ്പെട്ടിരുന്ന കാര്യം തന്നെ ഡോക്ടറില്‍ നിന്ന് അറിയുന്നു; കുട്ടികളുണ്ടാവാതിരുന്നത് അയാളുടെ കുഴപ്പം കൊണ്ടായിരുന്നുവെന്ന്. തിരികെ വീട്ടിലെത്തിയപ്പോള്‍ അവിടെയെല്ലാവരും വലിയ സന്തോഷത്തിലാണ്. പുതുപ്പെണ്ണ് ഗര്‍ഭിണിയായിരിക്കുന്നു!

ആദ്യഭാര്യയുമായി പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് അമ്മ നിര്‍ബന്ധിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാവരെയും, പ്രത്യേകിച്ച് അമ്മയെ പ്രീതിപ്പെടുത്താന്‍ പാടുപെടുന്ന ജബ്ബാറിനെയാണ് നമ്മള്‍ കാണുന്നത്. എന്നാല്‍ കുറ്റബോധം മൂലം അയാളുടെയുള്ളില്‍ വടംവലി നടക്കുന്നുണ്ട്. അവസാനം വിധിയുടെ മാറിമറിയലില്‍ അയാള്‍ക്ക് മനസിന്‍റെ സ്ഥിരത നഷ്ടപ്പെടുന്നു. അതുവരെയുള്ള റൊമാന്‍റിക് വേഷങ്ങളില്‍ നിന്ന് പുതുമയുള്ള ഒരു മാറ്റമായിരുന്നു നസീറിന്‍റേത്. പൊതുവേ അതീവ സുന്ദരനായി, കൃത്യമായി ചുണ്ടനക്കി സ്ക്രീനിലെത്താറുള്ള നസീറിന് മാനസിക സംഘര്‍ഷങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കാന്‍ പ്രത്യേക മിടുക്കുണ്ടായിരുന്നു എന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഒരു രംഗത്ത് ജബ്ബാറിന്‍റെ വൈകാരികനില പാടേ തെറ്റി അമ്മയെയും ഭാര്യയെയും തന്നെത്തന്നെയും ഒരേസമയം നേരിടുന്നുണ്ട്. അദ്ദേഹത്തെ ആ സമയത്ത് കണ്ടിരിക്കുന്നത് ഒരനുഭവമായിരുന്നു.

കുട്ടിക്കുപ്പായത്തിലെ ക്ലാസ്സിക് ഗാനം "ഇന്നെന്‍റെ കരളിലെ"

അശ്വമേധം (1967)
കെ‌പി‌എ‌സിയുടെ പ്രസിദ്ധ നാടകത്തിന്‍റെ ചലച്ചിത്രരൂപത്തില്‍ നട്ടെല്ലില്ലാത്ത, ദുര്‍ബലനായ ഒരു കഥാപാത്രമായി വീണ്ടും നസീര്‍ എത്തുന്നു. മാതാപിതാക്കളുടെ എതിര്‍പ്പിനെ പോലും അവഗണിച്ച് കാമുകിയുമായുള്ള വിവാഹത്തിനൊരുങ്ങുന്ന, പ്രേമപരവശനായ കാമുകനാണ് മോഹന്‍ (അവസാന നിമിഷമാണ് അച്ഛനമ്മമാര്‍ സമ്മതിക്കുന്നത്). അവര്‍ തമ്മിലുള്ള പരസ്പരാകര്‍ഷണവും സ്നേഹവും മലയാളസിനിമയ്ക്ക് പ്രതീക്ഷയുടേതായ ഒരു മനോഹരഗാനം തന്നെ തന്നു; "ഏഴു സുന്ദര രാത്രികള്‍". എന്നിട്ടും തന്‍റെ ഭാര്യയാവാന്‍ പോകുന്നവള്‍ക്ക് കുഷ്ഠരോഗബാധയുണ്ടായതറിഞ്ഞു മോഹന്‍ വിവാഹ ഒരുക്കങ്ങള്‍ നിര്‍ത്തിവയ്ക്കുന്നു. അയാളുടെ പ്രിയ കൂട്ടുകാരന്‍ കൂടിയായ ഡോക്ടര്‍ രോഗം പൂര്‍ണ്ണമായി ഭേദമായിരിക്കുന്നുവെന്നും അവള്‍ ആരോഗ്യവതിയാണെന്നും പറഞ്ഞിട്ടും അയാള്‍ക്ക് വിശ്വാസമാകുന്നില്ല. (പ്രേം നസീറിന്‍റെ സ്ഥിരം ശൈലിയില്‍) "ആ... ഡാക്ടര്‍.. നിങ്ങള്‍ പറയുന്നത് ശരിയായിരിക്കാം... പക്ഷേ എഹ്... എനിക്കു വിശ്വാസം വരുന്നില്ല" എന്നത് വാലും മടക്കി കടന്നുകളയുന്ന പശ്ചാത്തലത്തിലുള്ള ഒരു ക്ലാസ്സിക് മലയാള സിനിമാ ഡയലോഗ് ആണ്. അഭൂതപൂര്‍വ്വമായ വിജയം നേടിയ ഒരു നാടകത്തിന്‍റെ ദുര്‍ബലവും വിരസവുമായ സിനിമാരൂപമായിരുന്നു അശ്വമേധമെങ്കിലും പ്രേം നസീറിന്‍റെ മോഹന്‍ ഒറിജിനലിനോട് നീതി പുലര്‍ത്തുംവിധം ശക്തമായ അവതരണമായിരുന്നു. മനസ്സില്‍ നില്‍ക്കുന്ന ഒരു പേടിത്തൊണ്ടന്‍.

