TopTop
Begin typing your search above and press return to search.

പാര്‍ട്ടി സെക്രട്ടറിയല്ല മുഖ്യമന്ത്രി; ഉമ്മന്‍ ചാണ്ടിയുടെ ഭാവിയില്‍ ആശങ്കയില്ല-പി ടി തോമസ്/അഭിമുഖം

പാര്‍ട്ടി സെക്രട്ടറിയല്ല മുഖ്യമന്ത്രി; ഉമ്മന്‍ ചാണ്ടിയുടെ ഭാവിയില്‍ ആശങ്കയില്ല-പി ടി തോമസ്/അഭിമുഖം

പി. ടി. തോമസ്/വിഷ്ണു എസ്. വിജയന്‍

ഈ നിയമ സഭാ തിരഞ്ഞെടുപ്പില്‍ വി എം സുധീരന്‍ വെട്ടണം എന്നു നിര്‍ദ്ദേശിച്ച അഞ്ചു പ്രമുഖ പേരുകളില്‍ ഒരാളായിരുന്നു ബെന്നി ബഹനാന്‍. നാലു പേരുടെ കാര്യത്തില്‍ ലക്ഷ്യം നേടാന്‍ സാധിച്ചില്ലെങ്കിലും ബെന്നി ബഹനാന്‍റെ കാര്യത്തില്‍ അത് നേടി. അങ്ങനെ വി എം സുധീരനാല്‍ എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ട സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായിരുന്നു പി ടി തോമസ്. യു ഡി എഫ് വിരുദ്ധ തരംഗത്തിനിടയിലും വി എം സുധീരന്‍ ഏല്‍പ്പിച്ച ദൌത്യം വിജയകരമാക്കിയ പി ടി ഇന്ന് നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രധാന നാവാണ്. ചിലപ്പോള്‍ പ്രതിപക്ഷ നേതാവിനെക്കാള്‍ ശക്തമായി ഭരണത്തിനെതിരെ ആഞ്ഞടിക്കുന്ന പി ടി ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍ , മുല്ലപ്പെരിയാര്‍, മതസംഘടനകള്‍ തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഇവിടെ.

വിഷ്ണു എസ് വിജയന്‍
: ഉമ്മന്‍ചാണ്ടിക്കൊപ്പം എ ഗ്രൂപ്പില്‍ സജീവമായി നിന്നിരുന്ന താങ്കള്‍ക്ക് സുധീരന്റെ ഇടപെടലുകള്‍ കൊണ്ടാണ് ഇത്തവണ മത്സരിക്കാന്‍ അവസരം ലഭിച്ചത്. ഇനിയും ഉമ്മന്‍ ചാണ്ടിക്കൊപ്പമായിരിക്കുമോ?

പി ടി തോമസ്: കെ എസ് യു കാലം മുതല്‍ ഉമ്മന്‍ചാണ്ടിയും എകെ ആന്‍റണിയും ഒക്കെ എടുത്തിട്ടുള്ള രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം സജീവമായി നിലകൊണ്ടിട്ടുള്ള വ്യക്തിയാണ് ഞാന്‍. ഇപ്പോഴും നില്‍ക്കുന്ന ആളാണ്‌. തെരഞ്ഞെടുപ്പില്‍ വിഎം സുധീരന്‍ എനിക്ക് സീറ്റ് ലഭിക്കുന്നതില്‍ സഹായിച്ചിട്ടുണ്ട് എന്നത് സത്യമാണ്. ആ സഹായത്തിനോട് നന്ദിയും സന്തോഷവുമുണ്ട്. എന്നുകരുതി എന്‍റെ രാഷ്ട്രീയ നിലപാടുകളില്‍ മാറ്റമില്ല. വിഎം സുധീരന്റെ നിലപാടുകളില്‍ ശരിയാണ് എന്ന് തോന്നുന്നതിനെ ഞാന്‍ അന്നും പിന്തുണച്ചിട്ടുണ്ട്. ഇന്നും പിന്തുണയ്ക്കും.

വി: കോണ്‍ഗ്രസ്സില്‍ ഉമ്മന്‍ചാണ്ടി എന്ന നേതാവിന്‍റെ ഭാവി ഇനി എന്താണ്?

പി ടി: ഉമ്മന്‍ചാണ്ടി ഇപ്പോഴും കേരളത്തില്‍ ജനസമ്മതിയുള്ള നേതാവ് തന്നെയാണ്. ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയെ പറ്റി ആശങ്കപ്പെടേണ്ടതില്ല. കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളുടെ ആരുടേയും ജനപിന്തുണ നഷ്ടപ്പെട്ടിട്ടില്ല. തോല്‍വി എല്ലാവരുടെയും കൂട്ടായ കുറ്റമാണ്. അത് ഒരാളുടെ മാത്രം കുറ്റമാണ് എന്ന് ഞാന്‍ കരുതുന്നില്ല. വിളക്ക് കത്തി നില്‍ക്കുമ്പോള്‍ അതിന്‍റെ വില അറിയില്ല എന്ന് പറയാറില്ലേ അത്രയേ ഉള്ളു ഇത്.

വി: കേരളത്തിലെ കോണ്‍ഗ്രസ്സിന്‍റെ നട്ടെല്ലിന് ബലക്ഷയം സംഭവിച്ചു എന്ന് കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു..

പി ടി: അതിനോടൊന്നും ഞാന്‍ പ്രതികരിക്കുന്നില്ല, കോണ്‍ഗ്രസ്സിന്റെ നട്ടെല്ലിന് ബലക്ഷയം സംഭവിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. നട്ടെല്ലിന് ക്ഷയം സംഭവിച്ചാല്‍ വലിയ അപകടമാണ്. കേരളത്തിന് കോണ്‍ഗ്രസ്സിനകത്ത് ധാരാളം യുവാക്കളും, വിദ്യാര്‍ത്ഥികളും ഉണ്ട്. കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും. ഇതിലും വലിയ പരാജയങ്ങള്‍ കോണ്‍ഗ്രസ്സിനു പലയിടങ്ങളിലും സംഭവിച്ചിട്ടുണ്ട്.

വി: ആസാമില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്സിന് തിരിച്ചടിയാണ്, ബിജെപി വലിയ മുന്നേറ്റം നടത്തുകയും ചെയ്യുന്നു..

പി ടി: ബിജെപിയ്ക്ക് ദേശീയ തലത്തില്‍ മുന്നേറ്റമുണ്ട്. പക്ഷെ ആ മുന്നേറ്റത്തെ തടയാന്‍ കോണ്‍ഗ്രസ്സിന് മാത്രമേ കഴിയുള്ളൂ.വി: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ താങ്കളും ക്രിസ്തീയ സഭകളും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നല്ലോ. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ താങ്കള്‍ക്ക് ഇടുക്കി സീറ്റ് നഷ്ടപ്പെടുന്നത് തന്നെ ഈ തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ്. ഇപ്പോള്‍ മത സംഘടനകളോടുള്ള നിലപാടെന്താണ്?

പി ടി: ഒരു വ്യക്തി അവന്‍റെ ആത്മീയമായ സാഫല്യങ്ങള്‍ക്ക് വേണ്ടി മതത്തെ ആശ്രയിക്കുനത് തെറ്റല്ല. ആരാധനയും, മതപരമായ ചിന്തകളും ഒക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. അതിനെ ഒരു പൊതു സമൂഹത്തിന്‍റെ ഭാഗമായി അംഗീകരിക്കപ്പെടേണ്ട ആവശ്യമില്ല. മതസംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും തമ്മില്‍ പലപ്പോഴും ഒത്തുതീര്‍പ്പിലാണ് പോകുന്നത്. ഒരു പരസ്പര സഹകരണം ഉണ്ട്. അതില്‍ നിന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും മുക്തമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതല്‍പ്പം ദോഷം ചെയ്യും എന്ന് തന്നെയാണ് ഇപ്പോഴും എന്‍റെ അഭിപ്രായം.

