TopTop
Begin typing your search above and press return to search.

ദൈവത്തിങ്കലേക്ക് പോകാന്‍ പള്ളിപ്പറമ്പിലെ കുഴിയില്‍ തന്നെ കിടക്കണമെന്ന് ആരാണ് പറഞ്ഞത്? സിസ്റ്റര്‍ ജെസ്മി

ദൈവത്തിങ്കലേക്ക് പോകാന്‍ പള്ളിപ്പറമ്പിലെ കുഴിയില്‍ തന്നെ കിടക്കണമെന്ന് ആരാണ് പറഞ്ഞത്? സിസ്റ്റര്‍ ജെസ്മി

സിസ്റ്റര്‍ ജെസ്മി

കുറച്ചു കാലം മുമ്പാണ്. എന്റെയൊരു ബന്ധു മരിച്ചു. വളരെ നാളുകള്‍ക്കു മുമ്പ് നാടുവിട്ടുപോയ ആളാണ്. കുറേക്കാലത്തേക്ക് വിവരമൊന്നുമില്ലായിരുന്നു. പിന്നെയൊരു ദിവസം തിരിച്ചെത്തി. ഓഹരിയായുള്ള ഭൂമിയില്‍ ചെറിയൊരു വീടുകെട്ടി അവിടെ താമസം തുടങ്ങി. വിവാഹമൊന്നും കഴിച്ചിരുന്നില്ല. ചെറിയ ജോലികളൊക്കെ ചെയ്താണ് കഴിഞ്ഞുപോന്നിരുന്നത്. രാവിലെ കൂട്ടുകാരന്‍ വന്നു വിളിക്കുകയാണ് പതിവ്. ഒരു ദിവസം വിളിച്ചിട്ടും അനക്കമില്ല. അകത്തു കയറി നോക്കുമ്പോള്‍ മരിച്ചു കിടക്കുന്നു. ഹൃദയസ്തംഭനമായിരുന്നു. ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങി. അപ്പോഴാണ് പ്രശ്‌നം. പള്ളിയില്‍ അടക്കാന്‍ സമ്മതിക്കില്ല. നാടുമായി ബന്ധമില്ലാതെ കുറെനാള്‍ ജീവിച്ചയാളല്ലേ, പള്ളിയോടും അതേ അകലം ഉണ്ടായതാണ് കാരണം. ഒരു ദിവസത്തിനടത്ത് അടക്കവുമായി ബന്ധപ്പെട്ട് പലരെയും കണ്ടു. കൂട്ടത്തില്‍ സമ്പന്നനായൊരു ബന്ധുവിന് ബിഷപ്പുമായി അടുപ്പമുണ്ട്. പിന്നെ ആ വഴിയുള്ള അന്വേഷണം. ബിഷപ്പ് ഇടപെട്ടു. അദ്ദേഹം പറഞ്ഞാലും കേള്‍ക്കുന്നൊരു വികാരി സമീപത്തെ പള്ളിയില്‍ ഉണ്ടായിരുന്നു. തത്ക്കാലം പരേതന് ആ പള്ളി സെമിത്തേരിയില്‍ അറടി മണ്ണ് കിട്ടി...

ഞാന്‍ എന്റെ ശരീരം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുത്ത കാര്യം ഒരിക്കല്‍ പങ്കുവച്ചപ്പോഴാണ് ഈ കഥ കേള്‍ക്കാനിടയായത്. കടുത്ത വിശ്വാസികളായിരുന്നിട്ടുപോലും എന്റെ ബന്ധുക്കള്‍ ആദ്യമായി എന്റെ തീരുമാനം കേട്ട് ആശ്വാസം കൊള്ളുന്നതും ഞാനന്നു കേട്ടു.

ദൈവത്തിങ്കലേക്കു പോകാന്‍ പള്ളിപ്പറമ്പിലെ കുഴിയില്‍ തന്നെ കിടക്കണമെന്ന് ആരാണ് പറഞ്ഞത്. ഈശോ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. എല്ലാം മനുഷ്യരുടെ തീരുമാനം. അവരുടെ നിയമം.

ദൈവവിശ്വാസികളാണെന്നു പറയുന്നു ചിലര്‍. എന്താണ് അവരുടെ വിശ്വാസം. മള്‍ട്ടിപ്ലിക്കേഷന്‍ ടേബിള്‍ പഠിക്കുന്നതുപോലെ, യുക്തിയും ബുദ്ധിയും ഉറക്കാത്ത കുഞ്ഞുങ്ങളില്‍ നാം പ്രാര്‍ത്ഥനയും ജപവുമൊക്കെ പഠിപ്പിച്ചു കൊടുക്കുന്നു. പിന്നീടവര്‍ വളരുമ്പോള്‍ മുതിര്‍ന്നവര്‍ പഠിപ്പിച്ച കാര്യങ്ങളുടെ ലക്ഷ്യത്തെക്കുറിച്ചും പറഞ്ഞു കൊടുക്കുന്നു. അവിടെ കൊണ്ട് തീര്‍ക്കേണ്ടതാണ് കൊന്ത ചൊല്ലലും രാമനാമം ജപിക്കലും ഖുറാന്‍ പാരായണവും. ദൈവത്തെ അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ ദൈവം നമ്മോടു കൂടെയുണ്ട്. എന്നാല്‍ എണി കയറി ഈശോയുടെ അടുത്തെത്തിയാലും പിന്നെയും താഴെയിറക്കും, വീണ്ടും കയറാന്‍ പറയും. അതാണ് തൊണ്ണൂറു കഴിഞ്ഞവരും വടിയും കുത്തി കുര്‍ബാന കൂടാന്‍ പോകുന്നത്. ഇത്ര പ്രായത്തിലെത്തിയിട്ടും അവര്‍ക്ക് ദൈവത്തെ കാണാന്‍ കഴിഞ്ഞില്ലെന്നാണോ?

82 വയസുള്ള എന്റെ അമ്മയെ ഒരാഴ്ച എനിക്കൊപ്പം കൊണ്ടുവന്നു താമസിച്ചു. ഇവിടെയെത്തിയ ദിവസം തൊട്ട് അമ്മ ആകെ പ്രശ്‌നത്തിലായിരുന്നു. കുര്‍ബാന കാണാന്‍ പറ്റുന്നില്ല. ശാലോമിലെ കുര്‍ബാനയാണ് ആകെയൊരു ആശ്വാസം. പരാതിയും പരിഭവവും മുഴുവന്‍ എന്നോടാണ്. ഞാന്‍ ഇതിനൊന്നും പോകാറില്ലല്ലോ. ദൈവം എന്റെ കൂടെയുള്ളപ്പോള്‍ കുര്‍ബാനയും കൊന്ത ചൊല്ലും എന്തിനാണെന്നു ഞാന്‍ ചോദിക്കും. അപ്പോള്‍ അമ്മ ഫ്രാന്‍സിസ് മാര്‍പാപ്പയെ പിടിക്കും. മാര്‍പാപ്പ കുര്‍ബാന ചൊല്ലാറില്ലേ എന്നു ചോദിക്കും. ഫ്രാന്‍സീസ് പാപ്പയ്ക്ക് എല്ലാ സത്യങ്ങളും അറിയാം. കുര്‍ബാന കാണാത്തവരെ വിശുദ്ധരാക്കണമെന്നു പറയുന്നയാളാണ് അദ്ദേഹം.ഞാനിതൊക്കെ ഇപ്പോള്‍ പറയുന്നത് പ്രിയങ്ക ചോപ്ര എന്ന നടിയുടെ മുത്തശ്ശിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളുടെയും ചര്‍ച്ചകളുടെയും സാഹചര്യത്തിലാണ്. എന്തിനാണ് വിശ്വാസികള്‍ ഇങ്ങനെ കടിച്ചു തൂങ്ങുന്നത്? നിങ്ങള്‍ക്ക് ദൈവത്തെ അറിയാന്‍ കഴിയാത്തതുകൊണ്ടാണ്. ഇവിടെ നിയമങ്ങള്‍ വിശ്വാസത്തെ എതിര്‍ക്കുന്നുണ്ടെങ്കില്‍ ആ നിയമങ്ങള്‍ ദൈവം ഉണ്ടാക്കിയതല്ല. ഭൂമിയില്‍ കിട്ടാത്തത് സ്വര്‍ഗത്തില്‍ കിട്ടുമെന്നാണ് പറയുന്നത്. കുര്‍ബാന കൂടിയതുകൊണ്ടോ കുമ്പസാരം നടത്തിയതുകൊണ്ടോ ദൈവത്തിങ്കല്‍ എന്തെങ്കിലും പ്രത്യേക പരിഗണന കിട്ടുമെന്നു കരുതേണ്ടതില്ല. ഭൂമിയില്‍ ഉള്ളതൊന്നുമല്ല അവിടെയുള്ളത്.

മതമെന്ന തെമ്മാടിക്കുഴി മനുഷ്യനെ അടക്കുന്ന വിധം


സഭ നേതൃത്വം ബൈബിളിനെ കൂട്ടുപിടിച്ചാണ് അവരുടെ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്. ആരാണ് ഈ ബൈബിള്‍ എഴുതിയത്? ഈശോയോ? ഒരിക്കലുമല്ല. ആദ്യത്തെ സുവിശേഷം മര്‍ക്കോസിന്റെതാണ്. മര്‍ക്കോസ് ഈശോയുടെ ശിഷ്യനായിരുന്നില്ല. പത്രോസ് കഥകളൊക്കെ പറയുന്നത് മര്‍ക്കോസിന്റെ കുടുംബത്തില്‍ ഇരുന്നാണ്. അതുകേട്ടുള്ളയറിവാണ് മര്‍കോസിനുള്ളത്. അദ്ദേഹമല്ലാതെ ഒന്നും കണ്ടിട്ടില്ല. ഒന്നും കാണാത്ത മര്‍ക്കോസ് ആണ് ആദ്യത്തെ സുവിശേഷം എഴുതിയത്! ചിലര്‍ പറഞ്ഞിട്ടുണ്ട്, ആകാശവും ഭൂമിയും മാറിയാലും ദൈവചനം വള്ളിയോ പുള്ളിയോ തെറ്റില്ലെന്ന്. സുവിശേഷങ്ങള്‍ തന്നെ പരസ്പരം വള്ളിയും പുള്ളിയും തെറ്റികിടക്കുകയാണ്.

തെറ്റു ചെയ്യുന്നവര്‍ക്ക് ദൈവസാന്നിധ്യം കിട്ടില്ലെന്നു പറയുന്നവര്‍, ഈശോയുടെ വലതു വശത്തു കിടന്ന കള്ളന്‍ സ്വര്‍ഗത്തിലെത്തിയ കാര്യം മറക്കരുത്. ഇടതു വശത്തു കിടന്നു പ്രാകിയവന്‍ നരകത്തിലുമാണ് പോയത്. പ്രയശ്ചിത്തം ദൈവവഴിയാണ്.

പ്രിയങ്ക ചോപ്രയുടെ മുത്തശിക്ക് അവര്‍ ജീവിച്ചിരുന്ന കാലത്ത് ഇവിടുത്തെ പള്ളിവികാരിയോട് പറയാമായിരുന്നു തന്റെ ആഗ്രഹം. കുമ്പസാരിക്കലും കുര്‍ബാന കൈക്കൊള്ളലും കൊണ്ടുമാത്രം അവരുടെ ആഗ്രഹം അംഗീകരിക്കപ്പേടേണ്ടതല്ല. മറിച്ച് വികാരിയോട് തനിക്കിങ്ങനെയൊരു ആവശ്യമുണ്ടെന്ന് അറിയിച്ചിരുന്നെങ്കില്‍ അവരു കുറച്ചു കാശ് ചോദിക്കുമായിരിക്കാം. അതുകൊടുത്താല്‍ കാര്യം കഴിയുമായിരുന്നു. മേരി ജോണിനു (പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയുടെ ആദ്യ പേര്) ആറ്റംമംഗലം പള്ളിയില്‍ കുടുംബ കല്ലറയുള്ളതാണ്. കാശുകൊടുത്ത് (ലക്ഷങ്ങള്‍ തന്നെ) തങ്ങളുടെ പ്രൌഢി കാണിക്കാനായി ഓരോരുത്തരും നേടിയെടുക്കുന്ന അവകാശമാണീ കുടുംബക്കല്ലറ. ചിലര്‍ അപ്പനെയും അമ്മയേയും മാത്രം അടക്കാനുള്ള പണമായിരിക്കും കൊടുക്കുക, ചിലര്‍ മക്കള്‍ക്കൂകൂടിയുള്ള അവകാശം വാങ്ങും. നാലോ അഞ്ചോ ലക്ഷമൊക്കെ കൊടുക്കേണ്ടി വരാം. മേരി ജോണിനും ഈ അവകാശം ചോദിക്കാമായിരുന്നു. ചിലപ്പോള്‍ കുടുംബക്കല്ലറ അനുവദിക്കപ്പെട്ട കാലത്തു നിന്നും കുറച്ചു കൂടി പണം ചോദിക്കുമായിരിക്കുമെന്നു മാത്രം. പള്ളിക്കാര്‍ക്കും അബദ്ധം പറ്റി. ഈ മേരി ജോണിനു പ്രിയങ്ക ചോപ്രയെന്നൊരു കൊച്ചു മകളുണ്ടെന്ന് അവര് ഓര്‍ക്കണമായിരുന്നു. കുടുംബക്കല്ലറ കിട്ടണമെങ്കില്‍ അഞ്ചോ പത്തോ ലക്ഷം കൂടി വേണമെന്നു പറയാമായിരുന്നു. ചിലപ്പോള്‍ നമ്മുടെ മന്ത്രിക്ക് മുഹമ്മദലിയെപ്പോലെ പള്ളിക്കാര്‍ക്ക് പ്രിയങ്ക ചോപ്ര ആരാണന്നു മനസിലായിക്കാണമെന്നില്ല. അല്ലെങ്കിലും പതിനാറാം നൂറ്റാണ്ടില്‍ നിന്നാണല്ലോ അവര്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുള്ളവരോട് സംവദിക്കുന്നത്.ഒരിക്കല്‍ സംസാരത്തിനിടയില്‍ ഒരാള്‍ എന്നോടു പറഞ്ഞകാര്യമുണ്ട്, കരുണാമയനും ധീരനുമായ, അനീതിക്കെതിരെ പോരാടുന്ന ഈശോയല്ലേ നിങ്ങളുടെ മാതൃക, നിങ്ങള്‍ സംഘടിച്ചിറങ്ങിയാല്‍ സമൂഹത്തിലെ എത്രയോ അനീതികള്‍ ഇല്ലാതാക്കാം. എന്റെ മറുപടി ഇങ്ങനെയായിരുന്നു, ഞങ്ങളൊരു കര്‍ത്താവിനെ ഉണ്ടാക്കിവച്ചിട്ടുണ്ട്. അത് ബൈബിളില്‍ കാണുന്ന കര്‍ത്താവല്ല. ഞങ്ങളുടെ സൗകര്യത്തിനായി ഉണ്ടാക്കിവച്ചിട്ടുള്ളതാണ്. അനീതിക്കെതിരെ പ്രതികരിക്കാനുള്ളതല്ല.

വാസ്തവമാണ് ഞാന്‍ പറഞ്ഞത്. അനീതിക്കെതിരെ പ്രതികരിക്കില്ലെന്നു മാത്രമല്ല, അനീതി കണ്ടാല്‍ കണ്ണടച്ചിരിക്കുന്നവരുമാണ് ഇപ്പോള്‍ ഈശോയുടെ അനുയായികള്‍ എന്നു പറയുന്നവര്‍. നരകത്തില്‍ പോകാതിരിക്കാനെങ്കിലും അവര്‍ക്ക് പ്രാര്‍ത്ഥിക്കാം. സുകൃതം ചെയ്യാനാണ് ശ്രമിക്കുന്നതെന്നാണ് പറയുന്നത്. ധൈര്യമില്ലാതെ ഈ നാട്ടില്‍ ഒരു സുകൃതവും ചെയ്യാന്‍ കഴിയില്ല. എല്ലാ അനീതികള്‍ക്കുമെതിരെ കണ്ണടയ്ക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. ഞാന്‍ പ്രതികരിക്കും, ഈശോയുടെ അനുവാദത്തോടെ. പ്രതികരിക്കുന്നതുകൊണ്ടാണ് ഞാന്‍ ജൂദാസിന്റെ പെണ്‍രൂപമാണെന്നു ചിലര്‍ പറഞ്ഞത്.

ഈ കടുംപിടുത്തങ്ങള്‍ സഭ ഉപേക്ഷിച്ചേ മതിയാകൂ. മാര്‍ക്‌സിസം ഇന്നത്തെ ലോകത്തിന് യോജിച്ചതല്ലെന്നു പറയാറില്ലേ. എത്രയോ പേര്‍ ആ വിശ്വാസത്തില്‍ നിന്നും അകന്നുപോയി. അതു തന്നെയാണ് എല്ലാ മതങ്ങളും പ്രത്യേകിച്ച് കത്തോലിക്ക സഭയും ഓര്‍ക്കേണ്ടത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ജനങ്ങളില്‍ നിന്നും കത്തോലിക്ക സഭ ഒരുപാട് അകന്നുപോകുന്നുണ്ട്. കടുംപിടുത്തം അവസാനിപ്പിച്ചാലെ അതിനു തുടര്‍ച്ചയുണ്ടാകൂ.

ഇത്തരുണത്തില്‍ തന്നെ പറയാനുള്ളത് വിശ്വാസികളുടെ അന്ധവിശ്വാസത്തെ കുറിച്ചാണ്. വിവാഹത്തിന് അള്‍ത്താരയുടെ മുന്‍വശവും അന്ത്യവിശ്രമത്തിന് സെമിത്തേരി പറമ്പും മാത്രമല്ല ഇവിടെയുള്ളതെന്ന് ഓര്‍ക്കണം. ഒല്ലൂരില്‍ വെടിക്കെട്ടിനെതിരെ പരാതി പറഞ്ഞെന്ന കാരണത്താല്‍ ഒരു കുടുംബത്തിലെ വിവാഹം നടത്തിക്കൊടുക്കില്ലെന്ന് പള്ളി പറഞ്ഞില്ലേ. പള്ളിയില്‍ നടത്തിയില്ലെങ്കില്‍ രജിസ്റ്റര്‍ ഓഫിസില്‍ നടത്താമെന്ന് അവര്‍ തീരുമാനിച്ചു. പള്ളിയൊടുവില്‍ വഴങ്ങിയെന്നതുവേറെ കാര്യം. പക്ഷേ ആ വീട്ടുകാര്‍ എത്തിയ തീരുമാനം എല്ലാവര്‍ക്കും മുന്നിലുള്ള ഓപ്ഷനാണ്. ഇവിടെ രജിസ്റ്റര്‍ ഓഫീസും പൊതുശ്മശാനവും ഉണ്ട്.

അല്ലാതെ വിശ്വാസം അന്ധമായാല്‍ നിങ്ങള്‍ മുതലെടുക്കപ്പെടും. സ്വന്തം കാലടിയിലെ മണ്ണ് ഒഴുകി പോകുകയാണെന്ന് സഭയ്ക്കറിയാം. അതുകൊണ്ടവര്‍ അടിത്തറ ബലപ്പെടുത്താന്‍ നെടുംതൂണുകളിടുന്നു. ആ തൂണുകളാണ് ശവസംസ്കാരത്തിലും വിവാഹത്തിലുമൊക്കെ പുറത്തെടുക്കുന്ന നിയമങ്ങള്‍. അവര്‍ ബുദ്ധിപൂര്‍വമാണ് കളിക്കുന്നതെന്നാണു വിശ്വസിച്ചിരിക്കുന്നത്. മഹാവിഡ്ഡിത്തമാണ് കാണിക്കുന്നതെന്നത് അറിയുന്നില്ല. ആളുകള്‍ വിശ്വാസംകൊണ്ടുമാത്രമല്ല അനുസരിക്കുന്നതെന്ന്‌
തിരിച്ചറിയണം. എനിക്കറിയാവുന്നൊരാളുണ്ട്, ആണ്ടു കുര്‍ബാനയ്ക്ക് പങ്കെടുക്കാറില്ലെന്ന കാരണത്താല്‍ അദ്ദേഹത്തിനു നേരെ ചോദ്യം വന്നു. എതിര്‍ക്കാന്‍ അറിയാഞ്ഞിട്ടല്ല, പക്ഷെ ഞാന്‍ ഫാമിലി സെറ്റപ്പില്‍ നില്‍ക്കുന്നൊരാളാണ്, എന്റെ കുഞ്ഞിന്റെ ആദ്യ കുര്‍ബാന, കല്യാണം അങ്ങനെ പലതുമുണ്ട്. നിവൃത്തികേടുകൊണ്ട് അവര്‍ക്കു വിധേയരാകുകയാണ്, അയാള്‍ പറഞ്ഞതാണിത്. എല്ലാവരും ഇങ്ങനെ വിധേയരാകില്ലെന്നും സഭ ഓര്‍ക്കണം.

ഇവിടയെല്ലാം സഭയ്ക്ക് വിജയിക്കാന്‍ കഴിയുന്നത് അന്ധവിശ്വാസികള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നതുകൊണ്ടാണ്. ഞായറാഴ്ച കുര്‍ബാനയ്ക്ക് പോകാത്തതുകൊണ്ടാണ് കുഞ്ഞിനു വയറിളക്കം വന്നതെന്നു പരിഭവിച്ചൊരു സ്ത്രീയെ എനിക്കറിയാം. അവരെന്നോടാണ് ആ 'സത്യം' പറഞ്ഞത്. ഓ..അത്രയ്ക്ക് ദുഷ്ടനാണോ ഈ കര്‍ത്താവ്, ഞായറാഴ്ച കുര്‍ബാനയില്‍ പങ്കുകൊണ്ടില്ലെങ്കില്‍ വയറിളക്കി കളയുമോ, എത്ര ക്രൂരനാണപ്പോള്‍ കര്‍ത്താവ്! എന്റെ പരിഹാസം പോലും അവരെ ആശ്വാസപ്പെടുത്തിയില്ല. അവര്‍ തന്റെ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു... ഇത്തരക്കാരാണ് ചാകുമ്പോള്‍ പള്ളിപ്പറമ്പ് തന്നെ വേണമെന്നു ശഠിക്കുന്നവര്‍. ഇത്തരം ആഗ്രഹം പറയുന്നവരോട് മറ്റുള്ളവര്‍ പറഞ്ഞുകൊടുക്കണം, അതൊക്കെ വലിയ പൊല്ലാപ്പാകുമെന്ന്. ഇവിടെ പൊതുശ്മശാനം ഉണ്ടെന്നും...

(സിസ്റ്റര്‍ ജെസ്മിയുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories