TopTop
Begin typing your search above and press return to search.

പൊതുമുതല്‍ നശിപ്പിക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ ജന്മാവകാശമല്ല

പൊതുമുതല്‍ നശിപ്പിക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ ജന്മാവകാശമല്ല
പൊതുമുതല്‍ നശിപ്പിക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാക്കുന്ന ബില്ലിലെ വ്യവസ്ഥകളില്‍ സര്‍ക്കാര്‍ അടയിരിക്കുന്നതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ല. രാഷ്ട്രീയ കക്ഷി നേതാക്കളെ ഇതില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തിലാണ് നിര്‍ദ്ദിഷ്ട പൊതുമുതല്‍ നശീകരണം തടയല്‍ ഭേദഗതി ബില്‍ കുരുങ്ങിക്കിടക്കുന്നത്.

എതിരാളികളെ കുടുക്കാന്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ ഇത് ദുരുപയോഗം ചെയ്യും എന്നാണ് വാദം. ഇപ്പോഴത്തെ രൂപത്തില്‍ ഇത് നടപ്പായാല്‍ അക്രമത്തിന് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ നേതാക്കള്‍ തടവുശിക്ഷ മാത്രമല്ല, പിഴയും ഒടുക്കേണ്ടിവരും. ബില്‍ അടുത്ത മാസം അവതരിപ്പിക്കാനിരിക്കുകയാണ്.

ഹര്‍ത്താലുകളും പ്രകടനങ്ങളും ബന്ദുകളും നടക്കുമ്പോള്‍ എന്തൊക്കെ തരത്തിലുള്ള അക്രമങ്ങളാണ് നടക്കാറുള്ളത് എന്നു നമുക്കറിയാം. കോടിക്കണക്കിനു രൂപയുടെ വസ്തുവകകളാണ് തര്‍ക്കപ്പെടുക. പൊതുജനത്തെ അത് അങ്ങേയറ്റത്തെ ബുദ്ധിമുട്ടിലാക്കും. ദേശീയ ക്രൈം റിക്കോർഡ്സ് ബ്യൂറോയുടെ ഒടുവിലത്തെ കണക്കില്‍ തമിഴ്നാടില്‍ 1,671 വസ്തുവകകള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഇത് 1131-ഉം ഹരിയാനയില്‍ 529-ഉമാണ്.

വലിയ പ്രകടനങ്ങള്‍ക്ക് പിന്നിലുള്ള നേതാക്കന്മാരെ ഉത്തരവാദികളാക്കുന്ന തരത്തില്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിന് നിര്‍ദേശം വെക്കാന്‍ 2007-ല്‍ സുപ്രീം കോടതി രണ്ടു സമിതികളെ വെച്ചു. നേതാക്കൾ അകത്തിരിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരെ സകല അക്രമത്തിനും അഴിച്ചുവിടുകയുമാണ് ചെയ്യുന്നതെന്ന് 1984-ലെ സിഖ് വിരുദ്ധ കലാപം മുതല്‍ നമുക്കറിയാം. ശിക്ഷ കിട്ടുകയാണെങ്കിലും ഈ പ്രവര്‍ത്തകര്‍ക്കായിരിക്കും. രാഷ്ട്രീയ കക്ഷികള്‍ ഇതൊന്നും മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ആവശ്യപ്പെടുന്നത് നേതാവിന്റെ നേരിട്ടുള്ള വ്യക്തമായ പങ്ക് തെളിയിക്കണം എന്നാണ്. എന്നാല്‍ അത് കിട്ടാന്‍ പാടാണെന്ന് നാം മിക്കപ്പോഴും കാണുന്നതുമാണ്.ബില്ലിലെ വ്യവസ്ഥയനുസരിച്ച് ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാവിന് രക്ഷ നേടാനുള്ള ഏക വകുപ്പ് കുറ്റകൃത്യം താന്‍ അറിഞ്ഞിട്ടല്ല ചെയ്തതെന്നും അത് തടയാന്‍ ശ്രമിച്ചു എന്നും ബോധ്യപ്പെടുത്തലാണ്. ഇതില്‍ വെള്ളം ചേര്‍ത്താല്‍ ബില്ലിന് അര്‍ത്ഥമില്ലാതാകും. അക്രമാസക്തമായ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നവരും അത് നടപ്പാക്കുന്നവരെപ്പോലെ കുറ്റക്കാരാണ്.

ഈ അക്രമങ്ങള്‍ക്കിടയ്ക്ക് ജീവന്‍ അപകടത്തിലാകുന്ന സാധാരണക്കാരേയും വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടാലും നഷ്ടപരിഹാരം കിട്ടാത്തവരേയും സഹായിക്കാന്‍ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയ്ക്ക് ഈ ബില്‍ പല്ലും നഖവും നല്കുന്നു. ഒടുവിലായി നടന്ന മീണ-ഗുജ്ജര്‍ പ്രക്ഷോഭത്തില്‍ പൊതുമുതല്‍ നശിപ്പിക്കുക മാത്രമല്ല, റോഡുകള്‍ ഉപരോധിച്ചുകൊണ്ട് ആളുകള്‍ ജോലിക്ക് പോകുന്നതടക്കം തടഞ്ഞു. ഏതെങ്കിലും ഒരാളെ മാത്രമായി കുറ്റപ്പെടുത്താന്‍ കഴിയാത്തതുമൂലം ഇതിന്റെ സൂത്രധാരന്‍മാര്‍ സ്വതന്ത്രരായി വിഹരിക്കുന്നു. രാഷ്ട്രീയ കക്ഷികളാണ് ഇതിന്റെ പിന്നിലുള്ളത് എന്നതിനാല്‍ നടപടിയെടുക്കാന്‍ പൊലീസുകാരും മടിക്കുന്നു.

ബില്‍ അതിന്റെ ഇപ്പോഴുള്ള രൂപത്തില്‍ തന്നെ അവതരിപ്പിക്കുക എന്നതാണു പരമപ്രധാനം. അതില്‍ വെള്ളം ചേര്‍ക്കാനുള്ള എല്ലാ ശ്രമവും ചെറുക്കുക തന്നെ വേണം.


Next Story

Related Stories