വി: അതുപോലെ തന്നെ താങ്കള്‍ ശക്തമായ നിലപാട് സ്വീകരിച്ച വിഷയമാണ് മുല്ലപ്പെരിയാര്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. , പിണറായി വിജയന്‍റെ നിലപാടുകള്‍ സംസ്ഥാന താത്പര്യത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നാണ് കരുതുന്നത്?

പി ടി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള നിയമസഭയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് എടുത്ത തീരുമാനത്തിന് കടക വിരുദ്ധമായിട്ടാണ് പുതിയ ഗവണ്മെന്റ് അധികാരം ഏറ്റെടുത്ത് ഉടനെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ അഭിപ്രായം പറഞ്ഞത്. അതിന്റെ സാരാംശം എന്ന് പറയുന്നത് മുല്ലപ്പെരിയാര്‍ ഡാമിന് ഇപ്പോള്‍ ഒരു പ്രശ്നവും ഇല്ല, ഒരു ബലക്ഷയവും ഇല്ല, പുതിയ ഡാമിന്‍റെ ആവശ്യം ഇല്ല എന്ന തരത്തിലാണ്. ഇത് ഒരുപക്ഷെ കേരളത്തില്‍ ഇതുവരെ ആരും പറയാത്ത വാദഗതിയാണ്. ഈ വാദഗതി പുതിയ ഗവണ്മെന്റിന്റെ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായി എന്നത് എല്ലാവരെയും ഞെട്ടിപ്പിച്ച ഒരു സംഭവമാണ്. ആ വാദഗതിയുടെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതം എന്ന് പറയുന്നത് മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ സുപ്രീം കോടതിയില്‍ നടക്കുന്ന കേസുകളിലും തമിഴ്നാടും കേരളവും കേന്ദ്ര ഗവണ്മെന്റും തമ്മില്‍ നടക്കുന്ന കൂടിയാലോചനകളിലും ഒക്കെ നമ്മുടെ നിലപാടുകളും സാധ്യതകളും ദുര്‍ബലപ്പെടുത്തും എന്നുള്ളതാണ്.

മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് കേവലമൊരു സംഘടനയുടെ നേതാവില്‍ നിന്നും അപ്പുറത്തുള്ള മാനങ്ങളാണ് കല്‍പ്പിക്കപ്പെടുന്നത്. ഇത് കേരള നിയസഭ ഏകകണ്ഠമായി എടുത്ത നിലപാടിന് വിരുദ്ധവും വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന മുല്ലപ്പെരിയാര്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങളുടെ ലംഘനവുമാണ്. ഇത് ദീര്‍ഘകാലമായുള്ള കേരളത്തിന്‍റെ താല്പര്യങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയുന്നതാണ്.

കഴിഞ്ഞ ഗവണ്മെന്റ് ഡാം പണിയുന്നതിനു വേണ്ടി നൂറു കോടി രൂപ വകയിരുത്തിയിരുന്നു. പുതിയ ഡാം പണിയുന്നതിന് ഒരുപാട് നടപടികള്‍ ഉണ്ട്. തമിഴ്നാടിന്‍റെ സമ്മതവും കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരവും ഒക്കെ ആവശ്യമാണ്. അത് ഒരു ഫെഡറല്‍ സംവിധാനത്തില്‍ അങ്ങനെയേ പാടുള്ളൂ. ഏകപക്ഷീയമായി നമുക്ക് ഡാം നിര്‍മ്മിക്കാന്‍ കഴിയില്ല, പക്ഷേ ആ ഡാമിന്‍റെ അനിവാര്യതിയിലേക്ക് തമിഴ്നാടിനെ കൊണ്ടുവരാനും, ആവശ്യകതയെ കുറിച്ച് അവരെ ബോധ്യപ്പെടുത്താനും ആയിരുന്നു നൂറു കോടി രൂപ ബജറ്റില്‍ മാറ്റി വെച്ചത്.