അശ്വമേധത്തിന് നന്ദി; പ്രതീക്ഷാനിര്‍ഭരമായ ഒരു സുന്ദരഗാനം.

കള്ളിച്ചെല്ലമ്മ (1969)
നാടന്‍ കള്ളിന്‍റെ അകമ്പടിയുണ്ടെങ്കില്‍ male chauvinism, ഭീരുത്വം ഇവ സുഖമായി ഒന്നിച്ചു പോകുമെന്ന് കള്ളിച്ചെല്ലമ്മയിലെ കുഞ്ഞച്ചന്‍ കാണിച്ചു തരുന്നു. വെള്ളം കയറിയ പാടങ്ങള്‍ വറ്റിക്കാന്‍ ഗ്രാമത്തിലെ കര്‍ഷകസംഘം വാടകയ്ക്ക് വിളിച്ച മോട്ടോര്‍ പമ്പ് ഓപ്പറേറ്റര്‍ ആയിരുന്നു നസീര്‍ അവതരിപ്പിച്ച കുഞ്ഞച്ചന്‍. ധൈര്യപൂര്‍വ്വം ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ചെല്ലമ്മയെന്ന സുന്ദരിയോട് ചിരിച്ചും കളിച്ചും അവളുടെ മനസ്സിലും പിന്നെ കിടക്കയിലും എത്താന്‍ സുമുഖനും ചുണയുള്ളവനുമായ കുഞ്ഞച്ചന് അധികം പാടുപെടേണ്ടി വന്നില്ല. ആ നാട്ടിലെ ജോലി കഴിഞ്ഞതോടെ അയാള്‍ സ്ഥലം വിടുന്നു. അതിനുശേഷം ഒരുവര്‍ഷത്തോളം അയാളുടെ ഒരു വിവരവുമില്ലായിരുന്നു. തന്‍റെ ചപല സ്വഭാവം വെളിപ്പെടുത്തിക്കൊണ്ട് പിന്നെയും കുഞ്ഞച്ചന്‍ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെടുകയാണ്. അയാളുടെ അഹങ്കാരവും വിഡ്ഢിത്തരവുമൊക്കെ സഹിച്ച് കൂടെ നില്‍ക്കുന്ന ചെല്ലമ്മ, കള്ളുകുടിച്ച് വഴക്കുണ്ടാക്കി കൊലപാതകത്തോളമെത്തുന്ന ഒരു സന്ദര്‍ഭത്തിലും അയാളെ രക്ഷപ്പെടാന്‍ സഹായിക്കുന്നുണ്ട്. താന്തോന്നിയും ധാര്‍ഷ്ട്യക്കാരനുമായ "ഭര്‍ത്താവി"നൊപ്പം സ്വന്തം വീടുവിട്ട് ഒരു ജീവിതം ഉണ്ടാക്കിയെടുക്കാനും ചെല്ലമ്മ ഇറങ്ങിത്തിരിച്ചു. എന്നാല്‍ ഒരു ചെറുപ്പക്കാരിയും രണ്ടു കുട്ടികളും ഗ്രാമത്തിലെത്തുന്നതോടെ കാര്യങ്ങള്‍ മാറി മറിയുകയാണ്. ആ സ്ത്രീ തന്‍റെ ഭര്‍ത്താവിനെ, കുട്ടികളുടെ അച്ഛനെ തിരഞ്ഞു വന്നിരിക്കുകയാണ്. കുഞ്ഞച്ചന്‍ എന്ന കള്ളുകുടിയനും സുന്ദരനുമായ ചതിയന്‍ കാരണം ചെല്ലമ്മയുടെ ജീവിതം ദുരിതത്തിലേയ്ക്ക് കൂപ്പുകുത്തുകയാണ്.

