Top

സൌദി സ്ത്രീകള്‍ വളയം പിടിച്ചാല്‍ പ്രവാസികളെ കാത്തിരിക്കുന്നത് മറ്റൊരു 'നിതാഖത്ത്'

സൌദി സ്ത്രീകള്‍ വളയം പിടിച്ചാല്‍ പ്രവാസികളെ കാത്തിരിക്കുന്നത് മറ്റൊരു
“ഞാന്‍ തിരിച്ചു പോകുന്നു. ഞാന്‍ ഡ്രൈവ് ചെയ്യാന്‍ പോകുന്നു-നിയമപരമായി” 2011ല്‍ സൌദിയിലെ കിഴക്കന്‍ നഗരമായ ഖോബറില്‍ സ്വയം കാറോടിക്കുന്ന വീഡിയോ എടുത്തു യു ടൂബിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഒന്‍പത് ദിവസം ജയിലില്‍ കഴിഞ്ഞ മനല്‍ അല്‍ ഷരീഫ് ആസ്ട്രേലിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. വനിതകള്‍ക്ക് ഡ്രൈവിംഗിന് അനുമതി നല്‍കിക്കൊണ്ട് സല്‍മാന്‍ രാജാവിന്റെ ചരിത്രപരമായ ഉത്തരവിന്റെ പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു ‘വിമന്‍2ഡ്രൈവ്’ പ്രക്ഷോഭകാരി.

ലോകം കയ്യടിച്ചു അഭിനന്ദിച്ച പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. കടുത്ത മത നിയമങ്ങളില്‍ നിന്നും ഒരു രാഷ്ട്രവും സമൂഹവും കൂടുതല്‍ ഉദാരവും ജനാധിപത്യ പൂര്‍ണവുമായ സംവിധാനത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നതിന്റെ മറ്റൊരു ഉദാഹരണം. പ്രത്യേകിച്ചും ഒരു സ്ത്രീ ശാക്തീകരണ ഇടപെടല്‍ എന്ന നിലയില്‍ ഇസ്ളാമിക രാജ്യങ്ങളിലെ വനിതാ വിമോചന പോരാട്ടങ്ങള്‍ക്ക് ഇത് കരുത്ത് പകരും എന്ന കാര്യത്തില്‍ സംശയമില്ല.

എണ്ണ പ്രതിസന്ധിയും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും എല്ലാം കൂടിക്കുഴഞ്ഞ അന്തരീക്ഷത്തില്‍ സൌദി അറേബ്യ അതിന്റെ ആധുനീകരണ പ്രക്രിയയ്ക്കു വേഗം കൂട്ടുകയാണ്. തൊഴില്‍ രംഗത്തെ ദേശീയവത്ക്കരണത്തിലൂടെയാണ് (നിതാഖത്ത്) അത് ശക്തി പ്രാപിച്ചത്. തൊഴില്‍ മേഖലയില്‍ തദേശവാസികള്‍ക്ക് ജോലി ഉറപ്പുവരുത്താനുള്ള ശ്രമം ആ രാജ്യത്തെ പൌരന്‍മാര്‍ നേരിടുന്ന രൂക്ഷമായ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ഒരു ശ്രമം കൂടിയാണ്. ബഹുഭൂരിപക്ഷം തൊഴില്‍ മേഖലയും പ്രവാസികള്‍ കയ്യടക്കിയിരിക്കുന്ന സൌദിയില്‍ അത് ശ്രമകരമായ ഒരു പരിഷ്ക്കാരം കൂടിയാണ്. നിതാഖത്ത് പ്രഖ്യാപനത്തെ തുടര്‍ന്ന് നിരവധി പ്രവാസികളാണ് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചു വന്നത്. ഇതില്‍ മലായാളികളായ പ്രവാസികള്‍ക്കുണ്ടായ നഷ്ടം ഭീമമാണ്.

പ്രവാസ മേഖലയില്‍ സമാനമായ ഒരു തൊഴില്‍ പ്രതിസന്ധിയാണ് സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാനുള്ള അനുവാദം കൊടുത്തുകൊണ്ടുള്ള പുതിയ ഉത്തരവ് ഉണ്ടാക്കാന്‍ പോകുന്നത്. ഏകദേശം 5 മുതല്‍ 14 ലക്ഷത്തിനിടയില്‍ വീട്ടു ഡ്രൈവര്‍മാരും ടാക്സി ഡ്രൈവര്‍മാരുമാണ് സൌദിയില്‍ ഉള്ളത്. ഇതില്‍ ബഹുഭൂരിപക്ഷം പേരും ഇന്ത്യക്കാരാണ്. സൌദി സ്ത്രീകളെ ജോലി സ്ഥലത്തേക്കും ഷോപ്പുകളിലേക്കും കോളേജുകളിലേക്കും സ്കൂളുകളിലേക്കും ആശുപത്രികളിലേക്കും കൊണ്ടുപോകുന്നത് പ്രവാസി ഡ്രൈവര്‍മാരാണ്. സ്ത്രീകള്‍ വളയം പിടിക്കാന്‍ തുടങ്ങുന്നതോടെ തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നത് ഇവര്‍ക്കാണ്.“തീര്‍ച്ചയായും സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുവാദം നല്‍കിക്കൊണ്ടുള്ള ഉത്തരവ് സൌദി വനിതകളെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. എന്നാല്‍ പ്രവാസികളുടെ ഭാഗത്ത് നിന്നും നോക്കിയാല്‍ കനത്ത ആഘാതവും” പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ആറ്റക്കോയ പള്ളിക്കണ്ടി ദി ഹിന്ദു ദിനപത്രത്തിനോട് പറഞ്ഞു.

വിദ്യാഭ്യാസമില്ലാത്ത ഗള്‍ഫില്‍ ജോലി തേടുന്ന ഒരാള്‍ക്ക് എളുപ്പത്തില്‍ കിട്ടുന്ന ജോലിയാണ് വീട്ടു ഡ്രൈവര്‍മാരുടേത്. ഇത് താരതമ്യേന ചിലവ് കുറഞ്ഞതുമാണ്. ശമ്പളം കുറവാണെങ്കിലും ഭക്ഷണവൂം താമസവും സൌജന്യമാണെന്നതും മോശമല്ലാത്ത ടിപ്പ് കിട്ടും എന്നതുമാണ് ഈ ജോലിയുടെ പ്രധാന ആകര്‍ഷണം. വടക്കന്‍ കേരളത്തില്‍ നിന്നും മറ്റും പല യുവാക്കളും ഗല്‍ഫിലേക്ക് പറക്കുന്നത് ഈ ഒരു ആകര്‍ഷണത്തിലാണ്.

കൂടുതല്‍ വിദഗ്ദ്ധരായ തൊഴില്‍ സേനയായി പ്രവാസി രൂപപ്പെട്ടാലും പുതിയ പ്രഖ്യാപനം ഉണ്ടാക്കിയ പ്രശ്നം പരിഹരിക്കപ്പെടില്ല എന്നത് തീര്‍ച്ചയാണ്. യാത്ര സൌകര്യപ്രദമാകുന്നതോടെ കൂടുതല്‍ സൌദി സ്ത്രീകള്‍ രാജ്യത്തെ തൊഴില്‍ സേനയില്‍ വന്നു ചേരും. നിലവില്‍ തങ്ങള്‍ക്ക് കിട്ടുന്ന വരുമാനത്തിന്റെ മുഖ്യപങ്കും ടാക്സി ഡ്രൈവര്‍മാര്‍ക്ക് കൊടുക്കേണ്ടി വരുന്നു എന്നുള്ളതാണ് സൌദി സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധി.

സൌദിയുടെ ജനാധിപത്യവത്ക്കരണത്തിന്റെയും സാമൂഹ്യ നവോത്ഥാനത്തിന്റെയും ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുന്ന ഒരു പ്രഖ്യാപനം പ്രവാസികളെ ആശങ്കാകുലരാക്കുമ്പോള്‍ അത് എങ്ങനെ നേരിടാം എന്ന ഗൌരവതാരമായ ആലോചനയ്ക്ക് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ തയ്യാറാകേണ്ടിയിരിക്കുന്നു. കേരളത്തിനും ഇനി ദുഃസ്വപ്നങ്ങളുടെ നാളുകളായിരിക്കും.

മനല്‍ അല്‍ ഷരീഫിന്റെ ഡെയറിംഗ് ടു ഡ്രൈവ് 2017ലെ ബെസ്റ്റ് സെല്ലറായ പുസ്തകങ്ങളില്‍ ഒന്നാണ്. മനലിന്റെ കാര്‍ അവളെ കാത്ത് ഇപ്പൊഴും സൌദിയിലെ വീട്ടിലുണ്ട്. ജനമധ്യത്തില്‍ നിന്നുള്ള ചാട്ടവാറടിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ഈ 38 കാരി സൌദിയില്‍ എത്തുന്നതോടെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആഘോഷവേദിയായി സൌദി മാറും. നിരവധി യുവതികള്‍ ആയിരിയ്ക്കും തങ്ങളുടെ വാഹനങ്ങളുമായി പൊതു നിരത്തിലേക്ക് ഇറങ്ങാന്‍ പോകുന്നത്.

നല്‍കാം സൌദിയിലെ സ്ത്രീകള്‍ക്ക് പ്രവാസികളുടെ കണ്ണീരില്‍ കുതിര്‍ന്ന അഭിനന്ദനങ്ങള്‍.

Next Story

Related Stories