TopTop
Begin typing your search above and press return to search.

എ ഡി ബി തൊടാത്ത സ്വകാര്യ വിദ്യാലയങ്ങളെ സര്‍ക്കാരും തൊടില്ല

എ ഡി ബി തൊടാത്ത സ്വകാര്യ വിദ്യാലയങ്ങളെ സര്‍ക്കാരും തൊടില്ല

പൊതുവിദ്യാഭ്യാസം പഞ്ചായത്തുകളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നടപടി കേരളത്തിൽ തുടങ്ങുകയാണ്. എന്നാൽ ഈ തീരുമാനം എത്രത്തോളം പ്രായോഗികമാണ് എന്നതിനെക്കുറിച്ച് ഇനിയും വേണ്ട രീതിയിൽ കേരളത്തിൽ ചര്‍ച്ച നടന്നിട്ടില്ല. എന്നാൽ ഇതൊരു പുതിയ തീരുമാനം എന്ന രീതിയിൽ അവതരിപ്പിക്കുന്നതിൽ ചില പ്രശ്നങ്ങള്‍ ഉണ്ട്. കാരണം 73-ആം ഭരണഘടന ഭേദഗതിയുടെ ഭാഗമായി സംസ്ഥാനത്തെ പ്രാഥമികാരോഗ്യം, വിദ്യാഭ്യാസം തുടങ്ങി 28 ഓളം വകുപ്പുകൾ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ. നേരത്തെ തന്നെ കൊണ്ടുവന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിന് പിന്നിൽ പ്രധാനമായും ഉന്നയിച്ച ഒരു കാരണം സ്കൂൾ നടത്തിപ്പിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യം കുടിയുണ്ടായിരുന്നു. ഏഷ്യൻ വികസന ബാങ്കിന്റെ ധനസഹായത്തോടെ നടപ്പിലാക്കിയ M G P (മോഡേണൈസേഷന്‍ ഓഫ് ഗവണ്‍മെന്‍റ് പ്രോഗ്രാം) പദ്ധതിയിൽ ഊന്നിപ്പറഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യം ഇതായിരുന്നു. അതായത് എൻ ജി ഓകള്‍ അടക്കമുള്ളവരുടെ സഹായത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുക എന്ന ആശയത്തിനായിരുന്നു പ്രാധാന്യം. എ ഡി ബി യുടെ എം ജി പി (1 .3 .1 ) പ്രകാരം കേരളത്തിലെ പൊതു വിദ്യാഭ്യാസം നേരിടുന്ന പ്രധാന വെല്ലുവിളി നിലവാര തകർച്ചയും, അപ്രായോഗികമായ പഠന രീതികളും ആണ്. കേരളത്തിൽ സ്വകാര്യ വിദ്യാഭ്യാസത്തിന് അനുകൂലമായ ഒരു സാഹചര്യം നിലനിൽക്കുന്നുണ്ട് എന്നും അതിന് പിന്നിലെ പ്രധാന കാരണം സി ബി എസ് സി/ ഐ സി എസ് സി വിദ്യാഭ്യാസ രീതിയുടെ നേട്ടം കൂടിയാണ് എന്നും എ ഡി ബി പറയുന്നുണ്ട്. ഇത്തരം ഒരു അവസ്ഥക്ക് കാരണം പൊതു/ എയിഡഡ് പള്ളിക്കൂടങ്ങളിലെ പഠന നിലവാരത്തെ കൃത്യമായി വിലയിരുത്താൻ കഴിയുന്ന ഒരു സംവിധാനം ഇല്ലാത്തത് കൊണ്ടാണ് എന്നും പറയുന്നുണ്ട്. ഇതിൽ നിന്നും മനസിലാക്കാവുന്ന ഒരു കാര്യം പുതിയ പരീക്ഷണം ഫലത്തിൽ സ്വകാര്യ പള്ളിക്കൂടങ്ങളെ ഒരു തരത്തിലും ബാധിക്കില്ല എന്നതാണ്.

കേരളത്തിലെ വിദ്യാഭ്യാസ സംവിധാനം പൂർണ്ണമായും തന്നെ സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ വേണം സർക്കാരിന്റെ പുതിയ തീരുമാനത്തെ മനസിലാക്കേണ്ടത്. ഇതുവരെ സ്കൂൾ നടത്തിപ്പില്‍ മാത്രം ഇടപെട്ടിരുന്ന പഞ്ചായത്തുകളും പൊതു സമുഹവും ഇനി മുതൽ പാഠ്യപദ്ധതിലും, അധ്യാപകരുടെ ബോധനരീതിയിലും ഇടപെടാൻ തുടങ്ങും. കേരളത്തിൽ ഇത്തരം ഒരു സംവിധാനം ചരിത്രപരമായി അംഗീകരിക്കപ്പെടേണ്ടതാണ് കാരണം ഇത്തരം ഒരു ഇടപെടൽ കേരളത്തിൽ തികച്ചും അവശ്യമാണ് താനും.അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളുകൾക്ക് വരെ പൊതുസമ്മതി കിട്ടുന്ന കേരളത്തിലെ വര്‍ത്തമാന അവസ്ഥയിൽ ഇത്തരം ഒരു ഇടപെടൽ ആവശ്യവും ആണ്, എന്നാൽ കേവലം ഒരു ആശയം എന്ന നിലയിൽ നിന്ന് മാറി ഈ ഇടപെടൽ എത്രത്തോളം പ്രായോഗികമാണ് എന്നതാണ് പ്രശ്നം. ഡി പി ഇ പി എന്ന അഭ്യാസം കേരളത്തിൽ ഉണ്ടാക്കിയ പ്രധാനപ്പെട്ട ഒരു മാറ്റം സർക്കാർ പള്ളിക്കൂടങ്ങൾ മോശം വിദ്യാഭ്യാസം നൽകുന്നു എന്ന ഒരു ധാരണ ഊട്ടി ഉറപ്പിക്കാൻ കഴിഞ്ഞു എന്നതാണ്. കേരളത്തിലെ ഒരു സ്വകാര്യ പള്ളിക്കൂടവും മഹത്തായ ഡി പി ഇ പി പരീക്ഷിക്കാൻ തയ്യാറായില്ല. ക്രമേണ നിലവാരമില്ലാത്ത എന്നാൽ കണിശമായ അച്ചടക്കം പാലിക്കുന്ന പള്ളിക്കൂടങ്ങൾ വ്യാപകമായി. ഇത്തരം പള്ളിക്കൂടങ്ങൾക്ക് അധിവേഗം ബഹുദൂരം ജനപിന്തുണയും കിട്ടി. സർക്കാർ പള്ളിക്കൂടങ്ങളിലെ അധ്യാപകര്‍ക്ക് ഇതിൽ വലിയ പങ്ക് ഉണ്ട്. കേരളത്തിലെ അധ്യാപക സംഘടനകൾ ഒന്നും തന്നെ എന്തുകൊണ്ടാണ് സ്വകാര്യ വിദ്യാഭാസത്തിന് ഇത്ര പ്രാധാന്യം ലഭിക്കുന്നത് എന്ന ഒരു വിലയിരുത്തലിന് തയ്യാറായിട്ടില്ല. (സ്വന്തം മക്കളെ സ്വകാര്യ പള്ളിക്കൂടത്തിൽ വിട്ടിട്ട് വിദ്യാഭ്യാസ സംരക്ഷണത്തിന് വേണ്ടി സമരം ചെയ്യുന്ന സർക്കാർ പള്ളിക്കൂടത്തിലെ അധ്യാപകരെ നമുക്ക് പരിചിതവും ആണ്). പുതിയ പരീക്ഷണം ഇതുവരെ ആരും തന്നെ കാര്യമായി എതിർത്തിട്ടില്ല അതിനര്‍ഥം ഈ പരിക്ഷണം സ്വാഗതം ചെയ്യപ്പെട്ടു എന്ന് തന്നെയാണ്. ഇത്തരം ഒരു സംവിധാനം എത്രത്തോളം ബോധനരീതിയിലും അതുണ്ടാക്കുന്ന മാറ്റങ്ങളെയും വിലയിരുത്തും എന്ന കാര്യത്തിലും വ്യക്തത വരുത്തിയിട്ടില്ല.

മുഹമ്മദ് ഇര്‍ഷാദിന്റെ മുന്‍ ലേഖനങ്ങള്‍

നമ്മളെ സ്വയം സേവകരാക്കുന്ന മോദി സര്‍ക്കാര്‍
സര്‍ക്കാരിന് രണ്ടു കാലില്‍ നില്ക്കാന്‍ മദ്യപാനികള്‍ അനിവാര്യമാകുമ്പോള്‍
മുതലാളിത്ത ഇന്ത്യയുടെ സ്വന്തം ആര്‍ എസ് എസ്
ജനത്തെ പിന്നെയും തോല്‍പ്പിക്കുന്ന ഇടതുപക്ഷം
ഫേസ്ബുക് യുക്തിവാദികളുടെ ചങ്കിടിപ്പുകള്‍


എപ്പോൾ കേരള സർക്കാർ നടപ്പിലാക്കാൻ പോകുന്ന ഇടപെടൽ നിയമം ഫലത്തിൽ എ ഡി ബി ഇടപെടലാണ്. അഥവാ എ ഡി ബി മുന്നോട്ട് വെക്കുന്ന ഭരണപരിഷ്കാരങ്ങളുടെ ഏറ്റവും പുതിയ- പഴയ ഇടപെടൽ എന്ന് വെണമെങ്കില്‍ പറയാം. എന്നാൽ കാതലായ പ്രശ്നം ഇത്തരം പരിഷ്കാരം നടപ്പിലാക്കാൻ തക്ക കാരണങ്ങൾ ഇപ്പോൾ നിലനിൽക്കുന്നുണ്ട് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ എ ഡി ബി അവകാശപ്പെടുന്നത് പോലെ സർക്കാർ പള്ളിക്കൂടങ്ങൾ മത്രമല്ല ഇവിടെ പൊതു അവലോകനത്തിൽകീഴിൽ കൊണ്ടുവരേണ്ടത്. സംസ്ഥാനത്തെ സ്വകാര്യ പള്ളിക്കൂടങ്ങളും ഈ പരിധിയിൽ വരേണ്ടതാണ്. വ്യക്തമായി പറഞ്ഞാൽ സംസ്ഥാനത്തെ സ്വകാര്യ പള്ളിക്കൂടങ്ങളിൽ ആണ് ഇനി നിയന്ത്രണം വേണ്ടത്. എ ഡി ബി ഒരിക്കലും സ്വകാര്യ പള്ളിക്കൂടങ്ങളെ നിയന്ത്രിക്കണം എന്ന് പറഞ്ഞിട്ടില്ല അതുകൊണ്ട് തന്നെ കേരള സർക്കാരിനും ഈ കാര്യത്തിൽ മറ്റൊരു തീരുമാനം ഉണ്ടാകാൻ ഇടയില്ല, അതുകൊണ്ട് തന്നെ ഈ പരീക്ഷണം കൊണ്ട് കാര്യമായ പുരോഗതി കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന് സംഭവിക്കാൻ പോകുന്നില്ല. എ ഡി ബി യുടെ പരീക്ഷണം പൊതു പള്ളിക്കൂടങ്ങളിൽ മാത്രം ഒതുങ്ങി പോകുകയും ചെയ്യും.പൊതുവിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്താൻ പര്യാപ്തമായ ഏതൊരു ഇടപെടലും സ്വാഗതാര്‍ഹമാണ് എന്നാൽ എ ഡി ബി പരീക്ഷണം തികച്ചും പരിമിതമായ ഒന്നാണ് മാത്രവുമല്ല കേരളത്തിലെ അധ്യാപക സമുഹം ഇതിന്റെ പിന്നിലെ രാഷ്ട്രീയത്തെ മനസിലാക്കിയിട്ടില്ലാത്തതിനാൽ ഈ പരീക്ഷണവും കാര്യമായ മാറ്റം ഉണ്ടാക്കില്ല. ഇത്തരം ഒരു പരീക്ഷണം വേണ്ട എന്ന് ആര്‍ക്കും പറയാൻ കഴിയില്ല. എന്നാൽ ഈ പരീക്ഷണം സ്വകാര്യ പള്ളിക്കൂടങ്ങളെ ഒഴിവാക്കുക വഴി ഡിപി ഇ പി സൃഷ്ടിച്ചപോലെയുള്ള മാറ്റങ്ങൾ ആയിരിക്കും ഉണ്ടാകുക. ഇതിനെ പ്രതിരോധിക്കാൻ കഴിയുക അധ്യാപകര്‍ക്കാണ് എന്നാൽ അവര്‍ തന്നെയാണ് ഇതിന് കുട പിടിക്കുന്നതും.

ഈ കുറിപ്പ് എഴുതുന്നത് വരെ കേരളത്തിലെ അധ്യാപക സംഘടനകള്‍ ഒന്നും തന്നെ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചു കണ്ടില്ല. ഒരുപക്ഷെ ഇതും ശമ്പളവും ആയി ബന്ധം ഒന്നും ഇല്ലാത്തത് കൊണ്ടാണ് എന്ന് ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റപ്പെടുത്താന് കഴിയില്ല.


Next Story

Related Stories