ഒരേസമയം ഇഷ്ടവും വെറുപ്പും തോന്നിക്കുന്ന കുഞ്ഞച്ചനെ അവതരിപ്പിക്കാന്‍ പ്രേം നസീര്‍ അല്ലാതെ മറ്റാരും അനുയോജ്യരാണെന്ന് എനിക്കു തോന്നുന്നില്ല. അയാളുടെ തനിസ്വഭാവം പതിയെ പുറത്തുവരുന്നത് മനോഹരമായാണ് കാണിക്കുന്നത്. പ്രത്യേകിച്ച് കാമുകനില്‍ നിന്ന് കുടിയനിലേക്കും വീമ്പു പറയുന്ന ഒരു ഭീരുവിലേക്കും അവിടെനിന്ന് അങ്ങേയറ്റം അഹങ്കാരിയായുമൊക്കെയുള്ള കുഞ്ഞച്ചന്‍റെ രൂപമാറ്റം. (എന്‍റെ അഭിപ്രായത്തില്‍) നസീറിന്‍റെ കരിയറിലെ ഏറ്റവും മികച്ച രണ്ടു റോളുകള്‍ നല്‍കിയതിന്‍റെ ഖ്യാതി പി ഭാസ്കരനാണ്. കുഞ്ഞച്ചന്‍ കഴിഞ്ഞാല്‍ 'ഇരുട്ടിന്‍റെ ആത്മാവി'ലെ വേലായുധന്‍ (1967) ആണ് രണ്ടാമത്തെ റോള്‍. കെ രാഘവന്‍ സംഗീതം നല്‍കിയ സുന്ദരഗാനങ്ങളിലൂടെ ആദ്യമൊന്നു മയക്കിയ ശേഷം പി ഭാസ്കരന്‍ പെട്ടന്ന് നിങ്ങളുടെ കണ്‍മുന്‍പില്‍ കാര്യങ്ങള്‍ മാറ്റി മറിക്കുന്നു.

കള്ളിച്ചെല്ലമ്മയില്‍ നിന്ന് "മാനത്തെ കായലിന്‍"

വിവാഹിത (1970)
ചിത്രകാരനും ഗായകനുമായ രാജേന്ദ്രന്‍ മനസ്സില്‍ നിന്നു മായുന്നില്ല. സ്വന്തം വ്യഥകളില്‍ പൂര്‍ണ്ണമായും മുഴുകിയിരിക്കുന്ന, പഴയ കാമുകി മറ്റൊരാളുടെ ഭാര്യയായിട്ടും നഷ്ടപ്രണയത്തിന്‍റെ ഓര്‍മ്മകള്‍ അണയാതെ സൂക്ഷിച്ചിരിക്കുന്ന രാജേന്ദ്രന്‍. സുനില്‍ ദത്ത് - അശോക് കുമാര്‍ - മാല സിന്‍ഹ എന്നിവരഭിനയിച്ച ഗുംരാഹിന്‍റെ (1963) മലയാളം റീമേക്കായ ഈ ചിത്രത്തില്‍ സുനില്‍ ദത്ത് അവതരിപ്പിച്ച കഥാപാത്രത്തെയാണ് പ്രേം നസീര്‍ പുനരാവിഷ്കരിച്ചിരിക്കുന്നത്. അയാള്‍ പ്രണയിനിയായിരുന്ന മീനയെ (പദ്മിനി) പിന്തുടര്‍ന്നു ചെന്നൈയില്‍ എത്തുന്നു. അവള്‍ നഗരത്തിലെ പ്രമുഖ അഭിഭാഷകരിലൊരാളായ ബാരിസ്റ്റര്‍ അശോകന്‍റെ (സത്യന്‍) ഭാര്യയാണ്. എവിടേയ്ക്കാണ് ഈ ബന്ധം പോകുന്നതെന്നറിയാതെ അയാള്‍ അവളുമായി കണ്ടുമുട്ടിക്കൊണ്ടിരുന്നു. അവള്‍ കണ്‍വെട്ടത്തു നിന്നു മാറുന്ന അവസ്ഥ രാജേന്ദ്രന് ചിന്തിക്കാന്‍ പോലുമാകുന്നില്ല. "സുമംഗലീ നീ ഓര്‍മ്മിക്കുമോ" എന്ന പാട്ടു പാടി ഉള്ളുനൊന്ത് വിലപിക്കുന്ന അതേയാള്‍, മറ്റൊരാളുടെ ഭാര്യയായ കാമുകിയെ രഹസ്യമായി സന്ധിച്ച് അതില്‍ ആനന്ദം കണ്ടെത്തുന്നു. അവളെ പിന്തുടരുന്ന സന്തോഷത്തില്‍ "മായാജാലക വാതില്‍ തുറക്കും" എന്നു പാടുകയും ചെയ്യുന്നു. വല്ലാത്ത ധൈര്യം!

ഇതാ പകുതി ഉന്‍മത്തനും പകുതി ദു:ഖാര്‍ത്തനുമായ നായകന്‍ പിയാനോയില്‍

അനുഭവങ്ങള്‍ പാളിച്ചകള്‍ (1971)
മഞ്ഞിലാസ് രംഗത്തെത്തിച്ച മറ്റൊരു മലയാളം ക്ലാസ്സിക്. തകഴി ശിവശങ്കരപ്പിള്ളയുടെ ഇതേ പേരുള്ള നോവലിനെ ആധാരമാക്കിയുള്ള ചിത്രത്തിനായി തോപ്പില്‍ ഭാസി ശക്തമായ തിരക്കഥയൊരുക്കി. അതാതിന് വേണ്ട സൂക്ഷ്മബോധത്തോടെ നാടകത്തിനും വെള്ളിത്തിരയ്ക്കും തിരക്കഥയെഴുതാനറിയാമായിരുന്ന ജീനിയസ്സായിരുന്നു അദ്ദേഹം. (തകഴിയുടെ കഥകള്‍ സിനിമയായപ്പോള്‍ ഏറ്റവും കൂടുതല്‍ തിരക്കഥകളെഴുതിയത് തോപ്പില്‍ ഭാസിയായിരുന്നു.) ഇതില്‍ വീണ്ടും പ്രേം നസീറിന്‍റെ ഗോപാലന്‍ "അയല്‍ക്കാരന്‍റെ ഭാര്യയെ മോഹിക്കുന്ന"യാളാണ്. അതും ഉറ്റസുഹൃത്ത് ചെല്ലപ്പന്‍റെ (സത്യന്‍റെ ഏറ്റവും നല്ല വേഷങ്ങളില്‍ ഇതും പെടുന്നു) സുന്ദരിയും എടുത്തുചാട്ടക്കാരിയുമായ ഭാര്യ ഭവാനിയെ (ഷീല, അല്ലാതെയാര്!). കൂട്ടുകാരായ സത്യനും നസീറും പരസ്പരം 'അളിയാ' എന്നു വിളിക്കുന്നത് കേള്‍ക്കാന്‍ തന്നെ രസമാണ്. തുടക്കത്തിലെ കള്ളുഷാപ്പ് സീന്‍ ഓര്‍ക്കുക. രണ്ടു കഥാപാത്രങ്ങളും അവരവരുടേതായ രീതിയില്‍ ഷോവിനിസ്റ്റുകളാണ്. അല്‍പ്പം ചുറ്റിക്കളിക്കൊന്നും മടിയുമില്ല. ചെല്ലപ്പന്‍റെ കാര്യത്തിലാണ് ഈ സ്വഭാവം വ്യക്തമായിരിക്കുന്നത്.

