TopTop
Begin typing your search above and press return to search.

ഹിന്ദി വിരുദ്ധ പ്രക്ഷോഭം, ദ്രാവിഡനാട്; സംഘ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര കേന്ദ്രമായി തമിഴ്‌നാട് മാറുന്നുവോ?

ഹിന്ദി വിരുദ്ധ പ്രക്ഷോഭം, ദ്രാവിഡനാട്; സംഘ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര കേന്ദ്രമായി തമിഴ്‌നാട് മാറുന്നുവോ?
ഒരിടവേളയ്ക്ക് ശേഷം തമിഴ്‌നാട് കേന്ദ്ര സര്‍ക്കാരുമായി പോരാട്ടത്തിന് തയ്യറെടുക്കുകയാണ്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള നീക്കമാണ് തമിഴ്‌നാടിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് ഹിന്ദി നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന പ്രസ്താവനയുമായി മന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു നാളായി സംഘ്പരിവാറിന് എതിരെ തമിഴ്‌നാട്ടില്‍ ഉയരുന്ന ശക്തമായ ചെറുത്തുനില്‍പ്പിന്റെ തുടര്‍ച്ചയായാണ് ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെയും കാണേണ്ടത്. സ്വതന്ത്ര്യത്തിന് മുമ്പും പിന്നീട് 60 കളിലും ശക്തമായ ഹിന്ദി വിരുദ്ധ പ്രക്ഷോഭം നടത്തിയതിന്റെ ചരിത്രമുളള സംസ്ഥാനം കൂടിയാണ് തമിഴ്‌നാട്.

കഴിഞ്ഞദിവസമാണ് കരട് വിദ്യാഭ്യാസ നയം പുറത്തിറക്കിയത്. ഐഎസ്ആര്‍ഒ മുന്‍ തലവന്‍ കസ്തുരി രംഗന്‍ അധ്യക്ഷനായ സമിതിയാണ് പുതിയ വിദ്യാഭ്യാസ നയത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഇതുപ്രകാരം അഹിന്ദി പ്രദേശങ്ങളിലുള്ളവര്‍ക്ക് ഹിന്ദി നിര്‍ബന്ധമാണ്. ആറാം ക്ലാസിന് ശേഷം മറ്റ് ഭാഷ തെരഞ്ഞെടുക്കണമെങ്കില്‍ തന്നെ ഹിന്ദിയിലുള്ള മികവ് തെളിയിക്കണം. ഇതിനെതിരെയാണ് തമിഴ്‌നാട്ടില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ സ്‌റ്റോപ്പ് ഹിന്ദി ഇംപോസിഷന്‍ ട്രെന്‍ഡിംഗായി മാറുകയും ചെയ്തു.

തമിഴ്‌നാടിന്റെ രക്തത്തില്‍ ഹിന്ദിക്ക് സ്ഥാനമില്ലെന്ന് പറഞ്ഞാണ് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തോട് പ്രതികരിച്ചത്. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം തേനിച്ച കുട്ടില്‍ കല്ലെറിയുന്നതിന് തുല്യമായിരിക്കുമെന്ന് മുന്നറിയിപ്പും സ്റ്റാലിന്‍ നല്‍കി. തമിഴ്‌നാട്ടില്‍ രണ്ട് ഘട്ടമായി നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെ ഓര്‍മ്മപ്പെടുത്തിയായിരുന്നു പല ട്വീറ്റുകളും. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം തമിഴ്‌നാട്ടിന്റെ ചരിത്രത്തില്‍ മൂന്നാം തവണയും പ്രക്ഷോഭത്തിന് ഇടയാക്കിയേക്കുമെന്ന് മുന്നറിയിപ്പുകളും പലരും മുന്നോട്ടവെയ്ക്കുന്നു.

തമിഴ്‌നാടിന്റെ ചരിത്രത്തിലെ വലിയ രാഷ്ട്രീയ സംഭവങ്ങളായിരുന്നു ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങള്‍. 1937-40 കളില്‍ സ്വാതന്ത്ര്യത്തിന് മുമ്പ് തുടങ്ങിയതാണ് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരായ പ്രക്ഷോഭം. 1937 ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മദ്രാസ് പ്രസിഡന്‍സിയില്‍ സി രാജഗോപാലാചാരി മുഖ്യമന്ത്രിയായതിനെ തുടര്‍ന്നാണ് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്. ഇതിനെതിരെ ശക്തമായ സമരമാണ് തമിഴ്‌നാട്ടില്‍ അരങ്ങേറിയത്. ഇ വി രാമസ്വാമി നായ്ക്കരുടെ അന്നത്തെ ജസ്റ്റീസ് പാര്‍ട്ടിയും സമരം ഏറ്റെടുത്തതോടെ വലിയ പ്രക്ഷോഭമായി ഇത് മാറി. ദ്രാവിഡ സംസ്കാരത്തിനുമേല്‍ ബ്രാഹ്മണിസം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമായിട്ടാണ് തമിഴ്‌നാട്ടിലെ പ്രക്ഷോഭകര്‍ കണ്ടത്. രണ്ടാം ലോകയുദ്ധത്തില്‍ ഇന്ത്യ പങ്കാളിയായതില്‍ പ്രതിഷേധിച്ച് രാജാജി സര്‍ക്കാര്‍ രാജിവെച്ചപ്പോഴാണ് ഹിന്ദി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ബ്രിട്ടന്‍ പിന്‍വലിച്ചത്.

പിന്നീട് സ്വാതന്ത്ര്യത്തിന് ശേഷം 1960 കളുടെ അവസാനത്തിലാണ് വീണ്ടും ഹിന്ദി പ്രക്ഷോഭത്തിന് തമിഴ്‌നാട് വേദിയായത്. ഔദ്യോഗിക ഭാഷ ഹിന്ദിയാക്കുന്നുവെന്ന വാര്‍ത്തയാണ് ഇത്തവണയും പ്രകോപനമായത്. സംസ്ഥാനത്തെമ്പാടും അരങ്ങേറിയ പ്രക്ഷോഭമാണ് തമിഴ്‌നാട്ടില്‍ ദേശിയ പാര്‍ട്ടികളുടെ ആധിപത്യം അവസാനിപ്പിച്ച് ഡിഎംകെയെ അധികാരത്തിലെത്തിച്ചത്. 1968 ല്‍ ഡിഎംകെ അധികാരത്തില്‍ വന്നതില്‍ തുടര്‍ന്ന് രണ്ട് ഭാഷ പദ്ധതിയായി തമിഴ്‌നാട്ടിലെ വിദ്യഭ്യാസം മാറ്റി. ഹിന്ദി ഒഴിവാക്കി, തമിഴും ഇംഗ്ലീഷും മാത്രമാക്കി അവിടുത്തെ ഭാഷ പഠനം.

രണ്ട് ഘട്ടങ്ങളില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിലും നിഴലിച്ചത് തമിഴ് ദേശീയ വികാരമായിരുന്നു. തമിഴ്നാട് പ്രത്യേക രാജ്യമായി മാറണമെന്ന ആവശ്യവും വളരെ സജീവമായി അക്കാലത്ത് ഉണ്ടായിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് പിന്നില്‍ ദ്രാവിഡ സംസ്‌ക്കാരത്തെ കീഴ്‌പ്പെടുത്താനുള്ള നീക്കമെന്ന രീതിയിലാണ് തമിഴ്‌നാട്ടിലെ ദ്രാവിഡപ്രസ്ഥാനങ്ങള്‍ മനസ്സിലാക്കിയത്. നിലപാടുകളില്‍ ദ്രാവിഡ പാര്‍ട്ടികള്‍ മയം വരുത്തിയെങ്കിലും ഹിന്ദി വിരുദ്ധത ഇപ്പോഴും തമിഴ്‌നാട്ടില്‍ സജീവമായി നിലനില്‍ക്കുന്നുവെന്നതാണ് സമീപകാലത്തുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നത്. ദ്രാവിഡനാട് എന്ന് ആവശ്യം ഉയര്‍ന്നുവന്നാല്‍ ഡിഎംകെ അതിനെ പിന്തുണയ്ക്കുമെന്ന് പ്രസിഡന്റ് എം കെ സ്റ്റാലിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആര്‍ എസ് എസ്സിനെതിരായ തമിഴ്‌നാടിന്റെ ചെറുത്തുനില്‍പ്പും ദ്രാവിഡ സംസ്‌ക്കാരത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്ന് കരുതുന്നവരുണ്ട്. നരേന്ദ്ര മോദി തമിഴ്‌നാട് സന്ദര്‍ശിക്കുമ്പോഴൊക്കെ ട്വിറ്ററില്‍ മോദി ഗോബാക്ക് സന്ദേശങ്ങള്‍ കൊണ്ട് സാമുഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി അധികാരമേറ്റെടുക്കുന്ന ദിവസം നീസാമണി ട്വീറ്റുകള്‍ കൊണ്ടാണ് തമിഴ്‌നാട്ടുകാര്‍ ട്വിറ്റര്‍ നിറച്ചത്.

രണ്ടാം തവണയും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരികയും സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ടയുമായി ശക്തമായി മുന്നോട്ടുപോകുകയും ചെയ്യുമെന്ന സൂചനകള്‍ ലഭിക്കുന്നതിനിടെ തമിഴ്‌നാട് ഇതിനെതിരായ പ്രതിരോധത്തിന്റെ കേ്ന്ദ്രമായി മാറുമെന്ന സൂചനയാണ് ഹിന്ദി വിരുദ്ധ പ്രഖ്യാപനങ്ങള്‍ നല്‍കുന്നത്.

Read More: ഊരുവിലക്കിനെ തോല്‍പ്പിച്ച് മൂന്ന് പെണ്‍കുട്ടികള്‍; അവരുടെ പോരാട്ടം പഠിക്കാന്‍ വേണ്ടിയായിരുന്നു

Next Story

Related Stories