കാണ്ടാമൃഗ വേട്ടക്കാരെ നേരിടാന്‍ ഒരു സ്വകാര്യ സേന

Print Friendly, PDF & Email

ഇന്ന് ഏഷ്യയിലും ആഫ്രിക്കയിലുമായി ഏതാണ്ട് മുപ്പതിനായിരം കാണ്ടാമൃഗങ്ങളാണ് ആകെയുള്ളത്

A A A

Print Friendly, PDF & Email

ക്രിസ്റ്റ മഹിര്‍

സൈമണ്‍സ് റൂഡിന്റെ വന്യമൃഗസങ്കേതത്തില്‍ ഒരിക്കല്‍ ആളുകള്‍ മാനുകളെയും പോത്തുകളെയും വേട്ടയാടാനായി പണം ധാരാളം ചെലവാക്കുമായിരുന്നു. എന്നാല്‍ ഈയടുത്ത് റൂഡ്‌ തന്റെ ജോലിക്കാരിലൊരാള്‍ ഉണങ്ങിനില്‍ക്കുന്ന മരക്കൂട്ടത്തിലേയ്ക്ക് നോക്കിനിന്ന് പരിശീലനത്തിനായി ലോഡ് ചെയ്ത റൈഫിള്‍ പിടിച്ച് നില്‍ക്കുന്നത് കണ്ടു.

“എന്താണ് നാം ഇല്ലാതാക്കേണ്ടത്?” റൂഡ്‌ ഉച്ചത്തില്‍ ചോദിച്ചു.

“വേട്ടക്കാരെ!” ജോലിക്കാരന്‍ തിരിച്ച് പറഞ്ഞു.

വേട്ടയാടല്‍ ആഫ്രിക്കന്‍ വന്യജീവിതത്തില്‍ വലിയ ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഉദാഹരണത്തിന് കാണ്ടാമൃഗങ്ങളുടെ കാര്യം എടുക്കാം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഭൂമിയില്‍ ഏതാണ്ട്  അര മില്ല്യന്‍ കാണ്ടാമൃഗങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. എന്നാല്‍ ഇന്ന് ഏഷ്യയിലും ആഫ്രിക്കയിലുമായി ഏതാണ്ട് മുപ്പതിനായിരം കാണ്ടാമൃഗങ്ങളാണ് ആകെയുള്ളത്. അതില്‍ ഭൂരിഭാഗവും ഉള്ളത് ദക്ഷിണാഫ്രിക്കയിലാണ്.

ഈ മൃഗങ്ങളെ സംരക്ഷിക്കുന്നത് ഒരു ഫലപ്രദമായ ബിസിനസായി മാറി. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് റൂഡ്‌ തന്റെ വേട്ടയാടല്‍ വ്യവസായം അവസാനിപ്പിച്ച്‌ വന്യജീവികളെ സംരക്ഷിക്കുന്ന ഒരു സെക്യൂരിറ്റി കമ്പനി തുടങ്ങിയത്. ഇപ്പോള്‍ അയാള്‍ അയാളുടെ ഭൂമി ആന്റി-പോച്ചിംഗ് കാവല്‍ക്കാരെ പരിശീലിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ സ്ഥാപനമായ ക്വെ വൈല്‍ഡ് ലൈഫ് ആന്‍ഡ്‌ സെക്യൂരിറ്റി സര്‍വീസസ് സ്വകാര്യ സങ്കേതങ്ങളിലേക്ക് പരിശീലനം നേടിയ കാവല്‍ക്കാരെ ജോലിക്കയയ്ക്കുന്നു.

“നിങ്ങള്‍ക്ക് വേട്ടയാടല്‍ അവസാനിപ്പിക്കാനാകില്ല. എന്നാല്‍ വേട്ടയാടല്‍ സ്വീകാര്യമായ അളവില്‍ നിയന്ത്രിക്കുക എന്നതാണ് ചെയ്യാനാവുക”, റൂഡ്‌ പറയുന്നു.”

സൌത്ത് ആഫ്രിക്കയുടെ സ്വകാര്യഗെയിം റിസര്‍വുകളില്‍ വിനോദസഞ്ചാരികള്‍ പ്രധാനമായും എത്തുന്നത് “ബിഗ്‌ ഫൈവ്” എന്ന് വിശേഷിപ്പിക്കുന്ന മൃഗങ്ങളെ കാണാനാണ്- സിംഹങ്ങള്‍, പുള്ളിപ്പുലികള്‍, ആനകള്‍, പോത്തുകള്‍, റൈനോകള്‍ എന്നിവയാണ് ഇവ.

കഴിഞ്ഞ വര്‍ഷം 6200 കാണ്ടാമൃഗങ്ങളാണ് സ്വകാര്യറിസര്‍വുകളില്‍ ഉണ്ടായിരുന്നത് എന്ന് പ്രൈവറ്റ് റൈനോ ഓണര്‍സ് അസോസിയേഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തെ കാണ്ടാമൃഗ ജനസംഖ്യയുടെ മൂന്നിലൊന്നുവരും ഇത്. ഇതില്‍ നിന്ന് കൊല്ലപ്പെട്ട റൈനോകള്‍ പ്രധാനമായും ക്രൂഗര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നാണ്, സൌത്ത് ആഫ്രിക്കയിലെ ഏറ്റവും വലിയ ഗെയിം റിസര്‍വ് ആണിത്. എന്നാല്‍ സര്‍ക്കാര്‍ ഈ ദേശീയോദ്യാനത്തിലെ കാവല്‍ ശക്തമാക്കിയതോടെ വേട്ടക്കാര്‍ മറ്റുസ്ഥലങ്ങള്‍ തേടിത്തുടങ്ങി.

സൌത്ത് ആഫ്രിക്കയുടെ പ്രൈവറ്റ് സെക്യൂരിറ്റി വ്യവസായം ഏതാണ്ട് അന്‍പത് ലക്ഷത്തോളം സെക്യൂരിറ്റി ഗാര്‍ഡുമാരെയാണ് വീടുകളിലും മാളുകളിലും ഓഫീസുകളിലുമായി ജോലിയില്‍ ചേര്‍ത്തിരിക്കുന്നത്. ഉയര്‍ന്ന കുറ്റകൃത്യനിരക്കുള്ളയിടങ്ങളില്‍ ഇവര്‍ പോലീസിനു സഹായവുമായി മാറുന്നുണ്ട്. രാജ്യത്തെ ഗെയിം പാര്‍ക്കുകളില്‍ നടക്കുന്ന അനധികൃതവേട്ട തടയാനായി പോച്ചിംഗ് വിരുദ്ധവ്യവസായം നൂറുകണക്കിന് ആളുകളെ ഇതിനുപുറമേ പരിശീലിപ്പിച്ചിട്ടുണ്ട്.

rhino2

“ഒരു ആഗോളക്രിമിനല്‍ സിണ്ടിക്കേറ്റിനെപ്പറ്റിയാണ് നാം സംസാരിക്കുന്നത്, അത് ചുരുങ്ങുകയല്ല, വളരുകയാണ് ചെയ്യുന്നത്, ജിഇഎസ് ഗ്രൂപ്പിന്റെ സിഇഓ ആയ കാള്‍ മില്ലര്‍ പറയുന്നു. രാജ്യത്തെ 1600 ഓളം കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനായി പോച്ചിംഗ് വിരുദ്ധ സേനയെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും നിയമിച്ചിരിക്കുന്ന സ്ഥാപനമാണ്‌ അവരുടേത്. “ഈ ക്രിമിനലുകള്‍ക്ക് നല്ല ഫണ്ടിംഗ് ഉണ്ട്, കൂടാതെ മികച്ച ആയുധങ്ങളും.”

2007നും 2014നുമിടയില്‍ സൌത്ത് ആഫ്രിക്കയില്‍ നിന്ന് വേട്ടയാടപ്പെട്ട കാണ്ടാമൃഗങ്ങളുടെ എണ്ണം പതിമൂന്നില്‍ നിന്ന് 1215 ആയി ഉയര്‍ന്നുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏഷ്യയിലെ കരിഞ്ചന്തയില്‍ ആയിരക്കണക്കിന് ഡോളറുകള്‍ വില ലഭിക്കുന്ന കാണ്ടാമൃഗ കൊമ്പുകള്‍ക്ക് വേണ്ടിയാണ് ഇവയെ കൊല്ലുന്നത്. അടുത്ത കാലത്ത് വിയറ്റ്‌നാമില്‍ ഈ കൊമ്പുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലായിട്ടുണ്ട്. ലോക്കല്‍ ആളുകളുടെ വിശ്വാസപ്രകാരം ഇവ കാന്‍സര്‍ മുതല്‍ ഹാങ്ങ്‌ഓവര്‍ വരെ മാറ്റാന്‍ കഴിവുള്ള മരുന്നാണ്. കൂടാതെ വിലയേറിയ കപ്പുകളും ആഭരണങ്ങളും ഇതില്‍ നിന്ന് നിര്‍മ്മിക്കാറുണ്ട്.

സൌത്ത് ആഫ്രിക്കന്‍ സര്‍ക്കാര്‍ കാണ്ടാമൃഗ വേട്ടയെ “ദേശത്തിന് ഭീഷണിയായ കുറ്റകൃത്യമായാണ്” കണക്കാക്കിയിരിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാന്‍ അവര്‍ പല തരം മാര്‍ഗങ്ങളും മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇതില്‍ നാഷണല്‍ പാര്‍ക്കുകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നത് മുതല്‍ റൈനോകളെ സുരക്ഷിതമായ ഇടങ്ങളിലേയ്ക്ക് മാറ്റുന്നത് വരെ ഉള്‍പ്പെടുന്നു. 2016ലെ ആദ്യ എട്ടുമാസങ്ങളില്‍ ഏതാണ്ട് 400 ഓളം വേട്ടക്കാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 2013ല്‍ 343 പേരും 2012ല്‍ 267 പേരുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

പൊതുസ്ഥലങ്ങളിലും സ്വകാര്യഇടങ്ങളിലും നടക്കുന്ന പോച്ചിംഗ് കുറ്റകൃത്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും സ്ഥലഉടമകള്‍ സ്വന്തം സുരക്ഷിതത്വത്തിനായി ആളെ ഏര്‍പ്പെടുത്തുകയാണ് പതിവ്. “മുന്‍പ് ആരെങ്കിലും ഒന്നോ രണ്ടോ പേര്‍ ഉണ്ടായാല്‍ മതിയായിരുന്നു, പക്ഷെ ഇപ്പോള്‍ അതുപോര. പരിശീലനം ലഭിച്ചവര്‍ തന്നെ വേണം. ഇപ്പോള്‍ ആയുധധാരികളായ ആന്റി പോച്ചിംഗ് യൂണിറ്റ് ആണുള്ളത്.” റൈനോ ഓണേര്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ പെല്‍ഹാം ജോണ്‍സ് പറയുന്നു.

രാജ്യത്തെ പരിസ്ഥിതി വകുപ്പ് വക്താവ് അല്‍ബി മോഡിസെ പറയുന്നത് “റൈനോ പ്രൈവറ്റ് ഗെയിം വേട്ട തടയുന്നതില്‍ സെക്യൂരിറ്റി വ്യവസായം വലിയ പങ്കാണ് വഹിക്കുന്നത്”.

2009ല്‍ സൌത്ത് ആഫ്രിക്കയുടെ സ്വകാര്യ റൈനോ ഉടമകള്‍ സെക്യൂരിറ്റിക്ക് വേണ്ടി ഏതാണ്ട് 115 മില്യന്‍ ഡോളറാണ് ചെലവാക്കിയത്.

കഴിഞ്ഞ ഏഴുവര്‍ഷങ്ങളില്‍ ഏതാണ്ട് ഇരുപതോളം തവണയാണ് വേട്ട സംഘങ്ങള്‍ പാര്‍ക്ക് അധികൃതരെയും ജീവനക്കാരെയും ആക്രമിച്ചത്. ഒരു ആന്റിപോച്ചിംഗ് അംഗം കൊല്ലപ്പെടുകയും ചെയ്തു.

ക്രൂഗറില്‍ നിന്ന് അധികമകലെയല്ലാതെ ഒരു ഗെയിം റിസര്‍വില്‍ സെക്യൂരിറ്റി ഓഫീസര്‍മാരുടെ ക്യാമ്പിന്റെ തടി ബാരിക്കേഡ് ഒരു ഭാഗം ആന തകര്‍ത്തിട്ടിരിക്കുന്നു. ഇവിടെ കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയിരിക്കുന്നത് പ്രൊട്രാക്ക് എന്ന ആന്റിപോച്ചിംഗ് യൂനിറ്റ് ആണ്.

പാര്‍ക്കിലെ അതിഥികള്‍ കൊക്ട്ടെയിലുകളുമായി വൈകുന്നേരം വിശ്രമിക്കുന്ന നേരത്താണ് ആന്റി പോച്ചിംഗ് യൂണിറ്റുകള്‍ ഏറ്റവും ജാഗ്രതയോടെ ഇരിക്കുക. ഇരുട്ട് വീണുതുടങ്ങുന്ന നേരത്താണ് വേട്ടക്കാര്‍ കാണ്ടാമൃഗങ്ങളെ വെടിവയ്ക്കാനും ഇരുട്ടിന്റെ മറവില്‍ ഓടിമറയാനുമായി എത്തുന്നത്.

ഗാര്‍ഡ് ക്യാമ്പില്‍ നിന്ന് കുറച്ച്മാറി ഒരു കാണ്ടാമൃഗത്തിന്‍റെ ശരീരം കുറച്ച് എല്ലും തോലും മാത്രമവശേഷിപ്പിച്ച് കിടക്കുന്നുണ്ട്. സെപ്റ്റംബറില്‍ ഗോഡ്ഫ്രി എന്ന ഇരുപത്തഞ്ചുകാരന്‍ ഗാര്‍ഡ് പട്രോളിങ്ങിനിടെയാണ് വേട്ടക്കാര്‍ കൊമ്പുമുറിച്ച ശേഷം ഉപേക്ഷിച്ച ഈ കാണ്ടാമൃഗത്തെ കണ്ടെത്തിയത്.

“ഞങ്ങള്‍ കണ്ടെത്തുമ്പോള്‍ ചോര ഒലിക്കുന്നുണ്ടായിരുന്നു”, ഗോഡ്ഫ്രി പറയുന്നു.

ആയുധധാരികളായ ആന്റി പോച്ചിംഗ് യൂണിറ്റുകള്‍ ഗവണ്മെന്റില്‍ പേരുചേര്‍ത്തവരാകണം. അവരുടെ തോക്കുകള്‍ക്കും കണക്കുണ്ട്. അവര്‍ക്ക് ഡ്യൂട്ടി സമയത്ത് നിയമപരമായി തന്നെ തോക്ക് ഉപയോഗിക്കാം. എന്നാല്‍ അവര്‍ സ്വരക്ഷയുടെ ഭാഗമായി ഒരു വേട്ടക്കാരനെ കൊന്നാല്‍ അവര്‍ക്ക് വധശിക്ഷ ലഭിക്കും.

ജിഇഎസിലെ മില്ലര്‍ പറയുന്നത് സ്വകാര്യവ്യവസായത്തിലെ റേഞ്ചര്‍മാര്‍ പലപ്പോഴും കണ്ടുമുട്ടുന്ന വേട്ടക്കാരുടെ തലയ്ക്ക് മേലെയാണ് വെടിവയ്ക്കുക. ആയുധധാരികളായ വേട്ടക്കാരെ എതിരിടാനുള്ള പരിശീലനം തന്റെ ജോലിക്കാര്‍ക്ക് ഉണ്ടെങ്കിലും മില്ലര്‍ പറയുന്നത് ചിലരെങ്കിലും ഒരു ധൈര്യക്കുറവ് കാണിച്ചാല്‍ അത് വേട്ടക്കാര്‍ മുതലെടുക്കും എന്നാണ്. “ഒരു ചെറിയ, സൌകര്യങ്ങള്‍ കുറവുള്ള യൂണിറ്റാണ് ഇതെന്നറിഞ്ഞാല്‍ വേട്ടക്കാര്‍ അതിലെ പ്രശ്നങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കും.”

പ്രൊട്രാക്ക് ആസ്ഥാനത്ത് വിന്‍സെന്‍റ് ബാര്കാസിന്റെ ഓഫീസില്‍ നിറയെ നീലനിറമുള്ള ഫയലുകള്‍ അടുക്കിവെച്ചിരിക്കുന്നു. എല്ലാത്തിലും ഓരോ കാണ്ടാമൃഗ വേട്ടയുടെ ക്രൈം സീന്‍ ചിത്രങ്ങളും ഒട്ടോപ്സി റിപ്പോര്‍ട്ടുമാണ്‌. ബര്‍കാസ് പറയുന്നത് ഈ ഫയലുകള്‍ അദ്ദേഹം പോലീസിനു കൈമാറിയെങ്കിലും വളരെ കുറച്ച് മാത്രമേ അറസ്റ്റില്‍ എത്തിയുള്ളൂ എന്നാണ്.

പോലീസും അധികൃതരുമായുള്ള സഹകരണം പതിയെ മെച്ചപ്പെട്ടുവരുന്നുണ്ടെങ്കിലും കാണ്ടാമൃഗ വേട്ട അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ അത്ര ഫലവത്തല്ല.

“അവര്‍ ഇതിനെ ഒരു റൈനോ യുദ്ധം എന്നാണു വിളിക്കുന്നത്, എന്നാല്‍ നമുക്ക് ഒരു യുദ്ധമിപ്പോള്‍ പൊരുതാനാകില്ല”, ബര്‍കാസ് പറയുന്നു. “നമുക്ക് ലേബര്‍ നിയമങ്ങളുണ്ട്. നമുക്ക് ഓവര്‍ടൈം ജോലിക്കാര്‍ക്ക് ശമ്പളം നല്‍കണം. എന്നാല്‍ വേട്ടക്കാര്‍ക്ക് നിയമങ്ങളില്ല.”

ബര്‍കാസ് അയാളുടെ സ്ഥാപനത്തില്‍ നിന്ന് പണമുണ്ടാക്കുന്നുണ്ടെങ്കിലും ഈ ഉയര്‍ന്നുവരുന്ന വഴക്കുകള്‍ ഇപ്പോള്‍ തന്നെ ഭിന്നിച്ചുനില്‍ക്കുന്ന രാജ്യത്തെ കൂടുതല്‍ ഭിന്നിപ്പിക്കുന്നുവെന്നാണ് കരുതുന്നത്. വേട്ടമുതലാളിമാര്‍ വേട്ടക്കാരായി വാടകയ്ക്ക് വിളിക്കുന്ന ആളുകള്‍ പൊതുവേ വളരെ ദരിദ്രരാണ്. ആന്റി പോച്ചിംഗ് ഗാര്‍ഡുമാര്‍ ഇതില്‍ ആരെയെങ്കിലും കൊല്ലാന്‍ ഇടവന്നാല്‍ അത് സെക്യൂരിറ്റി കമ്പനികള്‍ക്ക് നേരെ എതിര്‍പ്പിനു കാരണമാകും. ഇത് വന്യജീവിസംരക്ഷണത്തിനും വിഘാതമാകും.

“നിര്‍ഭാഗ്യമെന്ന് പറയാം, സൌത്ത് ആഫ്രിക്കന്‍സിനു പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ തോക്കുകളാണ് കിട്ടുന്നത്, വിദ്യാഭ്യാസമോ ബോധവല്ക്കരണമോ നടത്താന്‍ ആരും ഒന്നും ചെയ്യുന്നില്ല”, അയാള്‍ പറയുന്നു. “ഇപ്പോള്‍ കാണ്ടാമൃഗങ്ങളെ രക്ഷിക്കാന്‍ ഏറെ വൈകിയെന്നു തോന്നുന്നു.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