TopTop
Begin typing your search above and press return to search.

പെണ്‍വീരഗാഥകള്‍ കേള്‍ക്കുമ്പോള്‍ നെറ്റി ചുളിച്ചിട്ട് കാര്യമില്ല

പെണ്‍വീരഗാഥകള്‍ കേള്‍ക്കുമ്പോള്‍ നെറ്റി ചുളിച്ചിട്ട് കാര്യമില്ല

സുല്‍ത്താന്‍ എന്ന 'സല്‍മാന്‍ ഖാന്‍' സിനിമ തുടങ്ങുന്നത് അനുഷ്‌ക വേഷമിട്ട ഹരിയാനക്കാരിയായ ആര്‍ഫ എന്ന പെണ്‍കുട്ടിയില്‍ നിന്നാണ്. ഹരിയാന്‍വി ഭാഷയുടെ നാടന്‍ ഭംഗിയിലൂടെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ഗുസ്തിക്കാരുടെ കഥ പറഞ്ഞ സിനിമയാണ് സുല്‍ത്താന്‍. പറഞ്ഞു തുടങ്ങിയത് ഒളിമ്പിക്‌സ് മോഹവുമായി നിശ്ചയദാര്‍ഢ്യത്തോടെ പൊരുതുന്ന ആര്‍ഫാ എന്ന പെണ്‍കുട്ടിയുടേതാണ്. പെഹല്‍വാനി (ഫയല്‍വാന്‍) എന്ന ആണ്‍ വാക്കിലേക്കാണ് അവള്‍ ഇടിച്ചു കേറിക്കൊണ്ടിരുന്നത്. അഖാഡകളിലെ മണ്ണിന്റെ ചുവപ്പായിരുന്നു അവളുടെ ഉടലിന്.

പക്ഷെ പറഞ്ഞു വന്നപ്പോള്‍ മറ്റേതൊരു ആണ്‍ സിനിമ പോലെ ആര്‍ഫ, സുല്‍ത്താന്റെ മസില്‍ പവറിന് വഴിമാറി. കുടുംബവും ഗര്‍ഭവും ഒളിമ്പിക്‌സ് എന്ന സ്വപ്നത്തിനു മുന്നില്‍ വന്നപ്പോള്‍ അനുഷ്‌ക അഭിനയിച്ച ആര്‍ഫ ഇന്ത്യന്‍ പെണ്ണായി. മറ്റേതൊരു ഇന്ത്യന്‍ പെണ്ണിനേയും പോലെ കുടുംബം എന്ന പ്രയോറിറ്റിയ്ക്ക് മുന്നില്‍ കരിയര്‍ ഉപേക്ഷിച്ച നിറം കെട്ട പെണ്ണായി.

സിനിമയില്‍ ആര്‍ഫയില്‍ അവസാനിപ്പിച്ച ഫ്രെയിമിലാണ് സാക്ഷി തെളിയുന്നത്. ഒളിമ്പിക്‌സ് എന്ന മന്ത്രത്തിന് ആദ്യ സാക്ഷിയായത്. സിനിമ കാണിച്ചു തന്ന അതേ ഹരിയാനയുടെ മണ്ണില്‍ നിന്ന്. പെണ്‍ഭ്രൂണഹത്യയുടെ കണക്കുകള്‍ ഏറ്റവും കൂടുതലുള്ള ഹരിയാനയില്‍ നിന്ന്.

പോഡിയങ്ങളിലെ പെണ്ണുയരങ്ങള്‍
ഒരു മിന്നായം പോലെ ദീപ കര്‍മക്കറും സാക്ഷി മാലിക്കും പിന്നെ സ്വര്‍ണ്ണത്തോളം വരുന്ന പൊന്‍തിളക്കവുമായി പി വി സിന്ധുവും തല ഉയര്‍ത്തിപ്പിടിച്ചു നിന്നപ്പോള്‍ അതത്രയും ഇന്ത്യയുടെ ഓരോ പെണ്ണിലേയ്ക്കും പ്രവഹിച്ചതും ഇത് ഞാന്‍ തന്നെ എന്ന് പ്രതിബിംബിച്ചതും ചെറുതല്ല. ഇന്നത്തെ ആഘോഷത്തിന്റെ ഇടമായ സോഷ്യല്‍ മീഡിയ ഉത്സവത്തിമിര്‍പ്പിലായതും അതിനാലാണ്.

മമ്മൂട്ടി ഡയലോഗ് പോലെ പറയാം
ഇത് മരം വെട്ടി വിറ്റ് പെണ്‍മക്കളുടെ കല്യാണം നടത്തണം എന്ന് പറയുന്നവരുടെ ഇന്ത്യയാണ്. മകളുടെ കല്യാണം നടക്കാന്‍ വായ്പയെടുത്ത് വീട് നന്നാക്കാന്‍ ഉപദേശിക്കുന്ന പ്രധാനമന്ത്രിയുടെ ഭവനനിര്‍മാണ പദ്ധതിയുടെ പരസ്യം സദാ കേള്‍ക്കുന്ന നാട്. പുറത്തിറങ്ങി നടന്നിട്ടല്ലേ ബലാത്സംഗത്തിനിരയായത് എന്ന് പറയുന്ന ഇന്ത്യ. ചാടിയാല്‍ ഗര്‍ഭപാത്രം സ്ലിപ് ആവുമെന്നും പിന്നെ നിന്നെക്കൊണ്ട് ഒന്നിനും പറ്റില്ലെന്നും പറയുന്ന ഇന്ത്യ. ഇത്തരം ന്യായങ്ങളെയെല്ലാം ശരിവെക്കുകയും അതു തന്നെ ശരി എന്നുറച്ചു വിശ്വസിക്കുകയും അങ്ങനെയൊക്കെ പറയുന്നവരെ ആദരിക്കുകയും ചെയ്യുന്ന ഇന്ത്യ. ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം എന്നും പറയുന്നവരുടെ ഇന്ത്യ. നേര്‍ച്ചക്കോഴി എന്നും പറഞ്ഞ് വീട്ടകങ്ങളിലെയ്ക്ക് തള്ളിയിടപ്പെടുന്ന എത്രയോ പെണ്‍കുട്ടികളുടെ നാട്.

മാറ്റമൊന്നും വന്നിട്ടില്ല അതിലൊന്നും. രണ്ട് മെഡലു കൊണ്ടോ ആശങ്കയോടെ ബാഡ്മിന്റണ്‍ കളത്തിലേക്ക് കണ്ണുനട്ട ഒരു രാത്രികൊണ്ടോ അസംഖ്യം ഫേസ്ബുക്ക് പോസ്റ്റുകള്‍ കൊണ്ടോ മാറില്ല, നമ്മുടെ നാട്ടിലെ പെണ്ണുങ്ങളുടെ തലവിധികള്‍.

ആങ്ങളമാരും സംരക്ഷകരും
ഒളിമ്പിക് ചരിത്രത്തില്‍ ആദ്യമാണ് ജിംനാസ്റ്റിക്ക് എന്ന ഇനത്തില്‍ ഇന്ത്യയെന്ന പേര് പതിഞ്ഞത്. ആദ്യമായാണ് ഒരു ഗുസ്തിക്കാരി വെങ്കലം തൊടുന്നത്. ആദ്യമായാണ് ബാഡ്മിന്‍റണ്‍ കളത്തില്‍ ഒരു ഇന്ത്യന്‍ പെണ്‍കുട്ടി തൂവല്‍ക്കരുത്തില്‍ വെള്ളി നേടിയത്.

ആര്‍പ്പുമാരവങ്ങളുമായി നെഞ്ചും വിരിച്ച് ഒളിമ്പിക്‌സിനു പോയ മന്ത്രി പുംഗവന്‍മാരും ആണ്‍ശിങ്കങ്ങളുമൊക്കെ നാണം കെട്ടു തലകുനിച്ചപ്പോള്‍ ഈ പെണ്‍കുട്ടികളെ കാണിച്ച് 'ഇന്ത്യയുടെ അഭിമാനം' എന്ന് നിഷ്‌കളങ്കമായി ആര്‍പ്പു വിളിക്കുന്ന ആങ്ങളമാരോട് തന്നെയാണ് ചോദിക്കുന്നത്. നമ്മിലെത്ര പേര്‍ നീന്തല്‍ കുളങ്ങളിലേക്കും ടെന്നീസ് കോര്‍ട്ടിലേയ്ക്കും പെണ്‍കുട്ടികളെ വിടുന്നുണ്ട് ?


ഓഹോ... അധികം ഞെളിയണ്ട; ആണ്‍ പരിശീലകരുടെ സഹായത്തോടെയല്ലേ ഇതൊക്കെ എന്ന് എന്ന് പുച്ഛിക്കുന്ന എത്ര പേര്‍ പെണ്‍കുട്ടികളെ ആണ്‍ പരിശീലകരുടെ അടുത്തേയ്ക്ക് വിടും? ഞങ്ങളുടെ പെണ്ണുങ്ങളെ അസുഖം വന്നാല്‍ പരിശോധനയ്ക്ക് പോലും പെണ്‍ ഡോക്ടര്‍മാര്‍ വേണം എന്ന് ശഠിക്കുന്ന ആങ്ങളമാര്‍ തന്നെ ആണല്ലോ ഇപ്പോള്‍ കൈമെയ് മറന്ന് ആവേശം കൊള്ളുന്നത്.

പിന്നെന്തുകൊണ്ട് ഇങ്ങനെ?
ഇതിനു മുമ്പും ഇന്ത്യ മെഡല്‍ നേടിയിട്ടുണ്ട്; പിടി ഉഷയും ഷൈനി വിത്സനും അഞ്ജു ബോബി ജോര്‍ജ്ജും കര്‍ണ്ണം മല്ലേശ്വരിയും ഒക്കെ അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ ഇന്ത്യന്‍ ദേശീയ ഗാനത്തോടൊപ്പം തെളിഞ്ഞു നിന്നിട്ടുണ്ട് .അന്നിലാത്ത വിധം ഇന്ന് പറയേണ്ടി വരുന്നത്, അത്രയ്‌ക്കേറെയാണ്, സോഷ്യല്‍ മീഡിയകളിലടക്കം, സ്വന്തം നിലപാട് തുറന്നുപറയുന്ന സ്ത്രീകള്‍ക്കെതിരെ നീളുന്ന ആണ്‍ശാസനങ്ങള്‍ എന്നതുകൊണ്ടു തന്നെയാണ്. അത്രയും ലിംഗ, മത, വര്‍ണ്ണ വിവേചനങ്ങളുടെ ചരടില്‍ അവരവരുടെ സമുദായത്തിലെ പെണ്ണുങ്ങളെ കെട്ടിയിടാനുള്ള ആവേശത്തിലാണ് നമ്മുടെ പുരുഷാരം. അടിച്ചമര്‍ത്തലുകളുടെ ആണ്‍ വായ്ത്താരികള്‍ക്കു ചുറ്റുമാണ് ഓരോ പെണ്‍വാമൊഴികളുമിന്ന്.

ഇന്ദുചൂഡന്‍മാര്‍ തൊട്ട് രജത് കുമാറും കുഴിമറ്റവും വഴി കുട്ടിയപ്പനില്‍ എത്തി നില്‍ക്കുന്ന ലീനേജുകാരോട് ഒന്ന് കൂടെ. അതെ, അഭിമാനമുണ്ട്. ഇത് ദീപയുടെയും സാക്ഷിയുടെയും സിന്ധുവിന്റെയും ഇന്ത്യ ആണെന്ന് പറയുന്നതില്‍; ഇന്ത്യയെ അടയാളപ്പെടുത്തിയതില്‍; അവരുടെ പരിശീലകര്‍ ആണുങ്ങള്‍ ആണെന്നതില്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Next Story

Related Stories