TopTop
Begin typing your search above and press return to search.

പ്രിയ പൃഥ്വിരാജ്, കേരളത്തിലെ സ്ത്രീകള്‍ നിങ്ങളെ ആദരവോടെ സ്നേഹിക്കും

പ്രിയ പൃഥ്വിരാജ്, കേരളത്തിലെ സ്ത്രീകള്‍ നിങ്ങളെ ആദരവോടെ സ്നേഹിക്കും

പ്രിയപ്പെട്ട പൃഥ്വിരാജ്, കേരളത്തിലെ സ്ത്രീകള്‍ നിങ്ങളെ ആദരവോടെ സ്നേഹിക്കും. അധീശ ആണത്തങ്ങളുടെ നിര്‍മ്മിതിയില്‍ മലയാള കച്ചവട സിനിമകള്‍ നിര്‍വഹിക്കുന്ന സ്ത്രീസംഹാരാത്മകമായ പങ്ക് എത്ര പറഞ്ഞാലും തീരുകയില്ല. എന്തായാലും ഇപ്പോള്‍ ആദ്യമായി പൃഥ്വിരാജ് എന്ന നായക നടന്‍ ഈ സംഹാരത്തിന് ഇനി കൂട്ടുനില്‍ക്കില്ലെന്നു ധൈര്യപൂര്‍വ്വം പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ ആശ്വാസം തോന്നുന്നു.

പൃഥ്വിരാജ്, ഞങ്ങള്‍ സ്ത്രീകള്‍ നിരന്തരം നേരിട്ടുകൊണ്ടിരിക്കുന്ന പലതരം ആക്രമണങ്ങളുടെ ഭയാനകമായ ജീവിതത്തെ തിരിച്ചറിഞ്ഞതിനും അഭിനയിച്ച സ്ത്രീവിരുദ്ധ വേഷങ്ങളെചൊല്ലി മാപ്പ് പറഞ്ഞതിനും നന്ദി. സ്ത്രീകള്‍ക്കെതിരായി സമൂഹം പടുത്തുയര്‍ത്തിയ ആണത്തത്തെക്കുറിച്ചുള്ള ആധികള്‍ കൈവിട്ടുകൊണ്ട് ഞങ്ങളോടൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ തീരുമാനിച്ചതിനു നിങ്ങളെ ഞങ്ങള്‍, കേരളത്തിലെ സ്ത്രീകള്‍ ആദരവോടെ സ്നേഹിക്കും.

സിനിമാഭിനയ തൊഴില്‍ ജീവിതത്തില്‍ ഇനിയും പ്രതീക്ഷ നിറഞ്ഞ നീണ്ട വര്‍ഷങ്ങള്‍ ബാക്കിയുള്ള ഒരു യുവനടന് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ എളുപ്പമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. സൂപ്പര്‍ താരങ്ങളായി ചിരഞ്ജീവികളെപ്പോലെ നില്‍ക്കുന്ന മോഹന്‍ലാലും മമ്മൂട്ടിയും ഇങ്ങനെയൊരു തീരുമാനമെടുത്തിരുന്നെങ്കില്‍ അതവര്‍ക്ക് കാര്യമായ സാമ്പത്തിക നഷ്ടങ്ങളൊന്നും വരുത്തില്ലെന്നും നമുക്കറിയാം. പക്ഷെ അവര്‍ രണ്ടു പേരും സ്ത്രീകള്‍ക്കനുകൂലമായ രാഷ്ട്രീയ ആര്‍ജവം സിനിമ രംഗത്ത് കാണിക്കുന്നതില്‍ വിമുഖരായിത്തന്നെ തുടരുകയാണ്. മാത്രമല്ല, സ്വന്തം തൊഴില്‍മേഖലയിലെ നടികള്‍ പോലും നേരിടുന്ന ആക്രമണങ്ങളെ സംബന്ധിച്ച പരസ്യ പ്രസ്താവനകളിലും പതിവ് ആണത്ത ബോധമാണ് ഇവര്‍ക്കുള്ളതെന്നും തെളിയിച്ചു. ഇനിയുള്ള സിനിമാഭിനയ ജീവിതത്തിലും ഇവര്‍ നായികമാരുടെ ചെകിട്ടത്തടിക്കുകയും, നല്ലൊരു സ്ത്രീയായിരിക്കേണ്ടത് എങ്ങനെയെന്നു തിരക്കഥാകൃത്ത്‌ എഴുതി വെക്കുന്ന കല്‍പ്പനകള്‍ അപ്പാടെ, സംവിധായകന് ആവശ്യമായ വിജൃംഭിതമായ ആണത്തത്തോടുകൂടി അഭിനയിച്ചു കൊണ്ടിരിക്കുകയും ചെയ്യുമായിരിക്കും.

പൃഥ്വിരാജ് ഇത്രയും ശക്തമായ നിലപാടെടുക്കുമ്പോള്‍ മലയാള സിനിമയിലെ സ്ത്രീവിരുദ്ധത ഏറ്റവും അധികം അനുഭവിക്കുന്ന നടികളും ചില കാര്യങ്ങള്‍ തീരുമാനിക്കാന്‍ നിര്‍ബ്ബന്ധിതരായിത്തീരുന്നുണ്ട്. നായകന്‍റെ മര്‍ദ്ദനവും തെറിവിളിയും അപമാനങ്ങളും തിരക്കഥാകൃത്തിലൂടെ, സംവിധായകനിലൂടെ, കാണികളിലൂടെ സഹിക്കേണ്ടി വരുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തയ്യാറല്ല എന്ന് പറയാനുള്ള ധൈര്യം ഉണ്ടാവണം. ഭാവനയും മഞ്ജുവും വലിയ വിലകൊടുത്തു കൊണ്ട് അതിനുള്ള കരുത്ത് നേടി വരുന്നവരാണ്. മറ്റു നടികള്‍ അവരോടൊപ്പം ചേര്‍ന്ന് നില്‍ക്കാനുള്ള തുറന്ന സത്യസന്ധത കാണിച്ചാല്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയും. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ മനുഷ്യരായി കാണാനും ജീവിതം അറിയാനും അനുഭവിക്കാനും കഴിയുന്ന എഴുത്തുകാര്‍ നിങ്ങള്‍ക്കുവേണ്ടി ശക്തവും മനോഹരവുമായ കഥകളും തിരക്കഥകളും എഴുതാന്‍ തയ്യാറായി മുന്നോട്ടു വരും. അത് കാണാനുള്ള പ്രേക്ഷകരും തീര്‍ച്ചയായും ഇവിടെ രൂപപ്പെട്ടു വരാതിരിക്കില്ല. എന്നും ഒരു സമൂഹത്തിന് അതിന്‍റെ സ്വന്തം മാലിന്യങ്ങളുടെ കൂമ്പാരത്തിനുള്ളില്‍ തന്നെ കിടന്ന് അഴുകി ജീവിച്ച് മുന്നോട്ടു പോകാനാവുമോ?

സര്‍ക്കാരുകളുടെയും നിയമത്തിന്‍റെയും ഭാഗത്ത്‌ നിന്ന് ചില നടപടികള്‍ ആവശ്യമുണ്ട്. മറ്റെല്ലാ തൊഴില്‍ മേഖലയും പോലെ സിനിമയും ഒരു തൊഴില്‍ മേഖലയാണ്‌. തൊഴിലിടത്തെ ലൈംഗിക ആക്രമണം നേരിടാനാവശ്യമായ നിയമം നമ്മുടെ നാട്ടിലുണ്ട്‌. സ്ത്രീകള്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാനാവശ്യമായ അന്തരീക്ഷമുണ്ടാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ഓരോ സിനിമയുടെയും നിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സിനിമയെടുക്കുന്ന ‘ഉടമകള്‍’ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പിന് നല്‍കാന്‍ ബാധ്യസ്ഥമായിരിക്കണം. വരാന്‍ പോകുന്ന സ്ത്രീ വകുപ്പിന് പ്രത്യേകമായി, കലാ സാംസ്കാരിക മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീവിരുദ്ധതയെ നിരീക്ഷിക്കാനും നടപടികളെടുക്കാനും അധികാരമുള്ള ഒരു ജാഗ്രത സംവിധാനമുണ്ടായിരിക്കണം. എങ്കില്‍ പൃഥ്വിരാജിനെപ്പോലെ സ്വയം തിരിച്ചറിവിലെത്തുന്ന മറ്റു യുവ നടന്മാര്‍ക്കും ഇത്തരത്തിലുള്ള തീരുമാനവുമായി വേഗം മുന്നോട്ടു വരാനാകും.

ക്രൂരമായ സ്വാനുഭവങ്ങളിലൂടെ കടന്നു പോകാതെ തന്നെ നടിമാര്‍ക്കും തങ്ങള്‍ക്കനുകൂലമായ സ്ത്രീപക്ഷ നിലപാടുയര്‍ത്തി അഭിമാനത്തോടു കൂടി, സുരക്ഷിതമായി ജോലി ചെയ്യാനാവണം. കാരണം ഇത് കച്ചവടവ്യവസായമാണ്. മാനുഷിക മൂല്യങ്ങളും ധര്‍മങ്ങളും ഇവിടെ സ്വമേധയാ ഉണ്ടാവുകയില്ല.

(എഴുത്തുകാരിയും സാമൂഹ്യ നിരീക്ഷകയുമാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories