TopTop
Begin typing your search above and press return to search.

അദാനി, തിരിച്ചു പോകൂ; പ്രതിഷേധവുമായി ഓസ്ട്രേലിയന്‍ സംഘം ഗുജറാത്തിലേക്ക്

അദാനി, തിരിച്ചു പോകൂ; പ്രതിഷേധവുമായി ഓസ്ട്രേലിയന്‍ സംഘം ഗുജറാത്തിലേക്ക്

അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ സ്വപ്‌ന കല്‍ക്കരി ഖനനപദ്ധതിക്കെതിരെ ഓസ്‌ട്രേലിയയില്‍ സമരം ശക്തമാകുന്നു. പരിസ്ഥിതിക്ക് വലിയ നാശം വരുത്തുന്ന പദ്ധതിയെ 'പല്ലും നഖവും' ഉപയോഗിച്ച് എതിര്‍ക്കുമെന്ന് വ്യാപാരികള്‍, പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍, കായികതാരങ്ങള്‍, കലാകാരന്മാര്‍, എഴുത്തുകാര്‍ തുടങ്ങിയവരുടെ ഒരു സംഘം അറിച്ചു. ഇത് സംബന്ധിച്ച് അദാനിക്ക് കത്തു നല്‍കാന്‍ ഇന്ത്യയിലേക്ക് തിരിക്കാനിരിക്കുകയാണ് 80 പേര്‍ അടങ്ങുന്ന സംഘം.

പ്രമുഖ ക്രിക്കറ്റ് താരങ്ങളായ ഗ്രേഗ് ചാപ്പല്‍, ഇയാന്‍ ചാപ്പല്‍, ഗായിക മിസ്സി ഹിഗ്ഗിന്‍സ്, എഴുത്തുകാരന്‍ ടിം വിന്റണ്‍, സംഗീതജ്ഞനും മുന്‍ പാര്‍ലമെന്റ് അംഗവുമായ പീറ്റര്‍ ഗാരെറ്റ് തുടങ്ങിയ പ്രമുഖരായ 80 പേര്‍ ഒപ്പിടുന്ന കത്ത് അദാനിക്ക് കൈമാറാനാണ് സംഘം ആലോചിക്കുന്നത്. 16 ബില്യണ്‍ ഡോളറിന്റെ കല്‍ക്കരി വൈദ്യുത പദ്ധതിക്ക് അദാനി തുടക്കം കുറിച്ച ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന സമയത്ത് തന്നെ വ്യാപര, സാമുദായിക നേതാവായ ജെഫ് കസിന്‍സിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ സംഘം ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.

ഓസ്‌ട്രേലിയയ്ക്ക് കല്‍ക്കരി ഖനികള്‍ ആവശ്യമില്ലെന്ന് അദാനിയെ അറിയിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കസിന്‍സ് പറഞ്ഞു. വൃത്തികെട്ട, മരിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസായമാണ് കല്‍ക്കരി ഖനികളെന്നും ബാങ്കുകള്‍ പോലും ധനസഹായം നല്‍കാന്‍ മടിക്കുന്ന പദ്ധതിക്കായി ഓസ്‌ട്രേലിയന്‍ പൊതുപണത്തില്‍ നിന്നും ഒരു ബില്യണ്‍ ഓസ്‌ട്രേലിയന്‍ ഡോളര്‍ ലഭിക്കുമെന്നും കസിന്‍സ് ചൂണ്ടിക്കാണിക്കുന്നു. ഒരു അഭിപ്രായസര്‍വെയില്‍ ഭൂരിപക്ഷം ഓസ്‌ട്രേലിയക്കാരും പദ്ധതിക്കെതിരെ വോട്ടുചെയ്തിട്ടുണ്ട്.

ഓസ്‌ട്രേലിയയിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന അനുമതികളെല്ലാം കരസ്ഥമാക്കിയ അദാനി, 2017 മധ്യത്തോടെ പദ്ധതിക്ക് തുടക്കമിടാനാണ് ഉദ്ദേശിക്കുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അടിസ്ഥാന പണികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പരിസ്ഥിതി സംരക്ഷണ ഗ്രൂപ്പുകളില്‍ നിന്നും അദാനിക്ക് കടുത്ത എതിര്‍പ്പുകളാണ് നേരിടേണ്ടി വന്നത്. പദ്ധതി ആഗോള താപനത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുമെന്ന് ആരോപിച്ച അവര്‍, പദ്ധതിക്ക് ധനസഹായം നല്‍കുന്നതിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അതില്‍ വിജയിക്കുകയും ചെയ്തിരുന്നു. അവരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജര്‍മ്മനിയുടെ ഡ്യൂഷെ ബാങ്കും ഓസ്‌ട്രേലിയയിലെ കോമണ്‍വെല്‍ത്ത് ബാങ്കും പദ്ധതിക്ക് ധനസഹായം നല്‍കുന്നതില്‍ നിന്നും പിന്‍വാങ്ങി.

ആഗോള താപനം മൂലം ഗ്രേറ്റ് ബാരിയര്‍ റീഫിലെ പവിഴപ്പുറ്റുകള്‍ നശിക്കുന്നത് തന്റെ വ്യാപാരത്തെ ഇപ്പോള്‍ തന്നെ ബാധിച്ചിട്ടുണ്ടെന്ന് വിറ്റ്‌സണ്‍ഡേ ടൂറിസം ഓപ്പറേറ്റര്‍ ലിന്‍ഡ്‌സെ സിംപ്‌സണ്‍ ചൂണ്ടിക്കാട്ടുന്നു. ക്വീന്‍സ്ലാന്റിലെ നിര്‍ദ്ദിഷ്ട കല്‍ക്കരി ഖനി ഈ പവിഴപ്പുറ്റുകള്‍ക്ക് കൂടുതല്‍ നാശം വിതയ്ക്കും എന്ന് മുന്നറിയിപ്പുണ്ട്.

ഭൂഗര്‍ഭജലത്തെ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്ന് ക്വീന്‍സ് ലാന്റില്‍ നിന്നുള്ള കര്‍ഷകന്‍ ബ്രൂസ് കുറി ആരോപിക്കുന്നു. ഈ പ്രദേശത്തെ കൃഷി പൂര്‍ണമായും ഭൂഗര്‍ഭജലത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്.

ക്രിക്കറ്റ് ഇതിഹാസങ്ങളായ ഇയാന്‍ ചാപ്പലും ഗ്രെഗ് ചാപ്പലും ചേര്‍ന്ന് അദാനിയ്ക്ക് എഴുതിയ തുറന്ന കത്ത്അന്താരാഷ്ട്രമാധ്യമങ്ങളില്‍വലിയവാര്‍ത്തയായിരുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തെ പോലും പദ്ധതി ബാധിക്കുമെന്ന് അവര്‍ കത്തില്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ഭൂമിക്കടിയിലാണ് കല്‍ക്കരി ഖനനം നടക്കുന്നത് എന്നതിനാല്‍ പരിസ്ഥിതിക്ക് ദോഷം ഉണ്ടാവില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതി ഓസ്‌ട്രേലിയയില്‍ മാത്രം കണ്ടുവരുന്ന സംശുദ്ധ കല്‍കരി ഖനനം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദാനി ഗ്രൂപ്പ് അവകാശപ്പെടുന്നു.


Next Story

Related Stories