മുല്ലപ്പെരിയാറിന്റെ ഗുണഭോക്താക്കള്‍ എന്ന് പറയുന്നത് നൂറുശതമാനവും തമിഴ്നാടാണ്. ഏതെങ്കിലും രീതിയില്‍ മുല്ലപ്പെരിയാല്‍ ഡാമിന് അപകടം സംഭവിച്ചാല്‍ പിന്നീടൊരിക്കലും തമിഴ്നാടിനു ഒരു തുള്ളി വെള്ളം പോലും ലഭിക്കില്ല. മുല്ലപ്പെരിയാറിലെ ജലം ഒരിക്കലും തമിഴ്നാടിന് കൊടുക്കാതിരിക്കാനും കഴിയില്ല, കാരണം അവര്‍ക്ക് ആ വെള്ളം ആവശ്യമാണ്‌, അവരത് വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നുമുണ്ട്. അപ്പോള്‍ ആ കാര്യങ്ങള്‍ ഗൌരവപരമായി അവതരിപ്പിച്ചു നമ്മുടെ പരാതികളും, ആശങ്കകളും തമിഴ്നാട്ടിലെ ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു വേണ്ടത്.തമിഴ്നാട്ടില്‍ പ്രചരിക്കുന്ന ഒരു വാദമുണ്ട്, നമ്മളീ ബഹളമൊക്കെ ഉണ്ടാക്കുന്നത് അവര്‍ക്ക് വെള്ളം കൊടുക്കാതിരിക്കാന്‍ വേണ്ടിയാണ് എന്ന്. അതവിടുത്തെ സാധാരണ ജനതയുടെ ഭയമാണ്. അങ്ങനെ ഒരു പ്രശ്നമില്ല എന്ന് നമ്മള്‍ തുറന്നുപറയണം. ഇപ്പോള്‍ കൊടുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും തുടര്‍ന്ന് കൊടുക്കേണ്ടി വരും. പക്ഷെ ഡാം ദുര്‍ബലമാണ് എന്നുള്ളതുകൊണ്ടും ഡാമിന് അടിവശത്ത് താമസിക്കുന്ന ലക്ഷക്കണക്കിന്‌ ആളുകളുടെ ജീവന്‍ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിന് ഉണ്ടെന്നും പുതിയ ഡാം നിര്‍മ്മിച്ചാലും വെള്ളം മുടക്കം വരുത്തില്ല എന്നും അവരെ പറഞ്ഞു മനസിലാക്കണമായിരുന്നു. അതിനൊക്കെ ഉള്ള സാധ്യതകളാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഒരൊറ്റ പ്രസ്താവന കൊണ്ട് നശിപ്പിച്ചു കളഞ്ഞത്.

നാളെ സുപ്രീം കോടതിയില്‍ ഈ വിഷയം ഏതെങ്കിലും തരത്തില്‍ പരിഗണിക്കപ്പെടുകയോ, കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് പോകുമ്പോഴോ മുഖ്യമന്ത്രിയുടെ ഈ വാക്കുകള്‍ ഡമോക്ലസ്സിന്റെ വാള് പോലെ കേരളത്തിന്റെ തലയ്ക്ക് മുകളില്‍ തൂങ്ങി കിടക്കും.

