TopTop
Begin typing your search above and press return to search.

മതമെന്ന തെമ്മാടിക്കുഴി മനുഷ്യനെ അടക്കുന്ന വിധം

മതമെന്ന തെമ്മാടിക്കുഴി മനുഷ്യനെ അടക്കുന്ന വിധം

ഇന്ദു

പാരമ്പര്യവും വിശ്വാസവു മുറുകെ പിടിക്കുന്ന ക്രൈസ്തവ സഭ യേശുദാസിന്റെ മരണശേഷം അദ്ദേഹത്തോട് ഏതുവിധത്തിലുള്ള നിലപാടായിരിക്കും സ്വീകരിക്കുക?

സംവിധായകന്‍ രഞ്ജിത്ത് മാതൃഭൂമിയിലെ ചര്‍ച്ചയ്ക്കിടയില്‍ പങ്കുവച്ച ആശങ്കയാണ്.

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മുത്തശിയുടെ കുടുംബ കല്ലറയില്‍ അടക്കം ചെയ്യണമെന്ന അന്ത്യാഭിലാഷം തള്ളിക്കളഞ്ഞ കുമരകം ആറ്റമംഗലം സെന്റ് ജോണ്‍സ് ദേവാലയത്തിന്റെ നടപടിയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ക്കിടയില്‍ രഞ്ജിത്തിന്റെ ആശങ്ക വളരെ പ്രധാനപ്പെട്ട ഒന്നാണ്.

എന്തുകൊണ്ട് രഞ്ജിത്ത് അങ്ങനെ പറയേണ്ടി വന്നു എന്നതിന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും ചലച്ചിത്ര താരവുമായിരുന്ന അഗസ്റ്റിന്റെ കാര്യത്തിലുണ്ടായ അനുഭവമാണ് കാരണം. മരണത്തിന് ഏതാണ്ട് ഒരാഴ്ച മുമ്പ് അഗസ്റ്റിന്‍ തന്റെ ആഗ്രഹമായി പറഞ്ഞത് മാമോദീസ മുങ്ങിയ കോടഞ്ചേരി പളളിയില്‍ തന്നെ അടക്കണമെന്നായിരുന്നു. എന്നാല്‍ അഗസ്റ്റിന്റെ ആവശ്യം തള്ളിപ്പോയി. എന്തുകൊണ്ടെന്നാല്‍ അഗസ്റ്റിന്‍ ജീവിച്ചിരുന്ന കാലത്ത് മൂകാംബിക, ശബരിമല തുടങ്ങിയ ഹൈന്ദവ ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

ഈ അനുഭവം വച്ചാണ് ശേുദാസിന്റെ കാര്യത്തിലും രഞ്ജിത്ത് ആശങ്ക പ്രകടിപ്പിച്ചത്. നിലവില്‍ ക്രൈസ്തവസഭകള്‍ തുടരുന്ന പിടിവാശി അനുസരിച്ച് അദ്ദേഹത്തിന്റെ ആശങ്ക സംഭവ്യമായ ഒന്നാണ്.ശബരിമലയില്‍ മുടങ്ങാതെ പോവുകയും ഗുരുവായൂരില്‍ കയറി തൊഴുന്നത് ജന്മസുകൃതമായി കരുതുകയും ചെയ്‌തൊരാളാണ് യേശുദാസ്. പോരാത്തതിന് അദ്ദേഹം പാടിയ ഹൈന്ദവ ഭക്തിഗാനങ്ങളും അനവധി. ക്രൈസ്തവ വിശ്വാസത്തിന്റെതായ യാതൊരു അടയാളങ്ങളും പ്രവര്‍ത്തിയിലോ രൂപത്തിലോ കൊണ്ടു നടക്കാത്തയൊരാള്‍ കൂടിയായ യേശുദാസിന് ക്രൈസ്തവ രീതിയില്‍ തന്നെ അടക്കണമെന്ന് പറയാന്‍ പോലും നിലവിലെ അവസ്ഥവച്ച് സാധിക്കേണ്ടതല്ല.

ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് എതിരായി നടക്കുന്നവരെ, വിശ്വാസങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകാത്തവരെ പണ്ടുകാലം മുതലെ കടുത്ത രീതിയില്‍ ശിക്ഷിക്കാന്‍ സഭ മടികാണിച്ചിരുന്നില്ല. കേരളത്തിലെ എത്രയോ പ്രമുഖര്‍ക്ക് തെമ്മാടിക്കുഴികളില്‍ കിടക്കേണ്ടി വന്നതും സഭയുടെ വാശി തന്നെയായിരുന്നു. ഇപ്പോള്‍ തെമ്മാടിക്കുഴി ഇല്ലായിരിക്കാം. പക്ഷേ തങ്ങളുടെ വാശികള്‍ ക്രൈസ്തവ നേതൃത്വം ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല. സെമിറ്റിക് മതങ്ങളിലെല്ലാം കാണുന്ന മതനേതൃത്വങ്ങളുടെ ഏകാധിപത്യസ്വഭാവം സഭയും ഒരു കാലത്തും വിട്ടുകളയുമെന്ന് പ്രത്യാശിക്കാനും വയ്യാ.

പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോണിന്റെ കാര്യത്തില്‍ സഭ മുന്നോട്ടുവയ്ക്കുന്ന ന്യായം ജനാധിപത്യസ്വഭാവം അവര്‍ക്ക് ഇപ്പോഴും അന്യമാണെന്നു തെളിയിക്കുന്നതാണ്. മേരി ജോണ്‍ ഒരു ഹിന്ദുവിനെ വിവാഹം കഴിച്ച് അക്രൈസ്തവ ജീവിതരീതി പിന്തുടര്‍ന്ന വ്യക്തിയായിരുന്നു എന്നതാണ് അവര്‍ പറയുന്ന കാരണം.ഹിന്ദു യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച് മുംബൈയില്‍ എത്തിയശേഷം മധു ജ്യോത്സന അഖൗരി എന്ന പേര് സ്വീകരിച്ച് ഹിന്ദുമതാചാരപ്രകാരമുള്ള ജീവിതമാണ് മേരി നയിച്ചിരുന്നത്. ഇടയ്ക്ക് കുമരകത്തെത്തി ആറ്റമംഗലം പള്ളിയലെത്തി കുമ്പസരിക്കുകയും മേരി ചെയ്തിരുന്നു. താന്‍ മാമോദിസ മുങ്ങിയ ആറ്റമംഗലം പള്ളിയിലെ സിമിത്തേരിയില്‍ അടക്കം ചെയ്യണമെന്ന അവരുടെ ആഗ്രഹം നടപ്പിലാക്കാന്‍ പള്ളിക്കമ്മറ്റിക്ക് മേരിയുടെ കുമ്പസാരം മതിയായ കാരണമായിരുന്നില്ല. ക്രൈസ്തവ വിശ്വാസങ്ങളില്‍ നിന്നും പൂര്‍ണമായി മാറിയുള്ള ജീവിതമാണ് മേരി നയിച്ചിരുന്നതെന്നാണ് പള്ളിക്കാര്‍ പറയുന്നത്. വിവാദങ്ങള്‍ ഉയര്‍ന്നെങ്കില്‍ പോലും മേരിയെ അടക്കിയത് പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലാണ്. അതായാത് സഭ തന്നെ ഇക്കാര്യത്തില്‍ ജയിച്ചുവെന്ന് സാരം.

മതങ്ങള്‍ എത്രമേല്‍ ജനാധിപത്യവിരുദ്ധമായാണ് മനുഷ്യാവകാശങ്ങളോട് പ്രതികരിക്കുന്നതെന്നതിന് മേരി ജോണ്‍ ഏറ്റവും ഒടുവിലത്തെ ഉദ്ദാഹരണമാണ്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ഒന്നും തന്നെ സഭയുടെ നിലപാടുകളില്‍ മാാറ്റമുണ്ടാക്കുമെന്നും തോന്നുന്നില്ല. മാറ്റങ്ങള്‍ വേണമെന്നു പറയുന്ന മാര്‍പാപ്പ പോലും ഒറ്റപ്പെടുന്ന അവസ്ഥയാണ് ഉള്ളതെന്ന് ഓര്‍ക്കണം.

ഇപ്പോള്‍ തന്നെ മേരി ജോണിന്റെ ചെറുമകള്‍ പ്രിയങ്ക ചോപ്ര എന്ന ബോളിവുഡ് താരം ആയതുകൊണ്ടു മാത്രമാണ് മാധ്യമങ്ങള്‍ പോലും ഇതൊരു വാര്‍ത്തയും ചര്‍ച്ചയുമാക്കിയത്. പ്രിയങ്ക ചോപ്ര പള്ളിക്കെതിരെ എന്ന തരത്തിലാണ് ആദ്യസമയത്ത് ഈ വാര്‍ത്ത ഉയര്‍ത്തി പിടിച്ചതെന്നുപോലും ശ്രദ്ധിക്കണം. എന്നാല്‍ ഇത്തരമൊരു വിവാദത്തിലേക്ക് തങ്ങള്‍ക്ക് ശ്രദ്ധിക്കാന്‍ താത്പര്യമില്ലെന്നും കുടുംബത്തിലെ ഒരംഗത്തിന്റെ വിയോഗം മാത്രമാണ് തങ്ങളെ സംബന്ധിച്ച് ചിന്തിക്കാനുള്ളതെന്നും മാത്രം പറഞ്ഞ് പ്രിയങ്ക ഇക്കാര്യത്തില്‍ അവരുടെ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കുകയുമുണ്ടായി.

ഈ വിവാദങ്ങള്‍ക്കെല്ലാം കൂടിവന്നാല്‍ നാളെ കൂടി ആയുസ് കാണും. മറ്റന്നാള്‍ നമ്മുടെ ശീലമനുസരിച്ച് ഈ വാര്‍ത്തയും മറവിയുടെ തെമ്മാടിക്കുഴിയില്‍ അടക്കപ്പെടും.

പക്ഷേ, രഞ്ജിത്ത് ഇന്നു പങ്കുവച്ച അതേ ആശങ്ക, അത് യേശുദാസ് എന്ന സെലിബ്രിറ്റിയുടെ കാര്യത്തില്‍ മാത്രമല്ല, മറിച്ച് ഏതൊരു നിസരനായ മനുഷ്യന്റെ കാര്യത്തിലും ഒരുപോലെ നമ്മളെ ചിന്തിപ്പിക്കേണ്ടതാണ്. ഒരാളുടെ വിശ്വാസങ്ങള്‍ അയാളുടെ മനുഷ്യാവകാശങ്ങളില്‍ പെട്ടതാണ്. അമ്പലത്തില്‍ കയറിയെന്നതുകൊണ്ടോ മറ്റേതെങ്കിലും മതാചാരത്തെ അനുകൂലിച്ചതു കൊണ്ടോ താന്‍ പുറന്തള്ളപ്പെട്ടവനാണെന്നു തീരുമാനിക്കാനുള്ള സഭയുടെ അവകാശം ചോദ്യം ചെയ്യപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)Next Story

Related Stories