Top

ആരാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതിമ തകര്‍ത്തത് ബംഗാളികളെ ഇത്രയധികം പ്രകോപിപ്പിക്കുന്നത്?

ആരാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതിമ തകര്‍ത്തത് ബംഗാളികളെ ഇത്രയധികം പ്രകോപിപ്പിക്കുന്നത്?
നോര്‍ത്ത് കൊല്‍ക്കത്തയിലെ വിദ്യാസാഗര്‍ കോളേജിലുള്ള നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു എന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടന ഛാത്ര പരിഷദിന്റെ പരാതി സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി മമത ബാനര്‍ജി കോളേജിലെത്തി പ്രതിമയുടെ ഭാഗങ്ങള്‍ കയ്യിലെടുത്ത് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ ആഞ്ഞടിച്ചു. ബംഗാളിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനും ആത്മാഭിമാനത്തിനും എതിരെയാണ് ബിജെപിയുടെ ആക്രമണം എന്നാണ് മമത ബാനര്‍ജി പറഞ്ഞത്. 19ാം നൂറ്റാണ്ടിലെ ബംഗാളി നവോത്ഥാന നായകരില്‍ പ്രമുഖനാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍. വിധവാ വിവാഹത്തിന് അനുമതി നല്‍കുന്ന നിയമം നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തിയത് വിദ്യാസാഗറാണ്.

1820 സെപ്റ്റംബര്‍ 26ന് ബംഗാളിലെ ബിര്‍സിഗയില്‍ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ ജനനം. ഈശ്വര്‍ ചന്ദ്ര ബന്ധോപാധ്യായ (ബാനര്‍ജി) എന്നായിരുന്നു ശരിക്കുള്ള പേര്. ഒമ്പതാം വയസില്‍ കല്‍ക്കട്ടയിലെത്തി. ബുരാബസാറിലെ ഭാഗബത് ചരണിന്റെ വീട്ടിലായിരുന്നു വിദ്യാസാഗറിന്റെ താമസം. ഭാഗബതിന്റെ മകള്‍ റായ്മണിയുമായുള്ള അടുപ്പമാണ് പില്‍ക്കാലത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാസാഗറിന് പ്രേരണ നല്‍കിയത്.

തത്വചിന്തകന്‍, വിദ്യാഭ്യാസ പണ്ഡിതന്‍, എഴുത്തുകാരന്‍, പരിഭാഷകന്‍, പ്രിന്റര്‍, പബ്ലിഷര്‍, സംരംഭകന്‍, എന്നീ നിലകളിലെല്ലാം വിഖ്യാതനാണ് ഈശ്വര്‍ ചന്ദ്രവിദ്യാസാഗര്‍. ബംഗാളി ഗദ്യത്തെ ആധുനികവത്കരിക്കുന്നതില്‍ വലിയ പങ്കാണ് അദ്ദേഹത്തിനുള്ളത്. ബംഗാളി അക്ഷരമാല കൂടുതല്‍ ഉപയോഗയോഗ്യമാക്കി. ബിരുദം നേടിയ കല്‍ക്കട്ടയിലെ സംസ്‌കൃത കോളേജില്‍ നിന്നാണ് വിദ്യാസാഗര്‍ എന്ന പേര് നേടിയത്. സാഗരത്തോളം അറിവുള്ളവന്‍ എന്ന അര്‍ത്ഥമുള്ള പേര് അദ്ദേഹത്തിന് നേടിക്കൊടുത്തത് സംസ്‌കൃതത്തിലെ അഗാധ പാണ്ഡിത്യവും തത്വചിന്തയിലെ ഇടപെടലുകളുമാണ്. സംസ്‌കൃത വ്യാകരണം, സാഹിത്യം, അലങ്കാര ശാസ്ത്രം, വേദാന്തം, ജ്യോതിശാസ്ത്രം, സ്മൃതികള്‍ തുടങ്ങിയവയിലെല്ലാം അഗാധ പാണ്ഡിത്യം. വിവിധ കോഴ്‌സുകളായി 13 വര്‍ഷം കല്‍ക്കട്ട സംസ്‌കൃത കോളേജില്‍ വിദ്യാസാഗര്‍ പഠിച്ചു. ഇതിനിടെ വരുമാനത്തിനായി പാര്‍ട്ട് ടൈം അധ്യാപകന്റെ ജോലി ചെയ്തു. രബീന്ദ്രനാഥ് ടാഗോറിന്റെ വീടായ ജൊറഷാങ്കോ താക്കൂര്‍ബാരിയിലടക്കം.