മുഖ്യമന്ത്രി വെറുതെ പറഞ്ഞതല്ല എന്നൊരു വാദമുണ്ട്. തമിഴ്നാട് പൊളിറ്റിക്സുമായി ബന്ധപ്പെട്ട പലരും മുഖ്യമന്ത്രിയെ സ്വാധീനിച്ചിട്ടുണ്ട് എന്നൊരു ആരോപണവും ഉണ്ട്. കേരളത്തില്‍ തന്നെ പലരും തമിഴ്നാടിന് അനുകൂലമായി നിലപാടെടുക്കാന്‍ കേരള മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചു എന്നും കേള്‍ക്കുന്നു. ഉത്തരവാദിത്വമുള്ള ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വസ്തുതകള്‍ അറിയാതെ പ്രതികരിക്കുന്നത് ശരിയല്ല. എങ്കില്‍ പോലും വല്ലത്ത ഒരു ദുരൂഹതയാണ് ഈ സംഭവം ഉയര്‍ത്തിയിരിക്കുന്നത്.

മറ്റൊരു കാര്യം മുല്ലപ്പെരിയാര്‍ വിഷയം കൊടുമ്പിരി കൊണ്ട് നിന്ന സമയത്ത് “മുല്ലപ്പെരിയാര്‍ മുതല്‍ അറബിക്കടല്‍ വരെ” എന്ന മുദ്രാവാക്യം ഉയര്‍ത്തി മനുഷ്യ ചങ്ങല തീര്‍ത്ത ആളാണ് പിണറായി വിജയന്‍. അന്ന് അദ്ദേഹം പറഞ്ഞത് ലക്ഷോപലക്ഷം ജനങ്ങളുടെ ജീവന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പന്താടുകയാണ് എന്നാണ്. എങ്ങനെയാണ് ഇത്ര പെട്ടെന്നു തിരിഞ്ഞു വന്നത്? അത്ഭുതമുണ്ടാക്കുന്ന ഒന്നാണ്.

അതവിടെ നില്‍ക്കട്ടെ; വേറൊരു കാര്യം കഴിഞ്ഞ ദിവസം നിയമസഭയില്‍ എന്‍റെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടേ ഇല്ല, പഴയ നിലപാട് തന്നെയാണ് ഇപ്പോഴും എന്നാണ്. ഇതൊരു ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. രേഖാമൂലം സഭയില്‍ ഒരു മറുപടി വരുന്നു, ഡല്‍ഹിയില്‍ പത്രക്കാരോട് വേറൊന്ന് പറയുന്നു. ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതിലൊക്കെ പുതിയ ഗവണ്മെന്റും മുഖ്യമന്ത്രിയും ആദ്യമാസം തന്നെ പരാജയപ്പെട്ടിരിക്കുന്നു.

വി: മുഖ്യമന്ത്രിയുടെ പല നിലപാടുകളും ശരിയല്ല എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് കണ്ണൂരിലെ കൊലപാതകങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം ഒക്കെ. മുഖ്യമന്ത്രി ഇപ്പോഴും പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ തന്നെ നില്‍ക്കുകയാണെന്ന വിമര്‍ശനമുണ്ടല്ലോ...?

പി ടി: ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ഏകദേശം തൊണ്ണൂറിന് മുകളില്‍ എംഎല്‍എമാരുടെ പിന്‍ബലം ഉണ്ട് എന്നൊരു ധാര്‍ഷ്ട്യമുണ്ട്. പാര്‍ട്ടിയുടെ എല്ലാ വിമത ശബ്ദങ്ങളെയും ഒതുക്കി എന്നൊരു താന്‍പോരിമയുണ്ട്. നിരന്തരമായി ഇദ്ദേഹത്തിനോട് പോരാടിക്കൊണ്ടിരുന്ന മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ തന്‍റെ രാഷ്ട്രീയ നിലനില്‍പ്പ്‌ തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ പിണറായിക്ക് മുന്നില്‍ അടിയറവു പറയുന്ന കാഴ്ചകളാണ് നമ്മള്‍ ഇപ്പോള്‍ ഇരട്ട പദവി പ്രശ്നവുമായി ബന്ധപ്പെട്ട് കണ്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ ചര്‍ച്ചകളിലൊക്കെ ഭരണ, പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ അദ്ദേഹത്തെ എത്രമാത്രം അപമാനിച്ചു. അദ്ദേഹത്തിന്‍റെ പൊതു ജീവിതത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തില്‍ അത് മാറി. വി എസിന് എന്തെങ്കിലും പദവി നല്കുന്നതിലല്ല ഞങ്ങള്‍ക്ക് വിയോജിപ്പ്‌, അദ്ദേഹത്തിനെ പോലെ ഇത്രയും മുതിര്‍ന്ന നേതാവിനെ, ഒരു പുരുഷായുസ്സ് മുഴുവന്‍ പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട ഒരു മനുഷ്യനെ ഇങ്ങനെ അവഗണിക്കുന്നതിലാണ്. ഞാനിപ്പോഴും പറയുന്നത് അദ്ദേഹം ഇത്തരം നക്കാപ്പിച്ചകള്‍ക്ക് നില്‍ക്കരുത് എന്നതാണ്. വിഎസ്സിനെ പോലെ പാര്‍ട്ടിക്കകത്ത് തനിക്കെതിരെ നിന്ന എല്ലാവരെയും ഒതുക്കി എന്ന അഹങ്കാരം അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ കഴിയും.

നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് വളരെ ഷാര്‍പ്പ് ആയിട്ടുള്ള അറ്റാക്കുകള്‍ ഉണ്ടാകും. അത് പ്രതിപക്ഷത്തിന്റെ കടമയാണ്. അങ്ങനെയൊക്കെ വരുമ്പോള്‍ സമചിത്തതയോടെ കാര്യങ്ങള്‍ പഠിച്ച്, ആലോചിച്ച് ഉത്തരങ്ങള്‍ നല്‍കുകയാണ് നയം അറിയാവുന്ന മുഖ്യമന്ത്രിമാര്‍ ചെയ്യുക. എന്നാല്‍ നിങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ ഒരു പാര്‍ട്ടി സെക്രട്ടറിയുടെ രീതിയിലാണ് അദ്ദേഹം ഉത്തരം നല്‍കുകയും പ്രവര്‍ത്തിക്കുകയും ഒക്കെ ചെയ്യുന്നത്. ഇപ്പോള്‍ തന്നെ എംകെ ദാമോദരനെ അഡ്വക്കേറ്റ് ജനറലിന് മുകളില്‍ ഉപദേശകനായി വച്ചിരിക്കുന്നു. “എന്‍റെ പേര് പറഞ്ഞു പല അവതാരങ്ങളും കടന്നു വരാം” എന്ന് മുഖ്യമന്ത്രി തുടക്കത്തില്‍ പറഞ്ഞിരുന്നു. ഇവരൊക്കെയാണ് ആ അവതാരങ്ങള്‍! മാധ്യമ ഉപദേഷ്ടാവിനും,നിയമോപദേഷ്ടാവിനും ഫയലുകള്‍ വരെ പരിശോധിക്കാന്‍ ഉള്ള അധികാരം ഉണ്ട്. ഇതില്‍ കൂടുതല്‍ എന്ത് വേണം? ശമ്പളം കൊടുക്കുന്നില്ല എന്നാണ് ന്യായം പറയുന്നത്. ‘ആള് കൊലപാതകിയാണ്‌,പക്ഷെ അയാള്‍ക്കൊരു ഗുണമുണ്ട് പുക വലിക്കില്ല” അങ്ങനെ പറയുമ്പോലെ അല്ലേ ഇത്? അയാള്‍ പുക വലിക്കില്ല എന്നതുകൊണ്ട് അയാളുടെ കൊലക്കുറ്റം ഒഴിവാക്കപ്പെടുന്നില്ലല്ലോ? ആരുടെയൊക്കെ കേസുകളാണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് വാദിക്കുന്നത്? അതിന് തന്നെ കോടിക്കണക്കിനു രൂപയുടെ വരുമാനം അദ്ദേഹത്തിന് കിട്ടും, പിന്നെ എന്തിനാണ് സര്‍ക്കാര്‍ ശമ്പളം? മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് പാറമടക്കാരന് വേണ്ടി ഹാജരാകുന്നു, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് കോടാനുകോടി മുക്കിയ സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരാകുന്നു. സര്‍ക്കാര്‍ ശമ്പളം ഒന്നും വേണ്ട ഞാനീ പദവി ഉപയോഗം ചെയ്തു കൊണ്ട് എന്‍റെ സാമ്രാജ്യം ഇങ്ങനെ വലുതാക്കും. ഈ നയമാണ് ദാമോദരന് ഉള്ളത്.

പിന്നെ സിപിഎമ്മിന്‍റെ അഖിലേന്ത്യാ കമ്മിറ്റി ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് ദളിത്‌ ജനതയെ സംരക്ഷിക്കണം എന്ന് തീരുമാനം എടുത്തിരുന്നു, എന്നാല്‍ ഇവിടെ കേരളത്തില്‍ നടന്നതോ? കണ്ണൂരില്‍ ഒരു ദളിത്‌ പെണ്‍കുട്ടി പാര്‍ട്ടി ഓഫീസില്‍ കയറി പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചു എന്ന് പറയുന്നതില്‍ എത്രമാത്രം സത്യമുണ്ട്? കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ ചട്ടക്കൂടും, കണ്ണൂരിലെ പാര്‍ട്ടിയുടെ കരുത്തും അറിയാവുന്നവര്‍ക്കും ഇതൊക്കെ വിശ്വസിക്കാന്‍ കഴിയുമോ? ചിത്രലേഖ എന്നൊരു ഓട്ടോ ഡ്രൈവറെ ആക്രമിക്കുന്നു, ഇങ്ങനെ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാക്കുകയാണ്. ഞങ്ങള്‍ക്ക് പിന്‍ബലം ഉണ്ട്, ഞങ്ങള്‍ എന്തും ചെയ്യും എന്ന അഹങ്കാരമാണ് പിണറായി വിജയനും സിപിഐഎംകാര്‍ക്കും ഇപ്പൊ ഉള്ളത്. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിലത്ത് വീഴാനുള്ള കാരണവും ഇതൊക്കെ തന്നെയായിരുന്നു. അതേ ഗതി തന്നെ ഈ സര്‍ക്കാരിനും വരും. പാര്‍ട്ടിക്കുള്ളില്‍ ചോദ്യം ചെയ്യാന്‍ ആരുമില്ല എന്നുള്ളതാണ് പിണറായി വിജയനെ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

പിണറായി വിജയന്‍ തനി സ്റ്റാലിനിസ്റ്റ് ആയിത്തന്നെയാണ്‌ പെരുമാറുന്നത്. അദ്ദേഹത്തിന്റെ നാട്ടിലെ ജനങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമില്ല. വല്ലാത്ത ഒരു സാഹചര്യത്തില്‍ക്കൂടിയാണ് നമ്മള്‍ ഇപ്പോള്‍ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്.വി: ഗവണ്മെന്‍റ് പ്ലീഡര്‍ സുശീല ഭട്ടിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതിനെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

പി ടി: പുതിയ ഗവണ്മെന്റുകള്‍ വരുമ്പോള്‍ ഉദ്യോഗസ്ഥരെ മാറ്റുന്നതൊക്കെ പതിവാണ്. അതിലേക്ക് ഞാന്‍ കടക്കുന്നില്ല, പക്ഷെ സുശീല ഭട്ട് ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട ആളായിരുന്നു. കേരളത്തിലെ കുത്തകകള്‍ക്ക് എതിരെ ധീരമായി പോരാടിയ വനിതയായിരുന്നു അവര്‍.

വി: പരിസ്ഥിതി വിഷയങ്ങളില്‍ താങ്കള്‍ എടുക്കുന്ന നിലപാടുകള്‍ എപ്പോഴും ശ്രദ്ധേയമാണ്. പ്രത്യേകിച്ച് പശ്ചിമഘട്ട വിഷയത്തില്‍ ഒക്കെ താങ്കളുടെ നിലപാട് ചര്‍ച്ചയായിരുന്നു. ഇപ്പോഴും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തന്നെ പിന്തുണയ്ക്കുകയാണോ?

പി ടി: ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്ത ഒരു റിപ്പോര്‍ട്ടാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്. ഇപ്പോഴും നടപ്പിലാക്കുന്നെങ്കില്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മാത്രമേ നടപ്പിലാക്കാന്‍ പാടുള്ളൂ എന്ന് തന്നെയാണ് എന്‍റെ നിലപാട്. അതിനകത്ത് കര്‍ഷക വിരുദ്ധമായി ഒന്നുമില്ല. ഉണ്ടെന്നു ഭീതി പടര്‍ത്തുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ ആ റിപ്പോര്‍ട്ടിനെ ഒട്ടും പഠിക്കാതെ തള്ളിക്കളയുകയായിരുന്നു. ശരിയായ രീതിയില്‍ അതിനെ മനസിലാക്കിയിരുന്നെങ്കില്‍ ഈ പ്രശ്നങ്ങള്‍ ഉണ്ടാകില്ലായിരുന്നു. ആ റിപ്പോര്‍ട്ടിനെ ഇന്നല്ലെങ്കില്‍ നാളെ ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വീകരിക്കേണ്ടി വരും. ഇപ്പോള്‍ രാഷ്ട്രീയ നേതാക്കാള്‍ ഒക്കെ പരിസ്ഥിതി സംരക്ഷിക്കണം എന്നൊക്കെ പറഞ്ഞു രംഗത്ത് വരുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം എന്നത് പരിസ്ഥിതി ദിനത്തില്‍ മാത്രം ഒരു മരം നട്ട് പത്രത്തില്‍ വാര്‍ത്ത കൊടുക്കുന്നതല്ല. പശ്ചിമഘട്ടം ചിരകാലത്തേക്ക് സംരക്ഷിക്കപ്പെടാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. അതിനെപ്പറ്റി പറഞ്ഞ എന്നെപ്പോലുള്ളവരുടെ ശവഘോഷയാത്രകളാണ് ഇവിടുത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം നടത്തിയത്.

വി: തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അടിത്തട്ട് മുതല്‍ മുകളറ്റം വരെ ഒരു പുനഃസംഘടന നടത്തേണ്ടതിന്‍റെ ആവശ്യമില്ലേ?

പി ടി: അതിനെപ്പറ്റി സംസ്ഥാന നേതാക്കളെ വിളിച്ചുവരുത്തി എഐസിസി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അവരവരുടെ അഭിപ്രായങ്ങള്‍ വ്യക്തമായി പറയുകയും ചെയ്തു. അതില്‍ നിന്നൊക്കെ നല്ല കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് എഐസിസി തീരുമാനം എടുത്തിട്ടുണ്ട്. അതിനെ പറ്റി ഞാന്‍ അഭിപ്രായം പറയുന്നില്ല.

വി: വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കുന്നതാണ് കൂടുതല്‍ ഉത്തമം എന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, അതിനെ കുറിച്ച്?

പി ടി: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അവരുടെ സാന്നിധ്യം ഗുണം ചെയ്യുമെങ്കില്‍ നല്ല കാര്യം തന്നെ.

(അഴിമുഖം ജേര്‍ണലിസ്റ്റ് ട്രെയിനിയാണ് വിഷ്ണു എസ് വിജയന്‍)


Next Story

Related Stories