ചെല്ലപ്പന്‍ കാര്യമറിഞ്ഞാലുള്ള ഭവിഷ്യത്ത് ഊഹിക്കാമെങ്കില്‍ക്കൂടി വിഭാര്യനായ ഗോപാലന്‍ ഭവാനിയോടുള്ള തന്‍റെ അഭിനിവേശം മറച്ചു വയ്ക്കുന്നില്ല. സ്വന്തം ചെയ്തികള്‍ മൂലമുള്ള മാനസിക വടംവലി അനുഭവിക്കുന്നയാളാണ് ചെല്ലപ്പനെന്ന് അയാള്‍ക്കറിയാം - അതിനേക്കാളുപരി രാഷ്ട്രീയ ആദര്‍ശങ്ങളും അയാളെ നിയന്ത്രിക്കുന്നുണ്ട്. തുടക്കത്തില്‍, അവര്‍ രണ്ടുപേരും സൊള്ളിക്കൊണ്ടിരിക്കുന്ന ഒരു സന്ദര്‍ഭത്തില്‍ തന്‍റെ ഇംഗിതം ഉള്ളില്‍ വച്ചുകൊണ്ട് ഗോപാലന്‍ ഭവാനിയോട് ഇങ്ങനെ പറയുന്നു, "എന്‍റെ ഭാര്യ നല്ലവളായിരുന്നു. പക്ഷേ മരിച്ചു പോയി." അയാളെ പ്രോല്‍സാഹിപ്പിച്ചു കൊണ്ടുള്ള പ്രതികരണമാണ് ഭവാനിയുടേത്. പറയാന്‍ വന്നത് അടക്കാനെന്ന പോലെ ചിരിച്ചുകൊണ്ട് അവള്‍ പറയുന്നു, "എന്‍റെ ഭര്‍ത്താവ് ഒരു കൊള്ളരുതാത്തവനാണ്. പക്ഷേ ജീവിച്ചിരിക്കുന്നു." അവരുടെ ബന്ധത്തിന്‍റെ അടിസ്ഥാനമാണ് ഈ രണ്ടു പ്രസ്താവനകളും. ഭവാനിയോടുള്ള ആശയും അതിനായി നടത്തുന്ന ശൃംഗാരപ്രകടനങ്ങളുമെല്ലാം ഉണ്ടെങ്കിലും പോലീസിനെ ഭയന്ന് ഒളിവില്‍ പോയിരിക്കുന്ന പ്രിയ കൂട്ടുകാരന്‍ കാര്യങ്ങള്‍ അറിഞ്ഞാലുണ്ടാകുന്ന ആപത്തിനെ പറ്റിയും അയാളുടെ രൂക്ഷ പ്രതികരണത്തെ പറ്റിയും ഗോപാലന് നല്ല ഭയവുമുണ്ട്. പക്ഷേ ശരീരങ്ങളുടെ ദാഹം ക്രമേണ വിശ്വസ്തതയെ മറികടന്നു. അവര്‍ മൂവരും ഉള്ളില്‍ കൊണ്ടു നടക്കുന്നത് മിശ്രവികാരങ്ങളാണ്. നല്ലതും ചീത്തയും എന്നു വേര്‍തിരിക്കാനാവാത്തവ; ശരിക്കും ജീവിതത്തിലും സംഭവിക്കുന്നത് അതാണല്ലോ. തന്‍റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്‍റെ ഭാര്യയെ സ്വന്തമാക്കിയെങ്കില്‍ കൂടി ചെല്ലപ്പനു വേണ്ടി സ്വന്തമായുള്ളതെല്ലാം നഷ്ടപ്പെടുത്താന്‍ അയാള്‍ രണ്ടാമതൊന്ന് ആലോചിക്കുന്നു പോലുമില്ല. ആ സുഹൃത്തുക്കള്‍ തമ്മിലുള്ള ഇടപെടല്‍ കാണേണ്ടതു തന്നെയാണ്. ഒരു നോട്ടത്തിലൂടെ ഒരുപാടു കാര്യങ്ങള്‍ പറയുന്ന സത്യന്‍റേത് പ്രത്യേകിച്ചും. ജയിലില്‍ വച്ച് അവര്‍ തമ്മില്‍ കാണുന്നതും പിന്നീട് ക്ലൈമാക്സിലും ഹൃദയസ്പര്‍ശിയായ രംഗങ്ങളാണ്. ഷീലയുടെ ഏറ്റവും നല്ല പ്രകടനങ്ങളിലൊന്നാവണം ഈ സിനിമയിലേതെന്ന് ഇപ്പോള്‍ തോന്നുന്നു.

കടുത്ത മാനസിക സംഘര്‍ഷം വെളിവാക്കുന്ന "അഗ്നിപര്‍വ്വതം പുകഞ്ഞു" എന്ന പാട്ട്

പുനര്‍ജ്ജന്‍മം (1972)
മിക്ക സൈക്കോ- മെഡിക്കല്‍ ത്രില്ലറുകളിലും ആവര്‍ത്തിക്കപ്പെടുന്ന പ്രമേയമാണ് പുനര്‍ജ്ജന്‍മം. മണിച്ചിത്രത്താഴ് (1993) ഈ ഗണത്തിലെ പ്രത്യേകതകള്‍ നിറഞ്ഞ, വേറിട്ടു നില്‍ക്കുന്ന ചിത്രമായിരുന്നു. വെറുതെ ഒരു ജനപ്രിയ സിനിമ തട്ടിക്കൂട്ടി ഒരുക്കുന്നതിനു പകരം പുനര്‍ജ്ജന്‍മത്തിലൂടെ കെ എസ് സേതുമാധവന്‍ അവതരിപ്പിച്ചത് പ്രശസ്ത ഹിപ്നോട്ടിസ്റ്റും അപ്ലൈഡ് സൈക്കോളജിസ്റ്റുമായ ഡോ. എടി കോവൂരിന്‍റെ കേസ് ഡയറിയില്‍ നിന്നുള്ള ഒരു യഥാര്‍ത്ഥ സംഭവം തന്നെയായിരുന്നു; പിന്‍ബലമായി തോപ്പില്‍ ഭാസിയുടെ പിടിച്ചിരുത്തുന്ന തിരക്കഥയും. തുടക്കത്തില്‍ തന്നെ ഡോക്ടര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട് സിനിമ എന്തിനെക്കുറിച്ചാണെന്നു വിശദീകരിക്കുന്നുണ്ട്. ചിത്രത്തിലെ തെറാപ്പിസ്റ്റിന്‍റെ റോളിലും അദ്ദേഹം തന്നെയാണ് എത്തുന്നത്. മലയാള സിനിമയില്‍, ഒരുപക്ഷേ, ആദ്യമായിട്ടായിരിക്കും ഇത്തരം അവതരണം.

സുന്ദരനായ (പ്രേം നസീറിന് അങ്ങനെയല്ലാതെ സാധിക്കുമോ?) കോളേജ് ലെക്ച്ചററാണ് അരവിന്ദന്‍. അയാള്‍ തന്‍റെ തന്നെ ഒരു വിദ്യാര്‍ത്ഥിനിയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. പക്ഷേ വിവാഹശേഷം അരവിന്ദന്‍ ഒരു കുട്ടിയെ പോലെ ഭാര്യയോട് ഒട്ടിക്കഴിയാന്‍ തുടങ്ങുകയും ശാരീരിക ബന്ധം ഒഴിവാക്കുകയും ചെയ്യുന്നതോടെ പ്രശ്നങ്ങള്‍ ആരംഭിക്കുന്നു. താമസിയാതെ വീട്ടിലെ വേലക്കാരിയെ അയാളോടൊപ്പം കിടക്കയില്‍ കാണുന്നു. ഒബ്സസ്സീവ് കംപള്‍സീവ് ഡിസ്ഓര്‍ഡര്‍ ബാധിച്ചാലെന്ന പോലെ അയാളുടെ ജീവിതം ഭാര്യ രാധയ്ക്കു (ജയഭാരതി) ചുറ്റുമാകുന്നു. പക്ഷേ കിടപ്പുമുറിയിലെത്തുമ്പോള്‍ മരവിപ്പ് മാത്രം. മാനസിക പ്രശ്നങ്ങളെ മറ്റാരുമായും ചര്‍ച്ച ചെയ്യാന്‍ തയ്യാറാവത്ത അരവിന്ദന്‍ പിന്നെയും ഭാര്യയുടെ മുന്‍പില്‍ കരയുകയും അവരോടു തിരികെ വരാന്‍ അപേക്ഷിക്കുകയും (ഇതിനോടകം രാധ ഭര്‍ത്തൃവീട്ടില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു) തന്‍റെ ആത്മാര്‍ത്ഥമായ സ്നേഹത്തില്‍ ആണയിടുകയും ചെയ്തു കൊണ്ടിരുന്നു. കെ എസ് സേതുമാധവനെ പോലെ സാഹസികനായ സംവിധായകരുടെ പ്രോല്‍സാഹനം ഉണ്ടായിരുന്നെങ്കില്‍ പ്രേം നസീര്‍ കീഴടക്കുമായിരുന്ന ഉയരങ്ങളെ പറ്റി അദ്ദേഹത്തിന്‍റെ പ്രകടനം കാണുമ്പോളൊക്കെ ഞാന്‍ ഓര്‍ക്കാറുണ്ട്. മലയാള സിനിമാ ചരിത്രത്തില്‍ ഭാര്യയോട് ഏറ്റവും മാനസികമായി ഒട്ടി നില്‍ക്കുന്ന ഭര്‍ത്താവാകും അരവിന്ദന്‍ എന്ന കഥാപാത്രം; ആശ്ചര്യപ്പെടുത്തുന്ന അഭിനയമാണ് നസീര്‍ ഈ റോളില്‍ നടത്തിയത്.

ദേവരാജന്‍റെ മറ്റൊരു ഉജ്ജ്വല ഗാനം "പ്രേമ ഭിക്ഷുകീ"

അഴകുള്ള സെലീന (1973)
പ്ലാന്‍റേഷന്‍ ഉടമയും ധനികനുമായ കുഞ്ഞച്ചന്‍ പുഞ്ചിരിക്കുന്ന മുഖമുള്ള ചെകുത്താനാണ്. സൌമ്യമായ പെരുമാറ്റത്തിനുള്ളില്‍ പൈശാചികത ഒളിപ്പിച്ചിരിക്കുന്ന ഈ കഥാപാത്രം പ്രേം നസീറിന്‍റെ നെഗറ്റീവ് വേഷങ്ങളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മൂന്നെണ്ണത്തില്‍ ഒന്നാണ്. മുട്ടത്തു വര്‍ക്കിയുടെ കഥയ്ക്ക് തോപ്പില്‍ ഭാസി തിരക്കഥ രചിച്ച ഈ ചിത്രത്തിന്‍റെ സംവിധായകന്‍ കെ എസ് സേതുമാധവനാണ്. മറ്റൊരു പ്രത്യേകത ഇതിലെ പാട്ടുകളുടെ സംഗീത സംവിധാനം ചെയ്തത് കെ ജെ യേശുദാസാണ് എന്നതാണ്. കുഞ്ഞച്ചന്‍ ഒരു ശൃംഗാരിയും സ്ത്രീലമ്പടനുമാണ് (അയാള്‍ക്ക് അതിനുള്ള പണവുമുണ്ട്). അയാളുടെ സുന്ദരിയായ ഭാര്യ ലൂസി (കാഞ്ചന) എല്ലാം അറിഞ്ഞുകൊണ്ട് ഭര്‍ത്താവിനെ സ്നേഹിക്കുന്നവളും ബഹുമാനിക്കുന്നവളുമാണ്. അയാളുടെ ക്ലാര്‍ക്കായ ജോണി (വിന്‍സന്‍റ്) തന്‍റെ കാമുകിയുടെ വിവാഹത്തലേന്ന് അവളുമായി ഒളിച്ചോടി പ്ലാന്‍റേഷനില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. ദയാലുവും സഹായിയും സദാ പ്രസന്നനുമായ കുഞ്ഞച്ചന്‍ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നു. അതിസുന്ദരിയും നിഷ്ക്കളങ്കയുമായ ജോണിയുടെ കാമുകിയെ (ജയഭാരതി) കാണുന്ന മാത്രയില്‍ അയാളിലെ ചെകുത്താന്‍ ഉണരുന്നത് കണ്ണുകളില്‍ കാണാം. ആരും ആശ്രയമില്ലാത്ത അവരുടെ പൂര്‍ണ്ണ വിശ്വാസവും ബഹുമാനവുമാര്‍ജ്ജിക്കാന്‍ അയാള്‍ക്ക് ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. അതോടെ ആ പെണ്‍കുട്ടി പോലുമറിയാതെ തന്‍റെ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങള്‍ കുഞ്ഞച്ചന്‍ ആരംഭിച്ചു. അയാള്‍ സ്വന്തം ചെലവില്‍ അടുത്തുള്ള ടൌണിലെ പള്ളിയില്‍ അവരുടെ വിവാഹം നടത്തിക്കൊടുത്തു, അവിടത്തെ ഏറ്റവും നല്ല ഹോട്ടലില്‍ രാത്രി താങ്ങാനുള്ള ഏര്‍പ്പാടുണ്ടാക്കി. പിന്നെ ആസൂത്രണം ചെയ്തപോലെ കാര്യങ്ങള്‍ നീക്കാന്‍ ആരംഭിച്ചു. നവവരനെ എന്താണ് കാര്യമെന്നു പോലും പറയാതെ പോലീസ് അറസ്റ്റ് ചെയ്യുന്നു. സഹായത്തിനായി നല്ലവനായ രക്ഷകര്‍ത്താവെന്ന് താന്‍ കരുതുന്ന മുതലാളിയുടെയടുത്ത് ഓടിയെത്തിയ ആ പെണ്‍കുട്ടിയെ കുഞ്ഞച്ചന്‍ തന്‍റെ നിസ്സഹായാവസ്ഥ ഭംഗിയായി അഭിനയിച്ച് ബോദ്ധ്യപ്പെടുത്തുന്നു. അന്നു രാത്രി ജോണിക്ക് ജയിലില്‍ കിടക്കേണ്ടി വരുന്നു. പരിഭ്രാന്തയായ വധുവും കുഞ്ഞച്ചനും ഹോട്ടലില്‍ അടുത്തടുത്ത മുറികളില്‍. അയാളുടെ മേശപ്പുറത്ത് ഇഷ്ട ബ്രാന്‍ഡ് മദ്യം ഒരുക്കിയിട്ടുണ്ട്. എല്ലാം റെഡി.

ശാന്തനായ വില്ലന്‍റെ വേഷത്തില്‍ പ്രേം നസീര്‍ തിളങ്ങി, അത്തരം കൂടുതല്‍ വേഷങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നെങ്കില്‍ എന്നാശിച്ചുപോകും ഈ സിനിമ കണ്ടാല്‍. ഇതുപോലെയുള്ള കഥാപാത്രമാണ് ഭരതന്‍റെ പാര്‍വ്വതിയില്‍ (1981). അതില്‍ പക്ഷേ ചെറുപ്പത്തിന്‍റെ കാമാവേശം കൂടുതല്‍ ക്രൂരവും അതേസമയം ഒതുക്കമുള്ളതുമാകുന്നു. അക്കാലത്തെ സിനിമകളിലെ പോലെയുള്ള ഡാന്‍സിന് നസീര്‍ ആത്മാര്‍ത്ഥമായി ചുവടു വയ്ക്കുന്നതു കാണുമ്പോള്‍ എനിക്ക് അറിയാതെ ചിരി വരാറുണ്ട്. Boogie (പിയാനോയിലെ ഒരു ടൈപ്പ് വേഗതയേറിയ ബീറ്റുകള്‍)യുടെ bass runs (ബാസ് സ്ട്രിങ്ങുകളില്‍ വായിക്കുന്ന ഒരുതരം നോട്ട്സ്) കെജെ യേശുദാസ് ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു.

അഴകുള്ള സെലീനയില്‍ നിന്ന് ഡാര്‍ലിങ് ഡാര്‍ലിങ്

പാര്‍വ്വതിയിലെ ഉറുമീസ് ഒരു തരത്തില്‍ പാകം വന്ന കുഞ്ഞച്ചനാണെന്ന് തോന്നിപ്പിക്കും. സ്വന്തം രീതിയില്‍ രതിയെ വ്യാഖ്യാനിക്കുന്ന (വേണ്ടത്ര കൊമേഴ്സ്യല്‍ ചേരുവകളോടു കൂടിത്തന്നെ) ഭരതന്‍ സിനിമകളിലെ സ്ഥിരം സൂചനകള്‍ മാറ്റി നിര്‍ത്താന്‍ തയ്യാറാണെങ്കില്‍ ഒരു പതിറ്റാണ്ടിന്‍റെ ആഴവും സങ്കീര്‍ണ്ണതയും അതില്‍ കാണാം. കാക്കനാടന്‍റെ രണ്ടു കഥകള്‍ ഭരതന്‍ സിനിമയാക്കിയിട്ടുണ്ട്. അതില്‍ അടിയറവ് എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് പാര്‍വ്വതി. മറ്റൊന്ന് പറങ്കിമാലയാണ്. നിങ്ങളിതിനെ ഒരു ശരാശരിയിലും അല്‍പ്പം മെച്ചമായ ഒരു ബി- ഗ്രേഡ് സിനിമയായി കണക്കാക്കിയാല്‍ (ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തില്ല) പോലും പ്രേം നസീറിന്‍റെ അഭിനയം വിജയമായിരുന്നു - ഈ ചിത്രം നിര്‍മ്മിക്കപ്പെട്ട എണ്‍പതുകള്‍ അദ്ദേഹത്തിന് ഇഷ്ടപ്രകാരം പരീക്ഷണങ്ങള്‍ നടത്താന്‍ പറ്റിയ സമയമായിരുന്നു. സ്ഥലത്തെ പണക്കാരനായ ഉറുമീസ് തന്‍റെ പെണ്‍മക്കളെ വീട്ടില്‍ വന്നു പാട്ടും നൃത്തവും പഠിപ്പിക്കാന്‍ പാര്‍വ്വതി തമ്പുരാട്ടിയോട് (ലത- ഈ നടിക്ക് സുരേഖയുമായി നല്ല സാമ്യമുണ്ട്) അഭ്യര്‍ത്ഥിക്കുന്നു.

പാര്‍വ്വതി തകര്‍ന്ന ഒരു തറവാട്ടിലെ അംഗമാണ് (ഇവര്‍ക്ക് മൂത്ത രണ്ടു സഹോദരിമാരുമുണ്ട്). അവരെ സംബന്ധിച്ച് ഇതൊരു വലിയ സാമ്പത്തിക സഹായമായിരുന്നു. താമസിയാതെ പര്‍വ്വതിയും ഉറുമീസും ലംഘിക്കാന്‍ പാടില്ലാത്ത അതിരുകള്‍ ലംഘിച്ചു. ഇതേത്തുടര്‍ന്നു അവിടത്തെ ഗൃഹനായിക (കെ‌പി‌എ‌സി ലളിത) ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. പശ്ചാത്താപവിവശനായ ഉറുമീസ് നഷ്ടപ്പെട്ട കുടുംബജീവിതം തിരികെ പിടിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ തനിക്കും പാര്‍വ്വതിക്കും വീണ്ടും കണ്ടുമുട്ടാനാകുമെന്ന പ്രതീക്ഷ ബാക്കി വയ്ക്കുകയും ചെയ്യുന്നു. പ്രേം നസീറിന്‍റെ അഭിനയം കാണാന്‍ വേണ്ടി മാത്രം ഈ സിനിമ കാണുക. ബാക്കിയൊന്നും ഇതില്‍ പറയത്തക്കതായില്ല. (രാജ് കുമാറിന്‍റെ ആദ്യചിത്രമാണ് പാര്‍വ്വതി. കൂടാതെ, ജയന്‍റെ ജീവിതത്തിലെ നിഗൂഢ സാന്നിദ്ധ്യമായിരുന്നു ലതയെന്നും കേട്ടിട്ടുണ്ട്. അറിയാവുന്നവര്‍ ദയവായി കൂടുതല്‍ വിവരങ്ങള്‍ പങ്കു വയ്ക്കുക.)

വശീകരണ സീന്‍ (തുറിച്ചു നോക്കല്ലേ!)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories