UPDATES

ട്രെന്‍ഡിങ്ങ്

ഈ ദുരന്തം ആഘോഷമാക്കി മാറ്റാന്‍ ഒരാളെയും അനുവദിക്കരുത്; പൃഥ്വിരാജ്

സ്ത്രീ സുരക്ഷയെ കുറിച്ച് നിരന്തരം ചര്‍ച്ച ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഈ നാണക്കേടു പേറുന്ന സമൂഹത്തിന്റെ ഭാഗമാണല്ലോ ഞാനും

കൊച്ചിയില്‍ ചലച്ചിത്ര നടിക്കെതിരേ ഉണ്ടായ ആക്രമണത്തെ അപലപിച്ചു നടന്‍ പൃഥ്വിരാജ്. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണു നടന്ന സംഭവത്തില്‍ തനിക്കു പറയാനുള്ള കാര്യങ്ങള്‍ പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. പൃഥിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

വസ്തുതാപരമായും വളച്ചൊടിച്ചും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട്, ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നഒരു വാര്‍ത്ത കേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം തുടങ്ങിയത്. എന്നെ വളരെയധികം അസ്വസ്ഥപ്പെടുത്തിയ ഈ സംഭവത്തെക്കുറിച്ച് ഇത് വരെ പ്രതികരിക്കാതിരുന്നത് ഞാനോ എന്റെ സഹപ്രവര്‍ത്തകരോ ഈ വിഷയത്തെക്കുറിച്ച് നടത്തുന്ന ഏത് പ്രതികരണവും കേവലം ക്ലിക് ബെയ്റ്റുകളും ചാനല്‍ റേറ്റിങ്ങിനുള്ള ഉപാധികളും മാത്രമായി പോകും എന്ന് കരുതിയാണ്.. സ്ത്രീ സുരക്ഷയെക്കുറിച്ച് നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍, ഈ നാണക്കേടുപേറുന്ന സമൂഹത്തിന്റെ ഭാഗമാണല്ലോ ഞാനും എന്ന അപമാന ഭാരത്തില്‍ എന്റെ തല കുനിഞ്ഞു പോവുന്നു.

തനിക്കു നേരെ നടന്ന അതിക്രമത്തിനെതിരെ ധൈര്യമായി പ്രതികരിയ്ക്കാന്‍ തയ്യാറായ ഈ പെണ്‍കുട്ടിയുടെ തീരുമാനത്തെ ബഹുമാനിച്ച് അവള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ്
എന്റെയും നിങ്ങളുടെയും കടമ.

ഞാനും ഭാവനയും ചേര്‍ന്നുള്ള പുതിയ ചിത്രത്തിന്റെ വര്‍ക്കുകള്‍ അടുത്തയാഴ്ച തുടങ്ങുവാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ ഇന്ന് അവര്‍ എന്നോട് പറഞ്ഞത് ഒരു അഭിന യേത്രിയായി ക്യാമറയുടെ മുന്നിലേയ്ക്ക് ഇനിയുടനെ വരാന്‍ തനിക്ക് കഴിയില്ല എന്നാണ്. ധൈര്യശാലിയും ചെയ്യുന്ന ജോലിയോട് അങ്ങയറ്റം ആത്മാര്‍ത്ഥതയുമുള്ള അവര്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന തന്റെ പ്രൊഫഷനില്‍ നിന്നു പോലും വിട്ടു നില്‍ക്കാന്‍ പോവുന്നു എന്നു പറയുമ്പോള്‍ എത്ര വേദനാജനകമായ അനുഭവങ്ങളിലൂടെയാവും അവര്‍ കടന്നു പോയിട്ടുണ്ടാവുക.

കാര്യക്ഷമമായ പോലീസ് അന്വേഷണത്തിലൂടെ കുറ്റവാളികള്‍ എത്രയും വേഗം നിയമത്തിനു മുന്നിലെത്തുമെന്നും അവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്നും നമുക്ക് കരുതാം. പക്ഷെ ഒരു വ്യക്തിയ്ക്ക് സംഭവിച്ച ഈ ദുരന്തത്തെ ആഘോഷമാക്കി മാറ്റാന്‍ ഒരാളെയും നാം അനുവദിച്ചുകൂടാ.

ഭാവന, നിങ്ങളുടെ ഒപ്പം നില്‍ക്കുന്നു. ഈ ദിവസം നിങ്ങളുടെ ഭാവി ജീവിതത്തെ തകര്‍ക്കുന്നതാവാന്‍ ഒരിക്കലും അനുവദിക്കരുത്…. ഏറ്റവും സ്‌നേഹത്തോടെ പൃഥിരാജ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