അക്ഷയ് കുമാര്‍ ഗുപ്തയ്‌ക്കൊപ്പം വിധവാ പുനര്‍വിവാഹത്തിനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. 1839ല്‍ നിയമബിരുദം നേടി. 1841ല്‍ 21ാം വയസില്‍ ഫോര്‍ട്ട് വില്യം കോളേജിലെ സംസ്‌കൃത കോളേജിലെ ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍. 1846ല്‍ സംസ്‌കൃത കോളേജില്‍ അസി.സെക്രട്ടറി. ആദ്യ വര്‍ഷം തന്നെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സമൂലമായ പരിഷ്‌കരണം ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ ആവശ്യപ്പെട്ടു. 1856ല്‍ കല്‍ക്കട്ടയില്‍ ബരിഷ ഹൈസ്‌കൂള്‍ സ്ഥാപിച്ചു.

ബ്രാഹ്ണ വിഭാഗങ്ങള്‍ക്കിടില്‍ നിലവിലുണ്ടായിരുന്ന ബഹുഭാര്യാത്വത്തിനെതിരെ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ വൃദ്ധരെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതരായിരുന്ന അവസ്ഥയുണ്ടായിരുന്നു. വൃദ്ധരായ ഭര്‍ത്താക്കന്മാര്‍ മരിക്കുമ്പോള്‍ ഇവരെ യാഥാസ്ഥിതിക അനാചാരങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു. വീട് വിട്ടുപോകാനോ അപരിചിതരെ കാണാനോ അനുവാദമുണ്ടായിരുന്നില്ല. പലരും അതിജീവനത്തിന്റെ ഭാഗമായി ലൈംഗികത്തൊഴിലാളികളായി. ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിധവാ പുനര്‍വിവാഹത്തിനുള്ള നിയമം കൊണ്ടുവരുന്നതില്‍ നിര്‍ണായകമായി. 1856ലെ വിധവ പുനര്‍വിവാഹ നിയമം വരുന്നത് വിദ്യാസാഗറിന്റെ ഇടപെടിലിലൂടെയാണ്.

ബംഗാളി അക്ഷരമാല പഠിക്കുന്നതിനുള്ള തുടക്കമായി ഇപ്പോളും പിന്തുടരുന്നത് ബോര്‍ണോ പൊരിചൊയ് (Introduction to the letter) എന്ന വിദ്യാസാഗറിന്റെ പുസ്തകമാണ്. ബംഗാളി അക്ഷരമാലയെ 12 സ്വരാക്ഷരങ്ങള്‍, 40 വ്യഞ്ജനാക്ഷരങ്ങള്‍ എന്നിങ്ങനെ ക്രമീകരിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. രാംഗോപാല്‍ ഘോഷ്, മദന്‍ മോഹന്‍ താര്‍കലങ്കര്‍ എന്നിവര്‍ക്കൊപ്പം പെണ്‍കുട്ടികള്‍ക്കായി നിരവധി സ്‌കൂളുകള്‍ സ്ഥാപിച്ചു. ജാതി, ലിംഗ ഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവകാശത്തിനായി വാദിച്ചു. 1891 ജൂലായ് 29നാണ് ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ അന്തരിച്ചത്. വിദ്യാസാഗറിനെ ടാഗോര്‍ ഇങ്ങനെ അനുസ്മരിച്ചു - ദൈവത്തിന്റെ ഒരു അദ്ഭുതസൃഷ്ടി. നാല് കോടി ബംഗാളികള്‍ക്കിടയില്‍ ഒരു മനുഷ്യന്‍.

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി അംഗീകരിക്കാന്‍ തയ്യാറെന്ന് തൃണമൂല്‍; മോദിയെ പുറത്താക്കാന്‍ എന്തും ചെയ്യും

Next Story

Related Stories